ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് താൽക്കാലിക ഇടവേള. ഇന്ന് ഡൽഹിയിൽ എത്തിയ ഭാരത് ജോഡോ യാത്ര ഇനി ജനുവരി മൂന്നിനാണ് പുനഃരാരംഭിക്കുക. ഡൽഹിയിലെ ശക്തിപ്രകടനത്തിന് ശേഷമാണ് ഭാരത് ജോഡോ യാത്ര ഒമ്പത് ദിവസത്തെ ഇടവേളയെടുക്കുന്നത്. ജനുവരി 3ന് കാൽനടയാത്ര പുനരാരംഭിക്കും. ഇടവേളയ്ക്ക് ശേഷം യാത്ര പഞ്ചാബിലേക്കും ഒടുവിൽ ജമ്മു കശ്മീരിലേക്കും എത്തും.
വടക്കേ ഇന്ത്യയിലെ കഠിനമായ ശൈത്യകാലത്ത് കണ്ടെയ്നറുകൾ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും മറ്റുമായാണ് ഇടവേള എടുക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. കൂടാതെ, കഴിഞ്ഞ നാല് മാസത്തോളമായി ഭാരത് ജോഡോ യാത്രയ്ക്കൊപ്പമുണ്ടായിരുന്ന പ്രവർത്തകർക്ക് കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കാനുള്ള അവസരം കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ, ജനുവരി ആറിന് പാനിപ്പത്ത് ജില്ലയിലെ സനോലി ഖുർദിൽ വച്ച് യാത്ര ഉത്തർപ്രദേശിൽ നിന്ന് ഹരിയാനയിലേക്ക് വീണ്ടും പ്രവേശിക്കും. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഭാരത് ജോഡോ യാത്ര ജനുവരി ആദ്യവാരം പഞ്ചാബിലെത്തും, ഏകദേശം 10 ദിവസത്തേക്ക് സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളും ഉൾക്കൊള്ളും, അതിനുശേഷം അത് ജമ്മു & കശ്മീരിലേക്ക് പുറപ്പെടും. ജനുവരി 30ന് യാത്രക്കാർ കശ്മീരിലെത്തുമെന്ന് ജയറാം രമേഷ് പറഞ്ഞു. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്കൊപ്പം ശ്രീനഗറിൽ യാത്ര ആരംഭിക്കും.
കോവിഡിന്‍റെ പുതിയ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചതിന് പിന്നാലെ യാത്ര നിർത്തിവെക്കണമെന്ന് ബിജെപിയും കേന്ദ്ര സർക്കാരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ യാത്ര തുടരുമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉൾപ്പടെയുള്ള നേതാക്കൾ പറഞ്ഞിരുന്നത്. ഇന്ന് ഡൽഹിയിലെത്തിയ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം നടൻ കമൽഹാസനും ചേർന്നിരുന്നു. ഇന്ത്യയെ ഒരുമിപ്പിച്ച് നിർത്താൻ ഭാരത് ജോഡോ യാത്രയ്ക്ക് കഴിയുമെന്ന് കമൽഹാസൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.