• News
 • World Cup 2019
 • Sports
 • Films
 • Budget 2019
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

'കഥയും കനവുമൊന്നുമല്ല, ഗാന്ധിയെന്നാൽ വസ്തുതയാണ്'

News18 Malayalam
Updated: October 1, 2018, 10:45 PM IST
'കഥയും കനവുമൊന്നുമല്ല, ഗാന്ധിയെന്നാൽ വസ്തുതയാണ്'
News18 Malayalam
Updated: October 1, 2018, 10:45 PM IST

നൂറ്റിയമ്പതാം ഗാന്ധി ജയന്തി. ഒരു മനുഷ്യന്‍റെ ജീവിതയാത്രയിൽ വിവിധഘട്ടങ്ങളിലായി ഗാന്ധി എങ്ങനെയൊക്കെയാകും സ്വാധീനിച്ചിട്ടുണ്ടാകുക? ബാല്യത്തിൽ ഒപ്പംകൂടിയ ഗാന്ധി കൌമാരവും യൌവനവും മധ്യവയസും പിന്നിട്ട് ഇപ്പോഴും തുടരുന്ന അനുഭവം പ്രമുഖ ഭാഷാപണ്ഡിതനും സാമൂഹികനിരീക്ഷകനുമായ ഡോ. എം.എൻ കാരശേരി പങ്കുവെക്കുന്നു.


ബാപ്പയെ പോലിരുന്ന ഗാന്ധി


ഗാന്ധി കുട്ടിക്കാലത്തേ എന്‍റെ കൂടെയുണ്ട്. അതെങ്ങനെയെന്ന് ചോദിച്ചാൽ എന്‍റെ ബാപ്പ ഒരു കോൺഗ്രസ് അനുഭാവിയും വീട്ടിൽ മാതൃഭൂമി വരുത്തുന്നയാളുമായിരുന്നു. കുട്ടിക്കാലത്ത് മാതൃഭൂമിയിൽ ഇദ്ദേഹത്തിന്‍റെ ഫോട്ടോ വരുമ്പോൾ ഞാനത് ബാപ്പയാണെന്നാണ് വിചാരിച്ചിട്ടുള്ളത്. എന്തെന്നാൽ ബാപ്പയും ഗാന്ധിയും തമ്മിൽ രൂപത്തിലൊക്കെ ചെറിയൊരു സാമ്യമുണ്ട്. ബാപ്പയും മുടിയില്ലാത്ത ഒരാളാണ്, കറുത്തിട്ടാണ്, മൂക്ക് കുറച്ചധികം നീളമുണ്ട്. ചെവി കുറച്ച് വലുപ്പം അധികമുണ്ട്. കുട്ടിയായിരുന്നപ്പോൾ ഗാന്ധിജിയുടെ ഫോട്ടോ കാണുമ്പോൾ ബാപ്പയാണെന്ന് കരുതിയിട്ടുണ്ട്. പിന്നീട് കുറച്ച് മുതിർന്നപ്പോഴാണ് അത് ബാപ്പയല്ലെന്നും, ഗാന്ധിയാണെന്നും അറിയുന്നത്. എന്തൊക്കെ പോരായ്മകളും തെറ്റുകുറ്റങ്ങളുമുണ്ടെങ്കിലും ഗാന്ധിയാണ് ശരിയെന്ന് എക്കാലവും വിചാരിച്ചുപോന്നിട്ടുള്ള ആളാണ് ഞാൻ.സ്കൂളിലെ മാഷുമാരിലൂടെ അറിഞ്ഞ ഗാന്ധി


കോൺഗ്രസിനോട് എനിക്ക് വലിയ വിരോധമാണ്. എന്നാൽ ഗാന്ധി, നെഹ്റു, അബ്ദുൽകലാം ആസാദ് എന്നിവരോടൊക്കെ വലിയ ബഹുമാനവും സ്നേഹവുമായിരുന്നു. അതിനുകാരണം യുപിസ്കൂളിലും ഹൈസ്കൂളിലുമൊക്കെ പഠിപ്പിക്കുന്ന മാഷൻമാർക്ക് ഇവരോടൊക്കെ പ്രത്യേക ബഹുമാനമായിരുന്നു. ഹൈസ്കൂളിലെത്തിയപ്പോൾ ഞങ്ങളുടെ ഹെഡ് മാസ്റ്ററായിരുന്ന ഒരു കെ.ടി ഫിലിപ്പ് മാഷ് ഉണ്ടായിരുന്നു. അദ്ദേഹം നന്നായി ക്ലാസുകളെടുക്കും, സംസാരിക്കും, പാടും. ക്ലാസിലും അസംബ്ലിയിലും ഗാന്ധിയെയും നെഹ്റുവിനെയുമൊക്കെ പുകഴ്ത്തി സംസാരിക്കുകയും പാട്ടുപാടുകയുമൊക്കെ ചെയ്യുമായിരുന്നു. ഇതൊക്കെ ഞങ്ങളിൽ വലിയരീതിയിൽ സ്വാധീനം ചെലുത്തിയിരുന്നു.തലശേരി കലാപത്തിൽ


