കുട്ടികൾ നീന്തൽ പഠിക്കട്ടെ; മുങ്ങിമരണങ്ങൾ ഒഴിവാകും
Last Updated:
ശരാശരി നാലുപേര്‍ ദിനംപ്രതി കേരളത്തില്‍ മുങ്ങിമരിക്കുന്നു. കേരളത്തില്‍ സംഭവിക്കുന്ന അസ്വാഭാവികമരണങ്ങളില്‍ പതിനഞ്ച് ശതമാനത്തോളം വെള്ളത്തില്‍ മുങ്ങിയുള്ളതാണ്
നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. അക്കാദമികേതര മികവ് ലക്ഷ്യമിട്ടാണ് നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്. നീന്തൽ പഠനത്തിനായി സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും സ്വിമ്മിങ് പൂളുകൾ സ്ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പഠനത്തിനൊപ്പം കുട്ടികൾ നീന്തലും അഭ്യസിക്കുന്നത് ഏറെ ഗുണകരമായിരിക്കും. പ്രത്യേകിച്ചും വേനലവധിക്കാലത്തെ മുങ്ങിമരണങ്ങള്‍ കേരളത്തിൽ കൂടി വരുന്ന സാഹചര്യത്തിൽ. പൊലീസും അധികൃതരും മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും മുങ്ങിമരണങ്ങള്‍ വർഷംതോറും കൂടിവരുകയാണ്. ഈ വർഷവും കുട്ടികൾ ഉൾപ്പടെ നിരവധിപ്പേരാണ് കേരളത്തിൽ മുങ്ങിമരിച്ചത്.
കേരളത്തിലെ മരണങ്ങളില്‍ 'രണ്ടാമന്‍'
കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍ മരിക്കുന്നത് വാഹനാപകടം മൂലമാണ്. 2017ലെ കണക്ക് പ്രകാരം 4131 പേര്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ 1508 പേരാണ് മുങ്ങിമരിച്ചത്. ഇതില്‍ 571 പേര്‍ കുട്ടികളാണ്. 247 സ്ത്രീകളും കഴിഞ്ഞ വര്‍ഷം മുങ്ങിമരിച്ചു. 2016ല്‍ 1350 പേരും 2015ല്‍ 1380 പേരും സംസ്ഥാനത്ത് മുങ്ങിമരിച്ചു. ശരാശരി നാലുപേര്‍ ദിനംപ്രതി കേരളത്തില്‍ മുങ്ങിമരിക്കുന്നു. കേരളത്തില്‍ സംഭവിക്കുന്ന അസ്വാഭാവികമരണങ്ങളില്‍ പതിനഞ്ച് ശതമാനത്തോളം വെള്ളത്തില്‍ മുങ്ങിയുള്ളതാണ്.
advertisement
ആഴങ്ങളില്‍ ജീവന്‍ പൊലിയുന്ന വേനലവധിക്കാലം
എന്തുകൊണ്ട് ഇത്രയേറെ മുങ്ങിമരണങ്ങള്‍?
മധ്യവേനലവധിക്കാലത്താണ് കുട്ടികള്‍ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീട്ടിലും വിരുന്ന് പോകാറുള്ളത്. കൂടാതെ വിനോദയാത്രകളും ഈ സമയത്താണ് കൂടുതലായുള്ളത്. പരീക്ഷക്കാലം പിന്നിട്ട്, അവധി ആഘോഷിക്കാനായി പോകുന്നവരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. കൌമാരക്കാരുടെ ഇടയില്‍പ്പോലും മദ്യപാനശീലം വ്യാപകമാകുകയാണ്. മദ്യപിച്ചശേഷം കുളിക്കാന്‍ ഇറങ്ങുന്നത് അപകടത്തിനിടയാക്കും. പുഴയിലും ബീച്ചിലുമൊക്കെ മുന്നറിയിപ്പ് വകവെക്കാതെ കുളിക്കാനിറങ്ങുന്നതാണ് അപകടകാരണമാകുന്നത്. ചില സ്ഥലങ്ങളില്‍ മതിയായ മുന്നറിയിപ്പ് നല്‍കാത്തതും അപകടകാരണമാകുന്നുണ്ട്. കുളിക്കാനായി ഇറങ്ങുന്ന പുഴക്കടവിലെയോ കനാലിലെയോ ബീച്ചിലെ ആഴം കൃത്യമായി മനസിലാകാത്തതും അപകടകാരണമാകുന്നു. ഇതുകൂടാതെ, കുളിക്കുന്നതിനിടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും(ഹൃദ്രോഗം, അപസ്മാരം, ബോധക്ഷയം) എന്നിവയും മുങ്ങിമരണത്തിനിടയാകുന്നു.
advertisement
മുങ്ങിമരണം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ജലസുരക്ഷയെപ്പറ്റി കുട്ടികളില്‍ അവബോധമുണ്ടാക്കുക
2. മുതിര്‍ന്നവരുടെ ഒപ്പമല്ലാതെ വെള്ളത്തില്‍ ഇറങ്ങരുതെന്ന് കുട്ടികളോട് കര്‍ക്കശമായി പറയുക.
3. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ നീന്തല്‍ പഠിപ്പിക്കുക
4. അവധിക്കാലത്ത് ബന്ധുവീടുകളില്‍ പോകുമ്പോള്‍ കുളിക്കാനോ മീന്‍പിടിക്കാനോ ജലാശയങ്ങളിലേക്ക് പോകരുതെന്ന് കുട്ടികളോട് നിര്‍ദേശിക്കുക
5. അപസ്മാരം, പേശീവലിവ്, ഹൃദ്രോഗം എന്നീ അസുഖങ്ങളുള്ള കുട്ടികളെ വെള്ളത്തില്‍ ഇറങ്ങുന്നതില്‍നിന്ന് വിലക്കുക
6. അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ചാടാതെ കമ്പോ, കയറോ തുണിയോ നീട്ടിക്കൊടുക്കുക
advertisement
8. വെള്ളത്തില്‍ ഇറങ്ങുന്ന സ്ത്രീകളും പെണ്‍കുട്ടികളും വസ്ത്രധാരണത്തില്‍ മാറ്റംവരുത്തുക. കേരളീയ വസ്ത്രങ്ങള്‍ അപകടസാധ്യത വര്‍ധിപ്പിക്കും
9. വെള്ളത്തിലേക്ക് ഓടിവന്നു എടുത്തുചാടുന്നത് ഒഴിവാക്കുക. സാവധാനം വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ് ഉചിതം
10, നേരം ഇരുട്ടിയതിനു ശേഷം ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്. അതുപോലെ തിരക്കില്ലാത്ത ബീച്ചിലോ, ആളുകള്‍ അധികം പോകാത്ത തടാകത്തിലോ, പുഴയിലോ പോയി ചാടാന്‍ ശ്രമിക്കരുത്
11, മദ്യപിച്ചതിന് ശേഷം ഒരുകാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്. അപകടസാധ്യത കൂട്ടും
12, സുഖമില്ലാത്തപ്പോഴോ മരുന്നുകള്‍ കഴിക്കുമ്പോഴോ വെള്ളത്തില്‍ ഇറങ്ങരുത്
advertisement
(യുഎന്‍ ദുരന്ത-അപകട സാധ്യതാ ലഘൂകരണവിഭാഗം തലവന്‍ മുരളി തുമ്മാരുകുടി നല്‍കിയ നിര്‍ദേശങ്ങള്‍)
Location :
First Published :
June 06, 2019 1:52 PM IST