ഇഷ്ട ടീം തോറ്റാല്‍ ആത്മഹത്യ ചെയ്യുന്നത് എങ്ങനെ അസംബന്ധമാകും?
Last Updated:
തിരുവനന്തപുരം: കളിയില്‍ ഇഷ്ടപ്പെടുകയും ഏറെ ആരാധിക്കുകയും ചെയ്യുന്ന ടീം പരാജയപ്പെട്ടതില്‍ വിഷമിച്ച് ആത്മഹത്യ ചെയ്യുന്നത് അസംബന്ധമെന്ന് എങ്ങനെ പറയാനാകുമെന്ന് എഴുത്തുകാരന്‍ മനോജ് കുറൂര്‍.
അര്‍ജന്റീന കളി തോറ്റതിന്റെ പേരില്‍ കോട്ടയത്ത് ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അതിന്റെ വിഷമം ഞങ്ങള്‍ക്കു മനസ്സിലാവും. 'എന്റെ മുരളി തകര്‍ന്നുപോയി' എന്നോ 'മലയാളി ഒരു തോറ്റ ജനതയാണ്' എന്നോ എഴുതിവച്ച് ആത്മഹത്യ ചെയ്യുന്നതു മഹത്തരവും ഫുട്‌ബോള്‍ കളിയില്‍ ഇഷ്ടപ്പെട്ട ടീം തോറ്റതില്‍ വിഷമിച്ച് അങ്ങനെ ചെയ്യുന്നത് അസംബന്ധവുമാണെന്ന് എങ്ങനെ പറയാനാവുമെന്നാണ് കുറൂര്‍ ചോദിക്കുന്നത്.
മനോജ് കുറൂറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
ചെറുപ്പത്തില്‍ കളിച്ചിരുന്ന കുട്ടിയും കോലും, നാടന്‍ പന്തുകളി, കിളിത്തട്ടുകളി തുടങ്ങിയ ലോക്കല്‍ കളികള്‍ക്കപ്പുറം ആദ്യം പരിചയപ്പെടുന്ന വലിയ കളിയാണു ക്രിക്കറ്റ്. ഇപ്പറഞ്ഞ കളികള്‍ കൂടാതെ അമ്പത്താറ്, റമ്മി തുടങ്ങിയ ചീട്ടുകളികളും ചെസ്സുകളിയും ഒപ്പം കലയും ജീവിതവും എന്ന നിലയില്‍ കഥകളിയും ഉള്‍പ്പെടെ കുറേയേറെ കളികള്‍ ആവേശത്തോടേ കൊണ്ടു നടക്കുന്ന അച്ഛനാണ് (Kuroor Miduckan) ക്രിക്കറ്റിലും വഴികാട്ടിയോ കളികാട്ടിയോ ആയത്. അച്ഛന്‍ കോളജില്‍ പഠിച്ചിരുന്നപ്പോള്‍ ഒരു നിവൃത്തിയുണ്ടെങ്കില്‍ ക്ലാസ്സില്‍ കയറിയിരുന്നില്ലെങ്കിലും കളിക്കളത്തില്‍നിന്നിറങ്ങാതെ മിടുക്കനായി ക്രിക്കറ്റ് കളിച്ചിരുന്നു. അതുകൊണ്ട് എന്റെ ചെറുപ്പത്തില്‍ ഗാവസ്‌കര്‍, ഫറൂഖ് എഞ്ചിനീയര്‍, ദുലീപ് ദോഷി, ഗുണ്ടപ്പ വിശ്വനാഥ്, ക്ലൈവ് ലോയ്ഡ്, വിവിയന്‍ റിച്ചാഡ്‌സ് എന്നിവരൊക്കെ റേഡിയോ കമന്ററിയിലൂടെ എനിക്കും പരിചിതരായി. പിന്നീടു വളരെക്കാലം കഴിഞ്ഞാണ് 1980കളുടെ മധ്യത്തില്‍ ക്രിക്കറ്റ് കേരളത്തില്‍ എല്ലായിടത്തും പ്രചാരം നേടിയ കളിയായത്.
advertisement
ഞങ്ങളുടെ നാട്ടിലെ കുട്ടികള്‍ക്കിടയില്‍ ക്രിക്കറ്റ് എത്തിയപ്പോള്‍ വൈഡ്, നോബോള്‍, ലെഗ് ബൈ, എല്‍ബിഡബ്ലിയു തുടങ്ങിയ വാക്കുകള്‍ കേട്ടുപരിചയമുണ്ടായിരുന്ന ഞാന്‍ അച്ഛനില്‍നിന്നു പഠിച്ച കളിയുടെ ബലത്തില്‍ വലിയ മേനി നടിച്ച് പല കൂട്ടുകാര്‍ക്കും പരിശീലനം നല്കാന്‍ തുടങ്ങുകയും കളിനിയമങ്ങള്‍ പരിചയമില്ലാത്ത അവരുടെ ഏറു നെഞ്ചില്‍ക്കൊണ്ട് ശ്വാസം കിട്ടാതെ പലപ്പോഴും നിലത്തിരിക്കുകയും ചെയ്തു പോന്നു. അവരൊക്കെ എന്നെക്കാള്‍ വലിയ കളിക്കാരായി പരിശീലകന്‍ എന്ന പരിഗണന പോലും തരാതെ ആദ്യബോളില്‍ത്തന്നെ എന്നെ പുറത്താക്കുന്നതിലാണ് സന്തോഷം കണ്ടെത്തിയത് എന്നത് ബോള്‍ നെഞ്ചില്‍ക്കൊണ്ടതിനെക്കാള്‍ വലിയ വേദനയായി ഇന്നും ഉള്ളിലുണ്ട്. എന്തായാലും കുറേയേറെ ഇന്‍സ്റ്റാള്‍മെന്റ് അടച്ചാലും തീരാത്ത കടബാധ്യത വരുത്തിക്കൊണ്ടാണെങ്കിലും ടിവി വാങ്ങി ഒരു ഇന്റര്‍നാഷണല്‍ കളിക്കളം വീട്ടില്‍ത്തന്നെ സ്ഥാപിക്കുന്നതില്‍ അച്ഛന്‍ വിജയിച്ചു. 1987 ലോ മറ്റോ നടന്ന ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍ ദിവസം കോളജിലേക്കാണെന്നു പറഞ്ഞു വീട്ടില്‍നിന്നിറങ്ങാന്‍ തുടങ്ങിയ എന്നെ, 'ഇന്നു നീയല്ലാതെ വേറാരെങ്കിലും പഠിക്കാന്‍ പോകുമോടാ' എന്നു ശകാരിച്ചു വീട്ടില്‍ പിടിച്ചിരുത്തിയതും അച്ഛനാണ്. (അച്ഛന്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഏതെങ്കിലും കടയുടെ മുന്നില്‍ച്ചെന്നു വാപൊളിച്ചു നില്‌ക്കേണ്ടിവന്നേനെ! ക്ലാസ്സില്‍ കയറാന്‍ എനിക്കും യാതൊരു ഉദ്ദേശ്യവും ഉണ്ടാവാന്‍ വഴിയില്ലല്ലൊ)
advertisement
പക്ഷേ ടിവി വാങ്ങിയതോടേ വീട്ടില്‍ കളിയൊഴിഞ്ഞ് ഒരുനേരമില്ലെന്നായി. ലോകത്ത് ഏതു മൂലയിലും ആരെങ്കിലും തമ്മില്‍ ഫുട്‌ബോള്‍, ഹോക്കി, ടെന്നീസ്, ഗോള്‍ഫ്, ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ എന്നിങ്ങനെ ഏതെങ്കിലും കളിയില്‍ ഏര്‍പ്പെട്ടാല്‍ അച്ഛനു ജോലിഭാരമായി. സമയം, പോയിന്റ് നില, ഗെയിം പ്ലാന്‍ എന്നിവയൊക്കെ ആരും ആവശ്യപ്പെട്ടില്ലെങ്കിലും അച്ഛന്‍ നിസ്വാര്‍ത്ഥമായി അതെല്ലാം കണക്കാക്കുകയും ചിലതൊക്കെ പ്രവചിക്കുകയും ചെയ്തുപോന്നു. ഒരിക്കല്‍ ഒരു വൈകുന്നേരം ഏതോ ഒരു കളിയില്‍ ആരോ തോറ്റതു ടിവിയില്‍ കണ്ട് കഥകളി പ്രോഗ്രാമിനു പോകാതെ ആദ്യം സ്തംഭിച്ചിരിക്കുകയും പിന്നെ കരയുകയും ചെയ്തു വീട്ടില്‍ത്തന്നെ ഇരുന്ന അച്ഛനെ പ്രോഗ്രാമിനു പറഞ്ഞുവിടാന്‍ അമ്മയും ഞാനും അനുജനും ഒട്ടൊന്നുമല്ല പണിപ്പെട്ടത്.
advertisement
ഇപ്പോള്‍ അച്ഛന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഫുട്‌ബോള്‍ കളി തത്സമയം വിശകലനമാണ്. അര്‍ജന്റീന കളി തോറ്റതിന്റെ പേരില്‍ കോട്ടയത്ത് ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അതിന്റെ വിഷമം ഞങ്ങള്‍ക്കു മനസ്സിലാവും. 'എന്റെ മുരളി തകര്‍ന്നുപോയി' എന്നോ 'മലയാളി ഒരു തോറ്റ ജനതയാണ്' എന്നോ എഴുതിവച്ച് ആത്മഹത്യ ചെയ്യുന്നതു മഹത്തരവും ഫുട്‌ബോള്‍ കളിയില്‍ ഇഷ്ടപ്പെട്ട ടീം തോറ്റതില്‍ വിഷമിച്ച് അങ്ങനെ ചെയ്യുന്നത് അസംബന്ധവുമാണെന്ന് എങ്ങനെ പറയാനാവും?
Location :
First Published :
June 26, 2018 3:19 PM IST