ഡോക്ടറേറ്റ് ഉള്ളവർക്ക് പുറത്ത് ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ; നെല്ലും പതിരും എങ്ങനെ തിരിച്ചറിയും?

Last Updated:

ദീർഘമായി എഴുതിയത് ഇന്ന് എത്ര എളുപ്പത്തിൽ ആണ് ഡോക്ടറേറ്റുകൾ ഉൽ പാദിപ്പിക്കപ്പെടുന്നത് എന്ന് തോന്നിയതിനാലാണ്. അതുകൊണ്ട് തന്നെ ഗൈഡ് ആയി എന്റെ കീഴിൽ ആരെയും ഡോക്ടറേറ്റ് സമ്പാദിക്കാൻ ഞാൻ അനുവദിച്ചിട്ടില്ല

ഡോ. ജോസ് സെബാസ്റ്റ്യൻ
ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് പ്രബന്ധം ആയി ബന്ധപ്പെട്ട വിവാദങ്ങൾ പുറത്ത് വന്നതോടെ ഡോക്ടറേറ്റ് ഉള്ളവർക്ക് പുറത്ത് ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ. നെല്ലും പതിരും എങ്ങനെ തിരിച്ചറിയും? ഗവേഷണം എന്നത് പുതുതായി എന്തെങ്കിലും കണ്ടെത്തുന്നതോ നിലവിലുള്ള അറിവിനെയോ വിശ്വാസത്തിനെയോ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതോ ആകണം. രണ്ടായാലും ആ മേഖലയിലെ വിദഗ്ധർക്ക് സ്വീകാര്യം ആവുകയും വേണം.
ഞാൻ 1983 ഇൽ M. A Economics ഫസ്റ്റ് ക്ലാസ്സിൽ പാസ്സായി പക്ഷെ കോളേജ് അധ്യാപക ജോലി ഒന്നും കിട്ടിയില്ല. തലശ്ശേരി മഹാത്മാ സമാന്തര കോളേജിൽ നല്ല ശമ്പളത്തോടെ രണ്ട്‌ വർഷം ജോലി ചെയ്തുകഴിഞ്ഞു പി. എച്ച്. ഡി എടുക്കാൻ തീരുമാനിച്ചു. സത്യത്തിൽ എന്റെ കസിൻ സെബാസ്റ്റ്യൻ മാത്യു ആണ് അതിന് പ്രേരണ നൽകിയത്. ഗവേഷണത്തിന് വിഷയം വേണം,മാർഗദർശി അല്ലെങ്കിൽ ഗൈഡ് വേണം. പ്രശസ്തനായ ഗൈഡ് ആയാൽ ഡോക്ടറേറ്റ് പ്രബന്ധം സമർപ്പിക്കാൻ താമസം വരും. കാരണം, അദ്ദേഹത്തിന് തൃപ്തി വരണം. അദ്ദേഹത്തിന്റെ കൂടി വിശ്വാസതയുടെ പ്രശ്നം ആണ്.
advertisement
എനിക്ക് ആണെങ്കിൽ ഗൈഡും വിഷയവും തീരുമാനം ആയില്ല. ഒരു ഗൈഡ് സാധാരാണഗതിയിൽ താൻ ഗവേഷണം ചെയ്തിട്ടുള്ള മേഖലയുമായി ബന്ധപ്പെട്ട വിഷയം ആണെങ്കിലേ ഗൈഡ് ആവാൻ സമ്മതിക്കുകയുള്ളു. അപ്പോൾ ഗൈഡിനെ കണ്ടെത്തിയിട്ട് വേണം വിഷയം നിശ്ചയിക്കാൻ.
എന്റെ കസിൻ പ്രൊഫസർ എം. എ ഉമ്മനെ അദ്ദേഹവും ആയി അടുപ്പമുള്ള ഒരു ആൾ വഴി ബന്ധപ്പെട്ടു. അദ്ദേഹം അന്ന് തന്നെ ദേശിയ തലത്തിൽ അറിയപ്പെടുന്ന ധനശാസ്ത്രജ്ഞൻ ആണ്. ബോട്സ്വാന യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ബോട്സ്വാന സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു. അവിടുത്തെ ബജറ്റിനെ പരസ്യമായി വിമർശിച്ചു എന്ന കാരണത്താൽ അദ്ദേഹത്തെ പിരിച്ചുവിട്ടു. തിരികെ കേരളത്തിൽ എത്തി തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റ് എന്ന സ്ഥാപനത്തിൽ പ്രൊഫസർ പദവിയിൽ ഇരിക്കുകയാണ്.