ആദ്യം തട്ടിപ്പു കേസ്, ഇപ്പോൾ ലൈംഗികാരോപണം; ബിനോയ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത് ഇതാദ്യമല്ല
Last Updated:
ഇതുവരെ പ്രതിപക്ഷമോ ബിജെപിയോ ആരോപണം രാഷ്‌ട്രീയമായി ഏറ്റെടുത്തിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ സ്ഥിതി മാറും. പരാതിക്കാരി പാർട്ടിയെ സമീപിച്ചാൽ അതെങ്ങനെ കൈകാര്യം ചെയ്യുമെന്നതും പാർട്ടിക്ക് തലവേദനയാകും
തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട് എക്കാലത്തെയും വലിയ പ്രതിസന്ധിയിൽ ഉഴലുകയാണ് സിപിഎം. അതിനിടെയാണ് കൂനിൻമേൽ കുരു എന്ന കണക്കിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയിയ്ക്കെതിരെ ലൈംഗിക ആരോപണം ഉയർന്നത്. ബിനോയ് പാർട്ടി അംഗമല്ലെന്നും ആരോപണം വ്യക്തിപരമായി നേരിടട്ടെയെന്നുമുള്ള പതിവ് പല്ലവിയാണ് ഇത്തവണയും സിപിഎം ഉയർത്തുന്നത്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന 2009ലാണ് ബിനോയിയും യുവതിയും അടുപ്പം പുലർത്തിയിരുന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പി.കെ ശശി ഉൾപ്പെട്ട പാലക്കാട്ടെ ഡിവൈഎഫ്ഐ വനിതാ നേതാവ് ഉന്നയിച്ച പരാതിയിൽ സ്വീകരിച്ച നടപടി ഏറെ വിവാദമായിരുന്നു. അതിനുശേഷമാണ് ബിനോയ് കോടിയേരിക്കെതിരെ ആരോപണം ഉയരുന്നത്. സിപിഎമ്മിന് തലവേദനയായി ബിനോയ് മാറുന്നത് ഇതാദ്യമായല്ല.
ആദ്യം തട്ടിപ്പ് കേസും യാത്രാ വിലക്കും
ദുബായിയിൽ ബിനോയ് കോടികളുടെ തട്ടിപ്പു നടത്തിയെന്ന ആരോപണമാണ് കഴിഞ്ഞ വർഷം നിയമസഭയിൽ ഉൾപ്പടെ രാഷ്ട്രീയ വിവാദമായത്. ജാസ് ടൂറിസം ഏജൻസി ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂക്കിയാണ് ബിനോയ് കോടിയേരിക്കെതിരെ സിവില്‍ കേസ് നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ബിനോയ് കോടിയേരിക്ക് ദുബായ് കോടതി യാത്രാ വിലക്ക് ഏർപ്പെടുത്തി. അതിനിടെ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂക്കി സിപിഎം കേന്ദ്രകമ്മിറ്റിക്കും പരാതി നൽകി. ഇതോടെയാണ് സംഭവം വിവാദമായത്. പരാതി ലഭിച്ചെങ്കിലും പരസ്യമായി ഇടപെടാൻ അന്നും പാർട്ടി തയ്യാറായിരുന്നില്ല.
advertisement
ഒടുവിൽ, യു എ ഇയിലെ വ്യവസായ പ്രമുഖർ ഉൾപ്പടെ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. മർസൂക്കി ആവശ്യപ്പെട്ട 1.72 കോടി രൂപ നൽകാമെന്ന് സമ്മതിച്ചതോടെയാണ് പ്രശ്നപരിഹാരമായത്. കാസർകോട് സ്വദേശിയായ വ്യവസായിയാണ് അന്ന് പ്രശ്നത്തിൽ ഇടപെട്ടത്. പലിശ ഉൾപ്പടെ 13 കോടി രൂപ ജാസ് ടൂറിസം കമ്പനിക്ക് ബിനോയ് നൽകാനുണ്ടായിരുന്നുവെന്നായിരുന്നു ആരോപണം. ഇത് മൂന്നു കേസായാണ് കോടതിയിൽ എത്തിയത്. ഇതിൽ ആദ്യത്തെ കേസാണ് 1.72 കോടി രൂപയുടേത്. ജാസ് കമ്പനിയുടെ പാർട്ട്ണറായ മലയാളി രാഹുൽ കൃഷ്ണ എന്നയാൾ കമ്പനിയുടെ പേരിൽ വായ്പയെടുത്ത് ബിനോയിക്ക് നൽകുകയായിരുന്നു.
advertisement
മക്കൾ എന്നും വിവാദനായകർ
വിഭാഗീയത ശക്തമായ നാളുകളിൽ സിപിഎമ്മിനുള്ളിൽ ഏറെ കോളിളക്കമുണ്ടാക്കിയിട്ടുള്ള വിവാദസംഭവങ്ങളിൽ കോടിയേരി ബാലകൃഷ്ണന്‍റെ രണ്ടു മക്കളിൽ ആരെങ്കിലും ആരോപണവിധേയരായിരുന്നു. ടോട്ടൽ ഫോർ യു തട്ടിപ്പ്, ബംഗളുരുവിൽ റഷ്യൻ സുന്ദരി പിടിയിലായ കൊക്കെയ്ൻ കേസ്, യുഎഇയിലെ സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകളിലൊക്കെ ബിനീഷിന്‍റെയോ ബിനോയിയുടെയോ പേരുകൾ ഉയർന്നുകേട്ടിരുന്നു. പാർട്ടിക്കുള്ളിൽ ഉയർന്ന ആരോപണം രാഷ്ട്രീയ എതിരാളികളും ആയുധമാക്കി. എന്നാൽ സിപിഎമ്മിലെ പ്രബലാരായ ഔദ്യോഗിക ചേരി ഈ ആരോപണങ്ങളെല്ലാം തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചത്.
advertisement
പാർട്ടിയെ വെട്ടിലാക്കി ലൈംഗികാരോപണവും
സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർന്ന് ഒരു വർഷം പിന്നിടുമ്പോഴാണ് ബിനോയ് കോടിയേരിക്കെതിരെ ലൈംഗികാരോപണം ഉയർന്നത്. ദുബായില്‍ ഡാന്‍സ് ബാര്‍ ജീവനക്കാരിയായിരുന്ന ബീഹാര്‍ സ്വദേശിയാണ് ബിനോയ് വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി മുംബൈ പൊലീസിൽ നല്‍കിയത്. പരാതിയില്‍ മുംബൈ ഓഷിവാര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെട്ടിലാകുന്നത് പാർട്ടിയും സർക്കാരും
നിയമസഭാ സമ്മേളനം ചേരുമ്പോഴാണ് ബിനോയിക്കെതിരെ പുതിയ ആരോപണം ഉയർന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതുവരെ പ്രതിപക്ഷമോ ബിജെപിയോ ആരോപണം രാഷ്‌ട്രീയമായി ഏറ്റെടുത്തിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ സ്ഥിതി മാറും. പരാതിക്കാരി പാർട്ടിയെ സമീപിച്ചാൽ അതെങ്ങനെ കൈകാര്യം ചെയ്യുമെന്നതും പാർട്ടിക്ക് തലവേദനയാകും.
advertisement
Location :
First Published :
June 18, 2019 5:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ആദ്യം തട്ടിപ്പു കേസ്, ഇപ്പോൾ ലൈംഗികാരോപണം; ബിനോയ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത് ഇതാദ്യമല്ല