• HOME
 • »
 • NEWS
 • »
 • opinion
 • »
 • പ്രണയം പകയും ചതിയുമാകുമ്പോൾ ചിറകറ്റു വീഴുന്നവർ

പ്രണയം പകയും ചതിയുമാകുമ്പോൾ ചിറകറ്റു വീഴുന്നവർ

പ്രണയം സഫലമാകുന്നതിന്റെ സന്തോഷം പോലെ പ്രധാനമാണ് അതില്ലാതാകുന്ന വേദനയും

 • Share this:
ആജ്ഞ രവീന്ദ്രൻ

പ്രണയം പകയും ചതിയുമാകുമ്പോൾ ചിറകറ്റുവീഴുന്നവർ. ഹൃദയം തകർന്ന് അലമുറയിട്ട് കരയുന്ന ഉറ്റവർ. പ്രണയ നൈരാശ്യവും ഒഴിവാക്കലും വില്ലനാകുമ്പോൾ വിറങ്ങലിക്കുന്ന മലയാളിയുടെ മുന്നിൽ ഷാരോൺ രാജെന്ന യുവാവ് ചോദ്യചിഹ്നമാകുകയാണ്. കേരളം കണ്ട മറ്റെല്ലാ കൊലപാതകങ്ങളും പ്രണയ നൈരാശ്യത്തിൽനിന്നുണ്ടായ പക വീട്ടലായിരുന്നെങ്കിൽ ഒഴിവാക്കലിന്റെ അവസാനത്തെ അടവായിരുന്നു ഈ കൊലപാതകം. ഒരു ക്രിമിനൽ പശ്ചാത്തലവും ചൂണ്ടിക്കാണിക്കാനില്ലാത്ത അഭ്യസ്ത വിദ്യയായ ഇരുപത്തിരണ്ടുകാരി വളരെ ആസൂത്രിതമായി തന്റെ കാമുകനെ കൊലപ്പെടുത്തി. കഴിഞ്ഞ അഞ്ചുവർഷമായി പ്രണയക്കൊലപാതകങ്ങൾ കണ്ട് മനം മടുത്തുപോയ കേരളത്തിന് ഇതുവരെ പരിചിതമല്ലാത്തൊരു മരണമായി ഷാരോൺ കൊലപാതകം മാറുകയാണ്.

പെൺകുട്ടികളായിരുന്നു ഇതുവരെ കൊന്നെറിയപ്പെട്ടത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 15 പെൺകുഞ്ഞുങ്ങളെ ഓർത്ത് കേരളം നെഞ്ചുവേദനിച്ച് കരഞ്ഞു. 16 വർഷത്തിനിടെ രാജ്യത്താകെ നാൽപത്തയ്യായിരം പ്രണയ കൊലപാതകങ്ങൾ. 2005ൽ ഡൽഹിയിലെ ഖാൻ മാർക്കറ്റിൽ ലക്ഷ്മി അഗർവാൾ എന്ന പതിനഞ്ചുകാരിക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമണം ഞെട്ടലോടെയാണ് രാജ്യം കേട്ടുണർന്നത്. വിവാഹാഭ്യർഥന തിരസ്കരിച്ചതിന് 32 കാരനായ നയീം ഖാൻ എന്ന നരാധമൻ അവളെ പൊളളിച്ചുകളഞ്ഞു. കരിഞ്ഞുപോയ മുഖവുമായി ആ പെൺകുട്ടി ഒളിച്ചിരുന്നത് എത്രകാലം. പിന്നീ‌ട് വ്യക്തിത്വമാണ് തന്റെ ഐഡന്റിറിയെന്ന് തിരിച്ചറിഞ്ഞ്, മുഖാവരണം വലിച്ചെറിഞ്ഞ് ലോകത്തിനു മുന്നിലേക്കെത്തി. ആസിഡ് ആക്രമണങ്ങളാൽ ജീവിതം നിലച്ചുപോയവരുടെ കൈപിടിക്കാൻ.

