• HOME
  • »
  • NEWS
  • »
  • opinion
  • »
  • നിങ്ങള്‍ പ്രണയിക്കുന്ന ആണ് / പെണ്ണ് ചാരപ്പണിക്ക് വന്നതല്ല എന്ന് നിങ്ങള്‍ക്ക് വല്ല ഉറപ്പുമുണ്ടോ?

നിങ്ങള്‍ പ്രണയിക്കുന്ന ആണ് / പെണ്ണ് ചാരപ്പണിക്ക് വന്നതല്ല എന്ന് നിങ്ങള്‍ക്ക് വല്ല ഉറപ്പുമുണ്ടോ?

ഹണി ട്രാപ്പില്‍ ആണുങ്ങള്‍ മാത്രമാണ് കുടുങ്ങുന്നത് എന്ന് കരുതിയെങ്കില്‍ തെറ്റി. അങ്ങനെയാണല്ലോ നമ്മുടെ ഒക്കെ ഒരു പൊതു ബോധം. വശീകരിക്കാന്‍ മേനകയും വീഴാന്‍ വിശ്വാമിത്രനും

  • Share this:

    എസ്. ബിനുരാജ്

    ഹണി ട്രാപ്പ് അഥവാ തേന്‍കെണി എന്നാല്‍ പെണ്ണ് ആണിനെ വ്യാജ പ്രണയത്തിലൂടെ കുടുക്കി രഹസ്യങ്ങളും മറ്റു പലതും ചോര്‍ത്തുന്നത് ആണല്ലോ. അത് പോലെ പുരുഷന്‍ വ്യാജ പ്രണയത്തിലൂടെ പെണ്ണിനെ കുടുക്കി പലതും ചോര്‍ത്തുന്നതിന് എന്തെങ്കിലും പേരുണ്ടോ? എന്റെ പരിമിതമായ അറിവില്ല അതിനൊരു വാക്ക് ഇല്ല. ചരിത്രത്തില്‍ ഇത്തരം എതിര്‍ തേന്‍കെണികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും എന്തു കൊണ്ടാണ് അതിന് പേര് ഉണ്ടാവാത്തത് എന്നറിയില്ല.

    ഹണി ട്രാപ്പില്‍ ആണുങ്ങള്‍ മാത്രമാണ് കുടുങ്ങുന്നത് എന്ന് കരുതിയെങ്കില്‍ തെറ്റി. അങ്ങനെയാണല്ലോ നമ്മുടെ ഒക്കെ ഒരു പൊതു ബോധം. വശീകരിക്കാന്‍ മേനകയും വീഴാന്‍ വിശ്വാമിത്രനും. Marianne Quoirin എന്ന സ്ത്രീയുടെ ഒരു പുസ്തകമുണ്ട്, The Spies Who Did it for Love. ഇതിലെ വിഷയം Stasi Romeos ആണ്. അതായത് ജര്‍മ്മനി രണ്ടായിരുന്നപ്പോള്‍ പശ്ചിമ ജര്‍മ്മനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥകളെ വശീകരിച്ച് വലയിലാക്കി പ്രണയം നടിച്ച് വേണമെങ്കില്‍ രതിയും നല്‍കി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ കിഴക്കന്‍ ജര്‍മ്മനി നല്ല ചുള്ളന്മാരെ ഏര്‍പ്പാടാക്കിയിരുന്നത്രെ. ഇവരാണ് സ്റ്റാസി റോമിയോകള്‍. ഇവരില്‍ ചിലര്‍ യഥാര്‍ത്ഥത്തില്‍ പ്രണയത്തില്‍ വീണുപോവുകയും ചെയ്തത്രെ. ബെര്‍ലിന്‍ മതില്‍ തകര്‍ന്നുവീണപ്പോള്‍ അതിനെല്ലാം മാപ്പ് കൊടുത്ത് അവര്‍ വിവാഹിതരായിക്കാണും. രാഷ്ട്രീയവും യുദ്ധവും ജനങ്ങളുടെ പ്രണയബന്ധങ്ങളെ പോലും ബാധിക്കുന്നതെ എങ്ങനെയെന്ന് മനസിലായല്ലോ.

    ഇതില്‍ വളരെ സങ്കടകരമായ ഒരു സംഭവം 1979 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇങ്ങനെ ഒരു റോമിയോയുടെ കെണിയില്‍ വീണുപോയ ഒരു ഉദ്യോഗസ്ഥയെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റ് ചെയ്തു. അവര്‍ അപ്പോഴും പറഞ്ഞത് അത് ചാരവൃത്തിയെന്ന് അവര്‍ വിശ്വസിക്കുന്നില്ല എന്നും ആ റോമിയോ തന്നെ യഥാര്‍ത്ഥത്തില്‍ പ്രണയിക്കുകയായിരുന്നുവെന്നും എന്നാണ്. ചിലര്‍ അങ്ങനെയുള്ള വ്യാജപ്രണയത്തില്‍ തകര്‍ന്നു പോയിരുന്നു. രഹസ്യം ചോര്‍ത്തിയതില്‍ അല്ല പ്രണയിച്ചവന്‍/വള്‍ വഞ്ചിച്ചു എന്ന ആഘാതത്തിലാവണം അവര്‍ ശിഷ്ടജീവിതം നയിച്ചത്.

    Also Read-ഇന്ന് പ്യൂർ വെജിറ്റേറിയനായ മസാല ദോശ ഒരു കാലത്ത് ബ്രാഹ്മണർക്ക് നിഷിദ്ധമായിരുന്നുവെന്ന് അറിയാമോ?

    പലരും മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടി. ഇങ്ങനെ രഹസ്യം ചോര്‍ത്താന്‍ വന്ന് യഥാര്‍ത്ഥത്തില്‍ പ്രണയത്തിലായി പോയ സ്റ്റാസി റോമിയോമാരുടെ കഥയാണ് പിന്നീട് The Same Sky എന്ന ടിവി സീരിസില്‍ വന്നത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായിരുന്ന കിഴക്കന്‍ ജര്‍മ്മനിയും പടിഞ്ഞാറന്‍ ജര്‍മ്മനിയും പരസ്പരം റോമിയോമാരെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ നിയോഗിച്ചിരുന്നു. കിഴക്കന്‍ ജര്‍മ്മനിയുടെ ഇത്തരം ചാരന്മാര്‍ റെഡ് റോമിയോ എന്നാണത്രെ അറിയപ്പെട്ടിരുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ രഹസ്യം ചോര്‍ത്താന്‍ യുവതികളായ അവരുടെ സെക്രട്ടറിമാരെ കിടപ്പറയിലെത്തിച്ചാല്‍ മതിയായിരുന്നു എന്നാണ് ഇതിനെ കുറിച്ച് പിന്നീട് ഒരു റെഡ് റോമിയോ വെളിപ്പെടുത്തിയത്. ഈ ചാരപ്പണികളെ കുറിച്ച് പത്തോളം പുസ്തകങ്ങളെങ്കിലും ഇറങ്ങിയിട്ടുണ്ട്. ത്രസിപ്പിക്കുന്ന നോവലുകള്‍ വേറെ.

    പഴയ സോവിയറ്റ് യൂണിയനും ഹണി ട്രാപ്പന്‍മാര്‍ക്ക് വേണ്ടി സ്ക്കൂള്‍ 4 എന്ന ഒരു പരിശീലന കേന്ദ്രം നടത്തിയിരുന്നു എന്നും പറയുന്നുണ്ട്. ശീതയുദ്ധ കാലത്ത് സോവിയറ്റ് ചാരസംഘടനയായ കെ ജി ബിയുടെ ബ്രിട്ടീഷ് ചാരനും ചാര വനിതയും ആയിരുന്ന ഹൗട്ടനും ജീയും തമ്മിലുള്ള പ്രണയവും പിന്നീടുള്ള വിവാഹവും പ്രസിദ്ധമാണ്. ബ്രിട്ടനിലെ പോര്‍ട്ട് ലാന്‍ഡ് ദ്വീപില്‍ അവരുടെ ആണവ മുങ്ങിക്കപ്പല്‍ വികസിപ്പിക്കുന്നതിന്റെ രഹസ്യം ചോര്‍ത്താന്‍ നിയോഗിക്കപ്പെട്ടവരായിരുന്നു ഇരുവരും. രഹസ്യങ്ങള്‍ക്കൊപ്പം ഇവര്‍ പ്രണയ ലേഖനവും കൈമാറി. പിന്നീട് വിവാഹിതരായി.

    സരയോവില്‍ (Sarajevo) സി ഐ ഐക്ക് വേണ്ടി പണിയെടുത്ത റോബട്ടും ഡായ്നാ ബെയറും പ്രണയത്തിലാകുമ്പോള്‍ നേരത്തെ വിവാഹം കഴിഞ്ഞവര്‍ ആയിരുന്നു. സദ്ദാം ഹുസൈനെ വധിക്കാന്‍ ശ്രമിച്ചതു കൊണ്ട് റോബട്ടിന് വധഭീഷണിയുണ്ടായിരുന്നു.

    “ഒരു ആണും പെണ്ണും ഒരുമിച്ചുണ്ടായിരിക്കുന്നതാണ് ഏറ്റവും വലിയ ഹരം” എന്ന് പറഞ്ഞത് ബെറ്റി പാക്ക് എന്ന വിഖ്യാത ചാരവനിതയാണ്. അതെ, കിടപ്പറയില്‍ അഴിഞ്ഞുവീഴാത്ത രഹസ്യങ്ങള്‍ ഒന്നുമില്ല.നിങ്ങള്‍ പ്രണയിക്കുന്ന ആണ് / പെണ്ണ് ചാരപ്പണിക്ക് വന്നതല്ല എന്ന് നിങ്ങള്‍ക്ക് വല്ല ഉറപ്പുമുണ്ടോ? അല്ലെങ്കില്‍ നിങ്ങള്‍ക്ക് കൊള്ളാം.

    Published by:Arun krishna
    First published: