അയ്യയ്യേ, ഈ പൊലീസ് നാണക്കേട്

Last Updated:
എടപ്പാളിലെ തിയറ്ററിനുള്ളിൽ പത്തുവയസുകാരിയായ ബാലിക പീഡിപ്പിക്കപ്പെട്ട സംഭവം കേരള മനസാക്ഷിയെ അക്ഷരാർഥത്തിൽ ഞെട്ടിപ്പിച്ചതാണ്. കുട്ടിയുടെ അമ്മയെ ഒപ്പമിരുത്തിയാണ് തൃത്താല സ്വദേശി മൊയ്തീൻകുട്ടി ബാലികയെ ഉപദ്രവിച്ചത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിയെ പൊലീസ് പിടികൂടി. എന്നാൽ പരാതി ലഭിച്ചിട്ടും നടപടി എടുക്കാൻ പൊലീസ് വൈകിയത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ, കേസിൽ തിയറ്റർ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നു. സംഭവം പൊലീസിൽ അറിയിക്കാൻ വൈകിയെന്നും, സിസിടിവി ദൃശ്യങ്ങൾ പുറത്തുനൽകിയെന്നും ആരോപിച്ചാണ് എടപ്പാൾ ശാരദ തിയറ്റർ ഉടമ സതീശനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ സതീശനെ ജാമ്യത്തിൽ വിട്ടെങ്കിലും, ഈ സംഭവത്തിലൂടെ കേരള പൊലീസ് സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണെന്ന് പറയാതെ വയ്യ.
തന്‍റെ തിയറ്ററിനുള്ളിൽ ആദ്യമായാണ് ഇത്തരം സംഭവം ഉണ്ടാകുന്നതെന്നും അതുകൊണ്ട് എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആശയകുഴപ്പം ഉണ്ടായെന്നും അന്നുതന്നെ സതീശൻ ന്യൂസ് 18നോട് പറഞ്ഞിരുന്നു. ഒരു സുഹൃത്ത് മുഖേന ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ഇത് കൈമാറിയെന്നുമാണ് സതീശൻ പറഞ്ഞത്. മനപൂർവ്വം വൈകിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ ഇക്കാര്യം രേഖാമൂലം പൊലീസിൽ പരാതി നൽകിയെങ്കിലും അവർ കേസെടുക്കാൻ വൈകുകയായിരുന്നു. പിന്നീട് ഒരു ചാനലിലൂടെ ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് പൊലീസ് നടപടി എടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. ഈ കേസിൽ പൊലീസ് കാട്ടിയ അലംഭാവം ഏറെ ചർച്ചയായിരുന്നു. അതുകൊണ്ടുതന്നെ തിയറ്റർ ഉടമയ്ക്കെതിരെ ഇപ്പോൾ കേസെടുത്തത് പ്രതികാര നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. കുട്ടികൾക്കെതിരായ അതിക്രമം ഉണ്ടായാൽ ചൈൽഡ് ലൈൻ അല്ലെങ്കിൽ ശിശുക്ഷേമസമിതി മുഖേനയാണ് മിക്കവരും പരാതി നൽകുന്നത്. തെളിവുകളും അവർക്ക് കൈമാറുന്നത് സ്വാഭാവികമാണ്. എന്നാൽ സംഭവം പൂഴ്ത്തിവെക്കാതെ, ചൈൽഡ് ലൈൻ വഴി നടപടിക്ക് ശ്രമിച്ച തിയറ്റർ ഉടമയ്ക്കെതിരെ കേസെടുത്ത പൊലീസ് നടപടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പ്രതികരിക്കാൻ പാടില്ലെന്ന സന്ദേശവും ഇതുവഴി സമൂഹത്തിലേക്ക് എത്തുന്നു.
advertisement
ഏതായാലും സംഭവത്തിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുള്ളതായാണ് വിവരം. അടുത്തിടെ ശ്രീജിത്ത് കസ്റ്റഡി മരണം, കെവിൻ വധക്കേസ് എന്നിവയിൽ പൊലീസ് പ്രതിസ്ഥാനത്ത് വന്നത് ആഭ്യന്തരവകുപ്പിന് തലവേദന ആയതിന് പിന്നാലെയാണ്, തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്തതും വിവാദമായത്. സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ചുകൊണ്ട് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനും രംഗത്തെത്തി. സംഭവം ന്യായീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു. ഇതോടെയാണ് തിയറ്റർ ഉടമയുടെ അറസ്റ്റിനെതിരെ മുഖ്യമന്ത്രിയും രംഗത്തെത്തിയത്. പൊലീസ് നടപടിക്കെതിരെ ഡിജിപി ലോകനാഥ് ബെഹ്റയോട് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതായാണ് വിവരം. തിയറ്റർ ഉടമയുടെ അറസ്റ്റ് നിയമപരമാണോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയിരിക്കുകയാണ് ലോകനാഥ് ബെഹ്റ.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
അയ്യയ്യേ, ഈ പൊലീസ് നാണക്കേട്
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement