തലതിരിഞ്ഞ പരിഷ്ക്കാരം പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നു

Last Updated:
അനീഷ് അനിരുദ്ധൻ
തിരുവനന്തപുരം: പുത്തന്‍ പരിഷ്‌ക്കാരങ്ങളില്‍ അടിതെറ്റി നാഥനില്ലാ കളരിയായി സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍. കോടതി നിര്‍ദ്ദേശത്തിന്റെയും കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെയും പേരു പറഞ്ഞ് പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചതാണ് പൊലീസ് സേനയുടെ പ്രവര്‍ത്തനത്തെയാകെ താളംതെറ്റിച്ചത്. ഇതോടെ കുറ്റാന്വേഷണത്തിന്റെ ചുമതല ലഭിച്ച എസ്.ഐമാര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതാണ് പൊലീസിനെ പലപ്പോഴും വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നത്.
സി.ഐമാര്‍ എസ്.എച്ച്.ഒമാരായി ഉയര്‍ത്തപ്പെട്ടതോടെ സ്‌റ്റേഷനുകളുടെ മേല്‍നോട്ട ചുമതല ഡിവൈ.എസ്.പിക്കായി. എന്നാല്‍ ഒരു ഡി.വൈ.എസ്.പിക്കു കീഴില്‍ പത്തിലധികം സ്റ്റേഷനുകളാണുള്ളത്. അതുകൊണ്ടുതന്നെ എല്ലാ കേസുകളിലും ഡിവൈ.എസ്.പി നേരിട്ട് ഇടപെടുകയെന്നത് അസാധ്യമായി. നേരത്തെ സി.ഐമാര്‍ക്കായിരുന്നു കേസന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല. അഞ്ചോ ആറോ സ്‌റ്റേഷനുകള്‍ മാത്രമെ ഇത്തരത്തില്‍ ഒരു സി.ഐയുടെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നുള്ളൂ. സി.ഐമാരുടെ പ്രവര്‍ത്തനം ഡിവൈ.എസ്.പിമാരും നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇന്ന് സി.ഐമാര്‍ ക്ലറിക്കല്‍ പണി ചെയ്യുകയും എസ്.ഐമാര്‍ നിയമം നടപ്പാക്കുകയും ചെയ്യുന്ന രീതിയാണ് പുതിയ പരിഷ്‌കാരത്തോടെ നിലവില്‍ വന്നത്.
advertisement
കുറ്റാന്വേഷണവും ക്രമസമാധാനപാലനവും കാര്യക്ഷമമാക്കാനാണ് സ്റ്റേഷനുകളുടെ ചുമതല സി.ഐമാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. എസ്.ഐക്കു പകരം സി.ഐമാരെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാക്കിയുള്ള ഉത്തരവ് ജനുവരിയിലാണ് പുറത്തിറങ്ങിയത്. സംസ്ഥാനത്തെ 471 സ്റ്റേഷനുകളില്‍ 203 ലേയും സി.ഐമാരെയാണ് എസ്.എച്ച്.ഒമാരാക്കിയത്. അവശേഷിക്കുന്ന സ്റ്റേഷനുകളില്‍ എസ്.ഐമാരെ എസ്.എച്ച്.ഒമാരായി നിലനിര്‍ത്തി. സി.ഐ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനായതിനാല്‍ സ്റ്റേഷന്‍പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുമെന്ന വിലയിരുത്തലിലായിരുന്നു സര്‍ക്കാര്‍ നടപടി.
അതേസമയം മറ്റു മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പോലുമാകാത്ത തരത്തിലേക്ക് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് സമീപകാലത്ത് പൊലീസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍. എസ്.എച്ച്.ഒമാര്‍ ചുമതലയേറ്റെടുത്തതോടെ സി.ഐമാരും എസ്.ഐമാരും അന്വേഷിക്കേണ്ട കേസുകളെ സംബന്ധിച്ചും തര്‍ക്കമുണ്ടായി. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഡി.ജി.പി രണ്ടു സര്‍ക്കുലറുകള്‍ ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. വരാപ്പുഴ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും സര്‍ക്കുലര്‍ ഇറക്കി. ഗൗരവതരമായ കേസുകള്‍ ഡിവൈ.എസ്.പിമാര്‍ നേരിട്ട് അന്വേഷിക്കണമെന്നായിരുന്നു പുതിയ നിര്‍ദ്ദേശം. എന്നാല്‍ ഇതും വേണ്ട രീതിയില്‍ നടപ്പായില്ല.
advertisement
അടുത്തിടെ പൊലീസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിവാദങ്ങളെല്ലാം എസ്.ഐമാരുടെ തന്നിഷ്ടപ്രകാരമുള്ള ഇടപെടലുകളെ തുടര്‍ന്നുണ്ടായവയാണ്. ഏറ്റവും അവസാനമായി കോട്ടയത്ത് കെവിന്‍ എന്ന യുവാവിന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളും എസ്.ഐയുടെ പിടിപ്പുകേടില്‍ നിന്നുണ്ടായതാണ്. വരാപ്പുഴയിലെ കസ്റ്റഡി മരണവും വിദേശവനിത ലിഗയുടെ തിരോധാനവുമൊക്കെ ലാഘവത്തോടെ കൈകാര്യം ചെയ്തത് പൊലീസിന് ചീത്തപ്പേരുണ്ടാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
തലതിരിഞ്ഞ പരിഷ്ക്കാരം പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നു
Next Article
advertisement
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
ക്രിസ്തുമതത്തിൽ ആകൃഷ്ടനായി മതം മാറി; ധ്യാനവും ചാരിറ്റി പ്രവർത്തനവും; കുടുംബപ്രശ്നം തീർ‌ക്കുന്നതിനിടെ അക്രമാസക്തനായി
  • മാരിയോ ജോസഫ്-ജിജി മാരിയോ ദമ്പതികൾ തമ്മിൽ അക്രമാസക്തമായ വഴക്കിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.

  • മാരിയോ ജോസഫ് ജിജിയുടെ തലയ്ക്ക് സെറ്റ് അപ് ബോക്സ് കൊണ്ട് അടിച്ചുവെന്ന് പരാതിയിൽ പറയുന്നു.

  • മാരിയോ-ജിജി ദമ്പതികൾ ധ്യാനവും ജീവകാരുണ്യവും നടത്തുന്നു.

View All
advertisement