നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • opinion
  • »
  • 'മണ്ണിനടിയിലേക്ക് മടങ്ങിപ്പോയ ഒരാളെ പോലും ഞാന്‍ കണ്ടിട്ടില്ല; പക്ഷേ അവരെല്ലാം എന്‍റെ ആരൊക്കെയോ ആണെന്ന് തോന്നുന്നു'

  'മണ്ണിനടിയിലേക്ക് മടങ്ങിപ്പോയ ഒരാളെ പോലും ഞാന്‍ കണ്ടിട്ടില്ല; പക്ഷേ അവരെല്ലാം എന്‍റെ ആരൊക്കെയോ ആണെന്ന് തോന്നുന്നു'

  'അപ്രതീക്ഷിതമായാണ് കവളപ്പാറയിലെ മണ്ണിടിച്ചിലിനെക്കുറിച്ച് കേൾക്കുന്നതും ഏറെ ശ്രമപ്പെട്ട് അവിടെ എത്തുന്നതും. അവിടെ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു' മലപ്പുറം ഭൂദാനം ദുരന്തം റിപ്പോർട്ട് ചെയ്ത ന്യൂസ് 18 കേരളം സ്പെഷൽ കറസ്‌പോണ്ടന്റ് സി.വി.അനുമോദ് എഴുതുന്നു.

  • Share this:
  'കവളപ്പാറ ഇന്നലെ രാത്രി മണ്ണ് വീണെന്നും കൊറേ പേര് അയിന്റെ ചോട്ടില്‍ പോയെന്നും കേക്കുന്നുണ്ട്. ഇങ്ങള് വല്ലോം അറിഞ്ഞോ ?'

  ഓഗസ്റ്റ് ഒമ്പത്. പ്രളയം റിപ്പോര്‍ട്ടിങ് രണ്ടാം ദിനം.
  നിലമ്പൂര്‍ മുനിസിപ്പാലിറ്റിയുടെ മുന്‍പില്‍ പ്രളയത്തേക്കുറിച്ചുള്ള ലൈവ് കഴിഞ്ഞ് വെള്ളത്തില്‍ നിന്നും കയറിയ എന്നെ കാത്ത് ഒരാള്‍ നിന്നു. ഒരു നാട്ടുകാരന്‍. രാവിലെ എട്ടിന്.

  അയാളുടെ ആ ചോദ്യമായിരുന്നു ഭൂദാനം ദുരന്തത്തിലേക്ക് ഉള്ള ചൂണ്ടുപലക. എസ് പി അബ്ദുല്‍ കരീം സാറിനോടായിരുന്നു ആദ്യ അന്വേഷണം. ' സംഭവം ഉണ്ട്.. പക്ഷേ വിശദാംശങ്ങള്‍ അറിയില്ല.. അവിടെ മൊബൈല്‍ റേഞ്ച് ഒന്നും ഇല്ല. ഇത്തിരി ഗുരുതരം ആണെന്ന് തോന്നുന്നു. ' ഈ മറുപടിയോടെ എങ്ങനെ അങ്ങോട്ട് എത്തും എന്നായി അടുത്ത അന്വേഷണം. ചുങ്കത്തറ കഴിഞ്ഞ് വേണം പോത്തുകല്ലിലേക്ക് പോകാന്‍.

  ഗൂഗിള്‍ മാപ്പിന് പോലും അറിയാത്ത വഴി തേടണം. കാരണം വഴിയെല്ലാം വെള്ളത്തിനടിയില്‍...

  എങ്ങനെ പോകും അവിടേക്ക് ???? നിലമ്പൂര്‍ വെള്ളത്തില്‍ മുങ്ങിയ ഒരു തുരുത്ത് ആയി മാറിയിരുന്നു... വഴികള്‍ എല്ലാം മലവെള്ളം വിഴുങ്ങിയിരിക്കുന്നു... എങ്ങനെയും അവിടെ എത്തും എന്ന് പറഞ്ഞു മുന്നില്‍ കുതിക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നു... പി വി അന്‍വര്‍ MLA. വെള്ളം വിഴുങ്ങിയ വഴികളിലൂടെ, ചെളി നിറഞ്ഞ ഇടങ്ങളിലൂടെ... ഞങ്ങള്‍ ആ ഫോര്‍ വീല്‍ ജീപ്പിന് പിന്നാലെ കുതിച്ചു... പനങ്കയം പാലം വരെ... പാലത്തിന് തൊട്ടുതാഴെ അലറിപ്പായുന്ന ചാലിയാര്‍... പാലത്തിന് മുകളില്‍ മലവെള്ളം കടപുഴക്കി കൊണ്ട് വന്ന് വന്‍ മരങ്ങള്‍... പിന്നീട് യാത്ര എം എല്‍ എയുടെ ജീപ്പില്‍... പനങ്കയം പാലം കണ്ട് വഴിമുട്ടിയ എഷ്യനെറ്റിലെ സാനിയോയും ഞങ്ങള്‍ക്കൊപ്പം കൂടി...

  വഴികള്‍ പറഞ്ഞു തരുന്ന മുഖങ്ങളില്‍ പോലും ഭയം നിറഞ്ഞിരുന്നു... ഇടയില്‍ മണ്ണ് ഇടിഞ്ഞു വീഴുമോ എന്ന് തോന്നിയ മലഞ്ചെരിവുകള്‍... ഒടുവില്‍ കവളപ്പാറ... മൊബിലിന് ഒരു കട്ട പോലും റേഞ്ച് ഇല്ല... വൈദ്യുതി ബന്ധം നഷ്ടമായി മൂന്നു ദിവസം ആയത്രെ... ഒടുവില്‍ ഒരു, ഇരു വഴി പിരിയുന്നിടത്ത് ജീപ്പ് നിന്നു.. ഇനി നടക്കണം...

  കാമറാമാന്‍ അഖില്‍ ഓട്ടുപാറ ഓടാന്‍ തുടങ്ങി... പിന്നാലെ ഞാനും നടന്നെത്തി... ആ കാഴ്ച...  മുന്‍പില്‍ ഒരു ചെളിക്കടല്‍... ഒരു ചെമ്മണ്‍ മൈതാനം നിരന്നു കിടക്കുന്നു... അകലെ ഊര്‍ന്നിരങ്ങിയ മല.... അതിന് താഴെ... താഴെ വീടുകള്‍ ഉണ്ടായിരുന്നത്രെ... അതില്‍ ആളുകളും... അവരെല്ലാം ഇപ്പൊള്‍ ഈ മണ്‍കടലിന് അടിയില്‍ എവിടെയോ... ആരോ പറഞ്ഞത് കേട്ടു... തലയില്‍ ഒരു കൊള്ളിയാന്‍ മിന്നല്‍ പോലെ... ദേഹം തളരും പോലെ... പക്ഷേ മൈക്ക് കയ്യിലെടുത്തു... ആദ്യ ഡെഫ് ലൈവ്... അവിടെ കണ്ട ഒരാളോട് ആദ്യ വിവരങ്ങള്‍ ചോദിച്ചു... പിന്നാലെ ഇതെല്ലാം കണ്ട് പകച്ചിരിക്കുന്ന എം എൽ എയോട്... ആ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു... 'കടല് പോലെ കിടക്കുക അല്ലേ.. എവിടെ തുടങ്ങും... എന്ത് ചെയ്യും???' അതെ മനുഷ്യര്‍ ആണ് അതിന് അടിയില്‍.. എന്നെ പോലെ ഉള്ള മനുഷ്യര്‍... ഒരു തരി ശ്വാസം പോലും കിട്ടാതെ ഈ മണ്ണിന് അടിയില്‍ എവിടെ എന്ന് പോലും അറിയാതെ... ഒരു നിമിഷം തൊണ്ട ഇടറി... ഇക്കാലത്തിനിടയില്‍ ആദ്യമായി, മൈക്ക് കയ്യിലുള്ള സമയം ശബ്ദം തൊണ്ടയില്‍ കുടുങ്ങി... ഇടറി... മാറ്റിയെടുക്കാന്‍ സമയമില്ല... ഇത് അയക്കാന്‍ ഇനിയും എത്ര കിലോ മീറ്റര്‍ ഓടണം എന്ന് അറിയില്ല.. വാഹനം പോലും അടുത്തില്ല... കണ്ടത് ഒരു ആംബുലന്‍സ്... ഡ്രൈവര്‍ മാത്രം ആണ് ഉള്ളത്... സഹായം അഭ്യര്‍ത്ഥിച്ചു... പിന്നാലെ പാഞ്ഞു കയറി.. കൂടെ ഏഷ്യാനെറ്റ് സംഘവും... പനങ്കയം പാലം കടത്തി വിട്ടു അവര്‍... പിന്നെ ലൈവ് യു ബാഗില്‍ റേഞ്ച് തേടി ഓട്ടം...

  ബാഗ് ഓണ്‍ ചെയ്ത് ഓടുന്ന വണ്ടിയില്‍ വച്ച് റേഞ്ച് പിടിച്ച എന്റെ മിടുക്കനായ കാമറാമാന്‍ അഖില്‍, ദൃശ്യങ്ങള്‍ ഡെസ്‌കില്‍ എത്തിക്കുമ്പോള്‍ സമയം ഒരു മണി... പിന്നാലെ വഴിയിയരില്‍ നിന്ന് ആദ്യ ലൈവ്... ഭൂദാനം ദുരന്തത്തിന്‍റെ ആദ്യ ദൃശ്യങ്ങള്‍, റിപ്പോര്‍ട്ട് ലോകത്തിന് മുന്‍പിലേക്ക്... ഒരു മണിക്കൂര്‍ നീണ്ട ആ ലൈവ് തീരുമ്പോഴേക്കും എന്റെ ഞെട്ടല്‍ മാറിയിരുന്നില്ല...

  ഒരു വലിയ വാര്‍ത്ത ആദ്യമായി ലോകത്തെ അറിയിക്കുമ്പോള്‍ ഒരു റിപ്പോര്‍ട്ടര്‍ക്ക് തോന്നുന്ന ആവേശവും സന്തോഷവും അല്ല ആ സംഭവത്തെ കുറിച്ച്, ദിവസങ്ങള്‍ക്ക് ഇപ്പുറം എഴുതുമ്പോഴും എനിക്ക് തോന്നുന്നത്... ആ ദുരന്തം റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നത് എത്ര വലിയ ദൗര്‍ഭാഗ്യം ആണ് എന്നാണ്... മണ്ണിന് അടിയിലേക്ക് മടങ്ങിപ്പോയ ഒരാളെ പോലും ഞാന്‍ കണ്ടിട്ടില്ല...എനിക്ക് അറിയുകയും ഇല്ല.....പക്ഷേ അവര്‍ എല്ലാം എന്റെ ആരൊക്കെയോ ആണെന്ന് തോന്നുന്നു... ഇപ്പോഴും...
  First published:
  )}