• News
 • World Cup 2019
 • Sports
 • Films
 • Budget 2019
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ഇന്നും നമ്മള്‍ കഴിച്ച അന്നം ഇവരുടേതു കൂടിയായിരുന്നു...

News18 Malayalam
Updated: July 28, 2018, 6:25 PM IST
ഇന്നും നമ്മള്‍ കഴിച്ച അന്നം ഇവരുടേതു കൂടിയായിരുന്നു...
News18 Malayalam
Updated: July 28, 2018, 6:25 PM IST
(മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വൈക്കത്ത് വള്ളം മറിഞ്ഞ് മാതൃഭൂമി ന്യൂസ് സംഘത്തിലെ രണ്ടു പേര്‍ മരിച്ച സാഹചര്യത്തില്‍, മതിയായ സുരക്ഷസംവിധാനങ്ങളോടെ മാത്രമേ ദുരന്ത മുഖത്ത് മാധ്യമ പ്രവര്‍ത്തകരെത്താവൂ എന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെ മതിയായ സുരക്ഷാ സംവിധാനങ്ങളോടെ പ്രളയത്തില്‍ മുങ്ങിയ ജനങ്ങളുടെ ദുരിതം പുറംലോകത്തെ അറിയിക്കാന്‍ ന്യൂസ് 18 വാര്‍ത്താസംഘം കുട്ടനാട്ടിലെത്തി.

ആ യാത്രയ്ക്കിടെ കണ്ണുനനയ്ക്കുന്ന നിരവധി ദൃശ്യങ്ങളാണ് കണ്ടത്. വെള്ളപ്പൊക്കത്തില്‍ വീടും നാടും നഷ്ടപ്പെട്ട ആര്‍ ബ്ലോക്കിലെ ജനങ്ങളുടെ ദുരിത ജീവിതത്തെ കുറിച്ച് ന്യൂസ് 18 കേരളം സ്‌പെഷല്‍ കറസ്‌പോണ്ടന്റ് എം.എസ് അനീഷ് കുമാര്‍ എഴുതുന്നു).

'16 ദിവസമായി ഇതു തന്നെയാണ് മോനെ ഭക്ഷണം'. നിറയുന്ന കണ്ണുകള്‍ തുടച്ചുകൊണ്ട് കൈനകരിയിലെ ആ അമ്മ ഞങ്ങളോട് പറഞ്ഞു. കായല്‍ വരമ്പിലെ ടര്‍പോളിന്‍ കൂരയ്ക്കുള്ളിലെ അടുപ്പില്‍ വലിയ ചെമ്പില്‍ കഞ്ഞി തിളച്ചുകൊണ്ടിരിയ്ക്കുന്നു. രാവിലെ ഒന്‍പതുമണിക്ക് തുടങ്ങിയ പാചകമാണ് രണ്ടു മണി പിന്നിട്ടിട്ടും അരി പാതി പോലും വെന്തിട്ടില്ല. കാരണം അടുപ്പിനുള്ളില്‍ ഉണങ്ങിയ വിറകുകളില്ല. ബണ്ടുകളിലെ തെങ്ങില്‍ നിന്നും അടര്‍ത്തിയെടുത്ത ഓലമടല്‍ വാടിത്തുടങ്ങുന്നതേയുള്ളു. ഒഴുക്കിലെത്തിയ വിറകും പാതി ഉണങ്ങിയിട്ടില്ല. ഒടുവില്‍ വെള്ളത്തില്‍ മുങ്ങിനില്‍ക്കുന്ന വാഴക്കച്ചികള്‍ ചെറുവെയിലില്‍ ഉണക്കിയെടുത്താണ് അടുപ്പിനുള്ളില്‍ വച്ചിരിയ്ക്കുന്നത്. അത് തീരും മുറയ്ക്ക് തീ അടുപ്പിലേക്ക് തള്ളാന്‍ ഒരാള്‍ ചുവട്ടില്‍ കാവലിരുപ്പുണ്ട്.

ഇവര്‍ പ്രഭാത ഭക്ഷണം കഴിച്ചിട്ടും ദിവസങ്ങള്‍ പിന്നിടുന്നു. വില്ലേജില്‍ നിന്നും ലഭിച്ച അരിയും പയറും വള്ളത്തില്‍ പോയി ശേഖരിച്ച് ക്യാമ്പിലെത്തിക്കും. വിറകോ പാചക വാതകമോ ഇല്ലാത്തതിനാല്‍ ഒരു നേരം മാത്രമാണ് കഞ്ഞിവയ്പ്പ്. എന്തെങ്കിലും അവശേഷിക്കുന്നെങ്കില്‍ കുട്ടികള്‍ക്ക് നല്‍കും. രാവിലെ ഭക്ഷണം കിട്ടാതെ കുട്ടികള്‍ കരഞ്ഞുറങ്ങി. രണ്ടുമണിയായിട്ടും ഉച്ചഭക്ഷണം പോലും തയാറായിട്ടില്ല. രണ്ടു തോടിനപ്പുറമുള്ള ക്യാമ്പില്‍ നിന്നും വാങ്ങിയ നേന്ത്രപ്പഴങ്ങള്‍ കഴിച്ചാണ് പലരും വിശപ്പടക്കിയത്. സ്‌കൂളുകളിലെ വലിയ ക്യാമ്പുകളില്‍ ബിസ്‌കറ്റും പാലും പഴവുമൊക്കെ എത്തുന്നതായി ഇവരും അറിയുന്നുണ്ട്. എത്താനെളുപ്പമുള്ള ഇടങ്ങളിലെ ക്യാമ്പുകളില്‍ സാധനസാമഗ്രികളെത്തിച്ച് ചിത്രമെടുത്ത് ഫേസ് ബുക്കിലിടുന്നവര്‍ ഇങ്ങോട്ട്കൂടി എത്തണമെന്നാണ് തൊഴുകൈകളോടെ ഇവര്‍ ആവശ്യപ്പെടുന്നത്.

കെടുതികള്‍ ഒഴിഞ്ഞു തുടങ്ങിയിരിക്കുന്നു. ദുരിതാശ്വാസം ഫലപ്രദം, ദുരിതബാധിതരെ സഹായിക്കാന്‍ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും മത്സരിക്കുന്നു. തികച്ചും മറ്റൊരു ചിത്രം പ്രതീക്ഷിച്ചാണ് ആലപ്പുഴയില്‍ നിന്നും കുട്ടനാടിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് ഞങ്ങളെത്തിയത്. പതിവുയാത്രകള്‍ വള്ളത്തിലായിരുന്നെങ്കിലും ഇത്തവണ അത് വലിയ ബോട്ടിലാക്കി. വൈക്കത്ത് സഹപ്രവര്‍ത്തകരായ സജിയുടെയും ബിപിന്റെയും മരണം സൃഷ്ടിച്ച ആഘാതത്തില്‍ കര്‍ശന സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു യാത്ര. ഇന്‍പുട്ട് എഡിറ്റര്‍ ടി.ജെ ശ്രീലാലും റീജയണല്‍ എഡിറ്റര്‍ സി.എന്‍പ്രകാശും സുരക്ഷ ഉറപ്പാക്കാനും അത് ഓര്‍മ്മിപ്പിക്കാനും പലവട്ടം വിളിച്ചു.

പാട്ടും പാടി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഇവിടുത്തെ കാഴ്ചകള്‍. കായലോരങ്ങളിലുടനീളം ചെറു കുടിലുകള്‍. ഒന്നും ചെയ്യാനില്ലാതെ നിസംഗരായി വള്ളത്തില്‍ തളര്‍ത്തിരിക്കുന്ന ഒരുപറ്റം മനുഷ്യര്‍. പലരുടെയും വീടിന്റെ മേല്‍ക്കൂര വരെ ഇപ്പോഴും വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. മഴ ശമിച്ചെങ്കിലും വെള്ളക്കെട്ടിന് ഒരു മാറ്റവുമില്ല. കാറ്റടിക്കുമ്പോള്‍ തിരമാലകള്‍ പോലെ വെള്ളം ഭിത്തിയിലേക്ക് ആഞ്ഞടിക്കും.

ശശിയമ്മയുടെയും അയല്‍വാസിയുടെയും വീടുകള്‍ തിരതള്ളലില്‍ തകര്‍ന്നടിഞ്ഞു. പാടത്തുപണിയെടുത്ത് കഷ്ടപ്പെട്ടുണ്ടാക്കിയതാണ് വീട്. അധ്വാനത്തിനിടയില്‍ രണ്ടു പെണ്‍മക്കളെയും കെട്ടിച്ചുവിട്ടു. മൂന്നു മുറിയും ഹാളും അടുക്കളയും ടോയ്ലറ്റുമെല്ലാം തകര്‍ന്നടിഞ്ഞു. ഇനി എന്തുചെയ്യുമെന്ന ചോദ്യത്തോടെ ശശിയമ്മ കരഞ്ഞു തകര്‍ന്നു. ശശിയമ്മയുടെ മാത്രമല്ല കുട്ടനാട്ടിലെ നൂറുകണക്കിന് കുടുംബങ്ങളുടെയും അവസ്ഥ ഇതു തന്നെയാണ്. വെള്ളമിറങ്ങിയാലും മണ്ണിലും കല്ലിലും നിര്‍മ്മിച്ച ഭിത്തികള്‍ ഓരോന്നായി നിലംപൊത്തും.
Loading...ആറുപങ്ക് കല്ലുപാലത്തിന് മുകളിലാണ് അമ്പതോളം കുടുംബങ്ങളുടെ ഭക്ഷണം പാകം ചെയ്യല്‍. താഴ്ന്ന ഇടങ്ങളിലും സമീപത്തെ സ്‌കൂളിലുമെല്ലാം വെള്ളം കയറി. അവശേഷിയ്ക്കുന്നത് ചെറുതും വലുതുമായ രണ്ടു പാലങ്ങള്‍ മാത്രം. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ ഇവിടെ നിന്നും പിടികൂടിയത് 36 മൂര്‍ഖന്‍ പാമ്പുകളെയാണ്. അതുകൊണ്ടു തന്നെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന വീടുകളിലേക്ക് ഇപ്പോള്‍ പലരും പോകാറില്ല. ടിവിയും ഫ്രിഡ്ജും ഫാനുമടക്കം ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന വീട്ടുപകരണങ്ങളില്‍ തുടങ്ങി വീടിന്റെ ആധാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും വരെ വെള്ളത്തിനുള്ളിലാണ്.

ഇവിടെ തൊഴുകൈകളുമായാണ് സ്ത്രീകളും അമ്മമാരും ഞങ്ങള്‍ക്കു മുന്നിലെത്തിയത്. അടച്ചുറപ്പുള്ള രണ്ടു ബാത്ത് റൂമുകള്‍ എങ്ങിനെയെങ്കിലും ഞങ്ങള്‍ക്ക് തരപ്പെടുത്തി തരൂ. നിങ്ങള്‍ക്ക് പുണ്യം കിട്ടും. അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിക്കരയുന്ന അവസ്ഥയിലാണ് അവര്‍. കാരണം പ്രഥമിക കൃത്യങ്ങള്‍ക്കായി ഉയര്‍ന്ന ഇടങ്ങളില്ല. നേരം പുലരും മുമ്പ് കയലിറമ്പത്തെ തെങ്ങിന്‍ പോടുകളും വാഴത്തോട്ടങ്ങളും തേടി സ്ത്രീകള്‍ ഇറങ്ങും. പാമ്പിനെ ഭയന്ന് മുന്നോട്ടു പോകാനാകാത്ത അവസ്ഥ. കമുകിന്‍ തടിയില്‍ തീര്‍ത്ത താല്‍ക്കാലിക ശൗചാലയം അവരിലൊരാള്‍ യതൊരു സങ്കോചവുമില്ലാതെ ഞങ്ങള്‍ക്ക് കാട്ടി തന്നു. ഞങ്ങളുടെ ബാത്ത് റൂം നിങ്ങള്‍ ലോകത്തെ കാട്ടണം. ഞങ്ങളിങ്ങനെയൊക്കെയാണ് ജീവിക്കുന്നതെന്ന് നിങ്ങള്‍ ലോകത്തോടു പറയണം.

ദുരിതക്കാഴ്ചകള്‍ കണ്ടു തീര്‍ന്നില്ലെങ്കിലും ഞങ്ങള്‍ മടങ്ങി. രാത്രിയാകും മുമ്പ് സുരക്ഷിതരായി കരയ്ക്കെത്തണം. വിശന്നുറങ്ങുന്ന കുഞ്ഞും. കവുങ്ങിന്‍ തടിയിലെ ശോച്യാലയവും തകര്‍ന്നടിഞ്ഞ വീടുകളുമൊന്നും കണ്ണില്‍ നിന്നും മായുന്നില്ല. നിലവിലെ അവസ്ഥയില്‍ മൂന്നുമാസം കഴിഞ്ഞാലും വീടുകളില്‍ നിന്നും വെള്ളമിറങ്ങില്ല. രണ്ടു വെള്ളപ്പൊക്കത്തേത്തുടര്‍ന്ന് നിശേഷം തകര്‍ന്നുപോയ, ആളുകള്‍ ഉപേക്ഷിച്ച ആര്‍.ബ്ലോക്കാണ് മനസില്‍. ഭരണകൂടങ്ങള്‍ പലവട്ടം ആവര്‍ത്തിച്ചിട്ടും ആര്‍.ബ്ലോക്ക് ഇപ്പോഴും വെള്ളത്തിലാണ്. വാര്‍ത്തകളുടെ കുത്തൊഴുക്കില്‍ ഒരാഴ്ച കഴിയുമ്പോള്‍ മാധ്യമങ്ങളും കുട്ടനാടിനെ മറക്കും. ഫേസ് ബുക്കില്‍ പുതിയ ഹാഷ് ടാഗുകളും പൊങ്കാലകളും ഉയരും. അതിനു മുമ്പെങ്കിലും ഒരു കൈ സഹാമെത്തിയാല്‍ നന്ദി വാക്കായെങ്കിലും കരുതാം. കാരണം ഇന്നും നമ്മള്‍ ഉണ്ട അന്നം ഇവരുടേതു കൂടിയായിരുന്നു...

 
First published: July 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...