നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • opinion
  • »
  • കുമ്മനത്തിന് പകരക്കാരനില്ല; കോണ്‍ഗ്രസിലെ കലാപം മുതലക്കാനാകാതെ ബി.ജെ.പി

  കുമ്മനത്തിന് പകരക്കാരനില്ല; കോണ്‍ഗ്രസിലെ കലാപം മുതലക്കാനാകാതെ ബി.ജെ.പി

  • Last Updated :
  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന തമ്മിലടി രാഷ്ട്രീയമായി മുതലെടുക്കാനാകാതെ ബി.ജെ.പി. ആര്‍.എസ്.എസുമായി യോജിപ്പിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കുമ്മനം രാജശേഖരന് പകരം പുതിയ അധ്യക്ഷനെ കണ്ടെത്താനാത്ത അവസ്ഥയിലാണ് ബി.ജെ.പി. ഇതോടെ കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനു പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിപ്പുറപ്പെട്ട കലാപം അനുകൂലമാക്കാന്‍ കഴിയുന്നില്ലെന്ന വിഷമത്തിലാണ് ബി.ജെ.പി നേതാക്കള്‍.

   മെയ് 25ന് കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിഭവന്റെ വിജ്ഞാപനം വന്നതോടെയാണ് ബി.ജെ.പി പ്രതിസന്ധിയിലായത്. ആര്‍.എസ്.എസ് പ്രചാരകനായിരിക്കെ ബി.ജെ.പി സംസ്ഥാന അധ്യക്ഷസ്ഥാനത്തെത്തിയ കുമ്മനം, സംസ്ഥാനം വിട്ടുപോകാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ദേശീയനേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗവര്‍ണര്‍ പദവി ഏറ്റെടുക്കുകയായിരുന്നു. കുമ്മനത്തിന്റെ പകരക്കാരനെ നിയമിക്കാന്‍ ബി.ജെ.പി നേതൃത്വം ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. ആര്‍.എസ്.എസ് കര്‍ശന നിലപാട് തുടരുന്ന സാഹചര്യത്തിലാണ് അധ്യക്ഷ നിയമനം വൈകുന്നത്.

   2015ല്‍ സംസ്ഥാന ബി.ജെ.പിയിലുണ്ടായ വിഭാഗീയതയെ തുടര്‍ന്നാണ് ആര്‍.എസ്.എസിന്റെ ശക്തമായ ഇടപെടലുണ്ടായത്. ആര്‍.എസ്.എസ് മുന്‍കൈയെടുത്ത് കുമ്മനത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാക്കി. കുമ്മനത്തിന്റെ പകരക്കാരനായും സംഘപരിവാറിന് സ്വീകാര്യതയുള്ളയാള്‍ വരണമെന്നതാണ് അവരുടെ താല്‍പര്യം. പാര്‍ട്ടിഘടകവും മാതൃസംഘടനകളും യോജിച്ച് പ്രവര്‍ത്തിച്ച ജനസംഘത്തിന്റെ കാലത്തായിരുന്നെങ്കില്‍ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നത് എളുപ്പമായിരുന്നേനെ. ജനതാപാര്‍ട്ടി പിളര്‍ന്ന് രൂപംകൊണ്ട ബി.ജെ.പി വ്യത്യസ്തമായ രാഷ്ട്രീയമാര്‍ഗമാണ് സ്വീകരിച്ചത്. ജനസംഘം നേതാക്കളായ ഒ. രാജഗോപാലും കെ. രാമന്‍പിള്ളയും കെ.ജി മാരാരും ഉള്‍പ്പെടെയുള്ളവര്‍ ബി.ജെ.പിയുടെ മുഖമായി തുടര്‍ന്ന തൊണ്ണൂറുകളില്‍ തന്നെ സംഘപരിവാറും ബി.ജെ.പിയും തമ്മിലുള്ള യോജിപ്പിന്റെ രാഷ്ട്രീയത്തിന് മങ്ങലേറ്റുതുടങ്ങി.

   ആശയപരമെന്നതിലുപരിയായി ബി.ജെ.പിയുടേത് രാഷ്ട്രീയമായ തീരുമാനങ്ങളായതോടെയാണ് സംഘപരിവാര്‍ നേതൃത്വം അസ്വസ്ഥരായത്. 2007ല്‍ പി.കെ കൃഷ്ണദാസ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനാവുകയും കെ. രാമന്‍പിള്ള പ്രതിഷേധ സൂചകമായി പാര്‍ട്ടി വിടുകയും ചെയ്തതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നു. കൃഷ്ണദാസിന് ശേഷം മുഴുവന്‍ സമയ എ.ബി.വി.പി പ്രവര്‍ത്തകനായ വി. മുരളീധരന്‍ എത്തിയപ്പോള്‍ പലരും നെറ്റിച്ചുളിച്ചു. 2015ല്‍ മുരളീധരന്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ മുന്‍ യുവമോര്‍ച്ച പ്രസിഡന്റ് എം.ടി രമേശ് അധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്ന പ്രതീതി സൃഷ്ടിച്ചു. ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലെ ചില മലയാളി മാധ്യമപ്രവര്‍ത്തകരുമായി പോലും കേരളത്തിലെ വിവരങ്ങള്‍ ആരാഞ്ഞു. പക്ഷെ വിഭാഗീയത നിയന്ത്രണാതീതമായതോടെ ബി.ജെ.പി അംഗം പോലുമല്ലാതിരുന്ന കുമ്മനം രാജശേഖരനെ ആര്‍.എസ്.എസ് മുന്‍കൈയെടുത്ത് അധ്യക്ഷ പദത്തിലിരുത്തി.

   എന്നാല്‍ ഇപ്പോള്‍ കുമ്മനത്തിന്റെ പകരക്കാരനെ കണ്ടെത്തുന്ന കാര്യത്തില്‍ സംഘപരിവാറിനെ അനുനയിപ്പിക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിനും കഴിയുന്നില്ല. നിരവധി പേരുകള്‍ മാധ്യമങ്ങള്‍ ഇതിനോടകം ചര്‍ച്ച ചെയ്തുവെങ്കിലും ഔദ്യോഗികമായി പ്രഖ്യാപനമൊന്നും വന്നിട്ടില്ല. കഴിഞ്ഞ ദിവസം ദേശീയ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെയും കേരളത്തിന്റെ ചമുതലയുളള ദേശീയ സെക്രട്ടറി എച്ച്. രാജയുടെയും സാന്നിധ്യത്തില്‍ നടന്ന സംസ്ഥാന നേതൃയോഗത്തില്‍ ദേശീയ നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നു. മിസോറാം ഗവര്‍ണറെന്ന നിലയില്‍ കുമ്മനത്തിന് നേതൃത്വം 'പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍' നടപ്പാക്കി എന്ന വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. കുമ്മനത്തെ വീണ്ടും സംസ്ഥാന അധ്യക്ഷനായി നിയമിക്കണമെന്നും ആവശ്യമുയര്‍ന്നു. ഏറെ വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്ന് പറഞ്ഞ് നേതാക്കളെ സമാശ്വസിപ്പിക്കാന്‍ എച്ച്. രാജ ശ്രമിച്ചു.

   കോണ്‍ഗ്രസില്‍ യുദ്ധസമാനമായ അന്തരീക്ഷം സംജാതമായതോടെ ഉരുത്തിരിഞ്ഞ രാഷ്ട്രീയ അന്തരീക്ഷം തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള അവസരമാണ് ബി.ജെ.പിക്ക് നഷ്ടമായത്. ചെങ്ങന്നൂരിലെ കനത്ത തോല്‍വിയോടെയാണ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഒഴിവുവന്ന രാജ്യസഭാ സീറ്റ് ക്രൈസ്തവ വിഭാഗത്തിന് ഭൂരിപക്ഷമുള്ള പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനം കൂടി വന്നതോടെ കളത്തില്‍പോര് രൂക്ഷമായി. കോണ്‍ഗ്രസ് നേതൃത്വമെടുത്ത തീരുമാനം ന്യൂനപക്ഷ പ്രീണനമായി വ്യാഖ്യാനിക്കപ്പെട്ടു. ഐക്യ ജനാധിപത്യമുന്നണിയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും പേശീബലം കാട്ടുന്നുവെന്ന പ്രതീതി സൃഷ്ടിച്ചു.

   ഹിന്ദു വോട്ടര്‍മാരെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള അവസരമായാണ് ബി.ജെ.പി ഇതിനെ കണ്ടത്. എന്നാല്‍ ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ കാരണം ഈ അവസരം മുതലാക്കാന്‍ കഴിഞ്ഞില്ലെന്ന വികാരമാണ് ഭൂരിഭാഗം നേതാക്കള്‍ക്കുമുള്ളത്. ബി.ജെ.പിക്കായി ശബ്ദമുയര്‍ത്താന്‍പോലും ആരുമില്ലാത്ത അവസ്ഥ കനത്ത തിരിച്ചടിയായാണ് സംസ്ഥാന നേതാക്കള്‍ കാണുന്നത്. ഹൈന്ദവ വോട്ടര്‍മാരുടെ ആശങ്ക തങ്ങള്‍ക്ക് അനുകൂലമായി മാറ്റാമെന്നത് സ്വപ്നം മാത്രമായി. അതേസമയം, സി.പി.എം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ നേട്ടം കൊയ്യുമെന്ന ഭീതിയും ബി.ജെ.പിക്കുണ്ട്. കുമ്മനത്തിന് പകരക്കാരനെ കണ്ടെത്തുന്നത് അനിശ്ചിതമായി വൈകുന്നത് ബി.ജെ.പിയും സംഘപരിവാറും തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കും.

   (അനു നാരായണന്‍ ഇംഗ്ലീഷില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. അഭിപ്രായങ്ങള്‍ വ്യക്തിപരം)
   First published: