'അഞ്ചേക്കറും അയ്യായിരം കഞ്ചാവ് ചെടിയും' പൊലീസിന്‍റെ തള്ള് പൊളിച്ച അന്വേഷണം

Last Updated:
#പ്രസാദ് ഉടുമ്പിശേരി
ജൂലൈ പത്തിനാണ് അഗളി എ.എസ്.പി സുജിത് ദാസും സംഘവും അട്ടപ്പാടി കുള്ളാട് മലയിൽ നടത്തിയ റെയ്ഡിൽ അഞ്ചേക്കർ കഞ്ചാവ് തോട്ടം കണ്ടെത്തി അയ്യായിരം കഞ്ചാവ് ചെടികൾ നശിപ്പിച്ചുവെന്ന വാർത്ത പുറത്ത് വന്നത്. അഗളി എ.എസ്.പി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഒപ്പം ഒരു വീഡിയോയും ചില ഫോട്ടോകളും ഉണ്ടായിരുന്നു. പക്ഷേ അവർ നൽകിയ ഫോട്ടോകളിലും വീഡിയോയിലും അവിടെ ഒരു അഞ്ചേക്കർ കഞ്ചാവ് തോട്ടം ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ വനംവകുപ്പും പൊലീസിന്റെ വാദം ശരിയല്ലെന്നും പാഴ്ചെടികൾക്കിടയിൽ നിന്നിരുന്ന ചെടികളായിരുന്നുവെന്ന വാദവുമായി രംഗത്തെത്തി. ഇതാണ് യഥാർത്ഥ വസ്തുത എന്താണെന്ന് അന്വേഷിക്കാൻ ന്യൂസ് 18 തീരുമാനിച്ചത്.
advertisement
കുള്ളാട് മല പുതൂർ പഞ്ചായത്തിലെ മേലേഭൂതയാർ ഊരിന്റെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. മേലേ ഭൂതയാറിൽ നിന്നും മൂന്നു മണിക്കൂറോളം നടക്കണം. ഞാനും ക്യാമറാമാൻ പ്രജിതും രാവിലെ ഒൻപതിന് മേലേ ഭൂതയാറിലെത്തി. ഞങ്ങൾക്ക് വഴി കാണിക്കാനായി സമീപത്തെ ഊരിൽ നിന്നുള്ള നാലു പേരും ഒപ്പമുണ്ടായിരുന്നു.
കുത്തനെയുള്ള കയറ്റമാണ് ഏറെയും. പാറക്കെട്ടുകളും പുൽമേടും, വൻമരങ്ങൾ തിങ്ങിനിൽക്കുന്ന കാടും കടന്ന് വേണം കുള്ളാട് മലയിലെത്താൻ. കാലൊന്ന് തെറ്റിയാൽ വൻ അപകടമാവും നേരിടേണ്ടി വരിക. ജീവൻ പോലും നഷ്ടപ്പെടാം. എന്നാൽ എനിക്കും, ക്യാമറാമാൻ പ്രജിതിനുമൊപ്പം വഴികാട്ടിയായി വന്നവർ മുൻപിലും പുറകിലും നിന്ന് ഞങ്ങൾക്ക് സുരക്ഷയൊരുക്കി.
advertisement
മേലേഭൂതയാറിൽ നിന്നും നേരെ ചെല്ലുന്നത് പാറക്കെട്ടുകൾ നിറഞ്ഞതും കുത്തനെയുള്ളതുമായ പുൽമേട്ടിലേയ്ക്കാണ്. ശക്തമായ കാറ്റ് എപ്പോഴും വീശിയടിയ്ക്കുന്നുണ്ട്. ഞങ്ങൾ രണ്ടു പേരും ഇത്രയും ഉൾവനത്തിലേക്ക് പോവുന്നത് ആദ്യമായിട്ടായിരുന്നു. അതിന്റെയൊരു ഭീതിയും ഉള്ളിലുണ്ടായിരുന്നു എന്നത് സത്യം. പുൽമേട് കഴിഞ്ഞാൽ പിന്നെ വലിയൊരു കാടാണ്. കാട് ആരംഭിക്കുന്നതിന് തൊട്ട് മുൻപ് ഒരു കുളം കാണാം. കുളളാട് കുളം. വന്യമൃഗങ്ങൾ ഇവിടെ വന്ന് വെള്ളം കുടിയ്ക്കാക്കാനെത്തിയതിന്റെ കാല്പാടുകൾ ഇതിന്റെ സമീപത്തുണ്ട്. വേനലിലും ഇത് വറ്റാറില്ലെന്ന് ഒപ്പം വന്നവർ പറഞ്ഞു.
advertisement
പുൽമേട് കഴിഞ്ഞാൽ പിന്നെ കാടാണ്. വലിയ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന കാട്. ഇത് കടന്ന് വേണം കുളളാട് മലയിലെത്താൻ. അവിടെയാണ് എ.എസ്.പിയും സംഘവും കണ്ടെത്തി നശിപ്പിച്ചെന്ന് പറഞ്ഞ കഞ്ചാവ് തോട്ടം.
കാട്ടിലൂടെയുള്ള യാത്ര മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്. വന്യമൃഗങ്ങൾ ആ മരങ്ങൾക്കിടയിൽ എവിടെയോ മറഞ്ഞിരിപ്പുണ്ട് എന്ന ചിന്ത മനസ്സിൽ ഭീതി നിറച്ചു. ഒപ്പമുള്ളവരുടെ ധൈര്യമായിരുന്നു ഞങ്ങളുടെയും ധൈര്യം. അങ്ങനെ അപകടം ഒന്നും കൂടാതെ ഞങ്ങൾ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കുളളാട് മലയിലെത്തി. പൊലീസ് കണ്ടെത്തിയെന്ന് അവകാശപ്പെട്ട അഞ്ചേക്കർ കഞ്ചാവ് തോട്ടം ഇവിടെയായിരുന്നു.
advertisement
പക്ഷേ ഒരു തോട്ടം ഉണ്ടായിരുന്നതിന്റെ ഒരു ലക്ഷണവും അവിടെ ഉണ്ടായിരുന്നില്ല. കഞ്ചാവ് തോട്ടം ഉണ്ടായിരുന്നുവെങ്കിൽ വലിയ ഒരു ഭാഗം വെട്ടിത്തെളിച്ച് കൃഷി ചെയ്തതിന്റെയും മറ്റും ശേഷിപ്പുകൾ എല്ലാം കണ്ടേനെ. അയ്യായിരം ചെടികളാണ് ഇവിടന്ന് നശിപ്പിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. തെളിവിനായി കുറച്ച് ചെടികൾ മാത്രമായിരുന്നു പൊലീസ് ഇവിടെ നിന്നും പുറത്തേയ്ക്ക് കൊണ്ടു വന്നത്. അപ്പോൾ ബാക്കി ചെടിയെല്ലാം അവിടെ തന്നെയിട്ട് നശിപ്പിക്കണം. നശിപ്പിയ്ക്കുക എന്ന് പറഞ്ഞാൽ തീയിട്ട് നശിപ്പിക്കണം. പക്ഷേ അതിന്റെയൊന്നും ലക്ഷണങ്ങൾ അവിടെയുണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് പിഴുത് മാറ്റിയിട്ട കുറച്ച് കഞ്ചാവ് ചെടികൾ മാത്രം. ഇത് അവിടെയുണ്ടായിരുന്ന പാഴ്ചെടികൾക്കിടയിൽ ഉണ്ടായിരുന്നവ ആണെന്ന് വ്യക്തം. അതായത് എ.എസ്.പിയും സംഘവും പറഞ്ഞ പോലെ അഞ്ചേക്കർ കഞ്ചാവ് തോട്ടമോ അയ്യായിരം ചെടികളോ ഉണ്ടായിരുന്നില്ല എന്നത് ബോധ്യപ്പെടും. ഒന്നേകാൽ മണിക്കൂറോളം ഈ മേഖലയിൽ സമയം ചെലവഴിച്ചു. പൊലീസ് മാധ്യമങ്ങൾക്ക് നൽകിയ വീഡിയോയിൽ കാണുന്ന സ്ഥലങ്ങളിലെല്ലാം പരിശോധിച്ചു. പക്ഷേ കഞ്ചാവ് തോട്ടം ഉണ്ടായിരുന്നതിന്റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല.
advertisement
ദ്യശ്യങ്ങളെല്ലാം പകർത്തി 1.50 ന് കുളളാട് മലയിൽ നിന്നും ഇറങ്ങി. വൈകീട്ട് അഞ്ചേ കാലിന് മേലേഭൂതയാറിൽ തിരിച്ചെത്തി. കുള്ളാട് മലയിൽ വരുന്ന ആർക്കും ഇത്രയും വലിയ ഒരു കഞ്ചാവ് തോട്ടം അവിടെ ഉണ്ടായിരുന്നില്ല എന്ന് മനസിലാകും എന്നിരിക്കെ പൊലീസ് എന്തിനാണ് ഇങ്ങനെ കണക്ക് പെരുപ്പിച്ച് കാട്ടിയത് എന്നത് ദുരൂഹമായി നിൽക്കുന്നു.
ന്യൂസ് 18 കേരളത്തിന്‍റെ പാലക്കാട് ബ്യൂറോയിലെ സീനിയർ റിപ്പോർട്ടറാണ് ലേഖകൻ
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'അഞ്ചേക്കറും അയ്യായിരം കഞ്ചാവ് ചെടിയും' പൊലീസിന്‍റെ തള്ള് പൊളിച്ച അന്വേഷണം
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement