• HOME
  • »
  • NEWS
  • »
  • opinion
  • »
  • PFI | പോപ്പുലർ ഫ്രണ്ട് വളർച്ചയ്ക്ക് സോഷ്യൽ ജിഹാദ് ഉപയോഗിച്ചതെങ്ങനെ

PFI | പോപ്പുലർ ഫ്രണ്ട് വളർച്ചയ്ക്ക് സോഷ്യൽ ജിഹാദ് ഉപയോഗിച്ചതെങ്ങനെ

മുസ്ലീങ്ങളെ ഇരകളായി കാണിക്കുന്നതാണ് ഇതിൻ്റെ ആദ്യ പടി. നൂറ്റാണ്ടുകൾ ഇന്ത്യ ഭരിച്ച മുസ്ലീങ്ങൾ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിച്ചുകൊണ്ട് ഭരണം തിരിച്ചുപിടിക്കണമെന്ന് ഇവർ പ്രചരിപ്പിക്കുന്നു

  • Share this:
സന്തോഷ് ചൗബേ

മതപ്രഭാഷകരുടെ തീവ്രത നിറഞ്ഞ പ്രസംഗങ്ങളുടെ സഹായത്തോടെ മുസ്ലീം സമൂഹത്തിൻ്റെ ഏറ്റവും പ്രധാന ഘടകമായി കരുതപ്പെടുന്ന സോഷ്യൽ ജിഹാദ് ഇന്ത്യയിലും വേരുറപ്പിക്കാൻ ശ്രമിക്കുന്നു. ലക്ഷ്യം വയ്ക്കുന്ന ജനവിഭാഗത്തിലെ യുവാക്കളെയും തുടർന്ന് അവരുടെ ആശ്രിതരെയും ആകർഷിച്ചുകൊണ്ടാണ് തീവ്ര മതചിന്തകളുടെ രൂപത്തിൽ ഇത് പിടിമുറുക്കുന്നത്.

പാക്കിസ്ഥാൻ, ബംഗ്ലാദേശ് പോലുള്ള മുസ്ലീം രാജ്യങ്ങളിൽ സോഷ്യൽ ജിഹാദിൻ്റെ അടിസ്ഥാനം ദൈവനിന്ദയാണ്. എന്നാൽ ഹിന്ദുക്കൾ ഭൂരിപക്ഷവും മുസ്ലീങ്ങൾ ന്യൂനപക്ഷവുമായ ഇന്ത്യയെ പോലുള്ള സമൂഹങ്ങളിൽ മറ്റൊരു മാർഗ്ഗമാണ് തീവ്ര ഇസ്ലാം നിലപാടുകൾ സ്വീകരിക്കുന്നത്.

മുസ്ലീങ്ങളെ ഇരകളായി കാണിക്കുന്നതാണ് ഇതിൻ്റെ ആദ്യ പടി. നൂറ്റാണ്ടുകൾ ഇന്ത്യ ഭരിച്ച മുസ്ലീങ്ങൾ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിച്ചുകൊണ്ട് ഭരണം തിരിച്ചുപിടിക്കണമെന്ന് ഇവർ പ്രചരിപ്പിക്കുന്നു. ദൈവനിന്ദയും 1992-ൽ ബാബറി മസ്ജിദ് തകർത്തതും അടുത്തിടെ പ്രവാചകനെതിരെ ഉണ്ടായ പരാമർശങ്ങളും പോലുള്ള സംഭവങ്ങളെ ആളിക്കത്തിക്കുകയാണ് അടുത്ത മാർഗ്ഗം.

ലക്ഷ്യമിടുന്ന ജനവിഭാഗത്തോട് അവരുടെ വിശ്വാസം മുറുകെ പിടിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ ജിഹാദ് വക്താക്കൾ വെല്ലുവിളി നടത്തുന്നു. തീവ്ര ആശയങ്ങൾ വ്യാപിപ്പിക്കുന്നതിൻ്റെ ആദ്യ പടി മറ്റു മതങ്ങളെ മോശമായി ചിത്രീകരിക്കലാണ്. ആളുകൾ ഇവരോടൊപ്പം ചേർന്നുകഴിഞ്ഞാൽ, അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. ഇവർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെട്ട് അഭിപ്രായങ്ങൾ പറയാൻ തുടങ്ങുകയും ചെയ്യുന്നു. യാഥാസ്ഥിതിക മത നിലപാടുകൾക്ക് കൂടുതൽ പ്രചാരണം നൽകിക്കൊണ്ട് സമൂഹത്തിൽ നിന്ന് കൂടുതൽ ആളുകൾ തങ്ങളോടൊപ്പം ചേരാൻ ഇവർ വഴിയൊരുക്കുന്നു. ശക്തിപ്രകടനത്തിലൂടെ അജണ്ട വെളിവാക്കുകയും ചെയ്യുന്നു.

ഒരിടത്തു നിന്ന് സ്വന്തം ആളുകളെ ഉപയോഗിച്ച് പ്രവർത്തനം തുടങ്ങി മറ്റിടങ്ങളിലേക്കും കൂടുതൽ ആളുകളിലേക്കും വ്യാപിക്കുന്നതാണ് ഇവരുടെ പ്രവർത്തന രീതി.

ആരംഭം

2006-ൽ കേരളത്തിലാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ ചേർന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രൂപം കൊടുത്തത്. നിരോധിത സംഘടനയായ സ്റ്റുഡൻ്റ്സ് ഇസ്ലാമിക് മൂവ്മെൻ്റ് ഓഫ് ഇന്ത്യയിൽ (സിമി) നിന്നാണ് പോപ്പുലർ ഫ്രണ്ട് രൂപം കൊള്ളുന്നത്. സോഷ്യൽ ജിഹാദായിരുന്നു സിമിയുടെ പ്രധാന ആയുധം. തീവ്രവാദ സംഘടനകൾക്ക് സമാനമായി ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ചെറിയ തോതിൽ മാത്രമേ ആളുകളെ സംഘടിപ്പിക്കാൻ ഇവർക്കായുള്ളൂ. ഇന്ത്യയിലെ മുസ്ലീങ്ങൾ പാക്കിസ്ഥാനിലെയോ ബംഗ്ലാദേശിലെയോ പല മുസ്ലീങ്ങളെയും പോലെയല്ലെന്നും സിമിയും പോപ്പുലർ ഫ്രണ്ടും പോലുള്ള സംഘടനകളിൽ ഇവർക്ക് താൽപ്പര്യമില്ലെന്നും ഇത് വ്യക്തമാക്കുന്നു.

1977-ൽ രൂപീകരിച്ച സിമി 2011-ലാണ് നിരോധിക്കപ്പെടുന്നത്. 24 വർഷത്തെ പ്രവർത്തനത്തിൽ സംഘടന രാജ്യത്തുടനീളം സാന്നിധ്യമുറപ്പിച്ചിരുന്നു. സിമിയുടെ ആരംഭം മുതൽ തന്നെ ഇവരുടെ ആശയങ്ങൾക്ക് കൂടുതൽ പ്രചാരണം നൽകാനും തീവ്രചിന്തകൾക്ക് കൂടുതൽ സ്വീകാര്യത നൽകാനുമായി പല അനുബന്ധ സംഘടനകളും രൂപീകരിച്ചിരുന്നു. 2006-ൽ ഇവയിൽ ചിലത് കൂടിച്ചേർന്നാണ് പോപ്പുലർ ഫ്രണ്ട് രൂപംകൊള്ളുന്നത്. 1992-ൽ ബാബറി മസ്ജിദ് തകർത്ത വിഷയം തങ്ങളുടെ പ്രചാരണത്തിൻ്റെ കേന്ദ്രമാക്കിയ ഇവർ ഈ വിഷയം തങ്ങൾ ഒരിക്കലും മറക്കില്ലെന്നും വ്യക്തമാക്കി. 2019-ലെ അയോധ്യാ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി അന്യായമാണെന്ന് അഭിപ്രായപ്പെട്ട പോപ്പുലർ ഫ്രണ്ട് ആളുകളിൽ പ്രകോപനം സൃഷ്ടിക്കാനായി ഇതിനെ ഉപയോഗപ്പെടുത്തി.

തങ്ങളുടെ പ്രവർത്തന മേഖല വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി 2009-ൽ പോപ്പുലർ ഫ്രണ്ട് രണ്ട് സംഘടനകൾക്ക് രൂപം നൽകി. കേരളത്തിൽ പ്രവർത്തനം തുടങ്ങിയ എസ്ഡിപിഐ ഒരു രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുമ്പോൾ യുവ വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് തുടക്കം കുറിച്ചത് ഡൽഹിയിലാണ്. തങ്ങൾ സ്വതന്ത്ര സംഘടനയാണെന്ന് ക്യാമ്പസ് ഫ്രണ്ട് അവകാശപ്പെടുന്നുണ്ടെങ്കിലും ഇവർ പോപ്പുലർ ഫ്രണ്ടിൻ്റെ സഹോദര സംഘടനയാണ്.

കഴിഞ്ഞ 15 വർഷത്തിൽ പോപ്പുലർ ഫ്രണ്ട് ഇന്ത്യയിൽ മാത്രമല്ല വിദേശത്തും സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നിരോധിക്കപ്പെടുമ്പോൾ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ ഇവർക്ക് വേരുകളുണ്ടായിരുന്നു. കേരളം ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ സംഘടനയുടെ ആസ്ഥാനം ഡൽഹിയിലായിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പോലും ഇവരുടെ സാന്നിധ്യമുണ്ട് എന്നതാണ് വസ്തുത. അന്താരാഷ്ട്ര തലത്തിൽ സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ എന്നിവടങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ഇവർക്ക് ധനസഹായം ലഭിച്ചിരുന്നു. കേരളത്തിലെ ചില പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഐഎസ്സിൽ ചേർന്നിട്ടുണ്ട്. സംഘടനയ്ക്ക് ബംഗ്ലാദേശിലെ ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.

ഭീരുക്കളായ “ഹിന്ദുക്കൾ”

സിമിയുടെ പുനരവതാരമാണ് പോപ്പുലർ ഫ്രണ്ട് എന്നാണ് 2012-ലെ കേരള സർക്കാരിൻ്റെ ഒരു സത്യവാങ്മൂലത്തിൽ പറയുന്നത്. സമൂഹത്തെ ഇസ്ലാമികവത്കരിക്കാനുള്ള ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന സംഘടന, ഇസ്ലാമിന് ഗുണമുണ്ടാകുന്ന രീതിയിൽ വിഷയങ്ങളെ വർഗ്ഗീയവത്കരിക്കാനും ശ്രമിക്കുന്നുണ്ടെന്ന് ഇതിൽ പറയുന്നു. ഇസ്ലാമിൻ്റെ ശത്രുക്കളായി കരുതുന്ന, തിരഞ്ഞെടുത്ത ആളുകളെ ഇല്ലാതാക്കാനായി തീവ്ര ആശയങ്ങളിൽ ആകൃഷ്ടരാകുന്ന യുവാക്കളെ ഇവർ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

മുസ്ലീം സമൂഹത്തിൻ്റെ ഉയർച്ചയ്ക്കായാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്നായിരുന്നു ഇവരുടെ പ്രഖ്യാപനമെങ്കിലും രൂപീകരണത്തിന് ശേഷം ഇവർ വൈകാതെ തന്നെ തീവ്ര പ്രവർത്തനങ്ങളിലും അക്രമങ്ങളിലും ഏർപ്പെട്ടതായി മറ്റൊരു സത്യവാങ്മൂലം വ്യക്തമാക്കുന്നു. കേരള സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഈ സത്യവാങ്മൂലത്തിൽ കുറഞ്ഞത് 106 മതപരമായ കേസുകളിലും 27 വർഗ്ഗീയ കൊലപാതകങ്ങളിലും 86 കൊലപാതക ശ്രമങ്ങളിലും പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

2010-ൽ കോളേജ് പ്രൊഫസർ ജോസഫിൻ്റെ കൈ വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട കേസിൽ 13 പോപ്പുലർ ഫ്രണ്ട് അംഗങ്ങൾക്ക് 2015-ൽ ജയിൽ ശിക്ഷ ലഭിച്ചിരുന്നു. അഖില എന്ന ഹിന്ദു പെൺകുട്ടി ഹാദിയ എന്ന പേര് സ്വീകരിച്ച് മതം മാറിയ സംഭവത്തിലും ഇവരുടെ ഇടപെടലുണ്ടായിരുന്നു. ദേശീയ തലത്തിൽ ശ്രദ്ധ നേടിയ കേസായിരുന്നു ഇത്. ഡൽഹിയിൽ 2020 ഫെബ്രുവരിയിൽ നടന്ന സിഎഎ വിരുദ്ധ കലാപത്തിലും പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.

ബീഹാറിൽ നിന്ന് പോപ്പുലർ ഫ്രണ്ടിൻ്റെ വലിയ സംഘത്തെ ഈ വർഷം പിടികൂടിയത് സംഘടനയുടെ വ്യാപ്തി വെളിവാക്കുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിൻ്റെ 100-ാം വർഷമായ 2047-ൽ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ഇവർ പദ്ധതിയിടുന്നതായുള്ള വിവരം ഈ അറസ്റ്റിനെ തുടർന്നാണ് പുറത്തുവന്നത്. ഭീരുക്കളായ ഹിന്ദുക്കളിൽ നിന്ന് ബ്രിട്ടീഷുകാർ കവർന്നെടുന്ന ഇസ്ലാമിക ഭരണം തിരിച്ചുപിടിക്കാൻ മുസ്ലീങ്ങളോട് ആഹ്വാനം ചെയ്യുന്ന രഹസ്യ രേഖ പോപ്പുലർ ഫ്രണ്ട് വിതരണം ചെയ്തിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ടിൻ്റെ വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് കർണ്ണാടകത്തിൽ അടുത്തിടെ നടന്ന ഹിജാബ് വിവാദത്തിൽ സജീവമായി ഇടപെട്ടിരുന്നു. ഹിജാബ് നിരോധനത്തിനെതിരെ ഹർജി നൽകിയ വിദ്യാർത്ഥികൾ പോപ്പുലർ ഫ്രണ്ടിൻ്റെ ആശയത്തിൽ ആകൃഷ്ടരായവരാണെന്ന് കർണ്ണാടക സർക്കാർ അടുത്തിടെ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. മുൻപ് ഹിജാബ് ഇല്ലാതെ സാധാരണ യൂണിഫോമാണ് ഈ വിദ്യാർത്ഥികൾ ധരിച്ചിരുന്നതെന്നും ഇതിൽ വ്യക്തമാക്കുന്നു.

തല വെട്ടിമാറ്റും എന്ന മുദ്രാവാക്യം

സസ്പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് പ്രവാചകനെതിരെ ചാനൽ ചർച്ചയിൽ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടുണ്ടായ സാഹചര്യങ്ങൾ സാമൂഹിക ജിഹാദികൾ ശക്തമായി ഉപയോഗിച്ചിരുന്നു. പ്രവാചകനെ നിന്ദിക്കുന്നവരെ വധിക്കുന്നതിനായി പാക്കിസ്ഥാനിൽ രൂപംകൊണ്ട സർ തൻ സെ ജുദാ (തല വെട്ടി മാറ്റും) എന്ന മുദ്രാവാക്യം ഈ കാലയളവിൽ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുകയും യുവാക്കൾ ഇതിൽ ആകൃഷ്ടരാകുകയും ചെയ്തു.

ചില പ്രഭാഷകർ ഇത് പലതവണ ആവർത്തിക്കുകയും ഇതിൻ്റെ പ്രതിഫലനം ഹൈദരാബാദിൽ നടന്ന റാലിയിൽ പോലും ഉണ്ടാകുകയും ചെയ്തു. ആ റാലിയിൽ കുട്ടികൾ പോലും ഈ മുദ്രാവാക്യം ആവർത്തിക്കുന്നുണ്ടായിരുന്നു. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ദേശീയ കമ്മീഷൻ, ഇതിന് കാരണക്കാരായവർക്ക് എതിരെ നടപടിയെടുക്കാൻ ഹൈദരാബാദ് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ബിജെപി എംഎൽഎ ടി രാജാ സിംഗിൻ്റെ പ്രവാചനകനെതിരായ പരാമർശമാണ് ഹൈദരാബാദിലെ പ്രതിഷേധത്തിന് കാരണമായത്.

ഇത്തരം മുദ്രാവാക്യങ്ങളും തീവ്ര പ്രഭാഷണങ്ങളും കാരണം തീവ്ര ആശയങ്ങൾക്ക് അടിമപ്പെട്ട ചില സാധാരണക്കാരാണ് നൂപുർ ശർമ്മയുടെ വിവാദ പരാമർശങ്ങൾക്ക് ശേഷം നടന്ന കൊലപാതകങ്ങൾ നടത്തിയത്. രാജസ്ഥാനിലെ തയ്യൽക്കാരനായിരുന്ന കന്നയ്യ ലാൽ ജൂൺ 28-ന് പട്ടാപ്പകലാണ് തൻ്റെ കടയിൽവെച്ച് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. തലയറുക്കുന്നതിൻ്റെയും പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുന്നതിൻ്റെയും വീഡിയോയും പ്രതികൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതിന് ഒരാഴ്ച മുൻപാണ് ഉദയ്പൂരിൽ ഇതേ മുദ്രാവാക്യം മുഴക്കിക്കൊണ്ടുള്ള റാലി നടന്നത്. അതു കഴിഞ്ഞാണ് കൊലപാതകം അരങ്ങേറിയത്. ആളുകളുടെ മനസ്സിൽ ആശങ്കയുണ്ടാക്കാനും രാജ്യത്തുടനീളം അക്രമം അഴിച്ചുവിടാനും വേണ്ടിയാണ് വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചതെന്ന് ദേശീയ അന്വേഷണ എജൻസി പറയുന്നു. സമാനമായി, അമരാവതിയിലെ മരുന്ന് വിൽപ്പനക്കാരനായിരുന്ന ഉമേഷ് കോൽഹെയുടെ കൊലപാതകി 16 വർഷമായി ഇദ്ദേഹത്തിൻ്റെ സുഹൃത്തായിരുന്നു.

ഇവ രണ്ടും ഒറ്റപ്പെട്ട സംഭവങ്ങളല്ല. നിരവധി പേർക്ക് ഇത്തരത്തിലുള്ള ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. നൂപൂർ ശർമ്മയെ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനകളിൽ പോപ്പുലർ ഫ്രണ്ടിൻ്റെ ബീഹാർ മൊഡ്യൂളും പങ്കെടുത്തിരുന്നു. നിലവിൽ ഇന്ത്യയിൽ തീവ്ര ആശയങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുന്നതിനു പിന്നിൽ പാക്കിസ്ഥാൻ ബന്ധവുമുണ്ട്. ഉദയ്പൂരിലെ കൊലപാതകികൾ പാക്കിസ്ഥാൻ തീവ്ര സംഘടനയായ ദവാത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടിരുന്നു. ഇത്തരം കഴുത്തറുക്കലുകളിലൂടെ സമൂഹത്തെ അസ്ഥിരപ്പെടുത്താനുള്ള പ്രേരണയുമായി പാക്കിസ്ഥാനിലെ സംഘടനയുടെ 18-19 പ്രവർത്തകർ ഇന്ത്യയിലെ 300 ആളുകളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നും പിന്നീടുള്ള അന്വേഷണത്തിൽ വ്യക്തമായി.

നടപടി വൈകിയോ?

വർഷങ്ങളെടുത്ത ശേഷമാണ് ഗവൺമെൻ്റ് സിമിയെ നിരോധിച്ചത്. 24 വർഷം രാജ്യത്ത് പ്രവർത്തിച്ച ശേഷമായിരുന്നു സിമിക്കെതിരായ സർക്കാരിൻ്റെ നടപടി. പോപ്പുലർ ഫ്രണ്ടിൻ്റെ കാര്യത്തിലാകട്ടെ, ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ 2012 മുതൽ ലഭ്യമായിരുന്നു. പി കോയ, ഇഎം അബ്ദുൾ റഹിമാൻ, ഇ അബൂബക്കർ തുടങ്ങി പോപ്പുലർ ഫ്രണ്ടിൻ്റെ പല സ്ഥാപക നേതാക്കന്മാരും മുൻ സിമി പ്രവർത്തകരാണ്. സിമി ഇപ്പോഴും നിരോധിച്ചിരിക്കുകയാണെങ്കിൽ, ഇന്ത്യയിൽ തീവ്ര ആശയങ്ങളുടെയും തീവ്രവാദത്തിൻ്റെയും വ്യാപനം തടയുന്നതിനായി മുൻപേ തന്നെ നിരോധിക്കപ്പെടേണ്ട സംഘടനയായിരുന്നു പോപ്പുലർ ഫ്രണ്ടെന്ന് നിരീക്ഷകർ പറയുന്നു.
Published by:Anuraj GR
First published: