അനു നാരായണൻ
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്
അമേഠി- വിജയി. കോണ്‍ഗ്രസ് സ്ഥാനാർഥി രാഹുല്‍ ഗാന്ധി. തോല്‍പ്പിച്ചത് ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനിയെ. ഭൂരിപക്ഷം 1,00,903 വോട്ട്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ രാഹുലും കോണ്‍ഗ്രസും വിജയിച്ചു ശീലിച്ച ഗാന്ധി കുടുംബത്തിന്റെ കുത്തക മണ്ഡലത്തിൽ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ സ്മൃതിക്കായി.
തിരുവനന്തപുരം- വിജയി. കോണ്‍ഗ്രസ് സ്ഥാനാർഥി ഡോ.ശശി തരൂർ.പരാജയപ്പെട്ടത് ബി ജെപി സ്ഥാനാർഥി ഒ രാജഗോപാൽ ഭൂരിപക്ഷം 15,470 വോട്ടുകൾ. തരൂരിന് 2,97,806 വോട്ടുകള്‍ കിട്ടിയപ്പോള്‍ രാജഗോപാലിന് 2,82,336 വോട്ടുകള്‍.
2019
അമേഠി- വിജയി. ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി. പരാജപ്പെടുത്തിയത് കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാർഥി രാഹുല്‍ ഗാന്ധിയെ. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇറാനിയുടെ വിജയം.
തിരുവനന്തപുരം- വിജയി. കോണ്‍ഗ്രസ് സ്ഥാനാർഥി ഡോ.ശശി തരൂർ. പരാജയപ്പെട്ടത് ബി ജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ഭൂരിപക്ഷം 99989 വോട്ട്. തരൂരിന്റെ ഭൂരിപക്ഷത്തിൽ ഏതാണ്ട് 85000 വോട്ടിൽ 10 ശതമാനം വർധന.
ഇത് എന്തു കൊണ്ട് സംഭവിച്ചു എന്ന ചോദ്യത്തിനുത്തരം വിജയം ഇനിയും പ്രതീക്ഷിക്കുന്നുവെങ്കിൽ ബിജെപിയുടെ കേരള ഘടകം പാഠ്യവിഷയമാക്കേണ്ടതാണ്.
അന്ന് തോറ്റെങ്കിലും സ്മൃതി ഇറാനി മന്ത്രിയായി. ലോക്സഭയില്‍ നടന്ന ഒരു ചര്‍ച്ചയില്‍ തന്നെ സ്മൃതി, രാഹുലിന് മുന്നറിയിപ്പു നല്‍കിയിരുന്നു, അമേഠിയില്‍ അടുത്ത തവണയും എന്നെത്തന്നെ നേരിടേണ്ടി വരും എന്ന്. എന്നാൽ വെല്ലുവിളി നടത്തി മന്ത്രിസ്ഥാനത്തിന്റെ ഗ്ലാമറുമായി ശീതീകരിച്ച മുറിയില്‍ ഇരുന്നില്ല അവര്‍. പകരം കൃത്യമായ ഇടവേളകളില്‍, വര്‍ഷത്തില്‍, മാസത്തില്‍, ഒരുതവണയെന്ന നിലയില്‍, അമേഠിയിലെത്തി. അവിടുത്തെ ഓരോ കുടിലിലും വീട്ടിലും കയറിയിറങ്ങി. ജനങ്ങളോട് സംസാരിച്ചു. അവരിലൊരാളാണ് താനെന്ന തോന്നല്‍ നല്‍കാന്‍ കഴിഞ്ഞു. പിന്നെ ബൂത്ത് തലം മുതല്‍ ചിട്ടയായ പ്രവര്‍ത്തനം കാഴ്ചവച്ചു. ഒടുവില്‍ അമേഠിയിലെ രാജകുമാരനെ തോല്‍പ്പിച്ച് 2019 ലെ സൂപ്പര്‍സ്റ്റാറായി സ്മൃതി മാറി.
തിരുവനന്തപുരത്ത് സ്മൃതി ഇറാനിയെ പോലെ വെല്ലുവിളി ഏറ്റെടുക്കാന്‍ ബിജെപിയ്ക്ക് നേതാക്കളില്ലാതെ പോയി. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച കുമ്മനം രാജശേഖരന്‍ തന്നെയാകും തിരുവനന്തപുരത്തെ ലോക്സഭാ സ്ഥാനാർഥിയെന്ന് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം തന്നെ ഏറെക്കുറെ ഉറപ്പിച്ചതാണ്. പക്ഷെ തുടർന്നു നടന്നതോ ആശയക്കുഴപ്പങ്ങളുടെ മാലപ്പടക്കവും. നാമനിർദേശ പട്ടിക സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെയെയാണ് തൃശ്ശൂരിൽ സുരേഷ് ഗോപി സ്ഥാനാർത്ഥിയായായത്. പക്ഷെ 17 ദിവസം പ്രചാരണം കൊണ്ട് കൊണ്ട് അദ്ദേഹം കരസ്ഥമാക്കിയ വോട്ടുകൾ ഇരു മുന്നണികളിലും ഞെട്ടലുളവാക്കി എന്നത് യാഥാർഥ്യം. വിജയ പ്രതീക്ഷയുമായി പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ എത്തിയതും സമാനമായ സാഹചര്യത്തിലായിരുന്നു. ബിജെപി രാഷ്ട്രീയമായി ഇത്രയും എതിര്‍പ്പ് നേരിടുന്ന സംസ്ഥാനമുണ്ടാകില്ല. അവിടെ തെരഞ്ഞെടുപ്പു വിജയം നേടണമെങ്കില്‍ കുറഞ്ഞത് പത്തുവര്‍ഷത്തെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനമായിരുന്നു വേണ്ടത്. ഒന്നാലോചിച്ചാൽ, പാലക്കാട് ഒഴികെ ഒരു മാസം എങ്കിലും മണ്ഡലം പരിചയമുള്ള മറ്റൊരു സ്ഥാനാർഥി പോലും കേരളത്തിലെ എൻ. ഡി. എ മുന്നണിയിൽ ഇല്ലായിരുന്നു എന്നതല്ലേ വാസ്തവം ?
കേവലം ഒരു മാസം മാത്രം മുമ്പ് സ്ഥാനാർഥിയെ നിര്‍ണയിച്ച് വിജയിക്കാന്‍ ഇത് ഗുജറാത്തിലെ നവസാരിയോ ഗാന്ധിനഗറോ, ഉത്തർ പ്രദേശിലെ വാരണാസിയോ അല്ലെന്ന് എന്താണ് ബിജെപി നേതൃത്വം തിരിച്ചറിയാതെ പോയത് ? ശബരിമല സുവർണാവസരമാകും എന്ന ചിന്തയുടെ മാത്രം ചിറകിലേറി തെരഞ്ഞെടുപ്പ് വിജയിക്കാമെന്ന വ്യാമോഹം അസ്ഥാനത്തായി എന്നത് പകല്‍ പോലെ വ്യക്തമായി.
സ്മൃതി ഇറാനി ആദ്യം ചെയ്തത് അമേഠിയിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ അവിടെ നിന്നു തന്നെ ചിലരെ കണ്ടെത്തുകയായിരുന്നു. വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഗ്രാമങ്ങളിലൂടെ അവര്‍ സഞ്ചരിച്ച് ജീവിതപ്രശ്നങ്ങളും ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നും അറിഞ്ഞു. പിന്നീട് സര്‍ക്കാരിന്റെ സഹായത്തോടെ ഇവ നടത്തിക്കൊടുക്കാന്‍ തുടങ്ങി. എന്നു മാത്രമല്ല, ഈ സഹായങ്ങള്‍ക്ക് പിന്നില്‍ താനാണെന്ന് നേരിട്ട് മണ്ഡലത്തിലെത്തി ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. മുദ്രലോണും മറ്റ് കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിച്ചവരുടെ മണ്ഡലാടിസ്ഥാനത്തിലുള്ള പട്ടിക ബിജെപിയുടെ കേന്ദ്ര ഗവേഷക വിഭാഗം എല്ലാ സംസ്ഥാനങ്ങള്‍ക്കും കൈമാറിയിരുന്നു.

എന്നാൽ വിജയം ഏതാണ്ട് തൊട്ടടുത്തെത്തിയ തിരുവനന്തപുരത്തെ എത്ര മണ്ഡലങ്ങളില്‍ ഇങ്ങനെ വ്യക്തികളെ പോയി കാണാന്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു സംവിധാനത്തിന് കഴിഞ്ഞു? കുമ്മനത്തെ ഗവര്‍ണറാക്കിയപ്പോള്‍ അത് ഗുണത്തേക്കാളേറെ ദോഷം മാത്രമാണുണ്ടായതെന്ന് അദ്ദേഹം പോലും സമ്മതിക്കും. കേരളത്തിലെ ബിജെപിയുടെ മുഖത്തെ ഒറ്റയടിക്ക് പറിച്ചെറിഞ്ഞതോടെ പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം പോലും നഷ്ടമായി. മുന്‍പ് പ്രതിസന്ധി ഘട്ടങ്ങളില്‍ ഇരുത്തം വന്ന നിലപാട് എടുത്തിട്ടുള്ള കുമ്മനത്തിന്റെ അസാന്നിധ്യം ശബരിമല വിഷയത്തില്‍ സംസ്ഥാനത്തുടനീളം പ്രകടമായിരുന്നു. രാഷ്ട്രീയ സ്വയം സേവക സംഘത്തിനും ബിജെപിയ്ക്കുമിടയിൽ ആശയവിനിമയത്തിലുണ്ടായ ഗുരുതരമായ പിഴവാണ് ശബരിമല വിഷയത്തില്‍ കെട്ടു പൊട്ടിയ പട്ടം പോലെ ബിജെപി നട്ടം തിരിയാൻ ഇടയാക്കിയത്.
അവസാനമണിക്കൂറുകളിൽ തീരുമാനങ്ങളെടുക്കുന്നത് അവസാനിപ്പിച്ച് പാര്‍ലമെന്ററി മോഹമുള്ള നേതാക്കള്‍ അവരവര്‍ക്ക് ബോധ്യമായ മണ്ഡലങ്ങളില്‍ ജയപരാജയങ്ങളേക്കാള്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കൊപ്പം ഉണ്ടെന്ന തോന്നല്‍ നല്‍കാന്‍ സാധിക്കുന്ന തരത്തിൽ സജീവമായിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ. അതിനോടൊപ്പം പരിവാര്‍ പ്രസ്ഥാനങ്ങളുടെ പിന്തുണയും നിർണായകമാണ്. മറിച്ച് ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതം വയ്ക്കലുകളും നൂലില്‍ കെട്ടിയിറക്കുന്ന സ്ഥാനാർഥികളും തെരഞ്ഞെടുപ്പില്‍ വിജയം കൊണ്ടു വരില്ലെന്ന് അനുഭവം തെളിയിച്ചു കഴിഞ്ഞു.
സ്മൃതി ഇറാനി ഒരു വലിയ രാഷ്ട്രീയ പാഠമാണ്. പക്ഷേ ആ പാഠം രാഹുലിനേക്കാള്‍ കൂടുതല്‍ പഠിക്കേണ്ടത് ബിജെപിയുടെ സംസ്ഥാന നേതൃത്വമാണെന്ന് മാത്രം.
(ഫ്രീലാൻസ് എഴുത്തുകാരനാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.