• HOME
  • »
  • NEWS
  • »
  • opinion
  • »
  • Justin Trudeau | കര്‍ഷകസമരം; കാനഡയിലെ ട്രക്കര്‍മാരുടെ പ്രതിഷേധം; ട്രൂഡോയുടെ നിലപാട്; പാശ്ചാത്യ രാഷ്ട്രീയനേതാക്കളുടെ കാപട്യം

Justin Trudeau | കര്‍ഷകസമരം; കാനഡയിലെ ട്രക്കര്‍മാരുടെ പ്രതിഷേധം; ട്രൂഡോയുടെ നിലപാട്; പാശ്ചാത്യ രാഷ്ട്രീയനേതാക്കളുടെ കാപട്യം

എല്ലാ ട്രക്ക് ഡ്രൈവര്‍മാരും വാക്സിനേഷന്‍ എടുക്കണമെന്ന ഉത്തരവിനെതിരെയുള്ള കനേഡിയന്‍ ട്രക്കര്‍മാരുടെ പ്രതിഷേധത്തോട് യോജിച്ചാലും ഇല്ലെങ്കിലും, ട്രൂഡോ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ രസകരമായ വിരോധാഭാസം ഉണ്ട്.

Photo: Reuters

Photo: Reuters

  • Share this:
    -Sushant Sareen

    ''ഒരു ബിരുദം ബിരുദം തന്നെയാണ്, അത് വ്യാജമായാലും യാഥാർത്ഥമായാലും''. ബലൂചിസ്ഥാന്റെ (Balochistan) മുന്‍ മുഖ്യമന്ത്രി അസ്ലം റയ്സാനിയുടെ (Aslam Raisani) ഈ കാലാതീതമായ ഉദ്ധരണി കാനഡയുടെ (Canada) പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ (Justin Trudeau) ട്രോളുന്നതിനായി ഇപ്പോള്‍ തിരുത്തിയെഴുതപ്പെടുന്നത് ഇങ്ങനെയാണ്: ''ഒരു പ്രതിഷേധം പ്രതിഷേധം തന്നെയാണ്, അത് കര്‍ഷകരുടേതായാലും ട്രക്ക് ഡ്രൈവര്‍മാരുടേതായാലും''. ഒട്ടാവയിലെ പാര്‍ലമെന്റ് ഹില്ലിലേക്ക് (Parliament Hill) ട്രക്കര്‍മാരുടെ നേതൃത്വത്തിൽ 'ഫ്രീഡം കോണ്‍വോയ്' (Freedom Convoy) എന്ന പ്രതിഷേധ പ്രകടനം എത്തിയത്തോടെ ട്രൂഡോയെ 'അജ്ഞാത സ്ഥലത്തേക്ക്' മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയിലെ കര്‍ഷക സമരത്തിന്റെ സമയത്ത് ട്രൂഡോ നടത്തിയ പരാമര്‍ശങ്ങള്‍ ഇപ്പോഴും നീറിപ്പുകയുന്നതിനാൽ അദ്ദേഹത്തിന്റെ വിഷമാവസ്ഥയില്‍ പല ഇന്ത്യക്കാരും നിഗൂഢമായ ആനന്ദം കണ്ടെത്തുന്നുണ്ട്. വാസ്തവത്തില്‍, അദ്ദേഹം നടത്തിയ പരാമർശങ്ങൾ അദ്ദേഹത്തിലേക്ക് തന്നെ തിരികെ ചൊരിയാനുള്ള വലിയ പ്രലോഭനത്തിലാണ് കാനഡയിലെ ഇന്ത്യക്കാര്‍.

    നരേന്ദ്ര മോദി ട്രൂഡോയോട് ട്രൂഡോയുടെ തന്നെ വാക്കുകള്‍ ആവർത്തിക്കുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ഇന്ത്യയ്ക്ക് പകരം കാനഡയെന്നും കര്‍ഷകര്‍ക്ക് പകരം ട്രക്കര്‍മാരെന്നും തിരുത്തണമെന്ന് മാത്രം. കർഷകസമരത്തെ സംബന്ധിച്ച ട്രൂഡോയുടെ പ്രസ്താവന അദ്ദേഹത്തോട് തന്നെ തിരിച്ചു പറഞ്ഞാല്‍ ഇങ്ങനെ വായിക്കാം: ''കര്‍ഷകരുടെ (ട്രക്കര്‍മാരുടെ) പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍ (കാനഡ) പുറത്തുവരുന്ന വാര്‍ത്തകള്‍ ശ്രദ്ധയിൽപ്പെട്ടു. സാഹചര്യം ആശങ്കാജനകമാണ്, ഞങ്ങള്‍ എല്ലാവരും കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് വളരെയധികം ആശങ്കാകുലരാണ് (എല്ലാത്തിനുമുപരി, കാനഡയിലെ ട്രക്കിംഗ് ബിസിനസിന്റെ ഗണ്യമായ ഒരു ഭാഗം നടത്തുന്നത് ഇന്ത്യന്‍ വംശജരാണ്. അവരുടെ ക്ഷേമത്തില്‍ വലിയ താല്‍പ്പര്യം കാണിക്കുന്ന മോദി സർക്കാർ തീർച്ചയായും ആശങ്കാകുലരായിരിക്കും). നിങ്ങളില്‍ പലരുടെയും യാഥാർഥ്യമാണ് അതെന്ന് എനിക്കറിയാം. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം സംരക്ഷിക്കാന്‍ കാനഡ (ഇന്ത്യ) എപ്പോഴും ഒപ്പമുണ്ടാകുമെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ. സംഭാഷണങ്ങളുടെ പ്രാധാന്യത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു, അതുകൊണ്ടാണ് ഞങ്ങളുടെ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി ഞങ്ങള്‍ ഇന്ത്യന്‍ (കനേഡിയന്‍) അധികാരികളുമായി നേരിട്ട്, ഒന്നിലധികം മാര്‍ഗങ്ങളിലൂടെ ബന്ധപ്പെട്ടത്.''

    എല്ലാ ട്രക്ക് ഡ്രൈവര്‍മാരും വാക്സിനേഷന്‍ എടുക്കണമെന്ന ഉത്തരവിനെതിരെയുള്ള കനേഡിയന്‍ ട്രക്കര്‍മാരുടെ പ്രതിഷേധത്തോട് യോജിച്ചാലും ഇല്ലെങ്കിലും, ട്രൂഡോ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ രസകരമായ വിരോധാഭാസം ഉണ്ട്. കാരണം, കര്‍ഷക സമരത്തിനിടെ നടന്ന സംഭവങ്ങൾക്ക് സമാനമായ കാര്യങ്ങളാണ് ഇപ്പോൾ ഇവിടെയും നടക്കുന്നത്. 2021 ജനുവരി 26ന് നടന്ന ട്രാക്ടര്‍ മാര്‍ച്ചും പാര്‍ലമെന്റ് തടയാനുള്ള ഭീഷണികളും ഓർക്കുന്നുണ്ടല്ലോ, അല്ലേ?

    ഇന്ത്യയിലെ കർഷകസമരവും കാനഡയിലെ ട്രക്കർമാരുടെ പ്രതിഷേധവും തമ്മിലുള്ള സമാനതകളില്‍ ചിലത് പരിശോധിക്കാം. കര്‍ഷകര്‍ ന്യൂഡല്‍ഹി പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെങ്കില്‍ കാനഡയിലെ ട്രക്കര്‍മാര്‍ ഒട്ടാവയിലും സമാന നിലപാടാണ് സ്വീകരിക്കുന്നത്; ഒട്ടാവയില്‍ ട്രക്കര്‍മാര്‍ ആക്രമസക്തരാകുമോയെന്ന സംശയം നിലനിൽക്കുന്നതുപോലെ അക്രമണോത്സുകമായ സാഹചര്യം കർഷക സമരത്തിന്റെ സമയത്ത് ഡല്‍ഹിയിലും ഉണ്ടായിരുന്നു (യഥാര്‍ത്ഥത്തില്‍ കര്‍ഷക പ്രതിഷേധത്തിനിടെ അക്രമസംഭവങ്ങൾ അരങ്ങേറുകയും ചെയ്തു). വാക്സിനേഷന്‍ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ട്രക്കര്‍മാരെ ട്രൂഡോ ഒരു 'ചെറിയ ന്യൂനപക്ഷം' ആയി കണക്കാക്കുന്നുവെങ്കില്‍, ഡല്‍ഹില്‍ പ്രതിഷേധിച്ച കര്‍ഷകരും ഇന്ത്യയിലെ കർഷകരുടെ ഒരു ന്യൂനപക്ഷം മാത്രമായിരുന്നു. ഇന്ത്യന്‍ കര്‍ഷകരില്‍ ഭൂരിഭാഗവും കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരായിരുന്നു. തീവ്ര വലതുപക്ഷ തീവ്രവാദികളും വെള്ള ദേശീയവാദികളും ട്രക്കര്‍മാരുടെ പ്രതിഷേധത്തോട് പിന്തുണ പ്രഖ്യാപിച്ചെങ്കിൽ, ഖാലിസ്ഥാനി തീവ്രവാദികളും ഭീകരവാദികളും വിഘടനവാദികളും കര്‍ഷക പ്രതിഷേധത്തില്‍ നേരിട്ട് തന്നെ ഇറങ്ങിച്ചെല്ലുകയുണ്ടായി. ട്രക്കര്‍മാര്‍ക്ക് സംഭാവനകള്‍ നൽകുന്നവരിൽ മിക്കയാളുകളും കാനഡയിൽ നിന്നുള്ളവരല്ലെന്നും വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും സംശയം ബലപ്പെടുന്നത് പോലെ കര്‍ഷകര്‍ക്ക് (പാകിസ്താന്‍, കാനഡ എന്നിവിടങ്ങളില്‍ നിന്ന് ഉള്‍പ്പെടെ) ധനസഹാവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന സമാനമായ ആശങ്കകള്‍ ഇന്ത്യയിലും ഉണ്ടായിരുന്നു. 'ഫ്രീഡം കോണ്‍വോയ്' സംഘാടകര്‍ 'തീവ്ര നിലപാടുള്ള സംഘങ്ങളിൽ' നിന്ന് വിട്ടുനിൽക്കുന്നതായി പ്രഖ്യാപിച്ചതിന് സമാനമായതായിരുന്നു കര്‍ഷക സമരത്തിന്റെ നേതാക്കളുടെയും പ്രഖ്യാപിത നിലപാട്. കുഴപ്പക്കാർ പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ ഈ കര്‍ഷക നേതാക്കള്‍ കൈമലര്‍ത്തുകയും തങ്ങള്‍ നിരപരാധികളാണെന്നും ഇതേക്കുറിച്ച് അറിവില്ലാത്തവരാണെന്നും നടിക്കുകയും ചെയ്തു.

    ഇനിയും സമാനതകള്‍ ഒരുപാടുണ്ട്. വാക്സിന്‍ നിയമങ്ങള്‍ കനേഡിയന്‍ ജനതയുടെ ക്ഷേമത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണെന്നും അതിനെ എതിര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രവിരുദ്ധവും സമൂഹവിരുദ്ധവും സര്‍ക്കാര്‍ വിരുദ്ധവുമാണെന്നും ട്രൂഡോയ്ക്ക് ബോധ്യപ്പെട്ടതുപോലെ കാര്‍ഷിക നിയമങ്ങൾക്ക് പിന്നിലും മികച്ച സാമ്പത്തികയുക്തി ഉണ്ടായിരുന്നു. കാര്‍ഷിക സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനായി രൂപകല്‍പ്പന ചെയ്ത ആ നിയമങ്ങളെ എതിര്‍ക്കുന്നതും സാമ്പത്തിക വിരുദ്ധ യുക്തി ഉന്നയിക്കുന്നതും സര്‍ക്കാര്‍ വിരുദ്ധവും സമൂഹവിരുദ്ധവുമായ നിലപാടാണ്. എന്നാല്‍ അന്ന് ട്രൂഡോ തന്റെ കാബിനറ്റിലെയും വോട്ട് ബാങ്കിലെയും ഖാലിസ്ഥാനികളെ തൃപ്തിപ്പെടുത്താനായിരുന്നു കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. സൗഹാർദ്ദപരമായ ബന്ധം പുലർത്തുന്ന ഒരു രാജ്യത്തിനെതിരെയാണ് നിലപാട് സ്വീകരിക്കുന്നത് എന്ന് ചിന്തിച്ച് ഒരു നിമിഷം കാത്തിരിക്കാൻ പോലും അദ്ദേഹം തയ്യാറായില്ല. ഇന്ത്യയില്‍ തീവ്രവാദ പ്രവർത്തനത്തില്‍ പോലും ഏര്‍പ്പെട്ടിരിക്കുന്ന ചില സംഘങ്ങൾക്ക് അനുകൂലമായാണ് താൻ പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അദ്ദേഹം മെനക്കെട്ടില്ല. കാര്‍ഷിക നിയമങ്ങളുടെ സത്യസന്ധത, അവയുടെ പിന്നിലെ യുക്തി, ഈ നിയമങ്ങൾക്ക് അടിസ്ഥാനമായ സാമ്പത്തിക യുക്തി എന്നിവയ്ക്ക് അദ്ദേഹം ഒട്ടും ശ്രദ്ധ നൽകിയില്ല.

    സമാനതകള്‍ തുടരുന്നു: കര്‍ഷകരുടെ ആവശ്യങ്ങള്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ നിന്ന് മിനിമം താങ്ങുവില സംബന്ധിച്ച മറ്റ് ആവശ്യങ്ങളിലേക്ക് വളര്‍ന്നത് പോലെ, കാനഡയിലെ ബോര്‍ഡര്‍ വാക്‌സിന്‍ ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ നിന്ന് ട്രക്കര്‍മാരുടെ ആവശ്യങ്ങളും വളര്‍ന്നു, അത്തരം എല്ലാ ഉത്തരവുകളും കാനഡയിലുടനീളം പിൻവലിക്കണമെന്നാണ് ഇപ്പോൾ ട്രക്കര്‍മാരുടെ ആവശ്യം. കര്‍ഷകരെപ്പോലെ, ട്രക്കര്‍മാരും തങ്ങള്‍ ഒട്ടാവയില്‍ ദീര്‍ഘകാലം കഴിയുമെന്ന് അവകാശപ്പെടുന്നു; കര്‍ഷക സമരത്തിലെന്ന പോലെ, ട്രക്കര്‍മാരുടെ സമരം കൂടുതല്‍ കാലം തുടര്‍ന്നാല്‍ അത് രാജ്യത്തിന് വലിയ സാമ്പത്തിക ചിലവുണ്ടാക്കും. കര്‍ഷകര്‍ ദേശീയ പാതകള്‍ തടയുന്നത് യാത്രക്കാര്‍ക്ക് മാത്രമല്ല സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ബാധ്യതയാണ് വരുത്തിവച്ചത്. തീര്‍ച്ചയായും, പ്രതിഷേധങ്ങളുടെ കാര്യത്തിൽ ട്രൂഡോയുടെ സമീപനം അങ്ങേയറ്റം കാപട്യം നിറഞ്ഞതാണ്.

    കര്‍ഷക പ്രതിഷേധത്തിനോട് പ്രതികരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ഒരു ഗ്യാസ് പൈപ്പ്‌ലൈനിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി 2020 ഫെബ്രുവരിയില്‍ സമരക്കാർ രണ്ടാഴ്ചയിലേറെ റെയില്‍വേ ലൈനുകൾ ഉപരോധിച്ചതിനെ ട്രൂഡോ വളരെ ശക്തമായി തന്നെയാണ് നേരിട്ടത്. പ്രതിഷേധങ്ങള്‍ കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചതോടെ, ഏതാനും മാസങ്ങള്‍ക്കു ശേഷം സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തോടൊപ്പമാണ് കാനഡ എന്ന് ഇന്ത്യയോട് പറഞ്ഞ അതേ ട്രൂഡോ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: "പ്രതിഷേധക്കാരുടെ ആവശ്യം അസ്വീകാര്യവും അംഗീകരിക്കാനാവാത്തതുമാണ്. തുടർന്ന്, പ്രതിഷേധങ്ങളോടുള്ള ക്ഷമ നശിച്ചുവെന്നു പറഞ്ഞ ട്രൂഡോ പ്രതിഷേധക്കാര്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ മാറ്റാൻ അവർക്ക് മുന്നറിയിപ്പും നല്‍കി. വെറും രണ്ടാഴ്ചത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രൂഡോ ഇത്തരത്തിൽ പ്രതികരിച്ചത്. അതേസമയം ഇന്ത്യയില്‍ കര്‍ഷകര്‍ ഒരു വര്‍ഷത്തോളമാണ് റോഡ് ഉപരോധിച്ചത്. കാനഡയില്‍ അന്ന് മുന്നറിയിപ്പ് നല്‍കി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കനേഡിയന്‍ പോലീസുകാര്‍ ബലം പ്രയോഗിച്ച് ഉപരോധം അടിച്ചമർത്തി. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം കാനഡ സംരക്ഷിക്കുന്നതിന് ഇങ്ങനെയാണ്.

    സത്യം പറഞ്ഞാല്‍, ട്രൂഡോയുടെ പൊള്ളത്തരങ്ങള്‍ ഉയർത്തിക്കാട്ടുമ്പോഴും ഉപരോധങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടിയുടെയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ അവതരിപ്പിച്ച വാക്‌സിന്‍ ഉത്തരവുകളുടെയോ കാര്യത്തിൽ അദ്ദേഹത്തോട് വിയോജിക്കാന്‍ പ്രയാസമാണ്. എന്നിരുന്നാലും ട്രക്കര്‍മാരുമായി ട്രൂഡോ അഭിമുഖീകരിക്കുന്ന പ്രശ്നം പോലുള്ള സാഹചര്യത്തില്‍ അവരെ പരിഹസിക്കാന്‍ പ്രലോഭനം സൃഷ്ടിക്കുന്നത് പാശ്ചാത്യ രാഷ്ട്രീയക്കാരുടെ തികഞ്ഞ കാപട്യമാണ്. പാശ്ചാത്യ നേതാക്കളുടെ അതിഗംഭീരമായ പ്രസംഗവും പ്രബോധനങ്ങളുമെല്ലാം അവരിൽ ഒളിഞ്ഞിരിക്കുന്ന വംശീയതയെ പ്രതിഫലിപ്പിക്കുന്നതാണ്. ജനാധിപത്യ മൂല്യങ്ങള്‍ തങ്ങൾക്ക് മാത്രമേ അറിയൂ, അത് മനസ്സിലാക്കാനും പ്രാവര്‍ത്തികമാക്കാനും തങ്ങൾക്കേ കഴിയൂ എന്ന ധാരണയോടെയുള്ള മനോഭാവം ആത്മാഭിമാനമുള്ള ഏതൊരു രാഷ്ട്രവും അവരിൽ നിന്ന് അകലാനെ ഉപകരിക്കൂ.

    ഈ പാശ്ചാത്യ നേതാക്കളില്‍ ചിലര്‍ക്ക് മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ തോന്നുന്ന അവകാശം അവരുടെ കൊളോണിയല്‍ ഭൂതകാലത്തിന്റെ ഗൃഹാതുരത്വമല്ലാതെ മറ്റൊന്നുമല്ല. കൊളോണിയലിസത്തിന്റെ നുകത്തില്‍ നിന്നും വെള്ളക്കാരന്റെ ബാധ്യതകളിൽ നിന്നും ഒഴിഞ്ഞുമാറിയ രാജ്യങ്ങളോട് ഇന്നും അതേ മനോഭാവം തുടരുന്നത് അത്ര നല്ലതല്ല. പാശ്ചാത്യ രാജ്യങ്ങളോട് അവരുടെ രക്ഷാകര്‍തൃ മനോഭാവം വെറുപ്പുളവാക്കുന്നതും തീര്‍ത്തും അസ്വീകാര്യവുമാണെന്ന് പറയേണ്ടതുണ്ട്.

    (ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ സീനിയര്‍ ഫെലോയാണ് ലേഖകനായ സുശാന്ത് സരീന്‍. ഈ ലേഖനത്തില്‍ പ്രകടിപ്പിച്ച വീക്ഷണങ്ങള്‍ രചയിതാവിന്റെത് മാത്രമാണ്. ഈ പ്രസിദ്ധീകരണത്തിന്റെ നിലപാടിനെ അവ പ്രതിനിധീകരിക്കുന്നില്ല.)
    Published by:Naveen
    First published: