കോൺഗ്രസ് വയസ് 138; പാർട്ടിയുടെ ചരിത്രം സ്റ്റാമ്പുകളിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത് എങ്ങനെ?
- Published by:Rajesh V
- trending desk
Last Updated:
ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രമുള്ള ഏഴ് സ്മാരക സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്. ഇന്ദിരാഗാന്ധിയെ അനുസ്മരിക്കാനായി നാല് സ്മാരക സ്റ്റാമ്പുകളും രാജീവ് ഗാന്ധിയുടെ പേരിൽ രണ്ട് സ്മാരക സ്റ്റാമ്പുകളും പുറത്തിറക്കിയിട്ടുണ്ട്.
റഷീദ് കിദ്വായ്
കോൺഗ്രസ് പാർട്ടി രൂപം കൊണ്ട് 138 വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. ഇന്ന് വലിയ അസ്തിത്വ പ്രതിസന്ധി നേരിടുകയാണെങ്കിലും സമ്പന്നമായ ഒരു പാരമ്പര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. സ്വാതന്ത്ര്യത്തിനു ശേഷം, 33 കോൺഗ്രസ് അധ്യക്ഷന്മാരുടെ പേരിൽ നിരവധി സ്മാരക സ്റ്റാമ്പുകൾ (commemorative stamps) പുറത്തിറക്കിയിട്ടുണ്ട്. ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രമുള്ള ഏഴ് സ്മാരക സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്. ഇന്ദിരാഗാന്ധിയെ അനുസ്മരിക്കാനായി നാല് സ്മാരക സ്റ്റാമ്പുകളും രാജീവ് ഗാന്ധിയുടെ പേരിൽ രണ്ട് സ്മാരക സ്റ്റാമ്പുകളും പുറത്തിറക്കിയിട്ടുണ്ട്.
കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പാണ് സ്റ്റാമ്പുകൾ പുറത്തിറക്കുന്നത്. പ്രധാനമായും രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായാണ് സ്റ്റാമ്പുകൾ പുറത്തിറക്കുക. സ്മാരക സ്റ്റാമ്പുകളും (Commemorative Stamps) ഡെഫിനിറ്റീവ് സ്റ്റാമ്പുകളും (Definitive Stamps) ആണവ. പ്രധാനപ്പെട്ട സംഭവങ്ങൾ, വിവിധ മേഖലകളിലെ പ്രമുഖർ, പ്രകൃതി, മനോഹരമോ അപൂർവമോ ആയ സസ്യ- ജന്തുക്കൾ, പാരിസ്ഥിതിക വിഷയങ്ങൾ, കാർഷിക പ്രവർത്തനങ്ങൾ, ദേശീയ, അന്താരാഷ്ട്ര വിഷയങ്ങൾ, കായിക വിനോദങ്ങൾ തുടങ്ങിയവയെ അനുസ്മരിക്കുന്നതിനാണ് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കുന്നത്. ഇവ വളരെ കുറച്ചെണ്ണം മാത്രമേ പുറത്തിറക്കാറുള്ളൂ. ദൈനംദിന തപാൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവയാണ് ഡെഫിനിറ്റീവ് സ്റ്റാമ്പുകൾ. എല്ലാ തപാൽ ഓഫീസുകളിലും ഇവ ലഭ്യമാണ്. 25 പൈസ മുതലാണ് ഇതിന്റെ വില.
advertisement
മുൻ കോൺഗ്രസ് പ്രസിഡന്റുമാരായ ആചാര്യ കിർപലാനി, ആനി ബസന്റ്, ചക്രവർത്തി വിജയരാഘവചാര്യർ, ബാബു ചിത്രരഞ്ജൻ ദാസ്, സുഭാഷ് ചന്ദ്ര ബോസ്, ദാദാഭായ് നവറോജി ഭോഗരാജു പട്ടാഭി സീതാരാമയ്യ, ഗോപാൽ കൃഷ്ണ ഗോഖലെ, ഹക്കിം അജ്മൽ ഖാൻ, ഇന്ദിരാഗാന്ധി, ജഗ്‌ജീവൻ റാംത് ല കാമ്പ്‌ല ലജ്പത് റായ്, രാജീവ് ഗാന്ധി, ഡോ. രാജേന്ദ്ര പ്രസാദ്, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ എന്നിവർക്കായി മൂന്ന് സ്മാരക സ്റ്റാമ്പുകളും മഹാത്മാഗാന്ധി, അബുൽ കലാം ആസാദ് തുടങ്ങിയവർക്കായി നാല് സ്മാരക സ്റ്റാമ്പുകളും രാജ്യം പുറത്തിറക്കിയിട്ടുണ്ട്.
advertisement

കോൺഗ്രസ് നേതാക്കളായ മോത്തിലാൽ നെഹ്‌റു, മുഖ്താർ അഹമ്മദ് അൻസാരി, നെല്ലി സെൻഗുപ്ത, അവരുടെ ഭർത്താവും സ്വാതന്ത്ര്യ സമര സേനാനിയുമായ ജതീന്ദ്ര മോഹൻ സെൻഗുപ്ത, സർ ഫിറോസ്ഷാ മേത്ത, പ്രഷോത്തം ദാസ് ടണ്ടൻ, റാസ്ബിഹാരി ബസു, റൊമേഷ് ചന്ദ്ര ദത്ത്, സരോജ്‌നി ശർമ നായിഡു, ഡോ. ശങ്കർ ദയാൽ ശർമ നായിഡു എന്നിവരുടെ പേരിലും സ്മാരപ സ്റ്റാമ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. സിദ്ധവനഹള്ളി നിജലിംഗപ്പ, സി ശങ്കരൻ നായർ, സുരേന്ദ്രനാഥ് ബാനർജി, വല്ലഭ് ഭായ് പട്ടേൽ തുടങ്ങിയവരെല്ലാം തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലും കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്.
advertisement
Also Read- സിപിഎമ്മിനുള്ളിൽ നിന്ന് കടുത്ത ആരോപണങ്ങൾ; മുസ്ലിംലീഗിൽ ഭിന്നാഭിപ്രായം; മിണ്ടാതെ കോണ്ഗ്രസ്
സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസ് വഹിച്ച പങ്ക് 1983 ഓഗസ്റ്റ് 9 ന് പുറത്തിറക്കിയ ഒരു സ്മാരക സ്റ്റാമ്പിലും രേഖപ്പെടുത്തിയിട്ടുണ്ട്. 1942 ൽ ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനിയിൽ വെച്ചു നടന്ന ചരിത്ര പ്രാധാന്യമുള്ള കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി സമ്മേളനത്തിൽ മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും മറ്റ് കോൺഗ്രസ് നേതാക്കളും ക്വിറ്റ് ഇന്ത്യ പ്രമേയം ചർച്ച ചെയ്യുന്നത് ഈ സ്റ്റാമ്പിൽ കാണാം. ‘ഇന്ത്യാസ് സ്ട്രഗിൾ ഫോർ ഫ്രീഡം’ എന്ന പരമ്പരയുടെ ഭാഗമായാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.
advertisement
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ചതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 1985-ൽ തപാൽ വകുപ്പ് ഒരു രൂപ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. കോൺഗ്രസ് പാർട്ടിയുടെ 78 സെഷനുകളിൽ അധ്യക്ഷൻമാരായിരുന്ന 60 പേരുടെ ചിത്രങ്ങളാണ് സ്റ്റാമ്പിലുണ്ടായിരുന്നത്. രാജ്യം ആദരിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയുടെ മരണത്തിന് പത്തു വർഷത്തിന് ശേഷമാണ് സാധാരണയായി സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കുന്നത്.

ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരെല്ലാം 2008-ൽ പുറത്തിറങ്ങിയ ‘ആധുനിക ഇന്ത്യയുടെ നിർമാതാക്കൾ’ എന്ന ഡെഫിനിറ്റീവ് സ്റ്റാമ്പുകളുടെ പരമ്പരയിൽ ഇടം നേടിയിരുന്നു. ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്ര പ്രസാദ്, വല്ലഭായ് പട്ടേൽ, അബുൽ കലാം ആസാദ് എന്നിവർ 2015-2021 കാലയളവിൽ പുറത്തിറക്കിയ ഈ ശ്രേണിയിലെ രണ്ടാം ഭാഗത്തിലും ഇടം പിടിച്ചു.
advertisement
ഇന്ത്യയുടെ സമ്പന്നമായ സംസ്കാരം, പൈതൃകം, നേട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുന്ന മാധ്യമങ്ങളിലൊന്നു കൂടിയാണ് സ്റ്റാമ്പുകൾ എന്ന് ഫിലാറ്റലി മേഖലയിലെ വിദഗ്ധരിൽ ഒരാളായ കൃഷ്‌ണകാന്ത് ശർമ പറയുന്നു. ഫിലാറ്റലി അല്ലെങ്കിൽ സ്റ്റാമ്പുകൾ ശേഖരിക്കുന്ന ഹോബിയെ ‘ഹോബികളുടെ രാജാവ്’ എന്നും വിശേഷിപ്പിക്കാറുണ്ട്. ലോകമെമ്പാടുമുള്ള പലരുടെയും പ്രിയപ്പെട്ട ഹോബികളിൽ ഒന്നാണിത്. നിരവധി പ്രമുഖ വ്യക്തികൾക്ക് സ്റ്റാമ്പുകളുടെ അതിശയകരമായ ശേഖരങ്ങൾ ഉണ്ട്. ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ രണ്ടാമത്തെ മകനായ ആൽഫ്രഡ് രാജകുമാരൻ, 1864-ലാണ് സ്റ്റാമ്പ് ശേഖരണം ആരംഭിച്ചത്. ഈ ഹോബി പിന്നീട് തലമുറകളിലേക്ക് കൈമാറി. എലിസബത്ത് രാജ്ഞിയും സ്റ്റാമ്പ് ശേഖരണം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. 100 മില്യൻ ഡോളറിലധികം മൂല്യമുള്ളതാണ് ഈ രാജകീയ സ്റ്റാമ്പ് ശേഖരം. 1936-1952 കാലഘട്ടത്തിൽ ഈജിപ്ത് ഭരിച്ചിരുന്ന ഫറൂഖ് ഒന്നാമൻ രാജാവിനും സ്റ്റാമ്പ് ശേഖരണത്തിൽ വലിയ താത്പര്യം ഉണ്ടായിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിന് സ്റ്റാമ്പുകൾ ശേഖരിക്കാൻ മാത്രമല്ല, അത് ഡിസൈൻ ചെയ്യാനും ഇഷ്ടമായിരുന്നു. മുൻ യുഎസ് പ്രസിഡന്റ് ഡ്വൈറ്റ് ഡി ഐസൻഹോവർ, മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസി, ഇംഗ്ലീഷ് ഗായകനും എഴുത്തുകാരനുമായ ജോൺ ലെനൻ, ബ്രിട്ടീഷ് ഗായകൻ ഫ്രെഡി മെർക്കുറി,
advertisement
അമേരിക്കൻ എഴുത്തുകാരനും തത്വചിന്തകനുമായിരുന്നു ഐൻ റാൻഡ്, വ്യാവസായിക രംഗത്തെ അതികായനായ വാറൻ ബഫറ്റ് തുടങ്ങിയവരെല്ലാം സ്റ്റാമ്പ് ശേഖരണം ഇഷ്ടപ്പെടുന്നവരാണ്.
ഇന്ത്യയിലെ തപാൽ വകുപ്പ് ഫിലാറ്റലിയെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ശർമ പറയുന്നു. ‘അമൃത്‌പെക്‌സ് 2023’ (AMRITPEX 2023) എന്ന് പേരിട്ടിരിക്കുന്ന അടുത്ത ദേശീയ ഫിലാറ്റലി എക്‌സിബിഷൻ 2023 ഫെബ്രുവരി 11മുതൽ 15 വരെ ന്യൂഡൽഹിയിൽ വെച്ചു നടക്കും.
ജവഹർലാൽ നെഹ്‌റുവും സ്റ്റാമ്പുകൾ ശേഖരിക്കാറുണ്ടായിരുന്നു, അതേസമയം ഇന്ദിരാഗാന്ധിക്ക് സ്റ്റാമ്പ് ഡിസൈനുകളിലും പാറ്റേണുകളിലും താൽപ്പര്യമുണ്ടായിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന സ്റ്റാമ്പുകളുടെ വലിയൊരു ശേഖരം തന്നെ ശർമയുടെ പക്കലുണ്ട്. ഈ സ്റ്റാമ്പുകളെല്ലാം സോണിയ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കും സമ്മാനിക്കാനും അദ്ദേഹം ആലോചിക്കുന്നുണ്ട്.
ഇന്നത്തെ കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ അത്യന്തം ശോചനീയമാണ്. എന്നാൽ ബൃഹത്തായ ഈ പാർട്ടിക്ക് ഒരു പ്രതാപകാലം ഉണ്ടായിരുന്നു. 1919 ഡിസംബർ 26-ന് എഐസിസിയുടെ 34-ാമത് സെഷനിൽ വെച്ച് മോത്തിലാൽ നെഹ്‌റു എഐസിസി പ്രസിഡന്റായി ചുമതലയേറ്റ ചടങ്ങിൽ മഹാത്മാഗാന്ധിയും സന്നിഹിതനായിരുന്നു. അന്ന് മോത്തിലാൽ നെഹ്‌റുവിന് 60 വയസായിരുന്നു പ്രായം. 1919 ഏപ്രിലിൽ നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊല സമയത്തെ കോൺഗ്രസ് പ്രസിഡന്റും അദ്ദേഹമായിരുന്നു. തുടക്കത്തിൽ, ബ്രിട്ടീഷ് രാജിനെതിരായ നടപടികൾക്ക് അദ്ദേഹം എതിരായിരുന്നു, എന്നാൽ 1919 ഏപ്രിലിൽ ജാലിയൻ വാലാബാഗിൽ വെച്ച് 379 പേർ കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവം അദ്ദേഹത്തെ പൂർണമായും മാറ്റിമറിച്ചു. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് പട്ടാള നിയമം നിലവിൽ വന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ടവർക്കും ദീർഘകാലം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടവർക്കും സഹായമെത്തിക്കാൻ മോത്തിലാൽ നെഹ്‌റു തന്നാൽ കഴിയുന്നതെല്ലാം ചെയ്തു. കോൺഗ്രസിൽ ജവഹർലാൽ നെഹ്രുവിന്റെ രംഗപ്രവേശത്തോടെയാണ് മോത്തിലാൽ സ്ഥാനമൊഴിഞ്ഞത്.
രാവി നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ലാഹോറിൽ വച്ചാണ് മഹാത്മാഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ജവഹർലാൽ നെഹ്റുവിൻ്റെ പേര് നിർദ്ദേശിച്ചത്. അന്ന് നെഹ്റുവിന് കഷ്ടിച്ച് 40 വയസായിരുന്നു പ്രായം. ഈ വലിയ ചുമതല ഏറ്റെടുക്കാൻ അദ്ദേഹത്തിന് മടിയായിരുന്നു. എന്നാൽ അന്ന് ഏറ്റവുമധികം സന്തോഷിച്ചയാൾ മോത്തിലാൽ ആയിരുന്നു. ”ഹർചെ കി പിദാർ നടവനാട്, പെസർ തമാം കുനാട്” (അച്ഛന് ചെയ്യാൻ കഴിയാത്തത് മകൻ നേടുന്നു) എന്ന പേർഷ്യൻ ഭാഷയിലെ പഴഞ്ചൊല്ലും മോത്തിലാൽ ആ വേദിയിൽ ഉദ്ധരിച്ചു. വൻ സ്വീകരണമാണ് അന്ന് നെഹ്റുവിന് ലഭിച്ചത്. ‘രാജാക്കന്മാർ പോലും അസൂയപ്പെടുന്ന സ്വീകരണം’ എന്നാണ് ഇതേക്കുറിച്ച് ഒരു പത്രം അന്നെഴുതിയത്.
മോത്തിലാലിനും ഭാര്യ സ്വരൂപ് റാണിക്കുമൊപ്പം, നെഹ്റു കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേൽക്കുന്ന ചടങ്ങുകൾ വീക്ഷിച്ച്, ആ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അന്ന് 12 വയസുള്ള ഇന്ദിരാഗാന്ധിയുമുണ്ടായിരുന്നു. അന്നത്തെ പഞ്ചാബിൻ്റെ തലസ്ഥാനമായ ലാഹോർ അന്ന് ഉത്സവ പ്രതീതിയിലായിരുന്നു. പിൽക്കാലത്ത് പത്രപ്രവർത്തകനായി മാറിയ പ്രാൻ ചോപ്ര എന്ന കോൺഗ്രസ് അനുഭാവിയും അന്ന് അവിടെ സന്നിഹിതനായിരുന്നു. ”നെഹ്‌റു ലാഹോറിൽ വന്നപ്പോൾ അദ്ദേഹത്തിൽ പലരുടേയും കണ്ണുകൾ പതിഞ്ഞിരുന്നു. അദ്ദേഹം സുന്ദരനും അർപ്പണബോധമുള്ളവനും ആയിരുന്നു. നെഹ്റുവിന് മുൻപ് ഗാന്ധിയല്ലാതെ മറ്റാരും ജനങ്ങളെ ഇത്രയധികം പ്രചോദിപ്പിച്ചിരുന്നില്ലെന്ന് അവരുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമായിരുന്നു”, എന്ന് അദ്ദേഹം പിൽക്കാലത്ത് എഴുതിയിട്ടുണ്ട്.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും 1991-96 കാലഘട്ടത്തിൽ കോൺഗ്രസ് അധ്യക്ഷനായും സേവനമനുഷ്ഠിച്ച പി വി നരസിംഹ റാവുവിനെക്കുറിച്ചുള്ള ഒരു സ്റ്റാമ്പ് 2022 ജൂണിൽ അദ്ദേഹത്തിന്റെ നൂറാം ജന്മദിനത്തിൽ പുറത്തിറക്കാൻ ആലോചിച്ചിരുന്നു. എന്നാൽ അത് ഇതുവരെ പുറത്തിറക്കിയിട്ടില്ല. മുൻ ഇന്ത്യൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിയുടെ ചിത്രം പതിപ്പിച്ച സ്റ്റാമ്പ് പുറത്തിറക്കുന്നതും ആലോചനയിലാണ്.
(ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനിലെ വിസിറ്റിംഗ് ഫെല്ലോയാണ് ലേഖകൻ. അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ അദ്ദേഹം ’24 അക്ബർ റോഡ്’, ‘സോണിയ: എ ബയോഗ്രഫി’ എന്നിവയുൾപ്പെടെ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത് ലേഖകന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണ്. സ്ഥാപനത്തിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നതല്ല.)
Location :
First Published :
December 26, 2022 1:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
കോൺഗ്രസ് വയസ് 138; പാർട്ടിയുടെ ചരിത്രം സ്റ്റാമ്പുകളിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത് എങ്ങനെ?