പ്രതീക്ഷിച്ചത് ആർഎസ്എസുകാരനെ; ആരിഫ് മുഹമ്മദ് ഖാന്റെ ഗവർണർ നിയമനം അപ്രതീക്ഷിതം
Last Updated:
കേരളത്തിലും പശ്ചിമംഗാളിലും അധികാരം പിടിച്ചെടുക്കുന്നതിന് അശ്രാന്ത പരിശ്രമം നടത്തണമെന്ന് ബിജെപി നേതൃത്വം അണികളെ നിരന്തരം ഓർമപ്പെടുത്തുന്ന പശ്ചാത്തലത്തിൽ ആർഎസ്എസിൽ നിന്നുള്ള ആരെങ്കിലും ഗവർണർ പദവിയിലെത്തുമെന്നാണ് രാഷ്ട്രീയ നേതാക്കൾ പ്രതീക്ഷിച്ചത്
അഷ്റഫ് കടക്കൽ
ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവർണറായി നിയമിച്ചത് പ്രതീക്ഷിച്ചതാണെന്ന തരത്തിലുള്ള ചില പ്രതികരണങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പരിവാർ കുടുംബത്തിൽപ്പെട്ട, നരേന്ദ്രമോദി- അമിത് ഷാ അനുയായികളിൽ ആരെങ്കിലും ഗവർണറാകുമെന്നാണ് കരുതിയത്. പ്രത്യേകിച്ച്, കേരളത്തിലും പശ്ചിമംഗാളിലും അധികാരം പിടിച്ചെടുക്കുന്നതിന് അശ്രാന്ത പരിശ്രമം നടത്തണമെന്ന് ബിജെപി നേതൃത്വം അണികളെ നിരന്തരം ഓർമപ്പെടുത്തുന്ന പശ്ചാത്തലത്തിൽ.
രാജ്യത്ത് ഇടതുഭരണം അവശേഷിക്കുന്ന ഒരു സംസ്ഥാനത്ത് ഗവർണറായി ആരിഫ് മുഹമ്മദ് ഖാന്റെ നിയമനം അപ്രതീക്ഷിതമെന്ന നിലയ്ക്ക് തന്നെ കാണേണ്ടിവരും. ഇതുവരെ എല്ലാം കണക്കുകൂട്ടിയതുപോലെ തന്നെ മുന്നോട്ടുകൊണ്ടുപോയ മോദി- ഷാ കൂട്ടുകെട്ടിന്റെ പുതിയ തന്ത്രം വിശകലനം ചെയ്യുന്നതിൽ ഇടതു ജനാധിപത്യ മുന്നണിയിലും ഐക്യ ജനാധിപത്യമുന്നണിയിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.
advertisement
ബിജെപി അധികാരത്തിൽ വന്നപ്പോഴെല്ലാം ഗവർണർമാരായി കേരളത്തിലേക്ക് അയച്ചത് ചില മികച്ച വ്യക്തിത്വങ്ങളെയാണെന്ന വസ്തുതക്ക് നേരെ കണ്ണടയ്ക്കരുത്. പി സദാശിവം, സിക്കന്ദർ ബക്ത് എന്നിങ്ങനെയുള്ള ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. എന്നിരുന്നാലും, മിക്ക രാഷ്ട്രീയ പ്രവർത്തകരും ഗവര്‍ണർ പദവിയിലേക്ക് ഒരു പ്രമുഖ സംഘപരിവാർ വ്യക്തിത്വത്തെ പ്രതീക്ഷിച്ചിരുന്നു. അതിനാൽ, അവർ ഈ നിയമനം അവർക്ക് ഒരു നെടുവീർപ്പിന് ഇടനൽകുന്നതാണ്.
advertisement
മുത്തലാഖ് ബില്ലിനെയും ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെയും പിന്തുണച്ചതിനും നന്ദി സൂചകമായാണ് ഖാന്റെ ഗവർണർ പദവിയെന്നാണ് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം കെ മുനീർ അഭിപ്രായപ്പെട്ടത്.
ഗവർണറായി നിയമിക്കപ്പെട്ടതിന് പിന്നാലെ, മുസ്ലിം വ്യക്തി നിയമം അടക്കമുള്ള വിഷയങ്ങളിൽ കേരളത്തിലെ മുസ്ലിം സമൂഹവുമായി ആരോഗ്യകരമായ സംഭാഷണം നടത്തുമെന്ന് ഖാൻ പ്രതികരിച്ചിരുന്നു. ഇതിൽ നിന്ന്, മുസ്ലിം വ്യക്തിഗത നിയമം അദ്ദേഹത്തിന്റെ അജണ്ടയിലെ ഒരു പ്രധാന ഇനമാണെന്ന് വ്യക്തമാണ്. കേരളത്തിലെ മുസ്ലിം വിഭാഗത്തെ സംബന്ധിച്ചിടത്തോളം സങ്കീർണമായ ഈ വിഷയത്തിൽ ശുഭസൂചകമല്ല കാര്യങ്ങൾ.
advertisement
കേരളത്തിലെ മുസ്ലിം സംഘടനകളെ സംബന്ധിച്ചിടത്തോളം ബാബറി മസ്ജിദ് വിഷയത്തെക്കാൾ വളരെ സങ്കീർണമായ വിഷയമാണിത്. സുന്നി, സലഫി, ജമാഅത്തെ ഇസ്ലാമി തുടങ്ങി പ്രത്യയ ശാസ്ത്രപരമായ വിഷയങ്ങളിൽ ഭിന്നാഭിപ്രായമുള്ള സംഘടനകൾ മുസ്ലിം വ്യക്തി നിയമം സംരക്ഷിക്കുന്നതിൽ മാത്രമാണ് ഏകനിലപാടിലെത്തിയിട്ടുള്ളത്. 1984 ലെ ഷാബാനു കേസിനെത്തുടർന്നുണ്ടായ ശരീഅത്ത് വിവാദങ്ങളിൽ ഈ ഐക്യം സംസ്ഥാനത്ത് പ്രകടമായിരുന്നു.
ഭിന്നിച്ചുനിന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെയും ഓൾ ഇന്ത്യ മുസ്ലിം ലീഗിനെയും ഇത് ഒന്നിപ്പിച്ചു. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളും സംഘടനാപരമായ സങ്കുചിത മനോഭാവവുമാണ് സംസ്ഥാനത്തെ മുസ്ലിം സംഘടനകളെ പ്രത്യേക വിഭാഗങ്ങളായി നിലനിർത്തുന്ന ഘടകങ്ങൾ. ഏക സിവിൽ കോഡ് വിഷയത്തിൽ സംയുക്തമായി ഉയർന്ന പ്രതിഷേധം മാത്രമാണ് ഇതിന് അപവാദം.
advertisement
അത്തരം നിയമങ്ങളിലും സമീപനങ്ങളിലും ഒരു പരിഷ്കരണം വേണമെന്നതാണ് ഖാന്റെ പ്രിയപ്പെട്ട വിഷയങ്ങളിലൊന്ന്. അദ്ദേഹത്തിന്റെ 'ഖുറാനും സമകാലിക വെല്ലുവിളികളും' എന്ന പുസ്തകവും അസംഖ്യം ലേഖനങ്ങളും പ്രസംഗങ്ങളും ഈ കാര്യം ആവർത്തിക്കുമ്പോൾ, അദ്ദേഹത്തിന് ഈ പ്രശ്‌നങ്ങൾ കൈയളവിൽ സൂക്ഷിക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും നിലപാടുകളും സംസ്ഥാനത്തെ രാഷ്ട്രീയ, മതസംഘടനകൾ എങ്ങനെ സ്വീകരിക്കുന്നുവെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
advertisement
1986ൽ അന്നത്തെ പ്രധാനമന്ത്രി അവതരിപ്പിച്ച മുസ്ലിം വനിതാ (വിവാഹമോചനത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ) ബില്ലിനെതിരെ പ്രതിഷേധിച്ച് രാജീവ് ഗാന്ധി മന്ത്രിസഭയിൽ നിന്ന് രാജിവച്ചപ്പോൾ ഖാൻ മാധ്യമങ്ങളുടെ ഒരു ശ്രദ്ധാകേന്ദ്രമായി മാറി.
അന്നുമുതൽ അദ്ദേഹം ശരീഅത്ത് വിരുദ്ധ വ്യക്തിത്വത്തിന്റെ പ്രതിച്ഛായ സ്വന്തമാക്കി. അക്കാലത്ത് അദ്ദേഹത്തെ ശക്തമായി പിന്തുണച്ച ഇടതുപാർട്ടികൾക്ക്, പ്രത്യേകിച്ച് സിപിഎമ്മിന് ഈ വിഷയത്തിൽ ഇപ്പോൾ അതേ നിലപാടില്ല. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതിനെ എതിർത്തവരിൽ ഇടതുപാർട്ടികൾ മുൻപന്തിയിലുണ്ടായിരുന്നു. ഏക സിവിൽ കോഡ് വിഷയത്തിലും അവർക്ക് സമാന നിലപാടാണ് ഉള്ളത്.
advertisement
ഇന്ത്യൻ രാഷ്ട്രീയത്തിൽ മുൻപന്തിയിൽ നിൽക്കാനുള്ള അറിവും വൈദഗ്ധ്യവും പരിചയവുമുണ്ടെങ്കിലും ശരീഅത്ത് വിവാദവും അഖിലേന്ത്യാ മുസ്ലിം നിയമ ബോർഡിന്റെ എതിർപ്പും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ അപകടത്തിലാക്കി എന്നത് ഖാനെ സംബന്ധിച്ചിടത്തോളം വേദനിപ്പിക്കുന്ന അനുഭവമാണ്. മുത്തലാഖ് വിഷയത്തിലുള്ള വിരോധത്തിന് പ്രതികാരം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം വ്യക്തിപരമായി ആസ്വദിക്കുന്നുണ്ടാകാം. ബിജെപിയൊഴികെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ അദ്ദേഹത്തിന് ലഭിക്കാൻ സാധ്യതയില്ല.
ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ മുന്നണി (എൻഡിഎ) യുടെ പ്രകടന പത്രികയിൽ ആർട്ടിക്കിൾ 370 പോലെ ഏക സിവിൽ കോഡിനും തുല്യ പ്രാധാന്യമുണ്ട്. സ്വാഭാവികമായും, ഈ വിഷയത്തിൽ സർക്കാരിനെതിരായ ശക്തമായ പ്രക്ഷോഭങ്ങളുടെ കേന്ദ്രമാണ് കേരളം. രാഷ്ട്രീയ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ഖാന്റെ ദൗത്യം വിശകലനം ചെയ്യണമെന്ന പ്രമുഖ സാമൂഹിക നിരൂപകൻ ഷാജഹാൻ മടമ്പാട്ടിന്റെ വാദം പ്രസക്തമാണ്.
അദ്ദേഹത്തിന്റെ മുൻഗാമിയായ ജസ്റ്റിസ് സദാശിവം വിവാദങ്ങള്‍ക്കൊന്നും ഇടംനൽകാതെ അതീവ ജാഗ്രത കാണിച്ച ഗവർണറായിരുന്നു. സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധ. സംസ്ഥാനത്തെ ഏറ്റവും മികച്ച സർവകലാശാലയ്ക്കുള്ള വാർഷിക അവാർഡിനായി അഞ്ചു കോടി രൂപ ഫണ്ട് രൂപീകരിച്ചതാണ് ആ ദിശയിലെ ശ്രദ്ധേയമായ ഒരു നടപടി.
അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി യൂണിയൻ പ്രസിഡന്റായി ഔദ്യോഗിക രാഷ്ട്രീയ ജീവിതം ആരംഭിച്ച ഖാൻ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. വിശാലമായ അറിവും നല്ല വായനാ ശീലവുമുള്ള ഖാനെപ്പോലുള്ള ഒരാൾ അനാവശ്യ വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും മറുവശത്ത് വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ സംഭാവന നൽകുകയും ചെയ്യാം. 'കേരള പുനർനിർമാണം' എന്ന പേരിൽ പിണറായി വിജയൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ ഗവർണറുടെ പങ്ക് പ്രധാനമാണ്, പ്രത്യേകിച്ചും സംസ്ഥാനത്തെ പ്രളയാനന്തര ദുരന്തനിവാരണത്തിൽ കേന്ദ്രസർക്കാർ നിസ്സംഗത പാലിക്കുമ്പോൾ.
(ലേഖകൻ കേരള സർവകലാശാലയിൽ അധ്യാപകനാണ്. അഭിപ്രായം വ്യക്തിപരം)
Location :
First Published :
September 05, 2019 8:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
പ്രതീക്ഷിച്ചത് ആർഎസ്എസുകാരനെ; ആരിഫ് മുഹമ്മദ് ഖാന്റെ ഗവർണർ നിയമനം അപ്രതീക്ഷിതം