• News
 • World Cup 2019
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

മെസ്സി ഇന്ദ്രജാലം വീണ്ടെടുക്കുമോ? ക്രോയേഷ്യ ചരിത്രം തിരുത്തുമോ?

News18 Malayalam
Updated: June 21, 2018, 5:47 PM IST
മെസ്സി ഇന്ദ്രജാലം വീണ്ടെടുക്കുമോ? ക്രോയേഷ്യ ചരിത്രം തിരുത്തുമോ?
News18 Malayalam
Updated: June 21, 2018, 5:47 PM IST
#ഗൗരീശങ്കരന്‍ പി

ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളോടു കളിച്ച നാലു മല്‍സരവും തോറ്റ ചരിത്രം തിരുത്താന്‍ ക്രോയേഷ്യക്ക് ആവുമോ? പോര്‍ച്ചുഗല്‍ - സ്‌പെയിന്‍ യുദ്ധത്തിനു ശേഷമുള്ള അടുത്ത വീറുള്ള പോരാട്ടമാണ് വ്യാഴാഴ്ച. ലിയോ മെസ്സിയുടെ അര്‍ജന്റീന ലൂക്കാ മോഡ്രിച്ചിന്റെ ക്രോയേഷ്യയെ നേരിടുന്നു.

ഐസ്ലന്‍ഡിനെതിരേ സമനിലയില്‍ കുരുങ്ങിയതിന്റെ ക്ഷീണം തീര്‍ത്ത് വിജയം നേടാനുള്ള തീവ്രശ്രമത്തിലാണ് അര്‍ജന്റീന. നൈജീരിയക്കെതിരേ 2-0 വിജയത്തിന്റെ ആവേശത്തില്‍ നില്‍ക്കുന്ന ക്രോയേഷ്യ ആവട്ടെ മൂന്നു പോയിന്റ് കൂടി നേടി പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാനുള്ള വെമ്പലിലും.

കഴിഞ്ഞ ലോകകപ്പില്‍ ഫൈനല്‍ വരെ എത്തിയ അര്‍ജന്റീന സൂപ്പര്‍ താരം മെസ്സി ഇന്ദ്രജാലം വീണ്ടെടുത്ത് മുന്നേറ്റം നയിക്കുമെന്ന പ്രതീക്ഷയിലാണ്. കാര്യമായ മോഹങ്ങളില്ലാതെ വന്ന ക്രോയേഷ്യയാവട്ടെ ഇപ്പോള്‍ ആരെയും തോല്‍പ്പിക്കാനുള്ള ആയുധശേഷി തങ്ങളുടെ നിരയിലുണ്ടെന്ന തിരിച്ചറിവിലും.

ഞായറാഴ്ച 31 വയസാവുന്ന മെസ്സി ഐസ്ലന്‍ഡിനെതിരായ ദയനീയ പ്രകടനത്തില്‍ നിന്നു കരകയറാന്‍ വാശിയോടെ ഇറങ്ങും. പെനല്‍റ്റി നഷ്ടപ്പെടുത്തിയ ക്ഷീണം മാറണമെങ്കില്‍ ഇന്ന് ഒരു വട്ടമെങ്കിലും വല കുലുക്കണം ഈ സൂപ്പര്‍ താരം.

ക്രോയേഷ്യന്‍ ക്യാംപിനുമുണ്ട് തലവേദനകള്‍. നൈജീരിയയ്‌ക്കെതിരെ പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ച നിക്കോള കാലിനിച്ചിനെ നാട്ടിലേക്കു പറഞ്ഞയച്ചതിന്റെ ആഘാതത്തിലാണവര്‍.

സൂപ്പര്‍സ്റ്റാര്‍ ഫോമിലാവണേ എന്ന പ്രാര്‍ഥനയിലാണ് ഹോര്‍ഹെ സാംപാവോലിയുടെ ടീം. ദ്സ്ലാറ്റ്‌കോ ദാലിച്ച് പരിശീലിപ്പിക്കുന്ന ക്രോയേഷ്യയാവട്ടെ ഉത്തേജനത്തിനായി തുറുപ്പ് ചീട്ട് ലൂക്ക മോദ്രിച്ചിനെ ഉറ്റുനോക്കുന്നു. ക്രോയേഷ്യ വിജയിച്ചാല്‍ അര്‍ജന്റീനയുടെ ഭാവി തുലാസിലാടും. ആ അവസ്ഥ ഒഴിവാക്കാനുള്ള തീവ്രപരിശ്രമം കോച്ചിന്റെ ഭാഗത്തു നിന്നു പ്രതീക്ഷിക്കാം.
Loading...

നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന നിലപാടിലാണ് ക്രോയേഷന്‍ പരിശീലകന്‍ ദാലിച്ച്. ഇതു ഞങ്ങള്‍ക്ക് ഒട്ടും ആയാസമില്ലാത്ത പരീക്ഷണം. കാരണം ഞങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ മൂന്നു പോയിന്റുണ്ട്. നേരിടുന്നത് കരുത്തരായ എതിരാളികളെയും. സമ്മര്‍ദം ഒട്ടുമില്ല...

ലൈനപ്പിനെ കുറിച്ച് മനസു തുറക്കാത്ത സാംപാവോലി ഇന്നു ചില പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നേക്കും. എയ്ന്‍ജല്‍ ഡി മാരിയയ്ക്കു പകരം ക്രിസ്റ്റ്യാന്‍ പാവോണിന് അരങ്ങേറ്റ മല്‍സരം കളിക്കാന്‍ അവസരം നല്‍കിയേക്കും. കാലിനിച്ചിനെ നാട്ടിലേക്ക് അയച്ച സാഹചര്യത്തില്‍ ക്രോയേഷ്യന്‍ നിരയില്‍ മാറ്റത്തിനു സാധ്യതയുണ്ടെന്ന് ദാലിച്ചും സൂചിപ്പിക്കുന്നു.

ഇരുവരും തമ്മിലുള്ള അഞ്ചാം മല്‍സരമായിരിക്കും ഇത്. രണ്ടു വട്ടം അര്‍ജന്റീനയും ഒരു വട്ടം ക്രോയേഷ്യയും വിജയിച്ചു. ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്കെതിരേ കളിച്ച നാലു മല്‍സരവും തോറ്റ ചരിത്രമാണ് ക്രോയേഷ്യയുടേത്.

അര്‍ജന്റീനയുടെ ഏറ്റവും വലിയ ദൗര്‍ബല്യമായ പ്രതിരോധനിര ഈ കളിയില്‍ കൂടുതല്‍ പരീക്ഷിക്കപ്പെടുമെന്നുറപ്പ്. ഒറ്റക്കെട്ടായി വയസായിക്കൊണ്ടിരിക്കുന്ന ക്രോയേഷ്യയുടെ ദൗര്‍ബല്യം യുവത്വം നല്‍കുന്ന ഊര്‍ജനത്തിന്റെ അഭാവവും. കുറവുകള്‍ കടന്ന് കുതിപ്പുണ്ടായാല്‍ കളി കസറും.
First published: June 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...