• HOME
 • »
 • NEWS
 • »
 • opinion
 • »
 • Narendra Modi l നരേന്ദ്രമോദി: പ്രധാനമന്ത്രി എന്ന നിലയിൽ രണ്ടു പതിറ്റാണ്ട് പിന്നിടുന്ന നേതാവായതിനു പിന്നിലെ മൂലധനം

Narendra Modi l നരേന്ദ്രമോദി: പ്രധാനമന്ത്രി എന്ന നിലയിൽ രണ്ടു പതിറ്റാണ്ട് പിന്നിടുന്ന നേതാവായതിനു പിന്നിലെ മൂലധനം

1990 കളുടെ തുടക്കത്തില്‍ മോദിയുടെ പ്രഭാഷണങ്ങളുടെ കാസറ്റുകള്‍ക്ക് ഗുജറാത്തിന്റെ നഗരകേന്ദ്രങ്ങളില്‍ വലിയ ജനപ്രീതി ഉണ്ടായിരുന്നു എന്ന കാര്യം ഗുജറാത്തിന് പുറത്തുള്ളവര്‍ക്ക് അധികം ആര്‍ക്കും അറിയാന്‍ വഴിയില്ല.

 • Share this:
  ജപന്‍ പഥക്

  ഒക്‌റ്റോബര്‍ 7 നാണ് ഒരു സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയില്‍ നരേന്ദ്രമോദി 20 വര്‍ഷം പൂര്‍ത്തിയാക്കിയത്. നരേന്ദ്രമോദിയുടെ വളര്‍ച്ചയും ഗുജറാത്തിന്റെ ഗതി അദ്ദേഹം എങ്ങനെ മാറ്റിമറിച്ചു എന്നതും ഞങ്ങള്‍ ഗുജറാത്തുകാര്‍ വളരെ അടുത്തുനിന്ന് നോക്കിക്കണ്ടിട്ടുണ്ട്. മോദിയെ വ്യത്യസ്തനാക്കുന്ന ഘടകമെന്താണെന്ന് പലരും പലപ്പോഴും ചോദിക്കാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, ജോലിയിലായാലും വ്യക്തിബന്ധങ്ങളിലായാലും തന്റേതായ വ്യതിരിക്തമായ മനുഷ്യസ്പര്‍ശമാണ് അദ്ദേഹത്തെ ഉയരങ്ങളിലേക്ക് എത്തിച്ചത്.

  ഗുജറാത്തിന്റെ രാഷ്ട്രീയമണ്ഡലത്തിലെ പ്രധാനപ്പെട്ട കാലഘട്ടമായിരുന്നു 1980കള്‍. കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും അധികാരം കോണ്‍ഗ്രസിന്റെ കരങ്ങളില്‍ ഭദ്രമായിരുന്നു. ഭരണത്തിലെ പാളിച്ചകളും വിഭാഗീയ പ്രവണതകളും തെറ്റായ മുന്‍ഗണനകളും കോണ്‍ഗ്രസിന്റെ ശോഭ കെടുത്തുമ്പോഴും മറ്റെതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടി അധികാരം പിടിക്കുക എന്നത് അന്ന് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു. ബിജെപിയുടെ ശക്തരായ അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വരെ ഇക്കാര്യത്തില്‍ ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു.

  ആ ഘട്ടത്തിലാണ് നരേന്ദ്രമോദി ആര്‍എസ്എസില്‍ നിന്ന് ബിജെപിയിലെ മുഴുവന്‍ സമയ രാഷ്ട്രീയ ജീവിതത്തിലേക്ക് കൂടുമാറുന്നത്. എഎംസി തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ തയ്യാറെടുപ്പിക്കുക എന്ന വെല്ലുവിളി അദ്ദേഹം ഏറ്റെടുത്തു. പ്രൊഫഷണലുകളെ ബിജെപിയുടെ ഭാഗമാക്കി മാറ്റുക എന്നതായിരുന്നു അദ്ദേഹം ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന്. പ്രമുഖരായ ഡോക്റ്റര്‍മാര്‍, അഭിഭാഷകര്‍, എഞ്ചിനീയര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവരിലേക്ക് പാര്‍ട്ടിയെ വ്യാപിപ്പിക്കുകയും അവരെ രാഷ്ട്രീയ, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി അണിനിരത്തുകയും ചെയ്തു. കേവല രാഷ്ട്രീയത്തിന് പുറമെ ഭരണസംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനും മോദി വലിയ പ്രാധാന്യം നല്‍കി. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമുള്ള നൂതന മാര്‍ഗങ്ങളെക്കുറിച്ച് അദ്ദേഹം എപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നു.

  കാര്യങ്ങള്‍ ജനങ്ങളുമായി സംവദിക്കുന്ന കാര്യത്തില്‍ മോദി പ്രഗത്ഭനായിരുന്നു. അഹമ്മദാബാദിലെ ധര്‍ണിധറിലെ നിര്‍മല്‍ പാര്‍ട്ടി പ്ലോട്ടില്‍ വെച്ച് നടന്ന ഒരു പൊതുപരിപാടി ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ആദ്യത്തെ ഏതാനും മിനിറ്റുകള്‍ സരസമായ തന്റെ സംഭാഷണശൈലിയിലൂടെ മോദി ജനങ്ങളെ ചിരിപ്പിച്ചു. അതിനുശേഷം അദ്ദേഹം ചോദിച്ചു, 'നമ്മള്‍ തമാശ പറയുന്നത് തുടരണോ അതോ ദേശീയപ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിക്കണോ?'. അകാരണമായ ഒരു ധൈര്യത്തിന്റെ പിന്‍ബലത്തില്‍ ഞാന്‍ 'രണ്ടും വേണം' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ഉടനെ അദ്ദേഹം എന്റെ നേര്‍ക്ക് തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു: 'ഇല്ല, രണ്ടും ഒരുമിച്ച് കഴിയില്ല'. തുടര്‍ന്ന് ബിജെപിയുടെ ഭരണപരമായ കാഴ്ചപ്പാടിനെക്കുറിച്ചും ആര്‍ട്ടിക്കിള്‍ 370 നെക്കുറിച്ചും ഷാ ബാനു കേസിനെക്കുറിച്ചുമെല്ലാം അദ്ദേഹം വിശദമായി സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രപരമായ വ്യക്തത എന്നെ അത്ഭുതപ്പെടുത്തി.

  1990 കളുടെ തുടക്കത്തില്‍ മോദിയുടെ പ്രഭാഷണങ്ങളുടെ കാസറ്റുകള്‍ക്ക് ഗുജറാത്തിന്റെ നഗരകേന്ദ്രങ്ങളില്‍ വലിയ ജനപ്രീതി ഉണ്ടായിരുന്നു എന്ന കാര്യം ഗുജറാത്തിന് പുറത്തുള്ളവര്‍ക്ക് അധികം ആര്‍ക്കും അറിയാന്‍ വഴിയില്ല. നരേന്ദ്രമോദി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പ്രസംഗങ്ങളുടെ ഭാഗങ്ങളാകും ഈ കാസറ്റുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവുക.

  ലാത്തൂരില്‍ ഭൂകമ്പമുണ്ടായ ഘട്ടത്തില്‍ 1994 ലാണ് അദ്ദേഹം ശ്രദ്ധേയമായ മറ്റൊരു പ്രസംഗം നടത്തുന്നത്. അഹമ്മദാബാദിലെ ആര്‍ എസ് എസ് കാര്യാലയത്തില്‍ നിന്ന് ദുരിതാശ്വാസ സാമഗ്രികളുമായി ഏതാനും സന്നദ്ധപ്രവര്‍ത്തകര്‍ ലാത്തൂരിലേക്ക് പോകാന്‍ തുടങ്ങുകയായിരുന്നു. ആ അവസരത്തില്‍ മോദി മറ്റ് മുന്നൊരുക്കങ്ങളൊന്നും കൂടാതെ പ്രസംഗിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തകരില്‍ വലിയ ആവേശം സൃഷ്ടിച്ചു. പ്രസംഗം കേട്ടവരില്‍ കുറഞ്ഞത് അമ്പത് പേരെങ്കിലും ഉടന്‍ തന്നെ ലാത്തൂരിലേക്ക് പോകാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു. കൂടുതല്‍ ആളുകള്‍ പോവുക എന്നതിനേക്കാള്‍ പ്രധാനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുക എന്നതാണെന്നും നിങ്ങളെല്ലാവരും തുടര്‍ന്നും രാജ്യത്തിന് വേണ്ടിയുള്ള സേവനത്തില്‍ മുഴുകണമെന്നും പറഞ്ഞ് മോദി അവരെ ലാത്തൂരിലേക്ക് പോകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

  സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി നരേന്ദ്രമോദി പുലര്‍ത്തുന്ന ബന്ധം ശ്രദ്ധേയമാണ്. 2013-14 കാലഘട്ടത്തില്‍ ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ 'ചായ് പേ ചര്‍ച്ച' കണ്ടു. പക്ഷേ, പ്രഭാത സവാരി നടത്തുന്ന വ്യത്യസ്തരായ ആളുകളുമായി ഒരു കപ്പ് ചായ പങ്കുവെച്ചുകൊണ്ട് അദ്ദേഹം സൃഷ്ടിക്കുന്ന ആത്മബന്ധം എനിക്ക് മറക്കാന്‍ കഴിയാത്തതാണ്. 1990 കളില്‍ ഒരിക്കല്‍ അഹമ്മദാബാദിലെ പ്രശസ്തമായ പരിമള്‍ ഉദ്യാനത്തില്‍ വെച്ച് ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടി. അവിടെ അദ്ദേഹം പ്രഭാതസവാരി നടത്തുന്ന ഏതാനും വ്യക്തികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. അവര്‍ തമ്മില്‍ രൂപപ്പെട്ട ആത്മബന്ധം എനിക്ക് തല്‍ക്ഷണം തിരിച്ചറിയാന്‍ കഴിഞ്ഞു. സമകാലിക പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ മോദിയുമായുള്ള ഇത്തരം കൂടിക്കാഴ്ചകള്‍ സഹായിച്ചതായി സുഹൃത്തായ ഒരു ഡോക്ടര്‍ ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

  നരേന്ദ്രമോദിയുടെ മനുഷ്യസ്നേഹത്തിന്റെ ദൃഷ്ടാന്തങ്ങളായി രണ്ടു സംഭവങ്ങള്‍ എനിക്ക് ഓര്‍ത്തെടുത്ത് പറയാന്‍ കഴിയും. അതിലൊന്ന് നടന്നത് 2000 ങ്ങളുടെ തുടക്കത്തിലാണ്. അന്ന് ചരിത്രകാരന്‍ റിസ്വാന്‍ കദ്രിയും ഞാനും ചേര്‍ന്ന് ഗുജറാത്തിലെ പ്രഗത്ഭ സാഹിത്യകാരനായ കേക ശാസ്ത്രിയുടെ ചില കൃതികള്‍ ഡോക്യുമെന്റ് ചെയ്യുകയായിരുന്നു. അതിന്റെ ഭാഗമായി അദ്ദേഹത്തെ പോയി നേരിട്ട് കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് മനസിലായത്. ഉടന്‍ തന്നെ ഞാന്‍ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ മോദിയുടെ ഓഫീസിലേക്ക് അയച്ചുകൊടുത്തു. ഒട്ടും വൈകാതെ കേക ശാസ്ത്രിയെ പരിചരിക്കാനായി ഒരു നഴ്‌സ് അവിടെയെത്തി.

  മറ്റൊരു സംഭവം എഴുത്തുകാരന്‍ പ്രിയാകാന്ത് പരീഖുമായി ബന്ധപ്പെട്ടതാണ്. തന്റെ നൂറാമത്തെ പുസ്തകം നരേന്ദ്രമോദി പ്രകാശനം ചെയ്യണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ, ഗുരുതരമായ ഒരു അപകടത്തില്‍പ്പെട്ട് ചലനരഹിതനായി എവിടെയും പോകാന്‍ കഴിയാതെ അദ്ദേഹം വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. നരേന്ദ്രമോദി നേരിട്ട് ആശ്രം റോഡിലെ പരീഖിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ പുസ്തകം പ്രകാശനം ചെയ്തത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. മുഖ്യമന്ത്രി നേരിട്ട് അസുഖബാധിതനായി കിടക്കുന്ന ഒരു എഴുത്തുകാരന്റെ വീട്ടിലെത്തി പുസ്തകപ്രകാശനം നടത്തിയത് ഗുജറാത്തിലെ സാഹിത്യസദസുകളെ അമ്പരപ്പിച്ച കാര്യമായിരുന്നു.

  കാര്യങ്ങള്‍ കേള്‍ക്കാനും ഗ്രഹിക്കാനുമുള്ള ശേഷിയും സാങ്കേതികവിദ്യയോടുള്ള ഇഷ്ടവും മോദിയുടെ പ്രധാനപ്പെട്ട ഗുണങ്ങളാണ്. പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ മെനയാനും ഏകോപിപ്പിക്കാനുമുള്ള ഉത്തരവാദിത്തം മോദി നിര്‍വഹിച്ചിരുന്ന കാലത്ത് ഒരു തെരഞ്ഞെടുപ്പില്‍ പോലും ബിജെപി പരാജയപ്പെട്ടില്ല എന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. ബിജെപി തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഏറ്റുവാങ്ങിയ 2000 ത്തില്‍ അദ്ദേഹം സംസ്ഥാനത്തിന് പുറത്തായിരുന്നു എന്ന കാര്യവും ഓര്‍ക്കണം.

  മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയില്‍ പലരെയും നമുക്ക് കാണേണ്ടി വരും. എന്നാല്‍, ഇത്തരം കൂടിക്കാഴ്ചകള്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ആത്മബന്ധങ്ങളാക്കി മാറ്റണമെന്ന് പത്രപ്രവര്‍ത്തനത്തിന്റെ യൗവനകാലത്ത് മോദി എന്നോട് പറഞ്ഞിട്ടുണ്ട്. 1998 ല്‍ ഹോളിയുടെ സമയത്ത് ഞാന്‍ ഡല്‍ഹിയിലായിരുന്നു. അന്ന് ഞാന്‍ ഒരിക്കലും മറക്കാത്ത ഒരു കാര്യം മോദി എന്നോട് പറഞ്ഞു. 'നിങ്ങളുടെ ടെലിഫോണ്‍ ഡയറിയില്‍ അയ്യായിരത്തോളം നമ്പറുകള്‍ ഉണ്ടാകുമായിരിക്കും, അവരെയെല്ലാം ഔപചാരികമായല്ലെങ്കില്‍ പോലും ഒരു തവണയെങ്കിലും നേരിട്ട് കണ്ടിട്ടുമുണ്ടാകും. ഒരു സ്രോതസ് എന്ന നിലയില്‍ മാത്രമല്ല, മറിച്ച് ഒരു സുഹൃത്ത് അല്ലെങ്കില്‍ പരിചയക്കാരന്‍ എന്ന നിലയ്ക്ക് കൂടി അവരെയെല്ലാം അറിഞ്ഞിരിക്കണം'. മനുഷ്യ സ്പര്‍ശത്തിന്റെ വിലയെന്തെന്ന് അദ്ദേഹം എന്നെ പഠിപ്പിക്കുകയായിരുന്നു. ആ മനുഷ്യസ്പര്‍ശമാണ് നരേന്ദ്രമോദിയെ എന്നും വിജയത്തിലേക്ക് നയിക്കുന്നത്.

  (അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകനാണ് ജപന്‍ പഥക്)
  Published by:Jayashankar AV
  First published: