തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ-റെയിൽ സിൽവർ ലൈൻ വേഗ റെയിൽപാത (Silverline) പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി മെട്രോമാൻ (Metroman) ഇ ശ്രീധരൻ (E Sreedharan) രംഗത്തെത്തി. പാതയുടെ ഇരുവശവും ചൈനയിലെ വൻ മതിൽ പോലെ നിർമാണം വരുന്നതോടെ കേരളം വിഭജിക്കപ്പെടും. 5 വർഷം കൊണ്ടു പണി തീരില്ലെന്നും ചുരുങ്ങിയത് 10 വർഷം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇ ശ്രീധരൻ വിവിധ മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിലാണ് കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട തന്റെ നിലപാട് വ്യക്തമാക്കുന്നത്.
ശ്രീധരന്റെ വാക്കുകൾ...
- സംസ്ഥാന സര്‍ക്കാരിന്റെ കെ-റെയില്‍ സില്‍വല്‍ ലൈന്‍ പദ്ധതി പമ്പരവിഡ്‌ഢിത്തമാണ്. ഇതിന്റെ അലൈന്‍മെന്റ് തന്നെ തെറ്റാണ്. തിരൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ ഇപ്പോഴുള്ള റെയില്‍പാതയ്‌ക്കു സമാന്തരമായാണ് കെ-റെയിലിന്റെ ട്രാക്ക് വിഭാവനം ചെയ്‌തിരിക്കുന്നത്. നിലവിലുള്ള റെയില്‍പാത നാലുവരിയാക്കാന്‍ തടസമാകുമെന്നതിനാല്‍ റെയില്‍വേ ഇത് അംഗീകരിക്കില്ല. 140 കിലോമീറ്റര്‍ പാടശേഖരത്തിലൂടെയാണ് നിര്‍ദിഷ്‌ട കെ-റെയില്‍ കടന്നുപോകുന്നത്. പാടം നികത്തിയെടുത്ത ഭൂമി അതിവേഗ റെയില്‍വേപ്പാതയ്‌ക്കു യോജിച്ചതല്ല.
- കെ-റെയിലിലേക്ക് അതിക്രമിച്ചു കടക്കാതിരിക്കാന്‍ കൂറ്റന്‍ മതിലുകള്‍ പണിയേണ്ടിവരും. ഇതു ചൈനയിലെ വന്‍മതില്‍ പോലെയാകും. വടക്കുനിന്നു തെക്കോട്ട് കേരളത്തെ രണ്ടായി വിഭജിക്കുന്ന മതിലായി ഇതു മാറും. ജലനിര്‍ഗമന മാര്‍ഗങ്ങള്‍ അടഞ്ഞുപോകും. സില്‍വര്‍ ലൈന്‍ നിലവിലുള്ള റെയില്‍പാതയില്‍ നിന്നു വളരെ അകലെയാകണം. അത് ഒന്നുകില്‍ ആകാശപ്പാതയാകണം. അല്ലെങ്കില്‍ ഭൂമിക്കടിയിലൂടെയാകണം. ലോകത്തെവിടെയും ഹൈസ്‌പീഡ്-സെമി ഹൈസ്‌പീഡ് റെയില്‍പാതകള്‍ ഭൂനിരപ്പിലൂടെ പോകുന്നില്ലെന്നതു ശ്രദ്ധിക്കേണ്ടതാണ്.
- സില്‍വര്‍ ലൈനിന്റെ സാങ്കേതികമായ കാര്യങ്ങള്‍ക്കു റെയില്‍വേ അനുമതി നല്‍കിയിട്ടില്ല. നിര്‍ദിഷ്‌ട സില്‍വര്‍ ലൈന്‍ പാത നിലവിലുള്ള റെയില്‍പ്പാതയുടെ മൂന്ന്, നാല് ലൈനുകളായി പ്രവര്‍ത്തിക്കണമെന്നാണ് അവരുടെ താല്‍പ്പര്യം. റെയില്‍വേ ബ്രോഡ്‌ഗേജും സില്‍വര്‍ ലൈന്‍ സ്‌റ്റാന്‍ഡേഡ് ഗേജും തമ്മില്‍ യോജിക്കുന്നതല്ല.
- വരുമാനം കൂട്ടാനായി രാത്രിസമയത്തു സില്‍വര്‍ ലൈനില്‍ റോ-റോ സര്‍വീസ് നടത്തുമെന്നാണു പറയുന്നത്. രാത്രികളില്‍ അറ്റകുറ്റപ്പണി നടത്തേണ്ടതിനാല്‍ ഇതു പ്രായോഗികമല്ല.
- ഇതുവരെ ഭൂമിയില്‍ അന്തിമമായി ലൊക്കേഷന്‍ സര്‍വേ നടത്തിയിട്ടില്ല. ഗൂഗിള്‍ മാപ്പും ലിഡാര്‍ സര്‍വേയും അടിസ്ഥാനമാക്കി അനാവശ്യ തിടുക്കത്തിലാണ് ഭൂമി ഏറ്റെടുക്കലിന് തുനിഞ്ഞിരിക്കുന്നത്. അന്തിമമായി ലൊക്കേഷന്‍ സര്‍വേ നടത്തുമ്പോള്‍ അലൈന്‍മെന്റില്‍ ധാരാളം മാറ്റങ്ങളുണ്ടാകും. ഇപ്പോള്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ പകുതിയോളം പാഴാകും.
- ട്രാഫിക് സര്‍വേ, ഭൗമസാങ്കേതിക സര്‍വേ, പരിസ്ഥിതി പഠനം, സാമൂഹിക പഠനം എന്നിവയൊന്നും സില്‍വര്‍ ലൈനില്‍ ഇതുവരെ നടന്നിട്ടില്ല. ഊഹങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സില്‍വര്‍ ലൈനിന്റെ പദ്ധതി ഉണ്ടാക്കിയിരിക്കുന്നത്. പ്രതീക്ഷിക്കുന്ന ചെലവ്, യാത്രക്കാരുടെ എണ്ണം, സാമ്പത്തിക കാര്യങ്ങള്‍ എന്നിവ വിശ്വസനീയമല്ല. വിശദമായ പദ്ധതിരേഖ പുറത്തുവിടാതെ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
- സില്‍വര്‍ ലൈനിന്റെ ചെലവ് അത്യധികം കുറച്ചാണ് കാണിക്കുന്നത്. ആ നിലവാരത്തിലുള്ള ഹൈസ്‌പീഡ് പദ്ധതിക്ക് റെയില്‍വേ അനുമതി നല്‍കില്ല. പൊതുജനങ്ങളില്‍നിന്നു മാത്രമല്ല റെയില്‍വേ വിദഗ്‌ധരും പരിസ്ഥിതിവാദികളുമെല്ലാം കെ-റെയില്‍ പദ്ധതിക്കെതിരാണ്.
- 20,000 കുടുംബങ്ങളെയെങ്കിലും ഒഴിപ്പിക്കേണ്ടിവരും. ഭൂമിയോടു വലിയ താല്‍പ്പര്യമുള്ള കേരള സമൂഹം ഇത് അംഗീകരിക്കില്ല.
- സില്‍വര്‍ ലൈനിന് ഇപ്പോള്‍ 75,000 കോടി രൂപ ചെലവാകുമെന്ന് കണക്കാക്കാം. പദ്ധതി പൂര്‍ത്തിയാകുമ്പോഴേക്കും ഇത് 1.1 ലക്ഷം കോടി വരെയാകാം. മണിക്കൂറില്‍ 180 കി.മീ. പരമാവധി വേഗമുള്ള ഡല്‍ഹി റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് (ആര്‍.ആര്‍.ടി.എസ്) അടിസ്‌ഥാനമാക്കിയാണ് ഈ വിലയിരുത്തല്‍.
- 2025-ല്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നു വാദിക്കുന്നത് നിര്‍വഹണ ഏജന്‍സിയായ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ അറിവില്ലായ്‌മയാണു വ്യക്തമാക്കുന്നത്. ഈ രംഗത്തെ ഏറ്റവും മികച്ച ഏജന്‍സിയായ ഡിഎംആര്‍സിക്ക് പോലും ഇതു പൂര്‍ത്തിയാക്കാന്‍ എട്ടു മുതല്‍ 10 വര്‍ഷം വരെ വേണ്ടിവരും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അവരെ നിര്‍മാണമേല്‍പ്പിച്ച 27 റെയില്‍വേ മേല്‍പ്പാലങ്ങളില്‍ ഒന്നുപോലും തുടങ്ങിയിട്ടില്ല.
- കേന്ദ്ര സര്‍ക്കാരും റെയില്‍മന്ത്രാലയവും ഈ പദ്ധതിയെ അനുകൂലിക്കില്ല. തെറ്റായ വാഗ്‌ദാനങ്ങളും കൃത്യതയില്ലാത്ത കണക്കുകളും യാഥാര്‍ഥ്യബോധമില്ലാത്ത നിര്‍മാണ ഷെഡ്യൂളും പിഴവുകളുള്ള സാങ്കേതിക കാര്യങ്ങളുമുള്ള പദ്ധതിക്കു ബിജെപിയും എതിരാണ്. സാമ്പത്തിക പ്രതിസന്ധിയിലുള്ള കേരളം 1.1 ലക്ഷം കോടി രൂപ എവിടെനിന്നു കണ്ടെത്തും? ഇതു ലാഭകരമാകില്ല.
- സില്‍വര്‍ ലൈനിന്റെ മുഴുവന്‍ ചെലവും ഏറ്റെടുക്കാമെന്നു വാഗ്‌ദാനം ചെയ്‌ത് റെയില്‍വേ ബോര്‍ഡിനെ മറികടക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പൂര്‍ണമായും തെറ്റാണ്. അസാധ്യമായ ഈ വാഗ്‌ദാനം നടത്താന്‍ ആരാണു സര്‍ക്കാരിനെ ചുമതലപ്പെടുത്തിയത്?
കേരളത്തിലെ റെയില്‍വേ വികസനം തടഞ്ഞതാര്?
കേരളത്തിന് ഏറ്റവും അനിവാര്യമായ നിലമ്പൂര്‍- നഞ്ചങ്കോട് പാത നിര്‍മിക്കുന്നതില്‍നിന്ന് ആരാണ് ഡിഎംആര്‍സിയെ തടഞ്ഞത്? ഷൊര്‍ണൂര്‍ - മൈസൂര്‍ യാത്രയില്‍ 471 കിലോമീറ്ററും ഷൊര്‍ണൂര്‍ - ബംഗളുരു യാത്രയില്‍ 197 കിലോമീറ്ററും കുറയുന്ന പാതയുടെ നിര്‍മാണം ഏറ്റെടുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഡിഎംആര്‍സിക്ക് അനുമതി നല്‍കിയതാണെന്നോര്‍ക്കണം.
തൃശൂര്‍-ഗുരുവായൂര്‍ ലൈന്‍ തിരുനാവായയിലേക്ക് നീട്ടിയിരുന്നെങ്കില്‍ ഷൊര്‍ണൂര്‍ ജങ്‌ഷനിലെ തിരക്ക് കുറയ്‌ക്കാമായിരുന്നു.
കേരളത്തിലെ റെയില്‍പാത ഇരട്ടിപ്പിക്കല്‍ ഇഴഞ്ഞുനീങ്ങുകയല്ലേ? സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു നല്‍കാത്തതാണ് കാരണം.
യുഡിഎഫിന്റെ കാലത്തു പദ്ധതിയിട്ട തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകള്‍ തടസപ്പെടുത്തിയതാരാണ്? അതുമായി മുന്നോട്ടുപോയിരുന്നെങ്കില്‍ ഇപ്പോള്‍ മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങുമായിരുന്നു.
2010 ല്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ വിഭാവനം ചെയ്‌ത് ഹൈസ്‌പീഡ് റെയില്‍പദ്ധതി 2016 ല്‍ അവസാനിപ്പിച്ചതാരാണ്?
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: E sreedharan, K-Rail, K-Rail project, SilverLine rail project