• HOME
  • »
  • NEWS
  • »
  • opinion
  • »
  • 'മാലിന്യക്കൂമ്പാരത്തിലെ തീ സ്ലോ ആറ്റം ബോംബ്; അടിഭാഗത്ത് മീഥേൻ ഉള്ളതിനാൽ തീ പിടിച്ചാൽ അണയ്ക്കുക അസാധ്യം'

'മാലിന്യക്കൂമ്പാരത്തിലെ തീ സ്ലോ ആറ്റം ബോംബ്; അടിഭാഗത്ത് മീഥേൻ ഉള്ളതിനാൽ തീ പിടിച്ചാൽ അണയ്ക്കുക അസാധ്യം'

ചിരഞ്ജീവികൾ എന്ന് വിളിക്കാവുന്ന രാസസംയുക്തങ്ങളിൽ ഒന്നാണ് ഡയോക്സിനുകൾ. ഒരിക്കൽ പരിസ്ഥിതിയിലേക്ക് തുറന്നുവിട്ടാൽ തലമുറ, തലമുറകളോളം അവർ നാശം വിതക്കും

  • Share this:

    പ്രസാദ് പോൾ

    വലിയ, ഏക്കർ കണക്കിനുള്ള മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നതിനെ ‘slow atom bomb’ explosion എന്ന് വേണമെങ്കിൽ വിളിക്കാം. കാരണം അത് അത്രയ്ക്കും മാരകമാണ്. പത്തോ, ഇരുപതോ അടി ഘനത്തിലുള്ള മാലിന്യക്കൂമ്പാരത്തിന്റെ അടിയിൽ നടക്കുന്നത് ഓക്സിജന്റെ അഭാവത്തിലുള്ള anaerobic decomposition ആയിരിക്കും. അതിൽ നിന്ന് ബഹിർഗമിക്കുന്ന വാതകങ്ങളിൽ ജ്വലനസ്വഭാവമുള്ള മീഥേൻ ഗ്യാസ് ഉണ്ടാവുമെന്നതുകൊണ്ട് ഒരിക്കൽ തീ പിടിച്ചാൽ അണയ്ക്കുക ഏതാണ്ട് അസാദ്ധ്യമായ കാര്യമാണ്.

    മീഥേൻ വാതകങ്ങൾ കത്തുമ്പോൾ ഉണ്ടാവുന്ന ഉയർന്ന താപത്തിൽ ജന്തുജീവികളുടെ ആരോഗ്യത്തെ അതിഭീകരമായ വിധത്തിൽ ബാധിക്കാനിടയുള്ള അനേകം മാരകമായ രാസസംയുക്തങ്ങൾ കൂടിയുണ്ടാവും എന്നതാണ് അത് ഒരു slow atom bomb ആണെന്ന് പറയാനുള്ള കാരണം. അണുബോംബുകൾ പൊട്ടുമ്പോഴുണ്ടാവുന്ന നാശം നേരിട്ട്, അപ്പോൾത്തന്നെയാണ് ജീവജാലങ്ങളെ ബാധിക്കുകയെങ്കിൽ, ഇതങ്ങിനെയല്ല, അനേക കാലം നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഇതുണ്ടാക്കുക.

    Also Read- ബ്രഹ്മപുരം; എത്രനാൾ സഹിക്കണമെന്ന് ഹൈക്കോടതി; നിരീക്ഷണസമിതിയെ നിയോഗിച്ചു

    ജൈവമാലിന്യങ്ങൾ, ഹാലൊജനേറ്റഡ് പ്ലാസ്റ്റിക്കുകളുമായി(PVC പോലുള്ളവ) ചേർന്ന് ഭാഗിക ജ്വലനം (പുക അതിന്റെ ലക്ഷണമാണ്) നടക്കുമ്പോൾ ഉണ്ടാവുന്ന ഏറ്റവും ഭീകരനായ വിഷമാണ് ഡയോക്സിനുകൾ (Dioxins) മനുഷ്യൻ നിർമ്മിച്ചിട്ടുള്ള രാസസംയുക്തങ്ങളിൽ ഏറ്റവും മാരകവും, അപകടകാരികളുമായവയാണ് ഡയോക്സിനുകൾ.

    ആദ്യമായി ഇവയുടെ മാരകീയത തിരിച്ചറിഞ്ഞത് വിയറ്റ്നാം യുദ്ധത്തിന് ശേഷമായിരുന്നു. അന്ന് അമേരിക്ക അവിടുള്ള കാടുകളിൽ ഒളിച്ചിരുന്ന ഗറില്ലാ പടയാളികളെ പിടിക്കാനായി തളിച്ച (defoliant) ‘ഏജന്റ് ഓറഞ്ച്’ എന്ന TCDD ഡയോക്സിൻ യുദ്ധം അവസാനിച്ചതിന് ശേഷമുണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങൾ ലോകചരിത്രത്തിൽ അന്നുവരെ ഉണ്ടായിട്ടുള്ളതിനേക്കാൾ ഭീകരമായിരുന്നു. അതോടെയാണ് ഡയോക്സിനുകൾ എത്രമാത്രം അപകടകാരികളാണെന്നു തിരിച്ചറിഞ്ഞത്.

    Also Read- ബ്രഹ്മപുരത്തെ മാലിന്യമല മറിക്കുമോ പുതിയ കളക്ടർ; പുകമറയിൽ നിന്ന് പുറത്തുവരുമോ കൊച്ചി?

    കാൻസർ മുതൽ ജനിതവൈകല്യങ്ങൾ വരെ, ഞരമ്പുകൾ തലച്ചോർ എന്നിവയെ മാരകമായി ബാധിക്കുന്ന രോഗങ്ങൾ മുതൽ വന്ധ്യത വരെ, ശ്വാസം മുട്ട് മുതൽ ത്വക്ക് രോഗങ്ങൾ വരെ. അങ്ങിനെ നമ്മിലേക്ക് പ്രവേശിക്കുന്ന അവയുടെ അളവും, കാലവുമനുസരിച്ച് ഒരിക്കലും പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് സകല ജീവജാലങ്ങൾക്കും അതുണ്ടാക്കുന്നത്.

    ഭൂരിപക്ഷം കൊച്ചിക്കാർക്കും ഇപ്പോൾ അറിയുന്ന ഒരേയൊരുകാര്യം മാലിന്യക്കൂമ്പാരത്തിലെ തീപിടിത്തം മൂലമുള്ള പുക അവർക്ക് ശ്വാസം മുട്ട് , കണ്ണുനീറ്റൽ എന്നിങ്ങനെയുള്ള ചില്ലറ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്നത് മാത്രമാണ്. പക്ഷെ സംഗതിയുടെ കിടപ്പത്ര സുഖകരമല്ല. കുറഞ്ഞപക്ഷം ഭാവിയിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ചു ശരിയായ അവബോധമുള്ളവർക്കെങ്കിലും.

    Also Read- ബ്രഹ്മപുരം തീപിടിത്തം; ജനങ്ങൾക്ക് ആരോഗ്യപ്രശ്നമുണ്ടായി നഷ്ടം സംഭവിച്ചാൽ ഉത്തരവാദി കോർപ്പറേഷൻ: ഹൈക്കോടതി

    ലോകത്ത്‌ ചിരഞ്ജീവികൾ എന്ന് വിളിക്കാവുന്ന രാസസംയുക്തങ്ങളിൽ ഒന്നാണ് ഡയോക്സിനുകൾ. അതുകൊണ്ട് ഒരിക്കൽ പരിസ്ഥിതിയിലേക്ക് അവയെ തുറന്നുവിട്ടാൽ തലമുറ, തലമുറകളോളം അവർ നാശം വിതച്ചുകൊണ്ടിരിക്കും. അതാണ് പ്ലാസ്റ്റിക്കുകൾ ഒരിക്കലും കത്തിക്കരുതെന്ന് പറയുന്നതും, നിയമം വഴിയായി അത് തടയാനുള്ള കാരണവും.

    കൂടുതൽ എഴുതി ആരെയും ഭയപ്പെടുത്തണമെന്ന ആഗ്രഹമില്ലാത്തതുകൊണ്ട് ഇവിടെ നിർത്തുന്നു. ഒരു Environmental Chemistry professor ആയിരുന്ന എനിക്ക് ഇത്രയെങ്കിലും കാര്യം സമൂഹത്തോട് പറയാതിരിക്കാനാവില്ലെന്നതുകൊണ്ടാണ് എഴുതിയത്.

    ഭാവിയിൽ കൊച്ചിയിലും, പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങളിൽ, അവരുടെ അനന്തര തലമുറകളിൽ ഉണ്ടാവാനിടയുള്ള ജനിതക രോഗങ്ങൾ, വന്ധ്യത, കാൻസർ എന്നിവയുടെ അഭൂതപൂർവ്വമായ വളർച്ചയെ ആരും ഇന്നത്തെ തീപിടിത്തവുമായി ബന്ധിക്കില്ലെന്നത് ഉറപ്പാണ്, പക്ഷേ ബന്ധം ഉണ്ടാവുമെന്ന് ഏതൊരു Environmental Chemistry ക്കാരനും ഉറപ്പാണ്.

    മാലിന്യം ഒരിക്കലും അലംഭാവത്തോടെ കാണേണ്ട വിഷയമല്ല. അത് ശരിയായവിധം കൈകാര്യം ചെയ്തില്ലെങ്കിൽ അണുബോംബുകളെക്കാൾ മാരകമാണ്.

    (കുറവിലങ്ങാട് ദേവമാതാ കോളേജ് രസതന്ത്രവിഭാഗം റിട്ട. പ്രൊഫസറാണ് ലേഖകൻ)

    Published by:Rajesh V
    First published: