'ഒന്നും ചെയ്യാനാവാതെ കിടപ്പിലായത് കണ്ട് ഞാനീ നന്ദി പ്രകടനത്തിനു അർഹനല്ലെന്ന് തോന്നി'
- Published by:Rajesh V
- news18-malayalam
Last Updated:
താൻ കോട്ടയത്ത് ന്യൂറോസർജനായിരിക്കുമ്പോൾ ജീവൻ രക്ഷപ്പെടുത്തിയ ചില രോഗികളെ കാണാൻ 2011-ൽ ചങ്ങനാശ്ശേരിയിൽ മത്സരിച്ച കാലത്ത് പാർട്ടി പ്രവർത്തകർ കൊണ്ടുപോയിരുന്നതായി അദ്ദേഹം പറഞ്ഞു
ഡോ. ബി. ഇക്ബാൽ
കഴിഞ്ഞ ദിവസം കേരളത്തിലെ വാഹനാപകടങ്ങളെക്കുറിച്ചുള്ള ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടു. അപകടങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടും മരണനിരക്ക് കുറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ. എങ്കിലും, ഈ വാർത്തകളിൽ പരിക്കേറ്റവരുടെ എണ്ണം വേണ്ടത്ര പ്രാധാന്യത്തോടെ സൂചിപ്പിക്കാറില്ല. വാഹനാപകടങ്ങൾ ഒരു മെഡിക്കോ-ലീഗൽ വിഷയമായതിനാൽ, കൃത്യമായ കണക്കുകൾ കേരള പോലീസിൻ്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
കേരള പോലീസിൻ്റെ കണക്കുകൾ അനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ അപകടങ്ങൾ, മരണം, ഗുരുതരമായി പരിക്കേറ്റവർ എന്നീ വിവരങ്ങൾ താഴെക്കൊടുക്കുന്നു. ഈ പട്ടികയിൽ ഗുരുതരമായ പരിക്കുകൾ മാത്രമാണ് രേഖപ്പെടുത്തുന്നത് എന്നത് ശ്രദ്ധേയമാണ്
advertisement
| വർഷം | അപകടങ്ങൾ | മരണം | പരിക്കേറ്റവർ |
| 2020 | 27877 | 2979 | 30510 |
| 2021 | 33296 | 3429 | 40204 |
| 2022 | 43910 | 4317 | 49307 |
| 2023 | 48068 | 4084 | 54286 |
| 2024 | 48834 | 3880 | 54796 |
advertisement
അപകടങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്ന പ്രവണതയാണ് കേരളാ പോലീസിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2020-21 വർഷങ്ങളിൽ കോവിഡ് കാരണം അപകടങ്ങൾ കുറഞ്ഞത് ഒരു സ്വാഭാവിക പ്രതിഭാസമായിരുന്നു. 2023-നെ അപേക്ഷിച്ച് 2024-ൽ മരണം കുറഞ്ഞത് ആശ്വാസകരമാണ്. ഈ പ്രവണത തുടരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
എന്നാൽ, പരിക്കേറ്റവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും ഗൗരവമായ കാര്യം. ഗുരുതരമായ പരിക്കേറ്റ പലരും പിന്നീട് മരണമടഞ്ഞാൽ പോലും, ആ കണക്കുകൾ അപകട മരണനിരക്കിൽ ഉൾപ്പെടുത്താതെ പോവുന്നു എന്നൊരു ന്യൂനതയും നിലനിൽക്കുന്നുണ്ട്.
advertisement
അടിയന്തര ചികിത്സയ്ക്ക് ശേഷമുള്ള ഇരുണ്ട യാഥാർത്ഥ്യം
ഏതാണ്ട് കാൽനൂറ്റാണ്ടുകാലം അപകടങ്ങളിൽ പരിക്കേറ്റവരെ ചികിത്സിച്ച ഒരു ന്യൂറോസർജൻ എന്ന നിലയിൽ, എനിക്ക് ചില വസ്തുതകൾ പങ്കുവെക്കാൻ താൽപ്പര്യമുണ്ട്. പരിക്കേറ്റ പലരും പിന്നീട് സാധാരണ ജീവിതം തുടരാനാവാതെ കഷ്ടപ്പെടുന്ന ദുരിതം ആരും ശ്രദ്ധിക്കാതെ പോകുന്നു. സാമ്പത്തികശേഷി ഇല്ലാത്തവർക്ക് തൊഴിൽനഷ്ടവും ഭീമമായ ചികിത്സാച്ചെലവുകളും താങ്ങാനാവുന്നില്ല. ഇവർ കടുത്ത ദുരിതത്തിലേക്ക് കൂപ്പുകുത്തുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.
2011-ൽ ചങ്ങനാശ്ശേരിയിൽ തിരഞ്ഞെടുപ്പിന് മത്സരിച്ച കാലത്ത്, കോട്ടയം മെഡിക്കൽ കോളേജിൽ ഞാൻ ന്യൂറോസർജനായിരിക്കുമ്പോൾ ജീവൻ രക്ഷപ്പെടുത്തിയ ചില രോഗികളെ കാണാൻ പാർട്ടി പ്രവർത്തകർ എന്നെ കൊണ്ടുപോയിരുന്നു. അവരുടെ ജീവൻ രക്ഷപ്പെട്ടു എന്നത് ശരിയാണ്. അവർ കൂപ്പുകൈകളോടെ നന്ദി പറഞ്ഞെങ്കിലും, നട്ടെല്ലിനും കാലിനുമേറ്റ പരിക്കുകൾ കാരണം അവർക്ക് ഒന്നും ചെയ്യാനാവാതെ കിടപ്പിലായത് കണ്ട് എൻ്റെ മനസ്സ് വേദനിച്ചു. ഞാനീ നന്ദിപ്രകടനത്തിനു അർഹനല്ല എന്ന് തോന്നി. രോഗികളെ ഡിസ്ചാർജ്ജ് ചെയ്ത് കഴിഞ്ഞാൽ അവരുടെ ജീവിതം എങ്ങോട്ട് പോകുന്നു എന്ന് വൈദ്യലോകത്തിന് അറിയാൻ കഴിയുന്നില്ലല്ലോ എന്ന കുറ്റബോധം അപ്പോൾ എനിക്ക് തോന്നി.
advertisement
പുനരധിവാസം: അപകട മാനേജ്‌മെന്റിലെ വിടവ്
പരിക്കേറ്റവർക്ക് അടിയന്തരചികിത്സ നൽകി ഡിസ്ചാർജ്ജ് ചെയ്ത ശേഷം, അവർക്ക് ഉചിതമായ ഫിസിയോതെറാപ്പിയും മറ്റ് സഹായങ്ങളും നൽകി സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള സമഗ്രമായ പദ്ധതികൾ നമ്മുടെ നാട്ടിൽ നിലവിലില്ല. പൂർവ്വസ്ഥിതി വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും, അവരുടെ ശാരീരികാവസ്ഥയ്ക്ക് അനുയോജ്യമായ തൊഴിൽ നൽകി പുനരധിവസിപ്പിക്കാനുള്ള സംവിധാനങ്ങളില്ല.
നമ്മുടെ അപകട മാനേജ്‌മെൻ്റ് സംവിധാനത്തിലെ അടിയന്തിര ശ്രദ്ധ അർഹിക്കുന്ന ഒരു പ്രധാന പോരായ്മയാണിത്.
2030-ഓടെ റോഡപകടങ്ങൾ 50 ശതമാനമായി കുറയ്ക്കാൻ നാറ്റ്പാക്ക് റോഡ് സുരക്ഷാ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഈ ശ്രമങ്ങൾക്കൊപ്പം, ആരോഗ്യവകുപ്പ് കൂടി മുൻകൈയെടുത്ത്, അപകടത്തിൽ പരിക്കേറ്റവർക്ക് അർഹമായ ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്ന ഒരു സമഗ്ര പദ്ധതി മെഡിക്കൽ കോളേജിലും മറ്റ് സർക്കാർ ആശുപത്രികളിലുമുള്ള ഫിസിക്കൽ മെഡിസിൻ ഡിപ്പാർട്ട് മെൻ്റുകളുടെ സഹായത്തോടെ ആവിഷ്കരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സ്വകാര്യ ആശുപത്രികളുടെയും മെഡിക്കൽ കോളേജുകളുടെയും സഹകരണം ഇക്കാര്യത്തിൽ തേടാവുന്നതാണ്.
advertisement
(ദീർഘകാലത്തെ അനുഭവസമ്പത്തുള്ള ആരോഗ്യപ്രവർത്തകനും പ്രമുഖ ന്യൂറോ സർജനും വിദ്യാഭ്യാസ വിചക്ഷണനും ആണ് ലേഖകൻ)
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 28, 2025 2:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'ഒന്നും ചെയ്യാനാവാതെ കിടപ്പിലായത് കണ്ട് ഞാനീ നന്ദി പ്രകടനത്തിനു അർഹനല്ലെന്ന് തോന്നി'