Also Read- കോവിഡ് കുറഞ്ഞു, ജാഗ്രതയും; റോഡിലെ അപകട മരണനിരക്ക് പഴയ സ്ഥിതിയിൽ

തുടർന്ന് എത്രയെത്ര ആസിഡ് ആക്രമണങ്ങൾ! വടക്കേ ഇന്ത്യക്കാരിൽ അങ്ങേയറ്റം ക്രിമിനൽ മനസ്സുളള ചിലരുടെ ക്രൂരതയെന്ന് എണ്ണിപ്പറഞ്ഞും നെടുവീർപ്പെട്ടും കഴിഞ്ഞിരുന്ന മലയാളിയുടെ ഇടയിലേക്ക് ഏറെ നിശബ്ദനായി ആ ഭ്രാന്തൻ പ്രണയി കടന്നുവന്നു.

 • 2017 ഫെബ്രുവരി 1 ന് ഹരിപ്പാട് ചിങ്ങോലി സ്വദേശിനി ലക്ഷ്മിയിൽ തുടങ്ങി കേരളത്തിലെ പ്രണയ കൊലപാതകങ്ങൾ. കോട്ടയം സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിൽ ഫിസിയോ തെറാപ്പിവിദ്യാർഥിയായിരുന്നു ലക്ഷ്മി. പൂർവ വിദ്യാർഥിയായ ആദർശ് സ്വന്തം ശരീരത്തിൽ തീകൊളുത്തിയ ശേഷം കെട്ടിപ്പിടിച്ചാണ് ലക്ഷ്മിയുടെ ശരീരത്തിലേക്ക് തീ പടർത്തിയത്.

 • 2017 ജൂലൈ 17 ന് കടമ്മനിട്ട സ്വദേശിനി ശാരികയെ ബന്ധുവായ സജിൻ വീട്ടിലെത്തി പെട്രോളൊഴിച്ച് കത്തിച്ചു.

 • 2019 മാർച്ച് 12 ന് തിരുവല്ല സ്വദേശിനി കവിതയെ അജിൻ റെജിയെന്ന സഹപാഠി കുത്തിവീഴത്തിയശേഷം പെട്രോളൊഴിച്ച് തീകൊളുത്തി. കോളജിലേക്ക് പോയ കവിതയെ വഴിയിൽ തടഞ്ഞുനിർത്തിയായിരുന്നു കൊലപാതകം.

 • 2019 ഏപ്രിൽ നാലിന് തൃശൂർ ചീയാരത്ത് സ്വദേശിനി നീതുവിനെ പ്രണയത്തിൽനിന്ന് പിന്മാറിയതിന് സുഹൃത്ത് നിധീഷ് പെട്രോളൊഴിച്ച് കൊലപ്പെടുത്തി. പുലർച്ചെ നീതുവിന്റെ വീട്ടിലെത്തിയാണ് നിധീഷ് കൊല നടത്തിയത്.

 • 2019 ജൂൺ 15 മാവേലിക്കര വളളികുന്നം സ്വദേശിനി സൗമ്യയെന്ന പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവർത്തകൻ അജാസ് വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് ചുട്ടുകൊന്നു.

 • 2019 ജൂൺ 17ന് പെരിന്തൽമണ്ണ സ്വദേശിനി ദൃശ്യയെ വിനീഷ് എന്ന യുവാവ് കുത്തിക്കൊലപ്പെടുത്തി. 2019 ഒക്ടോബർ 9 ന് എറണാകുളം പറവൂർ സ്വദേശിനി ദേവികയെന്ന 16 കാരിയെ സുഹൃത്ത് മിഥുൻ അഗ്നിക്കിരയാക്കി. ഒപ്പം മിഥുനും ജീവനൊടുക്കി.

 • 2020 ജനുവരി 6 നാണ് തിരുവനന്തപുരം കാരക്കോണം സ്വദേശിനി അഷിത കൊല്ലപ്പെടുന്നത്. അഷിതയെ കഴുത്തറുത്ത് കൊന്ന ശേഷം പ്രതി അനൂപും ആത്മഹത്യ ചെയ്തു. പ്രണയത്തിൽ നിന്ന് അഷിത പിന്മാറിയതാണ് പകയ്ക്ക് കാരണമായത്.

 • 2020 ജനുവരി 8നാണ് കലൂർ സ്വദേശിനി ഇവ കൊല്ലപ്പെട്ടത്. സഫീർ ഷാ എന്ന സുഹൃത്ത് കാറിനുളളിൽവച്ചാണ് ഇവയെ കൊലപ്പെടുത്തിയത്.

 • 2021 ഫെബ്രുവരി 19 കണ്ണൂർ സ്വദേശിന രേഷ്മ പ്രണയപ്പകയ്ക്ക് ഇരയായി.

 • 2021 ഫെബ്രുവരി 20 ഇടുക്കി പളളിവാസൽ സ്വദേശിനി രേഷ്മയും കൊല്ലപ്പെട്ടു. പിന്നാലെ പ്രതി അരുൺ ജീവനൊടുക്കി.

 • 2021 സെപ്റ്റംബറിൽ പാല സെൻറ് തോമസ് കോളജിലെ വിദ്യാർഥിനിയായിരുന്ന നിതിനയെ ക്യാമ്പസിൽ വച്ച് സഹപാഠിയായ അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തി.

 • 2021 ജൂലൈ 30ന് കണ്ണൂർ നാറാത്ത് സ്വദേശിനി മാനസ എന്ന ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ തലശ്ശേരി സ്വദേശി രഖിൽ വെടിവെച്ച് കൊന്നത് കേരളത്തെ നടുക്കി.

 • കഴുത്തറുത്തും കത്തിച്ചുമുളള പ്രണയ കൊലപാതകങ്ങൾ ശീലമായി മാറിയ ഇടത്തേക്ക് ഒരു ഉത്തരേന്ത്യൻ മോഡൽ കൊലപാതകം കടന്നുവന്നത് ചർച്ചയായി. തുടർന്ന് രഖിലും സ്വയം വെടിയുതിർത്ത് മരണത്തിന് കീഴടങ്ങി.

 • ഒടുവിൽ ഇക്കഴിഞ്ഞയാഴ്ച കണ്ണൂർ പാനൂരിൽ വിഷ്ണുപ്രിയയെന്ന പെൺകുട്ടിയും ജീവൻ ബലികൊടുക്കേണ്ടി വന്നു. പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് ശ്യാംജിത്തെന്ന പ്രതി കൃത്യം നിർവഹിച്ചത്. ‌‌

 • ബന്ധങ്ങൾ അങ്ങേയറ്റം ടോക്സിക് ആകുന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമായിരുന്നു 2021 ഡിസംബർ 10 ന് കോഴിക്കോട് തിക്കൊടിയിൽ കൃഷ്ണപ്രിയയുടെ മരണം.

 • മുടികെട്ടുന്നതിലും വസ്ത്രം ധരിക്കുന്നതിലും വരെ നന്ദുവെന്ന കാമുകൻ ഇടപെട്ടിരുന്നെന്ന് സുഹൃത്തുക്കളുടെ മൊഴി. തുടർന്ന് ബന്ധത്തിൽനിന്നും പിന്മാറാൻ ഒരുങ്ങിയതോടെയാണ് കൃഷ്ണപ്രിയയെ കൊന്നുകളയാൻ നന്ദു തീരുമാനിച്ചത്. ഒപ്പം നന്ദുവും സ്വയം തീകൊളുത്തി മരണത്തിന് കീഴടങ്ങി.


പ്രണയമെന്നാൽ ചാറ്റുകളും വീഡിയോ കോളുകളും സ്റ്റാറ്റസുകളുമൊക്കെയായി മാറിയോ? ബന്ധങ്ങളുടെ ആഴം കൂടിയെന്ന് ധരിച്ചെങ്കിൽ തെറ്റി. സഹജീവിയുടെ വേദന അറിയാത്ത, സാഹചര്യം മനസ്സിലാകാത്ത, 'ജീവി'കൾ മാത്രമായി നമ്മൾ മാറിക്കൊണ്ടിരിക്കുകയാണ്. അവനവന്റെ ജീവിതം സുരക്ഷിതമാക്കാനായി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു മനോനിലയിലേക്കാണ്  എത്തപ്പെട്ടിരിക്കുന്നത്. താനകപ്പെട്ടിരിക്കുന്നത് ഒരു ടോക്സിക് റിലേഷൻഷിപ്പിലാണെന്ന് തിരിച്ചറിഞ്ഞാൽപോലും അതിൽ നിന്ന് പിന്തിരിഞ്ഞ നടക്കാനുളള ആർജവം പലപ്പോഴും  ഉണ്ടാകണമെന്നില്ല. പ്രണയം ഇല്ലാതാകുമ്പോൾ ഡിജിറ്റൽ തെളിവുകൾ വച്ച് ബ്ലാക്ക് മെയിലിംഗ്. പിന്നെ അത് പുറത്തുവരാതിരിക്കാൻ മറ്റയാളെ ഇല്ലാതാക്കാനുളള വഴികൾ തേടലായി. കോവിഡ് കാലത്ത് കുട്ടികൾക്ക് ഡിജിറ്റൽ ലോകം ഒരു ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ അതിൽനിന്നും ഒരു തിരിച്ചുവരവിനുളള സമയം അതിക്രമിച്ചുകഴിഞ്ഞു.

ഇവിടെ മുൻപ് നാം കണ്ട കൊലപാതകങ്ങളും ഷരോണിന്റെ കൊലപാതകവും തമ്മിൽ അന്തരങ്ങളേറെയ‌ാണ്. നഷ്ടപ്പെടുമെന്ന ഭയത്തിൽ നിന്നുണ്ടായ പകയാണ് ആദ്യത്തേതിൽ. രണ്ടാമത്തേത് വേണ്ടാത്തതുകൊണ്ട് ഒഴിവാക്കിയതും. എങ്കിലും പ്രണയം കൊലപാതകത്തിന് വഴിമാറുമ്പോൾ സമാനതകൾ ഏറെയാണ്. കുട്ടികളെ മാത്രമായി നമ്മൾ ഈ വിഭാഗത്തിൽ പെടുത്തേണ്ടതില്ല. മുതിർന്ന വ്യക്തികൾ തമ്മിലുളള ബന്ധങ്ങളും ഇത്തരം നിലവാരത്തകർച്ചയിലേക്ക് പോകുന്നതിന് നമ്മുടെ മുന്നിൽതന്നെ ഉദാഹരണങ്ങൾ ഏറെയാണ്. അവരും സൂക്ഷിച്ചുവച്ചിട്ടുണ്ടാകും കുടുംബങ്ങളും അഭിമാനവും തച്ചുടയ്ക്കാൻ
കഴിയുന്ന കുറേ ഡിജിറ്റൽ തെളിവുകൾ.
Also Read- കശ്മീർ വിഷയത്തിൽ നെഹ്റുവിന് പറ്റിയ അഞ്ച് മണ്ടത്തരങ്ങളുടെ 75-ാം വാർഷികം: കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു

പ്രണയ നൈരാശ്യത്തിൽ എല്ലാം എന്നേക്കുമായി അവസാനിപ്പിക്കാൻ വെമ്പുന്ന ഭ്രാന്തൻ കാമുക ഹൃദയം. വിശുദ്ധപ്രണയവും വിരഹ വേദനയും പഴങ്കഥകൾ മാത്രം. പ്രണയമുണ്ടാക്കുന്ന തീവ്ര വൈകാരികതയെ അതിജീവിക്കാൻ കാത്തുനിൽക്കാതെ ജീവനെടുത്തും ഒടുക്കിയും എരിഞ്ഞുതീരുന്ന കൗമാരം. എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്? കാലുകൾ ഇടറിപ്പോകുന്നത്. 'നോ' എന്ന് കേട്ടുശീലിച്ചിട്ടില്ലാത്ത ഒരു തലമുറയുടെ അസ്വസ്ഥമായ പ്രതികരണം മാത്രമായി ഇതിനെ കാണാനാകുമോ? കുട്ടികളെ അതിജീവനത്തിന് പ്രാപ്തരാക്കാതെ അമിത ലാളനയിൽ രൂപപ്പെടുത്തിയെ‌ടുക്കുന്ന രക്ഷിതാക്കൾക്കുളള തിരിച്ചടിയായി ഇതിനെ കണക്കുകൂട്ടാമോ? ഇത്തരം നൂറ് ചോദ്യങ്ങളുണ്ട് കേരളത്തിന്റെ വിവേചന ബുദ്ധിയിൽ. ഇല്ലായ്മകളു‌ടെ അനുഭവജ്ഞാനം കുറഞ്ഞ ഒരു തലമുറയെ വളർത്തിയെടുത്ത് നാടിന് വെറുക്കപ്പെട്ടവരാക്കുന്നതിൽ നമുക്കൊന്നും ഒരുപങ്കുമില്ലെന്നാണോ?

കത്തിച്ചും കത്തിമുനയിൽ കോർത്തും ഇല്ലാതാക്കുന്ന ജീവനോടൊപ്പം ഇരുട്ടിൽ വീണുപോകുന്ന കുടുംബങ്ങളെ കാണാതെ പോകുന്നതെന്താണ്? കുഞ്ഞുങ്ങളോടൊപ്പം വളർന്ന പ്രതീക്ഷയുടെ അവസാന തിരിയും ഊതിയണച്ച് അവരെക്കൂടി കടുത്ത വിഷാദത്തിലേക്ക് തളളിയിട്ട് ചവിട്ടിക്കുതിച്ച് കൂസലില്ലാതെ അവർ കടന്നുപോകുന്നു. ചിലർ സ്വയം ഒരുക്കിയ ചിതയിലേക്ക്. മറ്റുചിലർ തിരിച്ചുവരുമെന്ന് വിജയഘോഷം മുഴക്കി ജയിലിലേക്ക്.

പ്രണയം സഫലമാകുന്നതിന്റെ സന്തോഷം പോലെ പ്രധാനമാണ് അതില്ലാതാകുന്ന വേദനയും. പ്രണയ പരാജയങ്ങളേയും ഉൾക്കൊളളാനും അതിജീവിക്കാനും പഠിക്കണം. പ്രണയം അംഗീകരിക്കുന്നതുപോലെ തന്നെ നിരസിക്കാനുമുളള അവകാശം ഒരാൾക്കുണ്ടെന്ന് തിരിച്ചറിയണം. കാരണങ്ങളൊക്കെ തീർത്തും വ്യക്തിയധിഷ്ഠിതമായിരിക്കാം. ചിലപ്പോൾ പ്രണയത്തിലായി കുറേക്കാലം കഴിഞ്ഞാകും ആ ബന്ധം വേണ്ടിയിരുന്നില്ലെന്ന് തിരിച്ചറിയുന്നത്. അത്തരം തിരിച്ചറിവുകളെ അംഗീകരിക്കാൻ പഠിക്കണ്ടേ? നമ്മളോടൊപ്പം ജീവിച്ചുതീർക്കാനോ പ്രണയം പങ്കുവയ്ക്കാനോ വൈമുഖ്യം കണിക്കുന്ന ഒരാളെ സ്വാർത്ഥതയുടെ പേരിൽ കെട്ടിയിടേണ്ട ആവശ്യമുണ്ടോ? പ്രണയത്തിനുളളിലും ഒരു സ്വാതന്ത്ര്യം വേണ്ടേ? പരസ്പരം അംഗീകരിക്കാതെ, ജീവിക്കാൻ അനുവദിക്കാതെ എന്ത് പ്രണയം? ഇതിനെ പ്രണയമെന്ന് വിളിക്കാനാകുമോ?
Published by:Naseeba TC
First published: