കൊച്ചി: ബ്രഹ്മപുരത്ത് നിരീക്ഷണ സമിതിക്ക് രൂപം നൽകി ഹൈക്കോടതി. മലിനീകരണ നിയന്ത്രണ ബോർഡ്, കളക്ടർ, കോർപറേഷൻ സെക്രട്ടറി ജില്ലാ ലീഗൽ സെൽ അതോറിറ്റി എന്നിവർ ഉൾപ്പെട്ട കമ്മിറ്റിക്കാണ് കോടതി രൂപം നൽകിയത്. കമ്മിറ്റി അംഗങ്ങൾ സ്ഥലം സന്ദർശിച്ച് തിങ്കളാഴ്ച റിപ്പോർട്ട് നൽകണമെന്നും കോടതി വ്യക്തമാക്കി.
സ്മാർട്ട് സിറ്റിയായ കൊച്ചി വൃത്തിഹീനമായ നഗരമായി മാറിയിരിക്കുന്നുവെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി പരിസരത്ത് വരെ പുക എത്തി. നഗരത്തിലെ ജനങ്ങൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടായി നഷ്ടം സംഭവിച്ചാൽ കോർപറേഷൻ ആയിരിക്കും പൂർണ്ണ ഉത്തരവാദി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ നിർമ്മാണം ശാസ്ത്രീയവും നിയമപരവുമായിരുന്നില്ല എന്നും കോടതി വ്യക്തമാക്കി.
Also Read- ബ്രഹ്മപുരം തീപിടുത്തം; പുക ശ്വസിച്ച് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് വിദഗ്ധ ചികിത്സ
വകുപ്പ് മന്ത്രി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. സർക്കാർ സ്വീകരിച്ച നടപടികളും നടപ്പിലാക്കിയ കാര്യങ്ങളും അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ അറിയിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി.കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തതിൽ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നടപടി. തീ പൂര്‍ണമായും അണച്ചെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചെങ്കിലും നിലവിലെ സ്ഥിതി ഓണ്‍ലൈനായി കാണണമെന്ന് ജസ്റ്റിസുമാരായ എസ്.വി.ഭട്ടിയും ബസന്ത് ബാലാജിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ഇതിനിടയിൽ ബ്രഹ്മപുരം തീപിടുത്തത്തിൽ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. ഡിസാസ്റ്റർ മാനേജ്മെന്റ് റെസ്പോൺസ് ടീമിനെ അടിയന്തരമായി നിയോഗിക്കണമെന്നും കടമ്പ്രയാറിലേയ്ക്ക് മാലിന്യം കലർന്ന ജലം ഒഴുകി, മലിനപ്പെടുന്നതിലെ ആശങ്കയും ചൂണ്ടിക്കാട്ടിയാണ് ഹർജി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.