സാർ വരാൻ പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടു. ചില ചോദ്യങ്ങൾ ചോദിച്ചു. അദ്ദേഹത്തിന് തൃപ്തിയായി കാണില്ല. ഗവേഷണം ആൽമാർത്ഥം ആയി ചെയ്യാൻ fellowship വേണം. യൂണിവേഴ്സിറ്റി ഫെല്ലോഷിപ് നക്കാപ്പിച്ച ആണ്. അതുകൊണ്ട് ഗവേഷണം പാടാണ്. UGC ഗവേഷണത്തിനുള്ള fellowship ഒരു നാഷണൽ test ന്റെ അടിസ്ഥാനത്തിൽ നൽകുന്നുണ്ട്. അതിന്റെ തുക ലെക്ചർറുടെ ശമ്പളത്തിന് തുല്യം ആയിരുന്നു.അത്‌ തുടങ്ങിയിട്ട് രണ്ടാം വർഷം ആണ്. എന്നെ ഒഴിവാക്കാൻ ആണോ എന്നറിയില്ല, ആ ടെസ്റ്റ്‌ ജയിച്ചു വരാൻ പറഞ്ഞു. ഞാൻ ഗവേഷണത്തിൽ എത്രമാത്രം തല്പരൻ ആണെന്നുള്ളത് പരീക്ഷിക്കാനും ആവാം.
advertisement
ഞാൻ UGC ടെസ്റ്റ്‌ ജയിച്ചുവന്നു കഴിഞ്ഞു അദ്ദേഹത്തിനുകൂടി താല്പര്യം ഉള്ള “കേരളത്തിലെ വില്പന നികുതിയുടെ പ്രകടനം” എന്ന വിഷയം തെരഞ്ഞെടുത്തു ഗവേഷണം തുടങ്ങി. വില്പന നികുതിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ കേരളം ഒന്നാം സ്ഥാനത്താണ് എന്നാണ് അതുവരെ ഉണ്ടായിരുന്ന ധാരണ. അത്‌ തെറ്റാണെന്നും രീതിശാസ്ത്രത്തിലെ പിശകുകൾ മൂലം ആണ് ഈ തെറ്റായ അനുമാനത്തിൽ എത്തിയതെന്നും ഞാൻ കണ്ടെത്തി. കേരളത്തിന്റെ സാധ്യതകളുമായി തട്ടിച്ചുനോക്കുമ്പോൾ കേരളത്തിന്റെ പ്രകടനം താഴോട്ടു പോവുകയാണ് ഉണ്ടായതെന്നും തെളിയിച്ചു.
advertisement
പ്രബന്ധം തയ്യാർ ആക്കുമ്പോൾ ഉമ്മൻ സാർ പറഞ്ഞ ഒരു കാര്യം എനിക്ക് ജീവിതത്തിൽ ഉടനീളം ഉപകാരപ്പെട്ടു. ഒരിക്കലും കോപ്പി അടിക്കരുതെന്ന്‌. അങ്ങനെ കോപ്പി അടിച്ച് പഠിക്കുന്നവർക്കു സ്വന്തമായി ഒരു വാചകം പോലും എഴുതാനുള്ള കഴിവ് ഇല്ലാതാകുമെന്ന്. കോപ്പി അടിച്ച വാചകങ്ങൾ അദ്ദേഹം നിമിഷം കൊണ്ട് കണ്ടെത്തി വെട്ടിക്കളയും. അദ്ദേഹത്തിന്റെ ആ പരിശീലനം മൂലം സ്വന്തമായി എഴുതാനുള്ള കഴിവ് ഉണ്ടായി.
ഒരു ഏഴ് പ്രാവശ്യം എങ്കിലും അദ്ദേഹം പ്രബന്ധം തിരുത്തിക്കാണും. അദ്ദേഹം പറഞ്ഞു, പ്രബന്ധത്തിലെ ഒരു തെറ്റ് പ്രബന്ധത്തിന്റെ തെറ്റ് ആയി കരുതപ്പെടും. അവസാനത്തെ കോപ്പിയിൽ അദ്ദേഹം തിരുത്താൻ ആരംഭിച്ചപ്പോൾ എനിക്ക് ക്ഷമ കെട്ടു. ഞാൻ പറഞ്ഞു ” സർ, ഇത് ഫൈനൽ ആണ്. ദയവായി ഇതിൽ തിരുത്തരുത്”. സാർ പൊട്ടിത്തെറിച്ചു പറഞ്ഞു ” നിങ്ങൾക്ക് എങ്ങനെ എങ്കിലും ഇതങ്ങു കൊടുത്താൽ മതി. എനിക്ക് ഞാൻ ചെയ്ത ജോലി ശരി ആണോ എന്ന് നോക്കണം.”
advertisement
പ്രബന്ധം വില്പന നികുതിയെ കുറിച്ച് ഉള്ള പഠനത്തിൽ ലോകത്തെ ഏറ്റവും വലിയ വിദഗ്ധൻ ആയ പ്രൊഫസർ John F.. Due വിന് യൂണിവേഴ്സിറ്റി അയച്ചുകൊടുത്തു. അയച്ചുകൊടുക്കേണ്ട വിദഗ്ധരുടെ പട്ടികയിൽ അദ്ദേഹത്തെ ഉമ്മൻസാർ ഉൾപെടുത്തിയതാണ്. National Instutute of Public Finance and Policy (NIPFP)യിലെ പ്രൊഫസർ K.N റെഡ്‌ഡി, Centre for Development സ്റ്റഡീസ് ലെ പ്രൊഫസർ P. S ജോർജ് എന്നിവർ ആയിരുന്നു മറ്റ് പരിശോധകർ. പ്രൊഫസ്സർ John F. Due പ്രബന്ധം പ്രസിദ്ധീകരണയോഗ്യം എന്ന് രേഖപ്പെടുത്തി. പ്രൊഫസർ K. N റെഡ്‌ഡി പ്രബന്ധം പ്രസിദ്ധീകരിക്കുമ്പോൾ വേണ്ട ചില തിരുത്തലുകൾ ചൂണ്ടിക്കാണിച്ചു. പ്രസിദ്ധീകരണത്തിന് സാമ്പത്തിക സഹായത്തിനു ഇന്ത്യൻ കൌൺസിൽ ഫോർ സോഷ്യൽ സയൻസിന് അപേക്ഷിച്ചപ്പോൾ അത്‌ ശുപാർശ ചെയ്തത് പിന്നീട് NIPFP ഡയറക്ടറും 14-ആം ധനകാര്യ കമ്മീഷൻ അംഗവും ഒക്കെ ആയ പ്രൊഫസർ എം. ജി Rao ആയിരുന്നു. പ്രൊഫസർ I. S ഗുലാത്തിയുടെ അവതാരികയോടെ പ്രബന്ധം പ്രസിദ്ധീകരിച്ചു.
advertisement
ഉമ്മൻ സാറിന്റെ ആ ശിക്ഷണം മൂലം പിന്നീട് ലോക നിലവാരത്തിലുള്ള Economic And Political Weekly യിൽ വരെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. ഒരുപാടൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. ഞാൻ ഒരു കുഴിമടിയൻ ആയതുകൊണ്ട് അക്കാദമികമായി ഉമ്മൻസാറിന്റെ പ്രതീക്ഷക്ക് ഒത്ത് ഉയർന്നില്ല. പക്ഷെ ഒന്നുണ്ട്. കേരളത്തിന്റെ ധനകാര്യവുമായി ബന്ധപ്പെട്ട എന്റെ കഴിഞ്ഞ 35 വർഷത്തെ പഠനങ്ങൾ കേരളത്തിൽ വേണ്ട നയം മാറ്റങ്ങളെ കുറിച്ച് എനിക്ക് ചില ഉൾകാഴ്ചകൾ നൽകിയിട്ടുണ്ട്. സാമൂഹിക മാറ്റങ്ങൾക്കു സഹായിക്കുന്നില്ലാ എങ്കിൽ ഒരുപാട് ഗവേഷണം നടത്തിയിട്ടു എന്ത് ഗുണം? കേരളത്തിലെ ജനങ്ങളിൽ ഇക്കാര്യങ്ങളെ കുറിച്ച് ആഴത്തിലുള്ള അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. അതിനുള്ള പ്രവർത്തത്തിൽ ആണ് കുറേക്കാലമായി.
advertisement
ഇത്ര ദീർഘമായി എഴുതിയത് ഇന്ന് എത്ര എളുപ്പത്തിൽ ആണ് ഡോക്ടറേറ്റുകൾ ഉൽ പാദിപ്പിക്കപ്പെടുന്നത് എന്ന് തോന്നിയതിനാലാണ്. അതുകൊണ്ട് തന്നെ ഗൈഡ് ആയി എന്റെ കീഴിൽ ആരെയും ഡോക്ടറേറ്റ് സമ്പാദിക്കാൻ ഞാൻ അനുവദിച്ചിട്ടില്ല.
(ലേഖകൻ സാ​മ്പ​ത്തി​കകാ​ര്യ വി​ദ​ഗ്​​ധ​നും ഗു​ലാ​ത്തി ഇ​ൻ​സ്റ്റിറ്റ്യൂ​ട്ട് ഓ​ഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ ഫാക്കൽറ്റി അംഗവുമാണ്)  
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ഡോക്ടറേറ്റ് ഉള്ളവർക്ക് പുറത്ത് ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ; നെല്ലും പതിരും എങ്ങനെ തിരിച്ചറിയും?
Next Article
advertisement
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; നിയമഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; നിയമഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
  • അക്രമകാരികളായ മൃഗങ്ങളെ കൊല്ലാമെന്ന നിയമഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.

  • ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മൃഗങ്ങളെ കൊല്ലാന്‍ അധികാരം നല്‍കുന്ന ബില്ലിന് അംഗീകാരം.

  • ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുന്നത്.

View All
advertisement