കേരള പൊലീസിനെ കുറ്റക്കാരാക്കുന്ന അര ഡസന്‍ കാര്യങ്ങള്‍
Last Updated:
തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദനമേറ്റ് പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറുടെ കശേരുക്കള്‍ തകര്‍ന്നപ്പോഴാണ് പൊലീസുകാര്‍ക്കിടയിലെ 'വീട്ടുജോലി' വീണ്ടും ചര്‍ച്ചയായത്. എന്നാല്‍ ഇത് മാത്രമാണോ കേരള പൊലീസിനെ കുഴയ്ക്കുന്ന കാര്യങ്ങള്‍ ?
1. വീട്ടുജോലിക്കാരെ ആവശ്യമുണ്ട്
കോട്ടയത്തെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ സിഎംഎസ് കോളേജ് മൈതാനത്താണ് പ്രഭാതസവാരിക്ക് പോകുന്നത്. അകമ്പടിയായി രണ്ടു പൊലീസുകാരെ കൂടി ഒപ്പം കൂട്ടും. തനിച്ച് പോകാന്‍ പേടിയില്ലെങ്കിലും, ഒരു പ്രൗഢിക്ക്. രാവിലെ ഏഴു മണിമുതല്‍ ഒമ്പതുമണിവരെ രണ്ടു പൊലീസുകാരുടെ ജോലി ഈ മേലുദ്യോഗസ്ഥന് അകമ്പടി മാത്രമാണ്. ഇത്തരത്തില്‍ എത്രയോ പൊലീസുകാരാണ് തങ്ങള്‍ക്ക് അനുവദിച്ചതോ അല്ലാത്തതോ ആയ ജോലി ചെയ്യാനാകാതെ 'വെറുതെ പണി' എടുക്കേണ്ടിവരുന്നത്. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പൊലീസുകാരെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കുന്നു. വീട്ടുസാധനങ്ങള്‍ വാങ്ങുക, തുണി കഴുകുക, മക്കളെ സ്‌കൂളില്‍കൊണ്ടുവിടുക, നായയെ കുളിപ്പിക്കുക, അതിന് ഭക്ഷണം നല്‍കുക തുടങ്ങിയ പണികളാണ് പൊലീസുകാരെക്കൊണ്ട് ചെയ്യിക്കുന്നത്. ക്യാംപ് ഫോളോവര്‍മാരെ വ്യാപകമായി ഇത്തരത്തില്‍ അടിമപ്പണിക്ക് വിധേയമാക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് രണ്ടായിരത്തോളം പേരാണ് ഇത്തരത്തിൽ ജോലി ചെയ്യുന്നത്. മലയാളികളായി ഉദ്യോഗസ്ഥര്‍ കുറേയൊക്കെ മാന്യമായി പെറുമാറുമ്പോള്‍ ഉത്തരേന്ത്യക്കാരായ മിക്ക ഉദ്യോഗസ്ഥരും അവരുടെ വീട്ടുകാരും വീട്ടുജോലിക്കാരായ പൊലീസുകാരോട് വളരെ മോശമായാണ് പെരുമാറുന്നത്. ഇതിന്റെ പ്രധാന ഉദാഹരണമാണ് എഡിജിപി സുദേഷ് കുമാറിന്റെ ഡ്രൈവര്‍ക്കുണ്ടായ ദുരനുഭവം.

advertisement
2. വിഐപി ഡ്യൂട്ടി ചോദിച്ചുവാങ്ങുന്നവര്‍
ഇനി മറ്റൊരുകൂട്ടരുണ്ട്. വിഐപി ഡ്യൂട്ടി ചോദിച്ചു വാങ്ങുന്നവര്‍. മന്ത്രിമാരുടെയും പാര്‍ലമെന്റ് അംഗങ്ങളുടെയും സുരക്ഷാജീവനക്കാരായി പതിറ്റാണ്ടുകളായി തുടരുന്നവര്‍. മുമ്പ് കേന്ദ്രമന്ത്രിയായിരുന്ന ഒരു നേതാവിന്റെ വഴുതക്കാട്ടുള്ള വീട്ടില്‍ ഇത്തരത്തില്‍ നാലു പൊലീസുകാരാണ് ഡ്യൂട്ടിക്കുള്ളത്. പാര്‍ലമെന്റെ് അംഗമായ ഇദ്ദേഹം മാസത്തിലൊരിക്കലോ രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ കുറച്ചുദിവസത്തേക്ക് മാത്രമോ ആയിരിക്കും കേരളത്തിലേക്ക് വരുക. അപ്പോള്‍ മാത്രമാണ് ഇദ്ദേഹത്തിന്റെ വീട്ടിലെ പൊലീസുകാര്‍ക്ക് ജോലി. ഇവര്‍ക്ക് യൂണിഫോം ഇടേണ്ടതില്ല. ഒരാഴ്ച ഒരാള്‍ ഡ്യൂട്ടി എടുക്കും. മറ്റുള്ളവര്‍ക്ക് വേറെ ബിസിനസുകള്‍ നടത്തി ജീവിതം സുഖകരമായി മുന്നോട്ടുകൊണ്ടുപോകാം. വര്‍ഷങ്ങളായി ഒരേ ഉന്നത ഉദ്യോഗസ്ഥന്റെയോ അധികാരത്തിലുള്ളവരുടെയോ വീട്ടില്‍നിന്ന് അവരുമായി സ്ഥാപിക്കുന്ന അടുപ്പം ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. ഈ ബന്ധം ഉപയോഗിച്ച് മേലുദ്യോഗസ്ഥരെ പോലും ഭീഷണിപ്പെടുത്തുന്ന കീഴ് ജിവനക്കാരുമുണ്ട്. ലോക്കല്‍ പൊലീസുകാരുടെ പല കാര്യത്തിനും ഏജന്റായും ഇവര്‍ പ്രവര്‍ത്തിക്കുന്നു. ഉദാഹരണത്തിന് സ്ഥലംമാറ്റം, സസ്‌പെന്‍ഷന്‍ പോലെയുള്ള ഡിപ്പാര്‍ട്ട്‌മെന്റ് നടപടി നേരിടുന്ന പൊലീസുകാര്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിനായി മേലുദ്യോഗസ്ഥരുടെ വീട്ടുജോലി ചെയ്യുന്നവരെ സമീപിക്കുന്നു. കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കാനുള്ള 'വീട്ടുജോലിക്കാരന്റെ' ശുപാര്‍ശ മേലുദ്യോഗസ്ഥര്‍ അംഗീകരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ മറ്റ് പൊലീസുകാര്‍ക്കിടയില്‍ 'വീട്ടുജോലിക്കാര്‍ക്ക്' പ്രത്യേക പരിഗണനയുമുണ്ട്. രണ്ടു ദിവസത്തെ ജോലിക്ക് ശേഷം മൂന്ന് ദിവസം അവധി ലഭിക്കുന്നതിനാല്‍ ഈ 'പണി' ചോദിച്ച് വാങ്ങിക്കുന്നവരുമുണ്ട്. മറ്റ് ജില്ലകളില്‍ പോസ്റ്റിംഗ് ലഭിച്ചാല്‍ സ്വന്തം നാട്ടില്‍ ജോലി ചെയ്യാനായി വിടുപണി ചെയ്യുന്നവരും സിവില്‍ ജോലികളിലേക്ക് ഡെപ്യൂട്ടേഷന്‍ വാങ്ങുന്നവരും കുറവല്ല.
advertisement
3. നേതാവാകാം, പണിയെടുക്കണ്ട
ചങ്ങനാശേരി പൊലീസ് സ്റ്റേഷനില്‍ ഇടയ്ക്കിടെ ഒരു യോഗ്യനെ കാണാം. മുണ്ടുടുത്ത് വരുന്ന ഇയാള്‍ രാഷ്ട്രീയക്കാരനൊന്നുമല്ല. അവിടുത്തെ ഒരു ഗ്രേഡ് എസ്‌ഐ ആണ് ഇദ്ദേഹം. പാന്റിടാന്‍ അറിയാഞ്ഞിട്ടല്ല, പക്ഷേ അസോസിയേഷന്‍ നേതാവായതുകൊണ്ട് സ്വന്തം യൂണിഫോം അദ്ദേഹം തന്നെ മുണ്ടാക്കിയിരിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് സ്റ്റേഷനില്‍ വന്നുപോയാല്‍ മതി. തന്റെ ജോലിസമയം അടക്കമുള്ള കാര്യങ്ങളും മറ്റും തന്നിഷ്ടപ്രകാരം തീരുമാനിക്കുകയും, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഭരിക്കുകയും ചെയ്യാം. ഇതുപോലെ ധാരാളം നേതാക്കള്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ വിവാദത്തില്‍ ഉള്‍പ്പടെ അസോസിയേഷന്‍ നേതാക്കള്‍ കുടുങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. അധികാര കേന്ദ്രവുമായുള്ള അടുപ്പമാണ് ഇതിന് ആധാരമായത്. പിണറായി സര്‍ക്കാര്‍ വന്നശേഷം പൊലീസിലെ രാഷ്ട്രീയം കൂടുതല്‍ പ്രകടമാണ്. അസോസിയേഷന്‍ ജില്ലാ സമ്മേളനങ്ങളില്‍ രക്തസാക്ഷി സ്തൂപങ്ങള്‍ ഉപയോഗിച്ചതും ഇങ്ക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതും വിവാദമായിരുന്നു. ഡിജിപി വിശദീകരണം തേടിയതോടെ സംസ്ഥാന സമ്മേളനത്തില്‍ സ്തൂപത്തിന്റെ നിറം നീലയാക്കിയും അസിസോയിഷന്‍കാര്‍ തടിതപ്പിയിരുന്നു. പൊലീസിലെ രക്തസാക്ഷികളെയാണ് അനുസ്മരിച്ചതെന്ന ന്യായീകരണവും ഇവര്‍ നിരത്തി. ഭരിക്കുന്ന പാര്‍ട്ടിയുടെ അടുപ്പക്കാര്‍ അസോസിയേഷന്‍ തലപ്പത്തേക്ക് വരുന്നതിലൂടെ സിഐ, എസ്‌ഐ പോലെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരെ വരെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ നേതാക്കള്‍ തയ്യാറാകും. അടുത്തിടെ ഡി.വൈ.എസ്.പിയുടെ സ്ഥാനക്കയറ്റത്തിനായി അസോസിയേഷന്‍ നേതാക്കള്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. 1979 ജൂണ്‍ 13നാണ് പൊലീസ് അസോസിയേഷന്‍ രൂപീകൃതമാകുന്നത്. മുഖ്യമന്ത്രിയായിരുന്ന പി കെ വാസുദേവന്‍ നായര്‍ പൊലീസുകാര്‍ക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിച്ചതോടെയാണ് ഇത്. പൊലീസുകാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കിയെങ്കിലും, പൊലീസ് അസോസിയേഷന്റെ രൂപീകരണത്തോടെ ഈ സ്വാതന്ത്ര്യം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതാണ് പിന്നീട് കണ്ടത്.
advertisement
5. പൊലീസുകാര്‍ക്കെന്താ ഹോട്ടലില്‍ കാര്യം?
കേരളത്തില്‍ പലയിടത്തും പൊലീസുകാര്‍ നടത്തുന്ന സഹകരണ സംഘങ്ങളുണ്ട്. ഇതിന് കീഴിലുള്ള ഹോട്ടല്‍, ക്യാന്റീന്‍ നടത്തിപ്പിനായി ഒരുകൂട്ടം പൊലീസുകാര്‍ ഉണ്ട്. സേനയിലെ പണിയെടുക്കാതെ സുഖിച്ച് കഴിയാമെന്നതാണ് ഇതിന്റെ ഗുണം. ഓരോ സ്ഥാപനത്തില്‍ അഞ്ചു പൊലീസുകാര്‍ വരെ ഉണ്ടാകും. ലോക്കല്‍ പൊലീസ് ഡ്യൂട്ടി ചെയ്യാതെ, ഹോട്ടലിലോ ക്യാന്റീനിലോ സഹകരണസംഘത്തിലോ മറ്റും വെറുതെയിരുന്ന് ജീവിതം സുഖകരമായി മുന്നോട്ടുകൊണ്ടുപോകാം. ഇത്തരത്തില്‍ ഹോട്ടല്‍, ക്യാന്റീന്‍, സംഘം നടത്തിപ്പിനായി സര്‍ക്കാര്‍ കെട്ടിടങ്ങളാണ് ഉപയോഗിക്കുന്നത്. കൂടാതെ വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ സര്‍ക്കാരില്‍നിന്ന് ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള സാമ്പത്തിക ലാഭം എവിടേക്ക് പോകുന്നുവെന്ന ചോദ്യത്തിന് ഉത്തരമില്ല.
advertisement
5. കള്ളപ്പണിയുടെ ഇരകള്‍
അസോസിയേഷന്‍ നേതാക്കാന്‍മാരായും അവരുടെ അടുപ്പക്കാരായും വിഐപി ഡ്യൂട്ടിയിലൂടെ അധികാരകേന്ദ്രവുമായുള്ള അടുപ്പവും ഉപയോഗിച്ച് സേനയിലെ ഒരു വിഭാഗം സുഖിച്ചു വാഴുന്നു. ഇതിന്റെ തിക്തഫലം അനുഭവിക്കുന്നത് മറ്റൊരു വലിയ വിഭാഗം പൊലീസുകാരാണ്. ഉദാഹരണത്തിന് നൈറ്റ് പട്രോളിങ്ങിന് ശേഷം മതിയായ വിശ്രമം ആവശ്യമാണ്. എന്നാല്‍ പലര്‍ക്കും പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി വിശ്രമിക്കുമ്പോള്‍ അടിയന്തരമായി വീണ്ടും ഡ്യൂട്ടിക്ക് കയറാനുള്ള നിര്‍ദ്ദേശം ലഭിക്കും. പലരും പതിനാല് മണിക്കൂറിലധികം ജോലി ചെയ്യേണ്ടി വരും. ദിവസങ്ങളോളം വിശ്രമം ലഭിക്കാതെ പണിയെടുക്കേണ്ടിവരുകയും ചെയ്യുന്നു. ട്രാഫിക് പൊലീസിലെ ഡ്യൂട്ടി പാറ്റേണ്‍ അട്ടിമറിക്കുന്നതും സാധാരണമാണ്. രാവിലെ നാലു മണിക്കൂര്‍ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിച്ചശേഷം വൈകിട്ട് നാലു മണിക്കൂര്‍ ഡ്യൂട്ടി. എന്നാല്‍ ട്രാഫിക് പൊലീസിലെ ഈ ഡ്യൂട്ടി സമ്പ്രദായം അട്ടിമറിക്കുകയാണ് ചെയ്യുന്നത്. പകരം എട്ടു മണിക്കൂര്‍ ഒരുമിച്ച് ഡ്യൂട്ടിയെടുത്ത് വീട്ടില്‍ പോകുകയാണ് മിക്കവരും ചെയ്യുന്നത്. മതിയായ വിശ്രമമില്ലാതെ ഡ്യൂട്ടി ചെയ്യുമ്പോള്‍ ജോലിയ്ക്കിടയില്‍ വീഴ്ച ഉണ്ടാകുന്നത് സ്വാഭാവികമാണ്. സമരങ്ങളെ നേരിടാനും മറ്റും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ക്യാംപിലെ പൊലീസുകാരെയും ലോക്കല്‍ പൊലീസുകാരെയും ഉപയോഗിക്കുന്നു. മതിയായ വിശ്രമം ലഭിക്കാതെ സംഘര്‍ഷമേഖലയില്‍ ജീവന്‍ പണയപ്പെടുത്തി ജോലി ചെയ്യേണ്ടിയും വരുന്നു. കൂടാതെ ലോക്കല്‍ പൊലീസുകാരെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് മൂലം സ്റ്റേഷനുകളില്‍ കേസുകള്‍ കെട്ടിക്കെടക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും ചെയ്യുന്നു.

advertisement
6. ജോലി ചെയ്യുന്നവന്‍ തൂങ്ങിച്ചാകും
'ഞാന്‍ മരിക്കുമ്പോള്‍ എന്റെ ശവംപോലും അയാളെ കാണിക്കരുത്'- കഴിഞ്ഞ വര്‍ഷം എറണാകുളത്ത് ആത്മഹത്യ ചെയ്ത പൊലീസുകാരന്റെ ആത്മഹത്യ കുറിപ്പിലെ വരികളായിരുന്നു ഇത്. ഒരു മേലുദ്യോഗസ്ഥനെയാണ് പരാമര്‍ശിച്ചത്. പൊലീസിനുള്ളിലെ കൊടിയ പീഡനങ്ങളുടെ നേര്‍സാക്ഷ്യമാണ് ആ കുറിപ്പ്. കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള 18 മാസക്കാലത്ത് 18 പൊലീസുകാരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. മേലുദ്യോഗസ്ഥരുടെ പീഡനവും അമിത ജോലിഭാരം ഏല്‍പ്പിക്കുന്ന മാനസികസമ്മര്‍ദ്ദവും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. മാനസികസമ്മര്‍ദ്ദം കാരണം പൊതുജനങ്ങളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥരും സേനയില്‍ കൂടുതലാണ്. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രതിയായ എസ് ഐ ദീപക് അവധി റദ്ദാക്കി അടിയന്തരമായി തിരിച്ചുവിളിക്കപ്പെട്ടതിന്റെ ദേഷ്യത്തില്‍ സ്റ്റേഷനിലെത്തിയവരോട് മോശമായി പെരുമാറിയതായി സാക്ഷിമൊഴിയുണ്ട്. മതിയായ വിശ്രമം ലഭിക്കാത്തതും മേലുദ്യോഗസ്ഥരുടെ അടിമപ്പണി ചെയ്യേണ്ടിവരുന്നതും പൊലീസുകാരെ കടുത്ത മാനസികരോഗികളാക്കി മാറ്റുന്നു. മാനസികസമ്മര്‍ദ്ദം, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ ആത്മഹത്യയില്‍ അഭയം തേടുന്ന പൊലീസുകാരുടെ എണ്ണം കൂടിവരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിനെ അപേക്ഷിച്ച് കൂടിയ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് കേരളത്തിലുള്ളതെന്നാണ് ശ്രദ്ധേയം.
Location :
First Published :
June 17, 2018 4:12 PM IST