ക്രൈസ്തവ സഭകളെ പിടിച്ചുകുലുക്കുന്ന ലൈംഗികവിവാദങ്ങൾ
Last Updated:
കേരളസമൂഹമാകെ ആദരവോടെ നോക്കിക്കാണുന്നവരാണ് ക്രൈസ്തവവൈദികർ. എന്നാൽ അടുത്തിടെയായി ഉയർന്നുവരുന്ന ലൈംഗിക വിവാദങ്ങൾ വിവിധ ക്രൈസ്തവ സഭകളെ പിടിച്ചുകുലുക്കുകയാണ്. വീട്ടമ്മമാർ മുതൽ കന്യാ സ്ത്രീകൾ വരെ വൈദികരുടെ പീഡനത്തിന് ഇരയാകുന്നതായാണ് ആരോപണം. ഒരുമാസത്തിനിടെ കേരളത്തെ ഞെട്ടിച്ച ലൈംഗികാരോപണങ്ങളിലേക്ക്...
1. കുമ്പസാരരഹസ്യം മറയാക്കി വീട്ടമ്മയ്ക്ക് കൂട്ടപീഡനം
പത്തനംതിട്ടയിൽ കുമ്പസാര രഹസ്യം ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച സംഭവം പിടിച്ചുകുലുക്കിയത് ഓർത്തഡോക്സ് സഭയെയാണ്. ജൂൺ 24നാണ് സംഭവം പുറത്തായത്. എട്ടോളം വൈദികർ വിവിധ ഘട്ടങ്ങളിലായി വീട്ടമ്മയെ പീഡിപ്പിച്ചതായി അവരുടെ ഭർത്താവ് തന്നെയാണ് വെളിപ്പെടുത്തിയത്. മെയ് ഒമ്പതിന് സഭാനേതൃത്വത്തിന് പരാതി നൽകിയെങ്കിലും കാര്യമായ നടപടി ഉണ്ടാകാത്തതിനെ തുർന്നാണ് സമൂഹമാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെ സംഭവം പുറത്തുവിട്ടത്. ലൈംഗിക പീഡനം പോലെ സുപ്രധാനമായ ആരോപണം ഉയരുമ്പോൾ 24 മണിക്കൂറിനുള്ളിൽ പരാതി പൊലീസിന് കൈമാറണമെന്നാണ് നിയമം. എന്നാൽ പരാതി ലഭിച്ച് 60 ദിവസം പിന്നിട്ടിട്ടും പരാതി പൊലീസിന് കൈമാറാൻ സഭാനേതൃത്വം തയ്യാറായില്ല. ഒടുവിൽ പ്രതിപക്ഷനേതാവ് വി എസ് അച്യൂതാനന്ദൻ ഉൾപ്പടെയുള്ളവർ ഡിജിപിക്ക് പരാതി നൽകിയതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ നാലു വൈദികർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തുകയും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തു.
advertisement
നടപടി
മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ വൈദികർ ലൈംഗികമായി ചൂഷണം ചെയ്തതായി വീട്ടമ്മ പറഞ്ഞിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷൻ ഉൾപ്പടെ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ മുൻകൂർ ജാമ്യം തേടി വൈദികർ കോടതിയെ സമീപിച്ചിരിക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം അറിഞ്ഞ ശേഷം അറസ്റ്റ് മതിയെന്നാണ് അന്വേഷണസംഘത്തിന്‍റെ നിലപാട്.

2. ബിഷപ്പിനെതിരെ കന്യാസ്ത്രീ
ജലന്ധർ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളക്കൽ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ ആരോപണം കത്തോലിക്ക സഭയെ കുടുക്കിലാക്കി. ജലന്ധർ അതിരൂപതയുടെ കീഴിലുള്ള കുറവിലങ്ങാട് ഗസ്റ്റ് ഹോമിൽവെച്ച് ബിഷപ്പ് 13 തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. ഇതേക്കുറിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഉൾപ്പടെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന കന്യാസ്ത്രീയുടെ ആക്ഷേപം സംഭവത്തിന്‍റെ ഗൌരവം വർധിപ്പിക്കുന്നു. ബിഷപ്പിനെതിരെ മറ്റ് നാലു കന്യാസ്ത്രീകളും രംഗത്തെത്തി സംഭവം വിവാദമായതോടെ പൊലീസ് കേസെടുക്കുകയും കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
advertisement
നടപടി
രഹസ്യമൊഴിയിൽ ബിഷപ്പ് പീഡിപ്പിച്ചെന്ന വാദത്തിൽ കന്യാസ്ത്രീ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. സംഭവത്തിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വൈകുന്നതിൽ വിമർശനം ഉയരുന്നുണ്ട്.

3. ആത്മഹത്യയ്ക്ക് പിന്നിൽ കുമ്പസാരരഹസ്യം
മൂന്നുവർഷം മുൻപ് യുവതി ആത്മഹത്യ ചെയ്തത് കുമ്പസാരരഹസ്യം പുറത്തായതിൽ മനംനൊന്താണെന്ന പരാതിയിൽ അന്വേഷണമില്ലാതെ കേസ് അവസാനിപ്പിച്ചതായാണ് ആരോപണം. ചെങ്ങന്നൂർ സ്വദേശി ലില്ലി ജോർജിന്റെ മരണം സംബന്ധിച്ചാണ് ഇപ്പോൾ വിവാദം ഉയരുന്നത്. 2015 ഒക്ടോബർ 21 നാണ് ലില്ലിയെ ചെങ്ങന്നുരിന് സമീപത്തെ കടവിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇവരുടെ ആത്മഹത്യാക്കുറിപ്പിൽ ഒരു വൈദികന്റെ പേരുമുണ്ടായിരുന്നുവെന്ന് ഒരു ഇടവകാംഗം തന്നെയാണ് ആരോപണം ഉന്നയിച്ചത്. തേക്കുങ്കൽ സെയ്ന്റ് ജോൺസ് ഓർത്തോഡോക്‌സ് പള്ളി അംഗമായിരുന്ന ലില്ലിയുടെ ആത്മഹത്യക്ക് പിന്നിൽ അന്നത്തെ ഇടവക വികാരിക്ക് പങ്കുണ്ടെന്ന പരാതിയുമായി എബ്രഹാം ജോർജ് എന്നയാളാണ് രംഗത്തെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയ സഭാഗംമായ ഇയാളെ പത്തുവർഷത്തേക്ക് ഇടവക ചുമതലകളിൽ നിന്നു വിലക്കുകയും ചെയ്തിരുന്നു.
advertisement
നടപടി
ഭാര്യയുടെ ആത്മഹത്യ പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലില്ലിയുടെ ഭർത്താവും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
4. വൈദികനെതിരായ പീഡനാരോപണം ഒതുക്കി
പ്രവാസിമലയാളിയുടെ ഭാര്യയോട് പത്തനംതിട്ട ചിറ്റാര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയായിരുന്ന വൈദികൻ മോശമായി പെരുമാറിയ സംഭവം രണ്ടുവർഷം മുമ്പ് പൊലീസിന് മുന്നിൽ വരെ എത്തിയതാണ്. എന്നാൽ ഡി.വൈ.എസ്.പിയുടെ മധ്യസ്ഥതയിൽ സംഭവം ഒതുക്കിത്തീർക്കുകയും, ശിക്ഷാനടപടിയുടെ ഭാഗമായി താൽക്കാലിക സ്ഥലംമാറ്റം മാത്രം നൽകി ആരോപണവിധേയനെ രക്ഷിക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് സഭാതലത്തിൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ആരോപണം ഉന്നയിച്ചവരുടെ കുടുംബം അതുമായി സഹകരിച്ചില്ലെന്നാണ് നിലയ്ക്കൽ ഭദ്രാസനവൃത്തങ്ങൾ പറഞ്ഞത്. ഏറെക്കുറെ എല്ലാവരും മറന്നുതുടങ്ങിയ സംഭവം അടുത്തിടെ ഇടതു സഹയാത്രികനായ വൈദികനാണ് വീണ്ടും ചർച്ചയാക്കിയത്. ഇതേത്തുടർന്ന്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണവും തുടർന്ന നടപടിയും വേണമെന്നാണ് ഒരു വിഭാഗം വൈദികരുടെ ആവശ്യം.
advertisement
നടപടി
റാന്നി നിലയ്‌ക്കല്‍ ഭദ്രാസന കൗണ്‍സില്‍ അടിയന്തിര യോഗം ചേര്‍ന്ന് ആരോപണ വിധേയനായ വൈദികനെ സസ്‌പെന്‍ഡു ചെയ്തു. പൊലീസ് കേസെടുത്തിട്ടില്ല.
5. കുടുംബവഴക്ക് പരിഹരിക്കാൻ വിളിപ്പിച്ച് പീഡനം
കുമ്പസാരരഹസ്യം മറയാക്കിയുള്ള പീഡനത്തിന് പിന്നാലെ ഓർത്തഡോക്സ് സഭയിലെ മറ്റൊരു വൈദികനെതിരെയും ലൈംഗികാരോപണ കേസ് വന്നു. കുടുംബവഴക്ക് പരിഹരിക്കാനായി വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഫാദർ ബിനു ജോർജിന് എതിരെ കായംകുളം പൊലീസാണ് കേസ് എടുത്തത്. മാവേലിക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. 2014ൽ നടന്നു എന്ന് പറയപ്പെടുന്ന സംഭവത്തിൽ വീട്ടമ്മയായ യുവതി പരാതി നൽകിയത് കഴിഞ്ഞദിവസമാണ്.
advertisement
നടപടി
ഫാദർ ബിനു ജോർജിനെതിരെ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം തുടർനടപടികളുണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
Location :
First Published :
July 10, 2018 5:07 PM IST