Loading...

1971ലെ തലശേരി കലാപസമയത്ത് ഗാന്ധിയുടെ ആദർശങ്ങൾ ഏറെ സ്വാധീനിച്ചിരുന്നു. അന്ന് ഞാൻ ഗുരുവായൂരപ്പൻ കോളേജിൽ ഫസ്റ്റ് ഇയർ ബി.എയ്ക്ക് പഠിക്കുകയാണ്.  കോഴിക്കോട് നിന്ന് ഗന്ധിയൻമാരുടെ യൂത്ത് വിങ്ങായ സരൻ ശാന്തി സേന എന്ന സംഘടനയുടെ നേതൃത്വത്തിൽ തലശേരിയിൽ സമാധാന പ്രവർത്തനങ്ങൾക്കായി പുറപ്പെട്ടു. എനിക്ക് അവരുമായി മുൻ പരിചയമൊന്നും ഉണ്ടായിരുന്നില്ല. ഞാൻ അവരുടെയൊപ്പം കൂടി. വീട്ടുകാർ അറിയാതെയാണ് തലശേരിയിലേക്ക് പോകുന്നത്. നവോദയ ധ്യാനഗ്രാമിന്‍റെ സ്ഥാപകനായ ഒരു രാധാകൃഷ്ണമേനോനുണ്ടായിരുന്നു. തികഞ്ഞ ഗാന്ധിയനായിരുന്നു അദ്ദേഹം. സബർമതിയിലും മറ്റും ഏറെക്കാലം ഗാന്ധിക്കൊപ്പം വിവിധ സമരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. തലശേരിയിലേക്കുള്ള സംഘത്തെ നയിച്ചത് അദ്ദേഹമായിരുന്നു.
അന്ന് തലശേരിയിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്ന സമയത്ത് ഞങ്ങൾ മൈത്രിയുടെ സന്ദേശവുമായി പാട്ടുകൾ പാടി പൊതുവഴിയിലൂടെ നടന്നു. സംഘം ചേരാൻ വിലക്കുണ്ടായിരുന്ന സമയത്ത് ഞങ്ങൾ നടത്തിയ ഇടപെടൽ കലാപഭീതിയിൽ കഴിഞ്ഞ നാട്ടുകാരിൽ വലിയ ആത്മവിശ്വാസം പകർന്നുനൽകി. നിരോധനാജ്ഞ ലംഘിച്ച് സംഘം ചേർന്നതിന് അറസ്റ്റിലാകുമോയെന്ന ഭയം എനിക്കുണ്ടായിരുന്നെങ്കിലും രാധാകൃഷ്ണമേനോനെപ്പോലെയുള്ളവരുടെ ധൈര്യം കണ്ടപ്പോൾ അതൊക്കെ ഇല്ലാതായി. അന്ന് ഗാന്ധിയുടെ സന്ദേശങ്ങളുമായാണ് ഞങ്ങൾ തലശേരിയിൽ ഇടപെട്ടത്. എന്‍റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത സന്ദർഭമായിരുന്നു അത്.ക്യാംപസ് ജീവിതത്തിലും ഗാന്ധി ഒപ്പമുണ്ടായിരുന്നു


രാഷ്ട്രീയമൊക്കെ തിളച്ചുമറിഞ്ഞ എഴുപതുകളിലെ ക്യാംപസിലാണ് ഞാൻ പഠിച്ചത്. കോളേജിലൊക്കെ പഠിക്കുന്ന സമയത്ത് കമ്മ്യൂണിസ്റ്റ് നേതാക്കൻമാരുമായൊക്കെ എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. ആ സമയത്താണ് എസ്എഫ്ഐ രൂപംകൊള്ളുന്നത്. എന്നാൽ അവരുടെ രീതിശാസ്ത്രത്തിൽ ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ വേണമെങ്കിൽ ഹിംസയാകാമെന്ന ഒരു നിലപാട് ഉണ്ടായിരുന്നു. ഇത് എനിക്ക് ഒരിക്കലും സ്വീകാര്യമല്ലാത്തൊരു കാര്യമായിരുന്നു. അന്ന് ക്യാംപസിൽ അരാചകവാദികളുണ്ട്, നക്സലൈറ്റുകളുണ്ട്, എസ്എഫ്ഐയുണ്ട്, കെ.എസ്.യുവുണ്ട്, എബിവിപിയുണ്ട്, എംഎസ്എഫുണ്ട്. പക്ഷേ എനിക്ക് അന്നൊക്കെ ഒരു കൌതുകം തോന്നിയത് ഗാന്ധിയോടാണ്. അജിതയൊക്കെ എന്‍റെ ബാച്ചിൽ ഡിഗ്രിക്ക് പഠിച്ചയാളാണ്. അവർ പിന്നീട് നക്സൽ പ്രസ്ഥാനത്തിന്‍റെ ഭാഗമായി തിരുനെല്ലിയിലേക്കും വയനാട്ടിലേക്കുമൊക്കെ പോയി. നക്സലാക്രമണം എന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് ഒരിക്കലും അതിനോട് യോജിപ്പില്ലായിരുന്നു. വർഗീസിന്‍റെ ആത്മാർഥതയോട് ബഹുമാനമൊക്കെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ ആ രീതികൊണ്ട് ഈ നാട്ടിലെ തൊഴിലാളികൾക്കും ദരിദ്രൻമാർക്കും ഒരു ഗുണമുണ്ടാകില്ലെന്നും, ഉണ്ടാകുന്നത് ദോഷമാണെന്നും കരുതിയിരുന്ന ആളാണ് ഞാൻ.


അഴീക്കോടിൽനിന്ന് അറിഞ്ഞ ഗാന്ധി


അതൊക്കെ കഴിഞ്ഞ് ഞാൻ എത്തിപ്പെടുന്നത് എം.എയ്ക്ക് സുകുമാർ അഴീക്കോടിന്‍റെ ശിഷ്യനായാണ്. ക്യാംപസിലെ വകുപ്പ് മേധാവിയായിരുന്നു അദ്ദേഹം. സുകുമാർ അഴീക്കോടിന്‍റെ പ്രസംഗങ്ങൾ എനിക്ക് വലിയ ഭ്രമമായിരുന്നു. 1972ലാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്നുമുതൽ അദ്ദേഹം മരിക്കുന്ന 2012 വരെയുള്ള 40 കൊല്ലത്തോളം ആ പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്. അദ്ദേഹത്തിലേക്ക് എന്നെ അടുപ്പിച്ചത് ആ പ്രസംഗങ്ങളായിരുന്നു. മറ്റൊരു കാരണം ക്ലാസിലും പുറത്തും പ്രസംഗത്തിലുമൊക്കെ എപ്പോഴും ഗാന്ധി, ഗാന്ധി എന്ന് പറയുന്നയാളായിരുന്നു സുകുമാർ അഴീക്കോട്. ഗാന്ധിയുടെ ഉദാഹരണങ്ങൾ, ഗാന്ധിയുടെ ഉദ്ദരണികൾ, ഗാന്ധിയുടെ കഥകൾ അങ്ങനെ എന്തിനും ഏതിനും ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ ഗാന്ധിയുമായി താരതമ്യം ചെയ്യുന്നയാളാണ് അദ്ദേഹം. അതുകൊണ്ടുതന്നെ വലിയൊരു ഇമേജായി ഗാന്ധി എന്‍റെയുള്ളിലുണ്ട്. പിന്നെ ഗാന്ധിയെഴുതിയതും, ഗാന്ധിയെക്കുറിച്ച് എഴുതിയതുമൊക്കെയായി നിരവധി പുസ്തകങ്ങൾ അക്കാലത്ത് തന്നെ ഞാൻ വായിച്ചിരുന്നു.

ഗാന്ധിജി ഫുട്‌ബോള്‍ കളിച്ചിരുന്നോ?


ഗാന്ധിയെക്കുറിച്ച് വിമർശനങ്ങളുമുണ്ട്


എന്നാൽ ഗാന്ധിയെപ്പറ്റി വിമർശനങ്ങളും എനിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരു ഗാന്ധി ഭക്തൻ എന്ന് പറയാനാകില്ലായിരുന്നു. അദ്ദേഹം ചെയ്തതൊക്കെ ശരിയാണ്, അദ്ദേഹത്തിന് തെറ്റ് പറ്റില്ല എന്നൊന്നുമൊരു തോന്നൽ എനിക്കില്ലായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന് അദ്ദേഹം പിന്തുണ കൊടുത്തത് തെറ്റാണെന്ന തോന്നൽ എനിക്ക് പണ്ടേയുണ്ടായിരുന്നു. ജനാധിപത്യവിരുദ്ധമായ ഒരു പ്രസ്ഥാനമായിരുന്നു ഖിലാഫത്ത്. രാജാധിപത്യം പുനഃസ്ഥാപിക്കാൻ നടന്ന പ്രസ്ഥാനമായിരുന്നു അത്. മലബാറിലൊക്കെ അക്രമങ്ങൾക്ക് അത് നേതൃത്വം നൽകുകയും ചെയ്തു. ജാതിയെ മനസിലാക്കുന്നതിൽ ഗാന്ധിക്ക് വലിയ പരിമിതി വന്നുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വർണവ്യവസ്ഥ വേണമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. അയിത്തം പോയാൽ എല്ലാം ശരിയാകുമെന്നായിരുന്നു ഗാന്ധി പറഞ്ഞിരുന്നത്. അംബേദ്ക്കർ-ഗാന്ധി സംവാദത്തിൽ പലപ്പോഴും അംബേദ്ക്കർ പറയുന്നതാണ് ശരിയെന്നായിരുന്നു എന്‍റെയൊരു തോന്നൽ. അതുകൊണ്ടുതന്നെ ഗാന്ധിയെ വിമർശിച്ചും ഗാന്ധിയെ ബഹുമാനിച്ചുമാണ് ഞാൻ വളർന്നത്. വിമർശിക്കുന്നതുകൊണ്ടു ബഹുമാനമില്ല എന്നില്ല, ബഹുമാനിക്കുന്നതുകൊണ്ട് വിമർശിക്കില്ല എന്നുമില്ല.


ഗാന്ധിയുടെ പ്രത്യയശാസ്ത്രത്തേക്കാൾ വലുത് രീതിശാസ്ത്രം


എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്‍റെ പ്രത്യയശാസ്ത്രത്തേക്കാൾ പ്രധാനമാണ് അദ്ദേഹത്തിന്‍റെ രീതിശാസ്ത്രമെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. ഉദാഹരണത്തിന് നമുക്ക് ഇഷ്ടമില്ലാത്ത ഒന്നിനെ ബഹിഷ്കരിക്കുക. വിരോധം കൊണ്ടല്ല, സ്നേഹംകൊണ്ട് ഒന്നിനെ തോൽപിക്കാൻ ശ്രമിക്കുക.  ഇതൊക്കെ ഗാന്ധിയുടെ രീതികളായിരുന്നു. ഗാന്ധിയുടെ കഥകളൊക്കെ ഞാൻ ഇടയ്ക്കിടെ പറയാറുണ്ട്. 34 വർഷത്തോളം ഞാൻ അധ്യാപകനായിരുന്നു, ഇക്കാലയളവിൽ ക്ലാസിലും പ്രസംഗങ്ങളിലുമൊക്കെ ഗാന്ധിയുടെ കഥകൾ ധാരാളമായി പറയാറുണ്ട്. അതിന്‍റെയൊക്കെ അർഥം ഗാന്ധി ദൈവമാണെന്നോ, ദൈവതുല്യനാണെന്നോ, ദൈവത്തിന്‍റെ അവതാരമാണെന്നോ ഒന്നുമല്ല.


എന്‍റെ കണക്കിൽ ഇന്ത്യയിൽ ഉണ്ടായവരിൽ ഏറ്റവും മഹാനായ ആൾ ബുദ്ധനാണ്. രണ്ടാമത്തേയാൾ ഗാന്ധിയാണ്. ലോകം മാറ്റിമറിച്ച മൂന്നാളുകളായി ഞാൻ കാണുന്നത് ഒന്ന് ബുദ്ധനും ഒന്ന് ക്രിസ്തുവും ഒന്ന് ഗാന്ധിയുമാണ്. ഗാന്ധിയെ ഞാൻ കാണുന്നത് വലിയൊരു ദാർശനികനായിട്ടും വലിയൊരു തത്വചിന്തകനായിട്ടും വലിയൊരു രാഷ്ട്രീയനേതാവായിട്ടും വലിയൊരു വ്യക്തിയായിട്ടുമൊക്കെയാണ്. ലോകത്തിന് ഒരു രക്ഷാമാർഗമേയുള്ളു, അത് വെറുപ്പിനെ സ്നേഹംകൊണ്ട് കീഴടക്കാൻ ശ്രമിക്കുക. എന്തുണ്ട്, എന്തില്ല എന്ന് നോക്കാതെ അഹിംസ ഒരു പ്രത്യയശാസ്ത്രമായി എടുക്കുക എന്ന് വിചാരിച്ച് നടന്ന ആളാണ് ഞാൻ.കല്യാണത്തിലൂടെ ഗാന്ധി ഒരു യാഥാർഥ്യയിരുന്നുവെന്ന് ഉറപ്പിച്ചു


അങ്ങനെയിരിക്കെയാണ് ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായ വെങ്കിറാം കല്യാണം മദിരാശിയിലുണ്ടെന്ന് മനസിലാക്കിയത്. ഗാന്ധിയുടെ സെക്രട്ടറി ജീവിച്ചിരിക്കുന്നെങ്കിൽ അദ്ദേഹത്തെയൊന്ന് പോയി കാണണമെന്ന് തോന്നി. അങ്ങനെ റെയിൽവേയിൽ ജോലി ചെയ്യുന്ന വടകരക്കാരനായ രാമചന്ദ്രൻ എന്ന സുഹൃത്തുവഴി കല്യാണവുമായി ബന്ധപ്പെട്ടു. അങ്ങനെ അദ്ദേഹത്തിന്‍റെ അറിവും സമ്മതവുമൊക്കെ വാങ്ങിയിട്ടാണ് ഞാൻ അവിടെ പോയത്. അങ്ങനെ പോകുമ്പോൾ എന്തെങ്കിലും എഴുതണമെന്നോ, അഭിമുഖമെടുക്കണമെന്നോ കരുതിയിരുന്നില്ല. അദ്ദേഹത്തെ കാണണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. പുസ്തകങ്ങളിൽനിന്നും മറ്റുമറിഞ്ഞ ഗാന്ധിയെക്കുറിച്ച് കൂടുതൽ മനസിലാക്കണമെന്ന കൌതുകമാണ് ഉണ്ടായിരുന്നത്. 96-ാം വയസിലും നല്ല ചുറുചുറുക്കോടെ തെളിഞ്ഞ ഓർമയോടെയാണ് കല്യാണം എന്നോട് ഗാന്ധിയെക്കുറിച്ചും ആ കാലഘട്ടത്തെക്കുറിച്ചുമൊക്കെ സംസാരിച്ചത്. മൂന്നാഴ്ചയോളം മദിരാശിയിലുള്ള ഒരു സുഹൃത്തിന്‍റെ ഗസ്റ്റ് ഹൌസിൽ താമസിച്ചുകൊണ്ട് ദിവസവും ഞാൻ കല്യാണത്തെ പോയി കാണുമായിരുന്നു. ചില ദിവസം പോകുമ്പോൾ അദ്ദേഹത്തിന് മറ്റ് അതിഥികളുണ്ടാകും, അപ്പോൾ ഞാൻ അവിടെ കാത്തിരിക്കും, ചിലദിവസം അദ്ദേഹത്തിന് പുറത്തുപോകാനുണ്ടാകും, അപ്പോൾ ഞാനും കൂടെ പോകും. ചിലപ്പോൾ ചാനലുകാരോ മാധ്യമപ്രവർത്തകരോ വന്നിട്ടുണ്ടാകും. ഇതിന്‍റെയൊക്കെ ഇടവേളകളിൽ ഞാൻ അദ്ദേഹവുമായി സംസാരിച്ചു. അത് ചെറിയ കുറിപ്പുകളായി എഴുതിവെച്ചു.


കല്യാണത്തെ കണ്ട് സംസാരിച്ചശേഷം ഉണ്ടായ ഒരു സംഗതി, ഗാന്ധിജിയെക്കുറിച്ച് ഞാൻ കേട്ട പലതും ഒരിക്കലും കഥകളല്ല എന്നും അതൊക്കെ വസ്തുത തന്നെയാണെന്നും എനിക്ക് ഉറപ്പായി. കാരണം അദ്ദേഹത്തിന്‍റെ പെരുമാറ്റത്തെപ്പറ്റിയും ദിനചര്യകളെപ്പറ്റിയും നിഷ്ഠകളെപ്പറ്റിയും അദ്ദേഹത്തിന്‍റെ ശാഠ്യങ്ങളെപ്പറ്റിയുമൊക്കെ കല്യാണം വിശദമായി സംസാരിച്ചു. ഗാന്ധി ചെയ്തതൊക്കെ ശരിയാണെന്നും ഗാന്ധി വിമർശനാതീതനാണെന്നുമുള്ള വിചാരമുള്ളയാളല്ല കല്യാണം. ഗാന്ധിജിയുടെ നാലു മക്കൾ, ഹരിലാൽ, മണിലാൽ, ദേവദാസ്, രാമദാസ് എന്നിവരെയൊന്നും ഔപചാരിക വിദ്യാഭ്യാസത്തിനായി അദ്ദേഹം വിദ്യാലയങ്ങളിലോ കലാലയങ്ങളിലോ അയച്ചിട്ടില്ല. അതേക്കുറിച്ച് മൂത്തമകൻ ഹരിലാലിന് വലിയ പരാതിയുണ്ടായിരുന്നു. ഗാന്ധിജിയുടെ ആ നടപടി ശരിയായിരുന്നില്ലെന്ന അഭിപ്രായമാണ് കല്യാണത്തിന് ഉണ്ടായിരുന്നത്. എനിക്കും അത് അങ്ങനെതന്നെയാണ് തോന്നിയത്.


കല്യാണത്തെ കണ്ടപ്പോൾ എനിക്ക് ഗാന്ധിയെക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു. നേരത്തെ അറിഞ്ഞതിലും കൂടുതൽ കാര്യങ്ങൾ. അദ്ദേഹത്തിന്‍റെ മരണദിവസത്തെ സംബന്ധിച്ച് നേരത്തെ അറിയാച്ച ചില കാര്യങ്ങൾ അറിയാനും സാധിച്ചു. ചില ആളുകളുമായുള്ള ഗാന്ധിജിയുടെ വ്യക്തിബന്ധങ്ങളും പുതിയ അറിവുകളായിരുന്നു. നെഹ്റുവിനെക്കുറിച്ചും ജിന്നയെക്കുറിച്ചുമൊക്കെ ഗാന്ധിജിക്കുണ്ടായിരുന്ന കാഴ്ചപ്പാടുകളെപ്പറ്റി അറിയാൻ കഴിഞ്ഞു. കല്യാണം പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ എഴുതിയിട്ടില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു മിത്തായും കഥയായുമൊക്കെ കേട്ടും വായിച്ചുമറിഞ്ഞ ഗാന്ധി ഒരു യാഥാർഥ്യമായിരുന്നു, ഒരു വസ്തുതയായിരുന്നുവെന്ന് മനസിലാക്കാൻ സാധിച്ചു. പ്രൊഫ. വി മധുസൂദനൻ നായരുടെ ഗാന്ധിയെന്ന കവിതയിലെ ഒരു വരിയുണ്ട്, കഥയായിരുന്നെന്നോ ഗാന്ധി, കനവായിരുന്നെന്നോ ഗാന്ധി... അങ്ങനെ കഥയും കനവുമൊന്നുമല്ല ഗാന്ധി, അതൊരു വസ്തുതയായിരുന്നുവെന്ന ബോധ്യമുണ്ടായി. അവസാന നാലുകൊല്ലം രാപ്പകൽ ഗാന്ധിക്കൊപ്പം കഴിഞ്ഞ മനുഷ്യനിൽനിന്ന് മൂന്നാഴ്ചക്കാലം കൊണ്ട് എനിക്ക് മനസിലാക്കാൻ കഴിഞ്ഞ പ്രധാന കാര്യം ഇതായിരുന്നു.


(ഡോ. എം.എൻ കാരശേരിയുമായി ന്യൂസ്18 ചീഫ് സബ് എഡിറ്റർ ജി.ആർ അനുരാജ് നടത്തിയ ടെലിഫോൺ സംഭാഷണം)

First published: October 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...