ജൂഡിനെ പോലുള്ള കുട്ടികൾ പല വീടുകളിലുമുണ്ട്...!

Last Updated:
#അനില ബിനോജ്
ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഹേയ് ജൂഡ്' എന്ന സിനിമ കണ്ടപ്പോൾ, അതിലെ ജൂഡ് എന്ന കഥാപാത്രം എന്നെ കൂട്ടിക്കൊണ്ട് പോയത് എന്റെ മകനിലേക്ക് ആയിരുന്നു. തീയറ്ററിൽ ചിലവഴിച്ചിരുന്ന ആ മൂന്ന് മണിക്കൂറും എന്റെ അമ്മുക്കുട്ടന്റെ മനസിലൂടെ ഞാൻ സഞ്ചരിക്കുകയായിരുന്നു.
സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം സാധാരണ കുട്ടികളിൽ നിന്നും വ്യത്യസ്തനായ കുട്ടിയായിരുന്നു ജൂഡ്. സ്വന്തം കുടുംബാംഗങ്ങളിൽ നിന്നും നിരന്തരം കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവനായിരുന്നു ജൂഡ്. ഇത്തിരിയെങ്കിലും ആശ്വാസം അമ്മയായിരുന്നു.
മറ്റാർക്കുമില്ലാത്ത സവിശേഷതയുള്ള പല കഴിവുകളും ജൂഡിന് ഉണ്ടായിരുന്നു. സഹപ്രവർത്തകരും വീട്ടുകാരും ജൂഡിന്റെ കഴിവുകളെ അംഗീകരിക്കുന്നതിനു പകരം നിരുൽസാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഗണിത വിദ്യകളിൽ അഗ്രഗണ്യൻ. ഫിഷറീസിൽ ജൂഡിനുള്ള അറിവ് ശാസ്ത്രലോകത്തുള്ളവർക്കു പോലും അത്ഭുതമായിരുന്നു. ഗണിതത്തിലെ അപാരമായ കഴിവ് ഡൊമനിക് എന്ന അച്ഛന് പലപ്പോഴും മനസ്സിലായിട്ടുണ്ടെങ്കിലും അംഗീകരിച്ച് കൊടുക്കാൻ തയ്യാറായിട്ടില്ല.
advertisement
ജൂഡ് എന്ന കഥാപാത്രത്തെ കുറിച്ച് ഞാനെന്തിനാണ് ഇത്രയധികം വിവരിച്ചതെന്ന് ചോദിച്ചാൽ, ഇന്ന് പല മാതാപിതാക്കളും മക്കളുടെ ചെറിയ ചെറിയ പോരായ്മ പോലും തിരിച്ചറിയാതെ പോകുന്നു. അല്ലങ്കിൽ അവരുടെ മനസ് മനസിലാക്കാതെ പോകുന്നു. കുട്ടികൾ പഠിത്തത്തിൽ മോശക്കാരായാൽ, സാധാരണയിൽ കവിഞ്ഞ് വികൃതികൾ കാണിച്ചാൽ നിരന്തരം പ്രശ്നക്കാരനായ കുട്ടിയായി മാറുമ്പോഴും എന്തുകൊണ്ട് അങ്ങനെ ആകുന്നു എന്ന് ആരെങ്കിലും ചിന്തിക്കുകയോ അല്ലങ്കിൽ അവരെ മനസിലാക്കാൻ ശ്രമിക്കുകയോ ചെയ്യാറുണ്ടോ?
ഇവിടെ ജൂഡ് എന്ന കഥാപാത്രം ഓട്ടിസത്തിന്റെ വകഭേദമായ എ എസ് ഉള്ള കുട്ടിയാണ്. അതായത് 'ആസ്പെർജെർ സിൻഡ്രോം'. പലർക്കുമിത് പുതിയ വാക്കായിരിക്കാം. "ആസ്പെർജർ സിൻഡ്രോം " ഒരു ന്യൂറോളജിക്കൽ കണ്ടീഷൻ ആണ്. ( ബൈ ബെർത്ത് )ഇതിന് പ്രത്യേകിച്ച് ചികിത്സകൾ ഒന്നുമില്ല. ഇത്തരം ഡിഫക്ട് ഉള്ളവരായിരുന്നു ഐസക് ന്യൂട്ടനും ആൽബർട്ട് ഐൻസ്റ്റൈനും തുടങ്ങിയ പ്രസിദ്ധരായ വ്യക്തികളൊക്കെ.
advertisement
ആംഗ്യത്തിലൂടെയും ഫേസ് എക്സ്പ്രഷനിലൂടെയും കാണിക്കുന്ന കാര്യങ്ങൾ ഇത്തരം കുട്ടികൾക്ക് മനസിലാകില്ല. സ്വയം കാര്യങ്ങൾ ഡിസ്കസ് ചെയ്യാനും തനിച്ചിരുന്ന് സംസാരിക്കുവാനുമാണ് ഇവർക്കിഷ്ടം. അപാര ബുദ്ധിയാണിവർക്ക്. അതുകൊണ്ട് തന്നെ റോബോട്ടിക്ക് മൈൻഡ് എന്ന് തന്നെ വിശേഷിപ്പിക്കാം. ഇവർക്ക് ഐ കോണ്ടാക്ട് തീരെ കുറവായിരിക്കും. ആരോടും കൂടുതൽ അടുപ്പമുണ്ടാകില്ല. മുഖത്ത് എപ്പോഴും ഇഷ്ടമില്ലാത്ത ചേഷ്ടകൾ കാണിച്ചു കൊണ്ടിരിക്കും.
ആസ്പെർജെർ സിൻഡ്രോം കുഞ്ഞ് ആയിരിക്കുമ്പോൾ തിരിച്ചറിയാൻ പറ്റണമെന്നില്ല. മുതിർന്ന ക്ലാസുകളിൽ എത്തുമ്പോൾ അല്ലങ്കിൽ ഒരു ജോലിക്ക് പോകുമ്പോൾ അല്ലങ്കിൽ കുടുംബ ജീവിതത്തിൽ പ്രവേശിക്കുമ്പോൾ ഒക്കെ ആയിരിക്കും ഇത്തരം ഒരു ഡിഫിക്കൽറ്റി ഉണ്ടെന്ന് തിരിച്ചറിയുന്നത്. ഈ പ്രശ്നം ഉള്ളവർ മറ്റുള്ളവരെക്കാൾ ഗ്രാസ്പിങ്ങ് പവറിലും ലാംഗ്വേജ് ഡെവലപ്മെൻറിലും മികവുറ്റവരായിരിക്കും. ഇങ്ങനെ എക്സ്ട്രാ ഓർഡിനറി ആകുമ്പോൾ ഇത്തരം കുഴപ്പങ്ങൾ മനസ്സിലാകാതെ പോകുന്നു.
advertisement
ഒരു ടോപ്പിക്കിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയാൽ കേൾക്കുന്നവരുടെ ക്ഷമയെ കുറിച്ച് ഇവർ ചിന്തിക്കാറില്ല. അവർക്കുള്ള അറിവ് പറഞ്ഞു കൊണ്ടേയിരിക്കും. ഹ്യൂമറിലൊന്നും ഇവർക്ക് താല്പര്യമില്ല. ചിലപ്പോൾ ഉറക്കെ സംസാരിക്കും. ചിലപ്പോൾ പ്രത്യേക ശബ്ദമുണ്ടാക്കി കൊണ്ടിരിക്കും. ഉറക്കെ കരയും. ഉറക്കെ ചിരിക്കും. ഇമോഷൻസ് ഇവർക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല. ഇതിന് പ്രത്യേകിച്ച് ട്രീറ്റ്മെന്റ് ഒന്നുമില്ല. സ്നേഹത്തോടെയുള്ള ഇടപെടലും പെരുമാറ്റങ്ങളും ഒരു പരിധി വരെ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. വാക്കുകൾ കൊണ്ടുള്ള തമാശയോ സർഗാസമോ ഒന്നും മനസിലാക്കാതെ അതുപോലെ ചെയ്യുന്നവരായിരിക്കും. പോയി ചാകെടാ എന്ന് പറഞ്ഞാൽ ചിലപ്പോൾ അതും ചെയ്തെന്നിരിക്കും.
advertisement
ഇവിടെ ജൂഡ് എന്ന വ്യക്തിയെ മനസിലാക്കുന്നത്. തിരിച്ചറിയുന്നത് അയൽവാസിയായ ഡോക്ടർ ആണ്.ക്രിക്കറ്റ് മാച്ച് നടക്കുമ്പോൾ നമ്പേഴ്സ് കാൽക്കുലേറ്റ് ചെയ്ത് ജൂഡ് പ്രവചിച്ചതൊക്കെ സത്യമായിട്ടുണ്ട്. അങ്ങനെ ശ്രദ്ധിക്കാനിടയായ ഡോക്ടർ ജൂഡിനെ നിരീക്ഷിക്കുവാൻ തുടങ്ങുന്നത്. ഓരോ ദിവസത്തെയും കാര്യങ്ങൾ ജൂഡ് വീഡിയോ റിക്കോർഡ് ചെയ്ത് വെയ്ക്കുന്നുണ്ട്.
സന്തോഷം, സങ്കടം, സംശയം, ദേഷ്യം, ഭയം ഇവയൊക്കെ ഫീൽ ചെയ്യുന്നത് എങ്ങനെയാണ് മനസ്സിലാവുക. ഇങ്ങനെ നൂറ് കൂട്ടം സംശയങ്ങൾ സ്വയം ജൂഡ് ചോദിക്കുമായിരുന്നു.
അച്ഛനമ്മമാരെ വിളിച്ച് ജൂഡിനെക്കുറിച്ച് പറയുമ്പോൾ. അവൻ ഓരോ ദിവസവും അനുഭവിക്കുന്ന. അവന്റെ ഉള്ളിലുള്ള സ്ട്രഗിൾ എത്രത്തോളമെന്ന് കാണിച്ച് കൊടുക്കുമ്പോൾ. ഓട്ടിസത്തിന്റെ വകഭേദമായ ആസ്പെർജെർ സിൻഡ്രോം ആണെന്ന് പറയുമ്പോൾ. ഡോക്ടർക്ക് വട്ടാണെന്ന് പറഞ്ഞ് എതിർക്കുകയാണ് പിതാവ് ഡൊമനിക് ചെയ്യുന്നത്.
advertisement
ഇനി ഞാനെന്റെ മകനിലേക്ക് പോവുകയാണ്. ആദ്യത്തെ കുഞ്ഞിന്റെ നഷ്ടത്തിന് ശേഷം നാല് വർഷങ്ങൾക്കു ശേഷമാണ് അമ്മുക്കുട്ടൻ ജനിക്കുന്നത്. കുറച്ച് കോംപ്ളിക്കേറ്റഡ് ആയതു കൊണ്ട് ഏഴാം മാസത്തിൽ സിസേറിയനിലൂടെ അമ്മുക്കുട്ടൻ ജനിക്കുന്നത്. ആദ്യത്തെ കുഞ്ഞ് അച്ഛനും അമ്മക്കും കൂടുതൽ പ്രിയപ്പെട്ടവരായിരിക്കും. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആകുന്ന സമയത്ത് പീഡിയാട്രീഷൻ വിളിക്കുകയും കുറച്ചു കാര്യങ്ങൾ പറയുകയും ചെയ്തു. അതായത് നിങ്ങളുടെ മകൻ ഭാവിയിൽ മന്ദബുദ്ധി ആകാനുള്ള സാധ്യത ഏറെയാണ്. കാലിന്റെ ഒരു എല്ല് വളർന്നിട്ടില്ല. നടക്കുവാനും ബുദ്ധിമുട്ടുണ്ടാകുമെന്നും പറഞ്ഞു. അന്ന് ഹോസ്പിറ്റലിൽ നിന്നും കണ്ണീരോടെയാണ് വീടെത്തിയത്.
advertisement
എന്റെ സങ്കടം ഞാൻ ഉള്ളിലൊതുക്കിയതേയുള്ളൂ. പുറമെ പ്രകടിപ്പിച്ചില്ല. അതേസമയം ഭർത്താവിന് അത് സഹിക്കാനായില്ല. ഡോക്ടറെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചത് കുഞ്ഞ് ജനിച്ചപ്പോൾ കരഞ്ഞ ശബ്ദത്തിന്റെ വ്യത്യാസം ആയിരുന്നു. സംശയം തോന്നി ടി.എസ്.എച്ച് വാല്യൂ ടെസ്റ്റ് ചെയ്തപ്പോൾ 24 ആയിരുന്നു. അതായത് എം.ആർ(മെന്‍റലി റിട്ടാർഡഡ്) ആകാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. മാത്രമല്ല ഭർത്താവിന്‍റെ അച്ഛന്‍റെ സഹോദരി എം.ആർ ആണ്. അപ്പോൾ പാരമ്പര്യമായിട്ടുള്ള സാധ്യതയുണ്ട്.
ദൈവം അങ്ങനെയൊരു കുഞ്ഞിനെ നൽകിയിട്ടുണ്ടെങ്കിൽ സന്തോഷത്തോടെ സ്വീകരിക്കുവാൻ തയ്യാറായി. അന്ന് ഭർത്താവ് എന്നോട് പറഞ്ഞ വാചകം നമ്മുടെ കുഞ്ഞിന് അങ്ങനെയൊരു കുഴപ്പമുണ്ടെങ്കിൽ നമുക്കിനി മറ്റൊരു കുഞ്ഞ് വേണ്ട. എല്ലാം ദൈവഹിതം. പ്രാർത്ഥന കേട്ടതു പോലെ പിന്നീട് ടെസ്റ്റ് ചെയ്തപ്പോൾ നോർമൽ വാല്യൂ. ദൈവം ഇതുപോലെ ഒരു പാട് ഒരുപാട് എന്നെ പരീക്ഷിച്ചിട്ടുണ്ട്.
അമ്മുക്കുട്ടൻ വളർന്നു വന്നപ്പോൾ ഹൈപ്പർ ആക്ടീവായ കുട്ടിയായിരുന്നു. പ്രീസ്കൂൾ, എൽ.കെ.ജി, യു.കെ.ജി ഒക്കെ ഇവിടുത്തെ പ്രശസ്തമായ സ്ക്കൂളിൽ ആയിരുന്നു പഠിച്ചത്. എല്ലാ രക്ഷിതാക്കളും മക്കളെ ഏറ്റവും നല്ല സ്ക്കൂളിൽ വിട്ട് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു. സാധാരണ ഗതിയിൽ സാധാരണക്കാരുടെ സ്ക്കൂൾ ആയിരുന്നു എനിക്ക് പ്രിയം. ഒരു കുട്ടിക്ക് എൽ.ഡി പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നല്ലൊരു ടീച്ചർ ആണെങ്കിൽ അവർക്ക് വേഗം മനസ്സിലാക്കുവാൻ കഴിയും. അതുപോലെ തന്നെ കുഞ്ഞുങ്ങളുടെ പോരായ്‌മ ഏറ്റവും കൂടുതൽ മനസിലാക്കാൻ കഴിയുന്നത് അമ്മക്കാണ്.
അമ്മുക്കുട്ടൻ പഠിച്ച സ്ക്കൂളിൽ വീട്ടിൽ ബുക്കുകൾ കൊടുത്തു വിടുകയോ ഹോം വർക്കോ അങ്ങനെയുള്ള പഠനങ്ങൾ ഒന്നുമില്ല. പക്ഷെ അക്ഷരങ്ങൾ എഴുതിപ്പിച്ച് തുടങ്ങിയപ്പോൾ C, D, J, M, അങ്ങനെ മിക്ക അക്ഷരങ്ങളും മിറർ ഇമേജിൽ എഴുതുകയുള്ളു. എത്ര പറഞ്ഞു കൊടുത്താലും മറന്നു പോകും. നിരന്തരമായി ഒബ്സേർവ് ചെയ്തപ്പോൾ എനിക്ക് മനസിലായി ലേണിങ്ങ് ഡിസ്എബിലിറ്റി പ്രശ്നമുണ്ടെന്ന്. ഡിസ്ലെക്സിയ, ഡിസ് ഗ്രാഫിയ ഇതിൽ പെടും.
ഒരു ഡോക്ടറെ കാണിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ ഭർത്താവും വീട്ടുകാരും ഡോക്ടറായ അനുജൻ പോലും എതിർക്കുകയാണ് ചെയ്തത്. എന്റെ മകന് വേണ്ടി അന്ന് ഞാൻ എല്ലാവരുടെയും മുന്നിൽ ഒറ്റപ്പെട്ടു. ഹേമ ഡോക്ടറുടെ സഹായത്തോടെ ഹോപ്പിൽ എത്തുന്നത്. ഒന്നര വർഷക്കാലം എന്റെ മകനെയും കൊണ്ട് സ്പെഷ്യൽ ക്ളാസിന് വേണ്ടി നടന്നു. ക്ളാസ് തീരുന്നതുവരെ അവന് വേണ്ടി കാവൽ ഇരുന്നു. പ്രത്യേക ട്രെയിനിങ്ങിലൂടെ ഒരു പാട് മാറ്റങ്ങൾ ഉണ്ടായി.
രണ്ട് വർഷം നഷ്ടപ്പെടുത്തിയതിന് ഇപ്പഴും ഞാൻ പഴി കേൾക്കുന്നുണ്ട്. ഇന്നവന് പത്ത് വയസായി. ഇപ്പോൾ മൂന്നാം ക്ളാസിലാണ്. അന്ന് ഞാനെടുത്ത തീരുമാനം ശരി തന്നെ ആയിരുന്നുവെന്ന് ഉറച്ച് വിശ്വസിക്കുന്നു. കാരണം ഒന്നാം ക്ളാസിൽ പഠിക്കുമ്പോൾ ബോർഡിൽ എഴുതുന്ന അക്ഷരങ്ങൾ അവന് വായിക്കാൻ പറ്റാതെ ആയപ്പോൾ ടീച്ചർ ഉൾപ്പെടെ 'പൊട്ടാ" എന്നും " മണ്ടാ " എന്നും വിളിച്ചിട്ടുണ്ട്. അതെന്റെ കുഞ്ഞിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. അന്ന് ഒരു പക്ഷെ എന്റെ കുഞ്ഞിന്റെ മനസ്സ് മനസ്സിലാക്കുവാൻ കഴിഞ്ഞില്ലായിരുന്നുവെങ്കിൽ ഇന്ന് അഞ്ചാം ക്ളാസിൽ എത്തുമായിരുന്നു. പക്ഷെ അക്ഷരങ്ങൾ പോലും വായിക്കാൻ അറിയാതെ കൂട്ടുകാരുടെയും അധ്യാപകരുടെയും കളിയാക്കലുകളിൽ അന്തർമുഖനായി വളർന്നു വന്നേനെ.
ഇന്ന് അമ്മുക്കുട്ടൻ എല്ലാം വായിക്കും എഴുതും. അവന്റെ ആഗ്രഹം ആസ്ട്രോണറ്റ് ആകണമെന്നാണ്. ഇപ്പോഴെ വിവരങ്ങൾ ശേഖരിക്കലും ചിത്രം വരയ്ക്കലുമൊക്കെയാണ്. പല സംശയങ്ങളും അവൻ എന്നോട് വന്ന് ചോദിക്കും. പക്ഷെ എനിക്കൊന്നും അറിയില്ലാന്ന് മാത്രം.
രണ്ട് വർഷത്തെ സ്പെഷ്യൽ സ്ക്കൂളിന് ശേഷം സ്റ്റേറ്റ് സിലബസിലേക്ക് മാറ്റി. ഐ.സി.ഐ.സി പഠിച്ചിരുന്ന തപ്പുക്കുട്ടനെയും സ്ക്കൂൾ മാറ്റി. ഇപ്പോൾ രണ്ടു പേരും കോട്ടൺഹിൽ സ്ക്കൂളിൽ പഠിക്കുന്നു.
വീട്ടുകാരുടെ പഴി കുറച്ച് കേട്ടുവെങ്കിലും എന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. തിരിച്ചറിയാതെ പോകുന്ന ജൂഡിനെ പോലെയുള്ള കുഞ്ഞുങ്ങൾ ഇന്ന് പല വീടുകളിലും ഉണ്ടെന്നതാണ് സത്യം.
അനില ബിനോജ്
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ജൂഡിനെ പോലുള്ള കുട്ടികൾ പല വീടുകളിലുമുണ്ട്...!
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement