• HOME
 • »
 • NEWS
 • »
 • opinion
 • »
 • 'നേരെ വാ നേരെ പോ എന്ന മട്ടിലേ ഞാൻ നീങ്ങൂ‘; അറ്റ്ലസ് രാമചന്ദ്രനെക്കുറിച്ച് പഴയ സുഹൃത്ത്

'നേരെ വാ നേരെ പോ എന്ന മട്ടിലേ ഞാൻ നീങ്ങൂ‘; അറ്റ്ലസ് രാമചന്ദ്രനെക്കുറിച്ച് പഴയ സുഹൃത്ത്

ജുവല്ലറി അടച്ച് നേരത്തെ എത്തുന്ന ദിവസങ്ങളിൽ രാമചന്ദ്രൻസർ എൻ്റെ സൂപർമാർക്കറ്റിനു മുൻപിൽ കാർ നിർത്തിയിയിടും. കട അടച്ചശേഷമേ പിന്നെ അദ്ദേഹം വീട്ടിൽ പോകൂ. പലപ്പോഴും പറഞ്ഞ് വന്ന കഥകൾ അവസാനിപ്പിക്കാൻ വേണ്ടി, എന്നോടൊപ്പം എൻ്റെ ഫ്ലാറ്റിൻ്റെ താഴെ വരെ നടക്കും.

 • Share this:
  ശശി ചിറയിൽ

  മൂന്ന് പതിറ്റാണ്ട് മുമ്പ്. വല്ലപ്പോഴും വീണു കിട്ടുന്ന മഴയിൽ കുതിർന്ന ഒരു ദുബായ് സന്ധ്യ. ബർദുബായ് റോളാ സ്ട്രീറ്റ്. മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നതിനാൽ സൂപ്പർ മാർക്കറ്റിൽ തിരക്ക് വളരെ കുറവായിരുന്നു. ഗേറ്റിനരികെയുള്ള ക്യാഷ് കൗണ്ടറിൽ നിന്നിരുന്ന എൻ്റെയരികിലേക്ക് ഡബിൾ പാർക്കിംഗിൽ ഹസാഡ് ലൈറ്റിട്ട് നിർത്തിയ മെഴ്സിഡസിൽ നിന്നും കഷണ്ടി കയറിയ തലയുമായി പൊക്കം കുറഞ്ഞ വെളുത്ത് തുടുത്ത ഒരു ഫുൾ സൂട്ടുകാരൻ ഓടി വന്നു.

  ‘മിസ്റ്റർ ശശി?‘
  ‘യേസ്. ‘ഞാൻ ഗൗരവത്തോടെ തലയാട്ടി.
  ‘ഞാൻ രാമചന്ദ്രൻ. ഗോൾഡ് സൂക്കിൽ ഒരു കൊച്ച് ജുവല്ലറി ഔട്ട്ലെറ്റ് തുറന്നിട്ടുണ്ട്.’
  അതിന് എനിക്കെന്താ എന്ന മട്ടിൽ ഞാൻ അയാളെ ഒരൊഴുക്കൻ മട്ടിൽ നോക്കി.
  ‘ഇന്ദു, എൻ്റെ ഭാര്യ, പറഞ്ഞു അവൾക്ക് നിങ്ങടെ സൂപർ മാർക്കറ്റ് വളരെ ഇഷ്ടമായെന്ന്. പ്രത്യേകിച്ച് നാട്ടിൽ നിന്ന് ഇമ്പോർട്ട് ചെയ്യുന്ന നാടൻ പച്ചക്കറികൾ. മഴയായത്കൊണ്ട് ജുവല്ലറി നേരത്തെ അടച്ചു. അപ്പോൾ തോന്നി ഇവിടെ ഒന്ന് കേറിയിട്ട് പോകാമെന്ന്‘
  ‘മഴയൊക്കെ പോയല്ലോ? രാമചന്ദ്രൻ സാർ വരു, ഞാൻ താങ്കൾക്കീ സൂപ്പർ മാർക്കറ്റ് ഒന്ന് പരിചയപ്പെടുത്തി തരാം‘
  ‘കാർ..“ എന്ന് പറഞ്ഞദ്ദേഹം പുറത്തേക്ക് നോക്കി.
  ‘വേണൂ' സൂപ്പർമാർക്കറ്റിലെ ഡ്രൈവറെ വിളിച്ച് ഞാൻ പറഞ്ഞു. ‘സാറിൻ്റെ കാർ പാർക്ക് ചെയ്യ്‘

  Also Read- 'വൈശാലി രാമചന്ദ്രൻ ' ആയി വന്ന അറ്റ്‌ലസ് രാമചന്ദ്രൻ; നല്ല സിനിമകളുടെ നിർമാണത്തിൽ നിന്ന് നടനായ അക്ഷരശ്ലോകപ്രേമി

  സംഭവബഹുലമായ, എന്നാൽ തികച്ചും സാധാരണമായ ഒരു സൗഹൃദത്തിൻ്റെ കണ്ണിയുടെ തുടക്കം അങ്ങനെയായിരുന്നു.
  ഓഫീസിലിരുന്ന് ഒരു സുലൈമാനിയുടെ ചൂടിലും മധുരത്തിലും ഇന്ത്യയിലേയും തുടർന്ന് കുവൈറ്റിലേയും ബാങ്ക് ജീവിതത്തെപ്പറ്റിയും കുവൈറ്റിൽ ജുവല്ലറി തുടങ്ങാനുള്ള കാരണത്തേയുമൊക്കെപ്പറ്റി അദ്ദേഹം വാചാലനായി. ഗൾഫ് ജുവല്ലറികളുടെ ചരിത്രത്തിലാദ്യമായി ഒരു സിനിമാനടിയെക്കൊണ്ട് താനൊരു പരസ്യചിത്രം ഉണ്ടാക്കിയ കാര്യം പറഞ്ഞപ്പോൾ “ഓ ശോഭനാ‘ എന്ന് തുടങ്ങുന്ന ആ പരസ്യവാചകം ഇദ്ദേഹത്തിൻ്റേതായിരുന്നോ എന്ന് ഞാൻ അത്ഭുതം കൂറി. സൂപർമാർക്കറ്റ് അടയ്ക്കുന്ന സമയം വരെ, കുവൈറ്റ് യുദ്ധം, ജ്വല്ലറിയിലെ കൊള്ളയടി, കുവൈറ്റിൽ നിന്നുള്ള പലായനം തുടങ്ങി അച്ഛൻ കമലാകരമേനോനും അക്ഷരശ്ലോകസദസ്സും നാട്ടിൽ പണിയുന്ന വീടും വരെയെത്തി ആ അനർഗ്ഗള വാഗ്ധോരണീ പ്രവാഹം.

  പിന്നീട് അതൊരു പതിവായി. ജുവല്ലറി അടച്ച് നേരത്തെ എത്തുന്ന ദിവസങ്ങളിൽ രാമചന്ദ്രൻസർ എൻ്റെ സൂപർമാർക്കറ്റിനു മുൻപിൽ കാർ നിർത്തിയിയിടും. കട അടച്ചശേഷമേ പിന്നെ അദ്ദേഹം വീട്ടിൽ പോകൂ. പലപ്പോഴും പറഞ്ഞ് വന്ന കഥകൾ അവസാനിപ്പിക്കാൻ വേണ്ടി, എന്നോടൊപ്പം എൻ്റെ ഫ്ലാറ്റിൻ്റെ താഴെ വരെ നടക്കും. ‘സാരമില്ല, മൂന്ന് ബിൽഡിംഗ് അപ്പുറത്തുള്ള ഫ്ലാറ്റിലല്ലേ ഞാൻ താമസിക്കുന്നത്‘ എന്നായിരിക്കും സമാധാനപ്പെടുത്തുക.

  പിന്നീട് ദുബായ് ഗോൾഡ് സൂക്കിൻ്റെ ഒന്നാം നിലയിൽ വലിയ ഒരു ഷോറൂം വാടകക്ക് എടുത്ത് ജുവല്ലറി വിപുലീകരിച്ചപ്പോൾ ഉദ്ഘാടനത്തിന് അദ്ദേഹം എന്നെയും ക്ഷണിച്ചിരുന്നു. മറ്റുള്ള ജുവല്ലറിക്കാർ വമ്പൻ ഓഫറുകളുമായി കസ്റ്റമേഴ്സിനെ ആകർഷിക്കാൻ ശ്രമിക്കുമ്പോൾ, വലിയ പരസ്യവാചകങ്ങളുടെ അകമ്പടിയോടെ, അദ്ദേഹം നൽകിയ ഓഫറുകൾ അപഹാസ്യമെന്ന് വിധിയെഴുതപ്പെട്ടു. അറ്റ്ലസ് സ്റ്റുഡിയോവിൽ നിന്ന് ഫ്രീ ആയി ഫോട്ടോ എടുക്കാനുള്ള കൂപ്പൺ, (ഒരു ഫോട്ടോ എൻലാർജ് ചെയ്യപ്പെടും) അറ്റ്ലസ് ജുവല്ലറിയുടെ കലണ്ടർ, ജുവല്ലറിയുടെ പേർ ആലേഖനം ചെയ്ത കുട!

  Also Read- 'കഴിഞ്ഞയാഴ്ച ദുബായിൽ കണ്ടപ്പോൾ തിരിച്ചുവരുമെന്ന് പറഞ്ഞിരുന്നു'; അറ്റ്ലസ് രാമചന്ദ്രനെക്കുറിച്ച് കെ.ടി കുഞ്ഞുമോൻ

  ഇതേപ്പറ്റി ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഹൃദയത്തെ സ്പർശിക്കുന്നതായിരുന്നു:
  ‘കസ്റ്റമേഴ്സിനെ പറ്റിച്ചും വെട്ടിച്ചും കാശുണ്ടാക്കുന്നവർക്ക് അതൊക്കെ ആവശ്യമാണു ശശീ. പ്രായശ്ചിത്തം പോലെയാണ് അവരതൊക്കെ ചെയ്യുന്നത്. എനിക്കതിൻ്റെ ആവശ്യമില്ല. കാരണം ഞാൻ വിൽക്കുന്നത് നല്ല സ്വർണ്ണമാണ്.‘

  ആയിടെ വളരെ താത്പര്യപൂർവം ആവശ്യപ്പെട്ട ഒരു കാര്യം സാധിച്ചുകൊടുക്കാൻ സാധിക്കാതിരുന്നതിൽ അദ്ദേഹത്തിനെന്നോട് പരിഭവം തോന്നിയതും ഓർമ്മിക്കുന്നു.

  ‘ബർ ദുബായിൽ എനിക്കൊരു ഔട്ട്ലെറ്റ് വേണം. പുതിയ ഒരു കട എടുക്കാനും ഡെക്കറേറ്റ് ചെയ്യാനും നല്ല മുതൽ മുടക്ക് ആവശ്യമാണ്. കുവൈറ്റ് ഗവർമെൻ്റിൻ്റെ നഷ്ടപരിഹാരം കിട്ടിയാലേ എനിക്കൊന്ന് പിടിച്ച് നിൽക്കാനാകൂ. തൻ്റെ സൂപർ മാർക്കറ്റിൻ്റെ ഒരു കോണിൽ ഒരു ‘കിയോസ്ക്‘, ഒരു സ്റ്റാഫിനിരിക്കാനുള്ള സ്ഥലം. അത്ര മതി. അതിൽ പിടിച്ച് ഞാൻ കേറിക്കൊള്ളാം.‘

  സ്റ്റേജ് ദുബായ് എന്ന ഞങ്ങളുടെ ഗ്രൂപ് യു എ ഇ യിലും ഗൾഫിലാകെയും ‘താരഷോ‘കൾ നടത്തുന്ന കാലം. വൈശാലി സിനിമ സൂപർ ഹിറ്റാക്കിയ പരിവേഷത്തിൽ നിൽക്കുന്ന ‘വൈശാലി രാമചന്ദ്രനെയല്ലാതെ മറ്റാരെ സ്പോൺസർ ആയി പരിഗണിക്കും? ആൾ റെഡിയാണ്. പക്ഷേ ഫൈനലൈസ് ചെയ്യാൻ ഒരുങ്ങിയെത്തുമ്പോൾ അദ്ദേഹത്തിൻ്റെ ബജറ്റ് ചുരുങ്ങി ചുരുങ്ങി വരും.

  ഇന്ദുവേച്ചി ഉണ്ടാക്കുന്ന ചായ എത്രവട്ടം കുടിച്ചാലും ഒരു തീരുമാനത്തിലെത്തിച്ചേരാൻ കഴിയാറില്ല.
  പണം തുച്ഛം. പക്ഷേ ഡിമാൻ്റുകളോ ഒന്നിനൊന്ന് മെച്ചവും. അവസാനം ജുവല്ലറിയുടെ ഒരു ബാനർ തരാം, പക്ഷേ അത് ഞാൻ പറയുന്ന സ്ഥലത്ത് തന്നെ കെട്ടണം എന്ന വ്യവസ്ഥയിൽ കരാറുറപ്പിച്ച് ഞങ്ങൾക്ക് തിരിച്ച് പോരേണ്ടി വരും, പിശുക്കൻ എന്ന പേർ വെറുതെ ഉണ്ടായതല്ല എന്ന് പരസ്പരം പിറുപിറുത്തുകൊണ്ട്.
  പിന്നാലെ വന്ന രണ്ട് ജുവല്ലറി ഗ്രൂപ്പുകൾ തലങ്ങും വിലങ്ങും ശാഖകൾ ആരംഭിക്കുന്ന കാര്യവും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് മുന്നേറുന്ന കാര്യവും ശ്രദ്ധയിൽ പെടുത്തിയപ്പോൾ അദ്ദേഹം ഉറക്കെ ചിരിക്കുകയാണു ചെയ്തത്.

  ‘എന്തെല്ലാം തിരിമറികളാണ് അതിൻ്റെയൊക്കെ പിറകിലെന്ന് അറിയാതെയാണോ ഈ ചോദ്യം? നേരെ വാ, നേരെ പോ എന്ന മട്ടിലേ ഞാൻ നീങ്ങൂ‘
  പക്ഷേ ഇത് പറഞ്ഞ രാമചന്ദ്രൻസർ തന്നെ താമസിയാതെ തലങ്ങും വിലങ്ങുമായി നാല്പതിലധികം ബ്രാഞ്ചുകൾ തുറന്നത് എന്തിനെന്നത് അദ്ദേഹത്തിൻ്റെ ബിസിനസ് മൈൻഡിൽ പെട്ടെന്ന് സംഭവിച്ച വ്യതിയാനമായി കണക്കാക്കണം. അതായിരുന്നു അദ്ദേഹത്തിൻ്റെ ഒടുക്കത്തിൻ്റെ തുടക്കവും.

  അക്ഷരശ്ലോകം പോലെ തന്നെയുള്ള കമ്പമായിരുന്നു അദ്ദേഹത്തിനു അഭിനയത്തോടും. ഗൾഫിൽ വച്ച് ഷൂട്ട് ചെയ്ത പല ചിത്രങ്ങളുടെയും സീരിയലുകളുടേയും ഭാഗമാകാൻ അദ്ദേഹം നേരിട്ടപേക്ഷിക്കുമായിരുന്നു, അത് വെറും തറ കോമഡിയാണെങ്കിൽ പോലും.

  സിനിമാനിർമ്മാണവും അദ്ദേഹത്തിൻ്റെ മറ്റൊരു വിഹാരരംഗമായിരുന്നു. പിശുക്കനെന്ന് ആളുകൾ വിശേഷിപ്പിക്കുന്ന അദ്ദേഹം ഈ ഒരു കാര്യത്തിൽ മാത്രം അല്പവും ലുബ്ധ് കാണിച്ചിരുന്നില്ല.

  ‘ഹോളി ഡേയ്സ്“ എന്ന ചിത്രം നിർമ്മിച്ച് സംവിധാനം ചെയ്ത് ഏഴുനിലയിൽ പൊട്ടിയ ശേഷമുള്ള നാളുകളിലൊന്നിൽ ആണു അദ്ദേഹത്തെ ഞാൻ ദുബായ് കൊച്ചി ഫ്ലൈറ്റിൽ കണ്ട് മുട്ടുന്നത്. തീരെ അവശനായിരുന്ന അദ്ദേഹം നടന്നിരുന്നത് കൈയിലൊരു ഊന്ന് വടിയുടെ സഹായത്തോടെ ആയിരുന്നു. ഞങ്ങളുടെ സീറ്റുകൾ അകലെയായിരുന്നു, ഫ്ലൈറ്റാണെങ്കിൽ ഫുള്ളി ബുക്ക്ഡും. അതിനാൽ കൈകളുയർത്തി അഭിവാദ്യം ചെയ്യാനേ കഴിഞ്ഞുള്ളൂ.

  ഫ്ലൈറ്റിൽ നിന്ന് പടികൾ ഇറങ്ങാൻ സഹായിച്ച ശേഷം, കൂടെ വന്ന സഹായി എത്തും വരെ, ഞങ്ങൾ സംസാരിച്ചു. എന്റെ ഭാര്യ പ്രേമയോട് പഴയ ഉന്മേഷത്തോടെ കുശലപ്രശ്നങ്ങളും നടത്തി.
  ‘മനുഷ്യൻ്റെ മനസ്സിൽ ചില ആഗ്രഹങ്ങളൊക്കെ കാണില്ലേടോ? ഈ ജന്മത്തിൽ തന്നെ അതൊക്കെ നടത്തണമെന്ന് നിർബന്ധമുണ്ടെനിക്ക്. താനിപ്പോ അത്ര മനസ്സിലാക്കിയാൽ മതി. എന്തായാലും സിനിമാ മേഖലയിലേക്ക് ഇനി ഒരു പോക്കുണ്ടാവില്ലാ. മതിയോ?!“

  എൻ്റെ ആദ്യപുസ്തകത്തിൻ്റെ ദുബായ് റിലീസ് ചടങ്ങുകളെപ്പറ്റി ആലോചിച്ചപ്പോൾ പുസ്തകം ഏറ്റ് വാങ്ങാൻ പറ്റിയ രണ്ട് സ്നേഹിതരുടെ മുഖങ്ങളാണു മനസ്സിൽ തെളിഞ്ഞത്. ഒന്ന് ഡോ ആസാദ് മൂപ്പൻ, മറ്റേത് അറ്റ്ലസ് രാമചന്ദ്രൻ.

  ‘ഞാൻ ആ ഒരാഴ്ച ദുബായിലുണ്ടാവില്ലല്ലോ ശശീ. കൊച്ചിയിൽ പണി നടന്ന് കൊണ്ടിരിക്കുന്ന, എല്ലാം ഗോൾഡ് മയമായ എൻ്റെ ഡ്രീം പ്രൊജെക്ടിനെപ്പറ്റി കേട്ട് കാണുമല്ലോ അല്ലേ? ഗോൾഡ് ടവർ! അതിൻ്റെ കൺസൽട്ടൻ്റും കോണ്ട്രാക്ടറുമായുള്ള മീറ്റിംഗ് ആണു ആ ഒരാഴ്ച മുഴുവൻ. ഡേറ്റ് നിശ്ചയിച്ചതല്ലേ? ഫംഗ്ഷൻ നടക്കട്ടേ. അഡ്വാൻസായി എൻ്റെ ആശംസകൾ. ബുക്കിൻ്റെ ഒരു കോപ്പി പേരെഴുതി ഒപ്പിട്ട് വീട്ടിലേക്ക് കൊടുത്ത് വിടാൻ മറക്കണ്ടാ ട്ടോ“

  പിന്നെയാണു ഒരു ദിവസം അശനിപാതം പോലുള്ള ആ ന്യൂസ് കേൾക്കുന്നത്. അറ്റ്ലസ് രാമചന്ദ്രൻ പോലീസ് കസ്റ്റഡിയിൽ! വീട്ടിലെ അലോസരങ്ങൾ, കമ്പനിയിലെ മിസ് മാനേജ്മെൻ്റ്, അസമയത്തുള്ള മുംബയ് സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവേശനം തുടങ്ങി ഏറെ ആരോപണങ്ങളും കിംവദന്തികളും ചുറ്റും പറന്നു നടന്നു. ജയിലിലെ അദ്ദേഹത്തിൻ്റെ ദയനീയാവസ്ഥയെപ്പറ്റിയും അസുഖങ്ങളെപ്പറ്റിയും കേട്ടപ്പോൾ ജെയിലിൽ ചെന്നുള്ള ഒരു സന്ദർശനത്തിനു മനസ്സനുവദിച്ചില്ല. ‘ഉടനെ പുറത്ത് വരുമല്ലോ, അപ്പോൾ പോയി കാണാമല്ലോ?‘

  അവസാനമായി അദ്ദേഹത്തെ കാണുന്നത് മൂന്ന് വർഷം മുൻപാണ്. ഷാർജാ ഇൻ്റർനാഷണൽ ബുക്ക് ഫെയറിൽ അധികമാരുടേയും അകമ്പടിയില്ലാതെ സ്റ്റാളുകൾ കേറി ഇറങ്ങുകയായിരുന്നു അദ്ദേഹം. ഇടക്ക് ചിലർ ഫോട്ടോക്ക് പോസ് ചെയ്യുവാൻ വേണ്ടി ക്ഷണിക്കുമ്പോൾ ഒരു പുഞ്ചിരിയോടെ അദ്ദേഹം അനുസരിക്കുന്നു. ക്ഷീണം തോന്നിച്ചെങ്കിലും വസ്ത്രധാരണത്തിലും മുഖപ്രസാദത്തിലും ഒരു മാറ്റവുമില്ലെന്ന് തോന്നി.
  സ്റ്റാളിൻ്റെ മൂലയിൽ കൂട്ടുകാരൻ ‘പാർപ്പിടം സതീശി‘നോടൊപ്പം, അല്പം കുറ്റബോധത്തോടെ, ഒതുങ്ങി നിന്നിരുന്ന എന്നെ പെട്ടെന്ന് തന്നെ അദ്ദേഹം കണ്ടു പിടിച്ചു. ‘ശശിയല്ലേ അത്. എടോ താൻ ദുബായ് ഉപേക്ഷിച്ച് പോയെന്നാണല്ലോ ഞാൻ കേട്ടത്? വീണ്ടും വന്നോ?‘
  ‘ഇല്ല, വിസിറ്റിലാണ്.“

  ‘വാ, പോകും മുൻപ് വീട്ടിലേക്ക്. നമുക്ക് പറയാൻ ഒരു പാട് കഥകളുണ്ടല്ലോ അല്ലേ?‘ അദ്ദേഹം ക്ഷണിച്ചു.
  തോൽക്കാനെനിക്ക് മനസ്സില്ല എന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു ആ വാക്കുകൾ!

  രാമചന്ദ്രൻ എന്ന കലാകാരനു, പ്രിയപ്പെട്ട ഒരു സ്നേഹിതനു, ദയാലുവായ മനുഷ്യസ്നേഹിക്ക് കണ്ണീരോടെ വിട!

  (ഇരിങ്ങാലക്കുട സ്വദേശിയായ ശശി ചിറയിൽ നാലുപതിറ്റാണ്ടോളം ദുബായിൽ ജോലി ചെയ്തു. എഴുത്തുകാരനായ ഇദ്ദേഹത്തിന്‍റെ മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്)
  Published by:Rajesh V
  First published: