സിപിഎമ്മിനുള്ളിൽ നിന്ന് കടുത്ത ആരോപണങ്ങൾ; മുസ്ലിംലീഗിൽ ഭിന്നാഭിപ്രായം; മിണ്ടാതെ കോണ്‍ഗ്രസ്
- Published by:Rajesh V
Last Updated:
സിപിഎമ്മിനുള്ളിലെ പടലപ്പിണക്കത്തിൽ മുസ്ലിംലീഗ് നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമാണ് പുറത്തുവന്നതെങ്കിൽ പ്രതിപക്ഷത്തെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് നിശബ്ദത പാലിക്കുന്നതാണ് അണികളെ അദ്ഭുതപ്പെടുത്തുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎമ്മിനുള്ളിൽ നിന്ന് ഉയര്‍ന്ന ആരോപണ പ്രത്യാരോപണങ്ങളാണ് ഇപ്പോൾ രാഷ്ട്രീയ കേരളം പ്രധാനമായും ചർച്ച. സിപിഎമ്മിലെ കണ്ണൂരിൽ നിന്നുളള പ്രമുഖ നേതാക്കൾ തന്നെ ഇരുഭാഗത്ത് നിന്ന് പടനയിക്കുമ്പോൾ മറുവശത്ത് വീണുകിട്ടിയ രാഷ്ട്രീയ അവസരം മുതലാക്കാനാകാതെ പ്രതിപക്ഷം ഇരുട്ടിൽ തപ്പുന്നുവെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു. സിപിഎമ്മിനുള്ളിലെ പടലപ്പിണക്കത്തിൽ മുസ്ലിംലീഗ് നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമാണ് പുറത്തുവന്നതെങ്കിൽ പ്രതിപക്ഷത്തെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് നിശബ്ദത പാലിക്കുന്നതാണ് അണികളെ അദ്ഭുതപ്പെടുത്തുന്നത്.
സിപിഎമ്മില്‍ നടക്കുന്നത്…
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ പണമുണ്ടാക്കിയെന്നാണ് ആരോപണം. രേഖാമൂലം ഉന്നയിച്ചാല്‍ ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കിയെന്നും അങ്ങനെ ചെയ്യാമെന്ന് പി ജയരാജൻ മറുപടി നൽകിയെന്നുമായിരുന്നു വാര്‍ത്തകൾ.
advertisement
ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട പി ജയരാജൻ സംസ്ഥാന സമിതിയിൽ അത്തരമൊരു പരാതി ഉന്നയിച്ചുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ചില്ല. നാടിന്റെയും പാര്‍ട്ടിയുടെയും താത്പര്യത്തിന് കീഴ് വഴങ്ങി കൊണ്ടുള്ള നിലപാടാകണം നേതാക്കളുടെയെന്നും അതില്‍ വ്യതിചലനം ഉണ്ടായാല്‍ ചൂണ്ടിക്കാട്ടുമെന്നും തിരുത്താന്‍ ആവശ്യപ്പെടുമെന്നും തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും പി ജയരാജൻ പറഞ്ഞു. ചര്‍ച്ച നടന്നാല്‍ പാര്‍ട്ടി ഊതിക്കാച്ചിയ ശുദ്ധമായ സ്വര്‍ണം കിട്ടുന്നതുപോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും ജയരാജന്‍ പറഞ്ഞത്. സിപിഎമ്മിനകത്ത് നടക്കുന്ന ചര്‍ച്ചകള്‍ പാര്‍ട്ടിയെ ശക്തമാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
Also Read- ‘പി. ജയരാജന്റെ ക്വട്ടേഷൻ ബന്ധം അന്വേഷിക്കണം’; സിപിഎം കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി
പിന്നാലെ, പി ജയരാജന്റെ കണ്ണൂരിലെ ക്വട്ടേഷൻ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചില പാർട്ടി പ്രവർത്തകർ സിപിഎം കേന്ദ്ര- സംസ്ഥാന നേതൃത്വത്തിന് പരാതി അയച്ചുവെന്ന വാർത്തയും പുറത്തുവരുന്നു. കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തു ക്വട്ടേഷൻ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും പരാതിയിൽ പറയുന്നു. വടകര ലോക്സഭാ സീറ്റിൽ മത്സരിക്കുമ്പോൾ പിരിച്ച തുക മുഴുവൻ പാർട്ടിക്ക് അടച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്.
advertisement
ഇതിനിടെ, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ പി ജയരാജൻ സന്നദ്ധത അറിയിച്ചെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചുണ്ടിക്കാട്ടിയാണ് തീരുമാനം. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ പി ജയരാജന്‍ പങ്കെടുക്കില്ല.
മുസ്ലിം ലീഗ് നേതാക്കളുടെ പ്രതികരണം
സിപിഎമ്മിലെ സംഭവവികാസങ്ങളിൽ മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും പരസ്പര വിരുദ്ധമായ പ്രതികരണങ്ങളാണ് നടത്തിയത്.
പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്- ”എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി. ജയരാജന്‍ ഉന്നയിച്ച ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണ്. ഒരു പാര്‍ട്ടിയുടേയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന പതിവ് ലീഗിനില്ല. ഇക്കാര്യത്തില്‍ ഒരു തരത്തിലും ഇടപെടേണ്ട ആവശ്യമില്ല. അത് അവര്‍ കൈകാര്യം ചെയ്യട്ടെ. അതാണ് അതിന്റെ ശരി”.
advertisement
Also Read- ‘ഇ.പി ജയരാജനെതിരായ അഴിമതി ആരോപണം CPMന്റെ ആഭ്യന്തര കാര്യം’; ഇടപെടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
കെപിഎ മജീദിന്റെ ഫേസ്ബുക്ക് കുറിപ്പ്- ”കുന്നിടിച്ചും ജലം ഊറ്റിയും സിപിഎം നേതാവ് ഇ പി ജയരാജനും മകനും കൂടി പണിത ആയുർവേദ റിസോർട്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അടയാളപ്പെടുത്തൽ നടത്തിയ മൊറാഴയിലാണ് ആരെയും കൂസാതെയുള്ള ഈ വൈദേകം. മൊറാഴ ഉടുപ്പിലെ പത്തേക്കർ കുന്ന് പൂർണമായും ഇടിച്ച് നിരത്തി. അരുതേ എന്ന് പറഞ്ഞ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ളവരെ ആട്ടിയോടിച്ചു. പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭ അതിവേഗം റിസോർട്ടിന് അനുമതി നൽകി. ഒരു ചുവപ്പുനാടയിലും ആ അപേക്ഷ കുടുങ്ങിയില്ല. ഏതാണീ നഗരസഭയെന്ന് എല്ലാവർക്കും അറിയാം. കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം കൺവൻഷൻ സെന്റർ പണിയാനായി വിനിയോഗിച്ച പ്രവാസിക്ക് പ്രവർത്തനത്തിന് അനുമതി നൽകാതെ ആ മനുഷ്യനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അതേ നഗരസഭ. നിർമ്മാണം തടയാൻ ഒരു ചെങ്കൊടിയും ഉയർന്നില്ല. എതിർപ്പുകളെയെല്ലാം ചെങ്കൊടി കൊണ്ട് നിശ്ശബ്ദമാക്കി. റിസോർട്ട് നിർമാണത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണ്. പിണറായി ഇതുവരെയും മിണ്ടിയിട്ടില്ല. ഈ അനീതിക്കെതിരെ മിണ്ടിയേ തീരൂ”
advertisement
Also Read- ‘അനീതിക്കെതിരെ മിണ്ടിയെ തീരൂ’; ഇ.പി ജയരാജനെതിരായ ആരോപണത്തില്‍ കുഞ്ഞാലിക്കുട്ടിയെ തള്ളി കെ.പി.എ മജീദ്
കോണ്‍ഗ്രസിന്റെ മൗനം
കോൺഗ്രസിലെ പ്രധാന നേതാക്കളായ
പ്രതിപക്ഷ നേതാവ് വി ഡി സതീശനോ കെപിസിസി അധ്യക്ഷൻ കെ സുധാകരനോ സിപിഎമ്മിലെ സംഭവവികാസങ്ങൾ തിങ്കളാഴ്ച വരെ അറിഞ്ഞമട്ടില്ല. ഭരണമുന്നണിയിലെ പ്രധാന കക്ഷിയിലെ പ്രമുഖ നേതാക്കൾക്കെതിരെ സാമ്പത്തിക ക്രമക്കേടും ക്വട്ടേഷൻ ബന്ധവും ആരോപണമായി ഉയർന്ന് രണ്ടു ദിവസമായിട്ടും കഴിഞ്ഞിട്ടും ഇരുനേതാക്കളും പ്രതികരിക്കാത്തതാണ് അണികളെ അദ്ഭുതപ്പെടുത്തുന്നത്. ഈ വിഷയത്തിൽ കോൺഗ്രസിൽ നിന്ന് ആകെ ഒരു പ്രതികരണം വന്നത് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാമിൽ നിന്നാണ്. ‘തളര്‍ത്താനാവില്ല ഈ യഥാര്‍ഥ സഖാവിനെ’ എന്ന കുറിപ്പോടെ ഇ പി ജയരാജന്റെ ചിത്രവും പങ്കുവെച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ബല്‍റാമിന്റെ പരിഹാസം.
advertisement
സുനാമി പോലെ വന്ന് മുന്നണിയെ തകർത്ത
സോളാർ പീഡന കേസിൽ ആരോപണ വിധേയരായ കോൺഗ്രസ് നേതാക്കൾക്ക് ഒന്നൊന്നായി ക്ലീൻചിറ്റ് ലഭിക്കുമ്പോളാണ് സിപിഎം വിഷയത്തിലെ നേതാക്കളുടെ നിശബ്ദത എന്നതും ശ്രദ്ധേയം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 26, 2022 11:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎമ്മിനുള്ളിൽ നിന്ന് കടുത്ത ആരോപണങ്ങൾ; മുസ്ലിംലീഗിൽ ഭിന്നാഭിപ്രായം; മിണ്ടാതെ കോണ്‍ഗ്രസ്