• News
 • World Cup 2019
 • Sports
 • Films
 • Budget 2019
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ചേകനൂര്‍: മറവിയുടെ രാഷ്ട്രീയത്തിന് കാല്‍നൂറ്റാണ്ട്

News18 Malayalam
Updated: July 30, 2018, 8:17 AM IST
ചേകനൂര്‍: മറവിയുടെ രാഷ്ട്രീയത്തിന് കാല്‍നൂറ്റാണ്ട്
News18 Malayalam
Updated: July 30, 2018, 8:17 AM IST
# കെ പി ഷഫീഖ് പുറ്റെക്കാട്

ചേകനൂരിന്റെ രക്തസാക്ഷിത്വത്തിന് കാൽനൂറ്റാണ്ട്. ഈ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ഇസ്ലാമിക ചിന്തകളെ എന്നെകൊണ്ട് പറ്റാവുന്ന രീതിയിൽ പുനഃപരിശോധനക്ക് വിധേയമാക്കുകയാണ് ഈ കുറിപ്പിൽ. അതുകൊണ്ട് തന്നെ സ്വാഭാവികമായും നീളം ഒരൽപം കൂടിയിട്ടുണ്ട്. ചിലപ്പോൾ, ചേകനൂർ മൗലവിയെയും അദ്ദേഹത്തിന്റെ ചിന്തകളെയും മനസിലാക്കാൻ ഇത് സഹായിക്കും.

സാമൂഹ്യശാസ്ത്രത്തില്‍, സാംസ്‌കാരിക പഠനങ്ങളുടെ ആവിർഭാവത്തോടു കൂടെയാണ് അധീശ സ്വഭാവം പുലര്‍ത്തി നിലനിന്നിരുന്ന ജ്ഞാനവ്യവസ്ഥിതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള പഠനങ്ങള്‍ മുന്നോട്ട് വരുന്നത്. അക്കാലമത്രയും പഠനവിധേയമാവാതെ അരികുവത്കരിച്ചു മാറ്റിനിര്‍ത്തിയ സാധാരണജനങ്ങളുടെ ജീവിതവും ജീവിത പരിസരവും അങ്ങനെ മറനീക്കി പുറത്തു വന്നുതുടങ്ങി. ചുരുങ്ങിയ കാലംകൊണ്ടു തന്നെ ഇത്തരം പഠനങ്ങള്‍ അറിവിന്റെ പുതുനിര്‍മ്മാണത്തിനും പുതുവായനകള്‍ക്കും വഴിതെളിച്ചു.

ഇത്തരം പഠനങ്ങൾ മുന്നോട്ട് വെക്കുന്ന theoretical framework ന്റെ സഹായത്തോടെ, ഇന്ന് ക്രേന്ദ-സംസ്ഥാന സര്‍വ്വകലാശാലകളിലൂടെ വളരെ സജീവമായ രീതിയില്‍ വളർന്നു കൊണ്ടിരിക്കുകയാണ് മാപ്പിള പഠനങ്ങള്‍. ഇതിലൂടെ പ്രബലമായി നിലനിന്നിരുന്ന അറിവിന്റെ കുത്തകാവകാശം പൊളിക്കുകയും തിരുത്തി എഴുതുകയും ചെയ്തുകൊണ്ടിരിക്കുകയുമാണ്. എന്നാല്‍, അറിവിന്റെ അപ്രമാദിത്യത്തെ ചോദ്യം ചെയ്തു വന്ന ഇത്തരം പഠനങ്ങളുടെ ഭാഗമായി മറ്റൊരു തരത്തിലുള്ള അന്യവത്കരണം രൂപപ്പെട്ടു വരുന്നതായി കാണുന്നു.

മുഖ്യധാരാ മലബാര്‍ മുസ്ലിം പഠനങ്ങള്‍, അവിടെ നിലനിന്നുപോന്ന അധികാര സംവിധാനങ്ങളോട് തീര്‍ത്തും അനുഭാവം പുലര്‍ത്തുന്നവയോ, അവയുടെ നിലനില്‍പ്പിനെ ഒരുതരത്തിലും ചോദ്യം ചെയ്യാത്തവയോ ആയിരുന്നു. അതുകൊണ്ടുതന്നെ, ഇത്തരം പഠനങ്ങളുടെ ഭാഗമായി മലബാര്‍ മുസ്ലിം പരിസ്ഥിതിയില്‍ നിലനില്‍ക്കുന്ന മേല്‍ക്കോയ്മകളെ ചോദ്യം ചെയ്തു വന്നുകൊണ്ടിരിക്കുന്ന ചിന്താപ്രസ്ഥാനങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ വളരെ വിരളമായി മാത്രമേ കാണുന്നുള്ളൂ. ഇത്തരം പുനർനിർമ്മാണ പഠനങ്ങളുടെ പ്രാധാന്യത്തെ അതിന്റെ ഗൗരവത്തിൽ മനസിലാക്കികൊണ്ടുതന്നെ, അതിലെ ഈ ന്യൂനതയെ ചോദ്യം ചെയുന്നു.

ഈ അഭിപ്രായത്തിൽ നിന്നുകൊണ്ടു, മലബാറിലെ മുസ്ലിം പശ്ചാത്തലത്തില്‍ നിന്നും വളരെ ജൈവീകമായി ഉള്‍തിരിഞ്ഞു വന്ന, ചേകനൂര്‍ മൗലവി എന്ന ഇസ്ലാമിക പണ്ഡിതനെയും അദേഹത്തിന്റെ ചിന്താപ്രസ്ഥാനത്തെയും പഠനവിധേയമാകുകയാണ് ഇവിടെ. ചേകനൂരിനെ കുറിച്ചുള്ള ഏതാനം ചില ജീവചരിത്രവും കാരശ്ശേരിയുടെ ചേകനൂർ സമര ചരിത്രത്തെ പറ്റിയുള്ള പുസ്തകവും മാറ്റി നിർത്തിയാൽ കാര്യമായ പഠനങ്ങൾ ഒന്നും തന്നെ ഈ വിഷയത്തിൽ ഇതുവരെ വന്നിട്ടില്ല. അതിനെ വളരെ സ്വാഭാവികമായ ഒന്നായി കാണാൻ പ്രയാസമാണ്. ഇങ്ങനെ 'മനഃപൂര്‍വം' സംഭവിക്കുന്ന ചരിത്രത്തിന്റെ മറവിക്ക് പിന്നിൽപോലും വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് തുറന്നുകാട്ടികൊണ്ട്, ഇതുവരെ ഒരു പഠനത്തിന്റെയും ഭാഗമാകാതെ നിൽക്കുന്ന അദ്ദേഹത്തിന്റെ ഇസ്ലാമിക ചിന്തകളെ അനാവരണം ചെയ്യാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിൽ.

ചുരുക്കം ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള എളിയശ്രമമാണ് ഇത്. ഒന്ന്, ആരായിരുന്നു ചേകനൂര്‍ ?, രണ്ട്, അദ്ദേഹത്തിന്റെ ചിന്തകളെ നമ്മുടെ സമൂഹം സ്വീകരിച്ചത് എങ്ങനെ ? മൂന്ന്, ഇസ്ലാമിക ചിന്താമണ്ഡലത്തിലേക്ക് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സംഭാവനകള്‍ എന്തെല്ലാമാണ് ?
Loading...

18 മുഴുനീള പുസ്തകങ്ങളും നൂറിലധികം ലേഖനങ്ങളും അതിലേറെ സംവാദങ്ങളും നടത്തിയിട്ടുള്ള, പോസ്റ്റ് ഇന്‍ഡിപെന്‍ഡന്‍സ് കാലത്ത് മാപ്പിള മുസ്ലിംങ്ങൾ കണ്ട ഏറ്റവും മികച്ച പണ്ഡിതനെ, അഞ്ചു നേരത്തെ നിസ്‌കാരം മൂന്നാക്കി ചുരുക്കണമെന്നു വാദിച്ചയാളായും, ഹദീസിനെ പാടെ നിഷേധിച്ചയാളായും മുദ്രകുത്തി വിമര്‍ശിക്കുകയാണ് നമ്മൾ ചെയ്തത്. അദ്ദേഹത്തിന്റെ ചിന്താധാരകളെ മനസ്സിലാക്കാനോ വൈജ്ഞാനിക തലത്തെ അറിയാനോ ഉള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടായില്ല എന്നുവേണം കരുതാന്‍. ചേകനൂരിന്റെ ചിന്തകളെ വികലമായ വായനക്ക് വിധേയമാക്കി, പുറംതള്ളിക്കളഞ്ഞ നമ്മുടെ പൊതുബോധത്തിന്റെ അറിവിലേക്കായി ചില കാര്യങ്ങള്‍ പറഞ്ഞുവെക്കല്‍ അനിവാര്യമാണ്. അദ്ദേഹത്തെപ്പോലെ അയിത്തം കല്‍പിച്ച് മുഖ്യധാരാ ഇസ്ലാമിന്റെ പടിക്കു പുറത്തു നിർത്തിയ ആളെന്ന നിലയില്‍ പ്രത്യേകിച്ചും.

വിവരണത്തിന്റെ എളുപ്പത്തിനായി ലേഖനത്തെ രണ്ടു ഭാഗമായി മുറിക്കുന്നു: ഒന്നാം ഭാഗത്ത് ചേകനൂരിന്റെ ജീവചരിത്രം പറഞ്ഞു വെക്കുമ്പോള്‍, രണ്ടാം ഭാഗത്ത് ചേകനൂരിന്റെ ഇസ്ലാമിക ചിന്തകളെ മറനീക്കി വെളിച്ചത്ത് കൊണ്ടുവരുന്നു. ഒരുപാട് ചര്‍ച്ചക്ക് വിധേയമായ അദേഹത്തിന്റെ തിരോധാനവും അതിലൂടെ നിഷേധിച്ച വ്യക്തി സ്വാതന്ത്ര്യവും ഈ ലേഖനം പഠന വിധേയമാക്കുന്നില്ല. അതിനേക്കാള്‍ പ്രാധാന്യം അദേഹത്തിന്റെ ചിന്തകള്‍ക്കുണ്ടെന്ന് മനസിലാക്കുന്നതുകൊണ്ട് അവയെ കാലാനുസൃതമായ പുനര്‍വായനക്ക് വിധേയമാക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്.

ഭാഗം - 1

ആരായിരുന്നു ചേകനൂര്‍ ? ഖുര്‍ആന്‍ സുന്നത്ത് എന്ന അദ്ദേഹത്തിന്റെ ബദല്‍ ഇസ്ലാമിലേക്ക് എത്താന്‍ സഞ്ചരിച്ച വഴികള്‍ ഏതൊക്കെയാണ് ? എന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയാണ് ഈ ഭാഗത്തിൽ. ചേകനൂര്‍ ചിന്തകളെ വ്യക്തമായി മനസിലാക്കാന്‍ ഈ ഭാഗം വായനക്കാർ സഹായകമാകും എന്നും കരുതുന്നു. അതുകൊണ്ട് അദേഹത്തിന്റെ ജീവിതയാത്രയെപ്പറ്റി ചെറുതായൊന്ന് പരാമര്‍ശിക്കാം.

മലപ്പുറം എടപ്പാളിന് അടുത്തുള്ള ചേകനൂര്‍ എന്ന ഗ്രാമത്തില്‍ അബ്ദുല്ലക്കുട്ടിയുടെയും ഫാത്തിമയുടെയും മകനായി 1936 ലാണ് ചേകനൂര്‍ മൗലവി എന്ന് അറിയപ്പെടുന്ന പി. കെ മുഹമ്മദ് അബുല്‍ ഹസന്‍ ജനിക്കുന്നത്. ഇടത്തരം സുന്നി കുടുംബമായിരുന്നു അവരുടേത്. ചേകനൂര്‍ പള്ളി ദര്‍സ്സ്, ദാറുല്‍ ഉലൂം വാഴക്കാട്, ദക്ഷിണേന്ത്യയിലെ മദ്രസ്സകളുടെ മാതാവ് എന്ന് അറിയപ്പെടുന്ന വെലൂര്‍ ബാഖിയാത്ത് സ്വാലിഹാത്ത് എന്നിവിടങ്ങളില്‍ നിന്ന് മതപഠനം പൂര്‍ത്തിയാക്കി.

ബാഖിയാത്തില്‍ പഠിക്കുന്ന കാലത്ത് ഖുര്‍ആനിലെ പിന്തുടര്‍ച്ചാവകാശ നിയമത്തെ പറ്റി ഗവേഷണം നടത്തി. 1963ല്‍ ഈ ഗവേഷണം 'രിസാല' എന്ന പേരില്‍ അറബിയില്‍ പ്രസിദ്ധീകരിച്ചു.'ഖുര്‍ആനിലെ പിന്തുടര്‍ച്ചാവകാശ നിയമം' എന്ന പേരില്‍ ഈ പുസ്തകം അദ്ദേഹം തന്റെ അവസാനകാലത്ത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. താന്‍ എങ്ങനെ ഖുര്‍ആന്‍ ഗവേഷണത്തിലേക്ക് തിരിഞ്ഞു എന്നതിനെപറ്റി അദ്ദേഹം അതില്‍ വിശദമായി പരാമർശിക്കുന്നുണ്ട്.

'ഞാന്‍ മതപഠനമാരംഭിച്ച കാലത്ത് ബുദ്ധിമതിയായ എന്റെ മാതാവില്‍നിന്ന് പലപ്പോഴും എനിക്ക് കേള്‍ക്കാനിടയായ ഒരഭിപ്രായ പ്രകടനമാണ് എന്നെ ആ ഗവേഷണത്തിന്ന് പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളിലൊന്ന്. 'ഉമ്മയും ഉപ്പയും മരിച്ചുപോയാല്‍ പിന്നെ അവരുടെ ആ 'യതീംമക്കള്‍ക്ക്' കുടുംബ സ്വത്തില്‍ അവകാശമില്ലെന്ന് അല്ലാഹു ഒരിക്കലും പറയുകയില്ലെന്നും അതുണ്ടെന്ന് പറയുന്നത് ഖുര്‍ആന്‍ പഠിച്ചതില്‍ മുസ്ലിയാന്മാര്‍ക്കെവിടെയോ അബദ്ധം പറ്റിയതായിരിക്കാമെന്നും ആരെങ്കിലും കൂടുതല്‍ പഠിച്ചാല്‍ ആ അബദ്ധം കണ്ടെത്തിയേക്കാമെന്നുമാണ് എന്റെ വന്ദ്യമാതാവ് പറയാറുള്ള ആ അഭിപ്രായം. എന്റെ ഹൃദയത്തില്‍ ആ വാചകം വളരെയേറെ ആഴത്തില്‍ പ്രതിഫലിച്ചു' (ചേകനൂര്‍ 1991:1112)

1961ല്‍ ഫാസില്‍ ബിരുദം കരസ്ഥമാക്കിയ ചേകന്നൂര്‍, അക്കാലത്തെ പ്രധാന മദ്രസയായ കോക്കൂര്‍ പള്ളി ദര്‍സ്സില്‍ പ്രധാനാധ്യാപകനായി ജോലിക്ക് കയറി. അതേ വര്‍ഷം തന്നെ വിവാഹിതനുമായി. പിന്നീട് 1962ല്‍ ഉമ്മയുടെയും ഉപ്പയുടെയും സഹായത്താല്‍ അവരോടൊപ്പം ഹജ്ജ് നിര്‍വഹിക്കാന്‍ പോയി. അവര്‍ ഹജ്ജ് ചെയ്തു മടങ്ങിയെങ്കിലും ചേകനൂര്‍ ഉന്നത പഠനത്തിനായി അറേബ്യയില്‍ തന്നെ തുടര്‍ന്നു. അവിടെ അദേഹത്തിന്റെ ഗവേഷണത്തിന് ആവശ്യമായ പുസ്തകങ്ങള്‍ ശേഖരിക്കുകയും, അബ്ദുള്ള ഇബ്‌നു അബ്ബാസ്, നാസിറുദീന്‍ അല്‍ഭാനി, സൈദലവി മാലിക്കി എന്നിവരെ പോലുള്ള ഇസ്ലാമിക പണ്ഡിതന്‍മാരുമായി ആശയസംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തന്റെ സംശയനിവാരണത്തിന് ഉതകുന്നരീതിയുള്ള മറുപടികള്‍ ലഭിക്കാതിരുന്നതിനാല്‍ അതീവ നിരാശയോടെ അദ്ദേഹം നാട്ടിലേക്കു മടങ്ങി. പിന്നീട് സ്വതന്ത്രമായി തന്നെ ഇസ്ലാമിക ഗവേഷണത്തില്‍ ഏര്‍പ്പെട്ടു.

മടങ്ങി വന്ന ശേഷം ജമാഅത്തെ ഇസ്ലാമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശാന്തപുരത്തെ അല്‍ ജാമിയ അല്‍ ഇസ്ലാമിയയിലും, മുജാഹിദുകള്‍ നടത്തിക്കൊണ്ടിരുന്ന എടവണ്ണ ജാമിയ നദ്‌വിയ്യയിലും നാലുവര്‍ഷത്തോളം അധ്യാപകനായി ജോലിനോക്കി. ആശയപരമായ കാരണങ്ങളാല്‍ രണ്ടിടത്തുനിന്നും പെട്ടെന്നുതന്നെ രാജിവെച്ചു. 1993ല്‍ 'പ്രമാണയോഗ്യമായ ഹദീസേത്' എന്ന ചേകനൂരിന്റെ തന്നെ പുസ്തകത്തിന്റെ പരിഷ്‌കരിച്ച രണ്ടാം പതിപ്പില്‍ അക്കാലത്തെ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി പ്രസിഡന്റ് ആയിരുന്ന ഡോ. സിഎം കുട്ടി ചേകന്നൂരിനെ പറ്റിയെഴുതിയ കുറിപ്പില്‍ ആ രാജിക്കുള്ള കാരണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

'...ഇസ്ലാമിനെക്കുറിച്ചുള്ള അവരുടെ(ജമാഅത്തെ ഇസ്ലാമിയുടെ) വീക്ഷണത്തോടും അദ്ദേഹത്തിന്ന് വിയോജിപ്പായിരുന്നു. പ്രത്യേകിച്ച് അവരുടെ മതാധിഷ്ടിത രാഷ്ട്രം എന്ന ചിന്താഗതിയോട് അദ്ദേഹത്തിന്ന് പൊരുത്തപ്പെട്ടുപോകാന്‍ പറ്റിയില്ല. ...(മുജാഹിദുകളോടുള്ള ആശയപരമായ പ്രശ്‌നം) നബിവചനങ്ങള്‍ എന്ന പേരില്‍ എഴുതിവെക്കപ്പെട്ട ഹദീസുകള്‍ അധികവും ദൈവീകഗ്രന്ഥമായ ഖുര്‍ആന്‍ വിരുദ്ധവും അനിസ്ലാമികവും അപരിഷ്‌കൃതവുമായ അറബി-യഹൂദ ആചാരങ്ങളുമാണ്. അതൊന്നും ഇസ്ലാമതത്തിലെ പ്രമാണമോ തെളിവോ അല്ല (അതായത് അവര്‍ ഹദീസുകള്‍ക്ക്, ഖുര്‍ആന്റെ മുകളില്‍ സ്ഥാനം കല്‍പിച്ചു) (ബ്രാക്കറ്റിലുള്ളത് ലേഖകൻ കൂട്ടിച്ചേര്‍ത്തതാണ്) (സിഎം കുട്ടി 1993: 910).

നിലവിലെ പിന്തുടര്‍ച്ചാവകാശ നിയമത്തെ ഖുര്‍ആനിനെ അടിസ്ഥാനമാക്കി പൊളിച്ചെഴുതാനാണ് രിസാല എന്ന പുസ്തകത്തിലൂടെ അദ്ദേഹം ശ്രമിച്ചത്. ആ പുസ്തകം രജിസ്റ്റര്‍ കത്താക്കി അന്നത്തെ എല്ലാ മുസ്ലിം രാജ്യങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും, പണ്ഡിത കേസരിമാര്‍ക്കും അദ്ദേഹം അയച്ചുകൊടുത്തു. 1966ല്‍ പാകിസ്ഥാനില്‍ പിന്തുടര്‍ച്ചാവകാശ നിയമം അയൂബ് ഖാന്‍ കാലാനുസൃതമായി മാറ്റിയെഴുതിയ സമയത്ത് ചേകന്നൂരിന്റെ വിലപ്പെട്ട കണ്ടെത്തെലുകള്‍ അവിടുത്തെ പ്രമുഖ ഇസ്ലാമിക് മാസിക ആയിരുന്ന 'അല്‍ അറബി'ല്‍ അച്ചടിച്ചുവന്നിരുന്നു. പറയത്തക്ക മറുപടികള്‍ ഒന്നും ആ പുസ്തകത്തിന് ലഭിച്ചില്ലെന്ന് അതെ പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തപ്പോൾ അദ്ദേഹം ഓര്‍മ്മിക്കുന്നുണ്ട് (ചേകന്നൂര്‍ 1991).

1966-67 കാലഘട്ടത്തില്‍ തിരൂരിനടുത്തുള്ള പറവണ്ണയിലെ മുജാഹിദ് പള്ളിയില്‍ ഖത്തീബായി ജോലി ചെയ്ത കാലത്താണ് അദ്ദേഹം 'നിരീക്ഷണം' എന്ന മാസിക ആരംഭിക്കുന്നത്. അതിലൂടെ തന്റെ ആശയങ്ങളും കണ്ടെത്തെലുകളും അദ്ദേഹം പൊതുജനങ്ങളുമായി പങ്കുവെച്ചു. അക്കാലത്തെ പ്രമുഖ പണ്ഡിതന്‍മാരുമായും സംഘടനകളുമായും ഒറ്റയ്ക്ക് നിരന്തരമായ ആശയസംവാദങ്ങളില്‍ ഏര്‍പ്പെട്ടു. ചുരുങ്ങിയ കാലം കൊണ്ട് പ്രദേശത്തെ ജനകീയനായി മാറിയെങ്കിലും പള്ളി കമ്മിറ്റിയുമായുണ്ടായ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ അവിടം വിട്ടു.

'അതിനുശേഷം മൗലവി ഏതെങ്കിലും പ്രസ്ഥാനത്തിന്റെയോ, സ്ഥാപനത്തിന്റെയോ മേല്‍വിലാസമില്ലാതെ മതപ്രസംഗങ്ങള്‍ നടത്തിപ്പോന്നു. കേരളത്തിലെ പ്രമുഖ മുസ്ലിം വിഭാഗങ്ങളായ സുന്നി, ജമാഅത്ത്, മുജാഹിദ് കക്ഷികള്‍ക്ക് ഒരുപോലെ അഹിതമായ കാര്യങ്ങളാണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന വിശ്വാസാചാരങ്ങളെ കടന്നാക്രമിച്ചുകൊണ്ടുള്ള അദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പലതും വിശ്വാസി സമൂഹത്തെ ഞെട്ടിക്കുവാന്‍ പോന്നവയായിരുന്നു. കേരളത്തിലെ മുസ്‌ലിം സാമൂഹിക പരിഷ്‌കരണവാദങ്ങളില്‍ പലനിലക്കും ഒറ്റപ്പെട്ടു നില്‍ക്കുന്ന ചേകനൂര്‍ പക്ഷം, അങ്ങനെ 1967ല്‍ ആരംഭിച്ചു' (കാരശ്ശേരി 2001: 7980)

പിന്നീട് 1970ല്‍ കോഴിക്കോട് തുടങ്ങിയ മുസ്‌ലിം ആന്‍ഡ് മോഡേണ്‍ ഏജ് സൊസൈറ്റിയുടെ സ്ഥാപക അംഗവും പ്രധാനപ്പെട്ട പ്രവര്‍ത്തകനുമായി ചേകനൂര്‍. ഇസ്ലാമിക ശരീഅത്ത് പരിഷ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു ഊന്നല്‍ നല്‍കിയ ഈ സംഘടനയുടെ മുഖപത്രമായി പിന്നീട് 'നിരീക്ഷണം' മാറി. പക്ഷേ പലരീതിയിലുള്ള എതിര്‍പ്പുകള്‍ കാരണം ആ സംഘടനയുടെ പ്രവര്‍ത്തനം പെട്ടെന്നു തന്നെ നിലച്ചു.

അതേ കാലഘട്ടത്തില്‍ നടന്ന രണ്ടാം കല്യാണവും, അതിനെ തുടര്‍ന്നുവന്ന വ്യക്തിഹത്യയും, ആശയപ്രചാരണത്തിലൂടെ വന്ന സാമ്പത്തിക പ്രതിസന്ധിയും പൊതുരംഗത്തു നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. അങ്ങനെ 1973ല്‍ 'ഒളിവില്‍' പോയ അദ്ദേഹം ഒരു പതിറ്റാണ്ടുകാലം പല രീതിയിലുള്ള ചെറിയ ബിസിനസ് സംരംഭങ്ങള്‍ നടത്തി നോക്കിയെങ്കിലും ഒന്നും വിജയം കണ്ടില്ല.

അതോടൊപ്പം ഇസ്ലാമിക ഗവേഷണവും തുടർന്നിരുന്നു എന്നതിന്റെ തെളിവാണ് 1984നു ശേഷം നടത്തിയ രണ്ടാംവരവിൽ പിറന്ന അദ്ദേഹത്തിന്റെ 18 പുസ്തകങ്ങൾ. ആ വരവില്‍ കോഴിക്കോട് നിന്നും അല്‍ ബുര്‍ഹാന്‍ എന്ന മാസികയും തുടങ്ങി. 1985ലെ ഷാബാനു കേസിലാണ് വിവാഹമോചിതയായ മുസ്ലിം സ്ത്രീകള്‍ക്ക് പഴയ ഭര്‍ത്താവില്‍ നിന്നും ജീവനാംശം ലഭിക്കണം എന്ന സുപ്രീം കോടതി വിധി വന്‍ തോതില്‍ വിവാദമാകുന്നതും എതിര്‍ക്കപ്പെടുന്നതും. ആ വിധിയെ അനുകൂലിച്ചു രംഗത്തെത്തിയ ചുരുക്കം ചില ഇസ്ലാമിക പണ്ഡിതന്മാരില്‍ ഒരാളായിരുന്നു ചേകന്നൂര്‍. ഈ വിഷയത്തില്‍ തന്റെ നയം വ്യക്തമാക്കുന്നതിന്റെ ഭാഗമായി അദ്ദേഹം 'ഇസ്ലാമിക ശരീഅത്തും, ഇന്ത്യന്‍ ശരീഅത്തും, സുപ്രീം കോടതി വിധിയും(1985)' എന്ന അദ്ദേഹത്തിന്റെ ആദ്യ മലയാള പുസ്തകം രചിച്ചു.

ഇന്ത്യന്‍ ശരീഅത്ത് കൊളോണിയല്‍ നിര്‍മിതിയാണെന്നും, ഉത്തരേന്ത്യയിലെ ഏതാനം ചില പണ്ഡിതന്മാര്‍ അവരുടെ ഇഷ്ടത്തിന് ഉണ്ടാക്കിയതാണെന്നുമുള്ള ഗുരുതരമായ ആരോപണം ഉന്നയിക്കുകയും ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന ശരീഅത്തുമായി അതിനു പുലബന്ധം പോലുമില്ലെന്നും നിരീക്ഷിച്ചു. അതോടൊപ്പം, ഖുര്‍ആന്‍ അടിസ്ഥാനമാക്കി വിവാഹമോചിതരായ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അദ്ദേഹം വാദമുയര്‍ത്തി.

ഇതിനുശേഷം 1986ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 'അബൂഹുറൈറയുടെ തനിനിറം' എന്ന പുസ്തകം മുതല്‍ അദ്ദേഹത്തിന്റെ തിരോധാനത്തിന് തൊട്ടു മുന്‍പ് 1993 ഏപ്രിലില്‍ പുറത്തുവന്ന 'സര്‍വ്വമതസത്യവാദം ഖുര്‍ആനില്‍' എന്ന പുസ്തകം വരെ നീളുന്ന 17 പുസ്തങ്ങളിലൂടെ ചേകന്നൂര്‍ മലബാര്‍ മുസ്ലിംങ്ങളുടെ കണ്ണിലെ കരടായി മാറി. അതോടൊപ്പം പല മുസ്ലിം ഗ്രൂപ്പുകളുമായി തുടര്‍ന്നുപോന്നിരുന്ന സംവാദങ്ങളും ആശയസംഘട്ടനങ്ങളും വഴി കാലങ്ങളായി ചോദ്യംചെയ്യാതെ മുസ്ലീംങ്ങള്‍ വിശ്വസിച്ചുപോന്നിരുന്ന പല വിശ്വാസസംഹിതക്കള്‍ക്കുനേരെയും അദ്ദേഹം വിരല്‍ചൂണ്ടി.

1991ല്‍ കോഴിക്കോടുനിന്നും തന്റെ ആശയപ്രചാരണാര്‍ത്ഥം 'ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി'യെന്ന സംഘടന രൂപീകരിച്ചു. ആശയസമരത്തിനിടക്ക് 1993 ജൂലൈ 29നു രാത്രി ഖുര്‍ആന്‍ ക്ലാസ്സ് എടുക്കാന്‍ എന്ന വ്യാജേന വിളിച്ച ചിലരുടെ കൂടെ ഇറങ്ങിപ്പോയ അദ്ദേഹത്തിന് തന്റെ കണ്ടെത്തലുകള്‍ക്ക് പകരമായി സ്വന്തം ജീവിതം തന്നെ ബലിനല്‍കേണ്ടി വന്നു. ജിഹാദ് എന്നാല്‍ ഖുര്‍ആനിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള ആശയപ്പോരാട്ടമായിരുന്നു എന്നും ചേകനൂരിന്. ജീവിതത്തിലുടനീളം തുടര്‍ന്നുപോന്ന 'ജിഹാദിന്റെ' വഴിയില്‍ സ്വന്തം ജീവനെക്കാള്‍ ആശയത്തിനും ആദര്‍ശത്തിനും പ്രാധാന്യം നല്‍കിയ അദ്ദേഹം അതെ പാതയിൽ രക്തസാക്ഷിതമടഞ്ഞു.

തന്റേതായ രീതിയില്‍ മലബാറിലെ മുസ്ലിം സംഘടനകളുമായി തീര്‍ത്തും ജനാധിപത്യരീതിയില്‍ സംവദിച്ചു പോന്നു ചേകന്നൂര്‍. ഇസ്‌ലാം അതിന്റെ തുടക്കം മുതല്‍ തന്നെ വളരെയധികം പ്രാധാന്യം നല്‍കിയിരുന്ന യുക്തിയെ, മുന്‍നിര്‍ത്തിയുള്ള ആരോഗ്യപരമായ സംവാദരീതിയായിരുന്നു ചേകനൂരിന്റേത്. പുസ്തകങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും പുറമെ സെമിനാറുകള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍, വിവാദങ്ങള്‍, ഖുര്‍ആനിക സത്യങ്ങള്‍ ഉയര്‍ത്തിപിടിച്ചുള്ള മുബാഹലകള്‍ എന്നിവയിലൂടെയായിരുന്നു അദ്ദേഹം മറ്റു മുസ്ലിം സംഘടനകളുമായി ആശയസംവാദങ്ങള്‍ നടത്തിയിരുന്നത്.

മൂന്നു പതിറ്റാണ്ടു കാലം മലബാര്‍ മുസ്ലിം പൊതുവിടങ്ങളില്‍ അത്യധികം പ്രകോപനപരമായ രീതിയില്‍ നിലനിന്നുപോന്ന 'ചേകനൂര്‍ ശൈലി'യെ കുറിച്ച് കാരശ്ശേരിയുടെ നിരീക്ഷണം പങ്കുവെച്ചുകൊണ്ട് ഈ ഭാഗത്തിന് വിരാമമിടുന്നു.

'കര്‍ക്കശമായ യുക്തിബോധം, അത്ഭുതകരമായ ഓര്‍മ്മശക്തി, അതിനിശിതമായ വിമര്‍ശനസാമര്‍ത്ഥ്യം, രൂക്ഷമായ പരിഹാസം, മൂര്‍ച്ചയേറിയ തര്‍ക്കബുദ്ധി, കരുത്തേറിയ ആക്രമണരീതി എന്നിവ കൊണ്ട് ചൂടേറിയ 'ചേകന്നൂര്‍ ശൈലി'യിലുള്ള പ്രകോപനസമൃദ്ധമായ പ്രസംഗങ്ങളിലൂടെ, വാദപ്രതിവാദങ്ങളിലൂടെ മൗലവി വളരെ വേഗം വിവാദപുരുഷനായി തീര്‍ന്നു' (കാരശ്ശേരി 2001:80).

ഭാഗം - 2

തന്റെ പുസ്തങ്ങളിലൂടെ ചേകനൂര്‍ അനാവരണം ചെയ്യാന്‍ ശ്രമിച്ച ഇസ്ലാമിക ചിന്തയെ എന്റെ രീതിയില്‍ പറഞ്ഞു വെക്കുകയാണ് ഈ ഭാഗത്ത്.

അദ്ദേഹത്തിന്റെ കൃതികളില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ ഇസ്ലാമിക ലോകത്ത് പുതിയതല്ല എന്ന രീതിയില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. പലപ്പോഴായി പലദിക്കില്‍ നിന്നും കേട്ടിരുന്ന, ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന ഈ ആരോപണങ്ങള്‍ വെറും ആരോപണങ്ങള്‍ മാത്രമാണ്. അവയില്‍ കഴമ്പില്ലെന്നു മാത്രമല്ല അതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ഇതുവരെ ലേഖകനു കണ്ടു കിട്ടിയിട്ടുമില്ല. ആ ആരോപണങ്ങളെ ഖണ്ഡിക്കാന്‍ താഴെപ്പറയുന്ന വസ്തുതകള്‍ മതിയായേക്കും. കൂടാതെ ചേകന്നൂരിന്റെ ചിന്തകളുടെ ഇസ്ലാമിക ലോകത്തുനിന്നുള്ള വേര് കണ്ടെത്താനും അവ സഹായകമാകും.

ഇസ്ലാമിക വിജ്ഞാനത്തിന്റെ പ്രാഥമിക സ്രോതസുക്കളായി മുഖ്യധാരാ മുസ്ലീംങ്ങള്‍ കണക്കാക്കി വരുന്നത് ഖുര്‍ആനും, നബിചര്യ എന്നറിയപ്പെടുന്ന ഹദീസ് ഗ്രന്ഥങ്ങളുമാണ്. എന്നിരുന്നാലും, ചില ന്യൂനപക്ഷ വായനകളില്‍ ഹദീസിന്റെ പ്രാമാണികതയും ആധികാരികതയും (authortiy and authentictiy) ചോദ്യം ചെയ്യുന്നത് കാണാം. അവരില്‍ ഭൂരിഭാഗവും ഹദീസുകളില്‍ ചിലതിനെ തള്ളുകയും ചിലതിനെ കൊള്ളുകയും ചെയ്യുന്നവരാണ്. ഇമാം അബൂഹനീഫയെ (699767) പോലെയുള്ള ഇസ്ലാമിക പണ്ഡിതന്മാര്‍ അക്കൂട്ടത്തില്‍പ്പെടും. ഹദീസുകളെ പാടേ നിഷേധിച്ചുകൊണ്ട്, ഖുര്‍ആന്‍ മാത്രമാണ് മുസ്ലിംങ്ങളുടെ ആധികാരിക ഗ്രന്ഥമെന്ന് പറഞ്ഞുകൊണ്ട് നിലനിന്ന നാമമാത്രമായ വിഭാഗത്തെയും ആദ്യകാലം മുതല്‍ ഇസ്ലാമിക ലോകത്ത് കാണാന്‍ സാധിക്കും. നസ്സാമിയ്യ മദ്ഹബിന്റെ സ്ഥാപകന്‍ ഇബ്രഹിം അന്‍ നസ്സാം (775885) അത്തരത്തില്‍ ഹദീസുകളെ ചോദ്യം ചെയ്ത പണ്ഡിതനായിരുന്നു. ഒറ്റപെട്ടുനിന്ന നസ്സാമിന്റെ പുസ്തകങ്ങള്‍ക്കും ആ മദ്ഹബിനും അല്‍പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അതുപോലെതന്നെ, ഈജിപ്ത്യന്‍ പണ്ഡിതയായ ആയിഷ മൂസ, അവരുടെ Hadith as Scripture: Discussions on the Authortiy of Prophetic Traditions in Islam (2008) എന്ന പുസ്തകത്തില്‍ ഷാഫി മദ്ഹബ് സ്ഥാപകനായ ഇമാം ഷാഫിയുടെ കിതാബുല്‍ ഇല്‍മിലാണ് ഹദീസ് ഗ്രന്ഥങ്ങള്‍ക്ക് പ്രാമാണികത ആദ്യമായി കല്‍പ്പിക്കുന്നത് എന്ന് പറയുന്നുണ്ട്. ഹദീസിനെതിരെ നിലനില്‍ക്കുന്ന പല തരത്തിലുള്ള അഭിപ്രായങ്ങളെയും ഖണ്ഡിക്കുന്ന സമയത്ത് അദ്ദേഹം അക്കാലത്ത് പൂര്‍ണമായും ഹദീസിനെതിരെ നിലപാടെടുത്തവരെയും വിമര്‍ശിക്കുന്നുണ്ട്. ഇത് വെളിവാക്കുന്നത് ഇസ്‌ലാമിന്റെ തുടക്കത്തില്‍ തന്നെ ഹദീസിനെ പാടേ തഴഞ്ഞിരുന്നവര്‍ ഉണ്ടായിരുന്നു എന്നതാണ്.

ഇസ്ലാം ഉദയം ചെയ്ത് മൂന്നു നൂറ്റാണ്ടുകള്‍ക്ക് ശേഷം കാണാതായ 'ഖുര്‍ആന്‍ മാത്രം' അല്ലെങ്കില്‍ 'ഖുര്‍ആനിസ്റ്റുകള്‍' എന്നറിയപ്പെടുന്ന വിഭാഗം ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിലാണ് വീണ്ടും സജീവമാകുന്നത്. ചേകനൂരിന്റെ കാലത്തുതന്നെ ലോകത്തിന്റെ പല ഭാഗത്തും സമാന ചിന്തകളുമായി ഒരുപാടുപേര്‍ മുന്നോട്ട് വന്നിരുന്നു. അവരില്‍ പ്രധാനികളാണ് ഈജിപ്തില്‍ നിന്നുള്ള റഷാദ് ഖലീഫയും അഹ്മദ് സുബ്ഹി മന്‍സൂറും, തുര്‍ക്കിക്കാരനായ എഡിപ്പ് യുക്‌സ്സെലും, മലേഷ്യക്കാരന്‍ കാസിം അഹമ്മദും.

ചേകനൂര്‍ പറയാന്‍ ശ്രമിച്ച പല കാര്യങ്ങളും ഇസ്ലാമിക ചിന്താ മണ്ഡലത്തില്‍ അതിന്റെ തുടക്കം മുതല്‍ നിലനിന്നിരുന്നു എന്നു വേണം മനസിലാക്കാന്‍. എന്നാല്‍ അതുകൊണ്ട് മാത്രം അദ്ദേഹം പറയാന്‍ ശ്രമിച്ച കാര്യങ്ങളുടെ പ്രാധാന്യം കുറയുമെന്ന് കരുതാന്‍ സാധിക്കില്ല. അവയില്‍ നിറഞ്ഞു നില്‍ക്കുന്ന ആനുകാലിക പ്രസക്തി തന്നെ കാരണം.

ഇനി ചേകനൂര്‍ ചിന്തകളിലേക്ക് വരാം. അദ്ദേഹത്തിന്റെ ചിന്തകളെ നമുക്ക് രണ്ടായി തിരിക്കാം. ഒന്ന്, സുന്നത്ത് ജമാഅത്തിനെതിരായിയുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍. രണ്ട്, അതിനു ബദലായി ചേകന്നൂര്‍ ഖുര്‍ആന്‍ ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയെടുത്ത ഖുര്‍ആന്‍ സുന്നത്ത് എന്ന ആശയം.

ഭാഗം - രണ്ട് (എ)

മലബാര്‍ മുസ്ലിംങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന ഇസ്ലാമിക സമ്പ്രദായത്തെ വിമര്‍ശിക്കാന്‍ അദ്ദേഹം ഉപയോഗിച്ചുപോന്ന രീതി വളരെ വിശ്വാസയോഗ്യവും താല്‍പര്യജനകവുമായിരുന്നു. മലബാര്‍ മുസ്ലിംങ്ങള്‍ മാത്രമല്ല, പൊതുവില്‍ ലോക മുസ്ലീംങ്ങള്‍ ആകമാനം ഉല്‍കൃഷ്ടമായി കണക്കാക്കിയിരുന്ന ഖുര്‍ആനും, ആധികാരിക ഹദീസ് സംഹിതകളും, ചരിത്രഗ്രന്ഥങ്ങളും, മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളുമായിരുന്നു അദ്ദേഹം തന്റെ പഠനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. തന്റെ എല്ലാ ഗ്രന്ഥങ്ങളിലും ഈ രീതി ശാസ്ത്രം അദ്ദേഹം അവലംബിച്ചിരുന്നതായി കാണാം.

മുഖ്യധാരാ ഇസ്ലാമിന്റെ അടിത്തറ ചോദ്യം ചെയ്യുന്ന അദേഹത്തിന്റെ ആദ്യത്തെ കൃതിയാണ് 1986ല്‍ പുറത്തിറങ്ങിയ 'അബൂഹുറൈയുടെ തനിനിറം'. മലബാര്‍ മുസ്ലിംങ്ങളുടെ ഇടയില്‍ തലതെറിച്ചവന്‍ എന്ന വിശേഷണം അദ്ദേഹത്തെ തേടിയെത്തുന്നത് ഇതിലൂടെയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട്, (അതായത് മുഹമ്മദ് നബി മുതല്‍ ആദ്യത്തെ നാല് ഖലീഫമാര്‍ ഭരിച്ചിരുന്ന കാലം വരെ) ഇസ്ലാം കൈവരിച്ച അസൂയാവഹമായ സാമൂഹിക പുരോഗതിക്ക് തടയിടുന്നതിനായി ശത്രുക്കള്‍ ഉണ്ടാക്കിയെടുത്തതാണ് ഹദീസും മറ്റു പ്രവാചകചര്യകളും എന്നതായിരുന്നു ഈ പുസ്തകത്തിലെ പ്രധാനവാദം. മുആവിയയുടെ ഭരണകാലത്ത് മതവിഭാഗ തലവനായിരുന്ന അബൂഹുറൈയുമായി ചേര്‍ന്ന് പടുത്തുയര്‍ത്തിയ ഹദീസിന്റെ പ്രാമാണികതയെ അദ്ദേഹം ഇതിലൂടെ എതിര്‍ത്തു. സാധ്യമായ ഒരു തിയോപൊളിറ്റിക്കല്‍ ഗൂഢാലോചനയിലേക്കാണ് അദ്ദേഹം വിരല്‍ചൂണ്ടുന്നത്. ഖുര്‍ആന്‍ ആവിഷ്‌കരിച്ച സാമൂഹികനീതിക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതിയെ ഹദീസിനു മുന്‍തൂക്കം നല്‍കിക്കൊണ്ട് അവര്‍ അട്ടിമറിച്ചു എന്ന് പറഞ്ഞുവെക്കുന്നു. ഇതിനുള്ള തെളിവിലേക്കായി മുആവിയയുടെയും അബൂഹുറൈയുടെയും മതവിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുന്ന പല വസ്തുതകളും ലോകമുസ്ലിങ്ങള്‍ പ്രമാണമായി കണക്കാക്കുന്ന ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് അദ്ദേഹം ഉദ്ധരിച്ചു.

ബുഖാരിയും മുസ്ലിമും ലോക പൊള്ളന്മാരാണെന്നതിന്റെ തെളിവ് എന്ന ലഘുലേഖയില്‍ അദ്ദേഹം ലോകമുസ്ലിംങ്ങള്‍ രണ്ടും മൂന്നും പ്രമാണമായി കണക്കുന്ന ഇമാം ബുഖാരിയുടെയും ഇമാം മുസ്ലിമിന്റെയും വിപുലമായ ഹദീസ് വാല്യങ്ങളെ പ്രശ്‌നവത്കരിച്ചു. അവയിലെ പരസ്പര വൈരുധ്യങ്ങളായ കാര്യങ്ങളെയും ഖുര്‍ആനു വിപരീതമായുള്ളതിനേയും തുറന്നുകാട്ടി.

1993ല്‍ 'പ്രമാണയോഗ്യമായ ഹദീസേത്' എന്ന പുസ്തകമാണ് ഹദീസിനെ വിമര്‍ശിച്ചുകൊണ്ട് ചേകനൂര്‍ അവസാനമായി എഴുതിയ കൃതി. ഖുര്‍ആനില്‍ പ്രതിപാദിക്കുന്നതിന്റെ തുടര്‍ച്ചയായി ഹദീസ് ഗ്രന്ഥങ്ങളെ എടുക്കുകയും അവയെ ആശ്രയിക്കുകയും (rejected the etxra Quranic authortiy of Hadith) ചെയ്യുന്നതിനെ അദ്ദേഹം ഈ പുസ്തകത്തില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഖുര്‍ആന്‍ സമ്പൂര്‍ണമാണെന്നും കൃത്യമായുള്ള വിശദീകരണം അത് പ്രദാനം ചെയ്യുന്നുണ്ടെന്നുമാണ് ഇതില്‍ അദേഹത്തിന്റെ പ്രധാനവാദം. അതുകൊണ്ട് തന്നെ പ്രവാചകനെ പിന്‍പറ്റുക എന്നാല്‍ ഖുര്‍ആനെ പിന്‍പറ്റലാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഖുര്‍ആന്‍ വിരുദ്ധമായി ഒന്നുംതന്നെ ഹദീസുകളില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിയാത്തതുകൊണ്ട്, ഖുര്‍ആനില്‍ ഇല്ലാത്തതൊന്നും ഹദീസിലും കാണാന്‍ കഴിയില്ലെന്നും ഹദീസുകളുടെ ആധികാരികത പരിശോധിക്കാന്‍ മുസ്ലിം സമുദായം 13 നൂറ്റാണ്ടുകാലം പാഴാക്കിയ ഊര്‍ജ്ജത്തിന്റെ കുറച്ചെങ്കിലും ഖുര്‍ആന്‍ പഠനത്തിന് വിനിയോഗിച്ചിരുന്നെങ്കില്‍ പലതും ഖുര്‍ആനില്‍ നിന്നു തന്നെ വ്യക്തമാകുമായിരുന്നു എന്നും മൗലവി പരിതപിക്കുന്നുണ്ട്.

അഹ്‌ലുല്‍സുന്ന വല്‍ജമാഅത്തിന്റെ അടിത്തറയായ ഹദീസിന്റെ പ്രാമാണികതയെയും അധികാരത്തെയും ചോദ്യം ചെയ്തതിനു ശേഷം ചേകനൂര്‍ നേരെ തിരിഞ്ഞത് മുഖ്യധാരാ ഇസ്ലാമിന്റെ മൂന്നു പ്രധാന തൂണുകളായ നമസ്‌കാരം, നോമ്പ്, ഹജ്ജ് എന്നിവയിലേക്കായിരുന്നു. ഇത് മൂന്നും കേവലം വ്യക്തി വികാസത്തിന് വേണ്ടിയുള്ളതാണെന്നും, ഇസ്ലാം മുന്നോട്ടുവെച്ച സാമൂഹിക പുരോഗതിക്ക് തടയിടാന്‍ പില്‍ക്കാാലത്ത് ഇവയുടെ പ്രാധാന്യം കൂട്ടിയതായും അദ്ദേഹം കണ്ടെത്തി.

തന്റെ പരിശ്രമത്തിന്റെ പകുതിയില്‍ കൂടുതല്‍ ചേകനൂര്‍ ചെലവാക്കിയത് ഖുര്‍ആനില്‍ നിന്നും നമസ്‌കാര രീതിയും രൂപവും കണ്ടെത്താനായിരുന്നു. അത്രത്തോളം പ്രാധാന്യത്തിലാണ് ഹദീസ് ഗ്രന്ഥങ്ങള്‍ നമസ്‌കാരത്തെ ഉയര്‍ത്തിക്കൊണ്ടുവന്നതും ബാക്കിയുള്ള മൂല്യങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ചതെന്നുമാണ് അദേഹത്തിന്റെ നിലപാട്. പക്ഷേ, അദ്ദേഹത്തിന് തിരിച്ച് മലബാര്‍ മുസ്ലീംങ്ങള്‍ ചാര്‍ത്തികൊടുത്തത് നിസ്‌കാരത്തെ അഞ്ചില്‍ നിന്നും മൂന്നാക്കി കുറച്ചയാള്‍ എന്ന കുപ്രസിദ്ധി മാത്രമായിരുന്നു.

1988ല്‍ ഇറങ്ങിയ 'നമസ്‌കാരം: എങ്ങനെ ? എപ്പോള്‍ ? എത്ര ?' എന്ന പുസ്തകമായിരുന്നു ഈ സീരിസിലെ ആദ്യത്തേത്. ഖുര്‍ആനില്‍ കേവലം മൂന്നു നേരത്തെ നമസ്‌കാരം മാത്രമേ പ്രതിപാദിക്കുന്നുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ പുസ്തകം മലബാര്‍ മുസ്ലിം പൊതുവിടങ്ങളില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടു. ഖുര്‍ആന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ചുക്കാന്‍ പിടിച്ച പ്രഗല്‍ഭ ഇസ്ലാമിക പണ്ഡിതന്‍ സി.എന്‍ അഹ്മദ് മൗലവി 1989ല്‍ 'നമസ്‌കാരം' എന്ന മറുപടി പുസ്തകത്തില്‍ നമസ്‌കാരം അഞ്ചെണ്ണം തന്നെയുണ്ടെന്ന് ചേകന്നൂരിന് മറുപടി നല്‍കി. ആദ്യ പുസ്തകത്തിനെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ക്ക് 1991ല്‍ 'നമസ്‌കാരം മൂന്ന് മാത്രം' എന്ന പേരില്‍ സമുചിതമായ മറുപടി ചേകന്നൂര്‍ കൊടുത്തു. അതിനുശേഷവും നിസ്‌കാരത്തെ കേന്ദ്രീകരിച്ചു രണ്ടു പുസ്തകങ്ങള്‍ (ഖുര്‍ആനില്‍ നമസ്‌കാരത്തിനുള്ള സ്ഥാനം, (1992), ഖുര്‍ആനിലെ നമസ്‌കാരരൂപം (1992) ) അദ്ദേഹം എഴുതിയെങ്കിലും മറുഭാഗത്ത് നിന്ന് ഒരു മറുപടിയും ഉണ്ടായില്ല.

'ഖുര്‍ആനില്‍ ഹജ്ജിന്റെ സ്ഥാനവും രൂപവും' (1991) എന്ന പുസ്തകത്തില്‍ അദ്ദേഹം വളരെ പ്രസക്തമായ കണ്ടെത്തെലുകള്‍ നടത്തി. ഒരാള്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചാല്‍ അയാള്‍ അതുവരെ വരെ ചെയ്ത പാപങ്ങള്‍ നികന്നു, ജനിച്ച കുട്ടിയെപ്പോലെ ആയിത്തീരുമെന്ന് വിശ്വസിപ്പിച്ച് ഹജ്ജിനെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ചതിനെ അദ്ദേഹം ചോദ്യം ചെയ്തു. ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചത് കൊണ്ടുമാത്രം പുണ്യം ലഭിക്കുമെന്ന് ഖുര്‍ആന്‍ എവിടെയും പറഞ്ഞിട്ടില്ല എന്ന് ഖുര്‍ആനിലെ സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ടു തന്നെ മൗലവി ചൂണ്ടിക്കാട്ടി. മാത്രമല്ല, ഒരാള്‍ ഹജ്ജിനു പോവുന്നത് അദേഹത്തിന്റെ സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരുടെ പ്രയാസങ്ങള്‍ പരിഹരിച്ചതിനു ശേഷമായിരിക്കണം എന്നും അദ്ദേഹം പറഞ്ഞുവെച്ചു. അതുകൊണ്ട് തന്നെ ഇന്ത്യയെപ്പോലുള്ള ദരിദ്ര രാഷ്ട്രത്തില്‍ ജീവിക്കുന്നവര്‍ അവിടുത്തെ പ്രധാന പ്രശ്‌നമായ ദാരിദ്ര്യം ഇല്ലാതാക്കാനാണ് മുന്‍കൈയെടുക്കേണ്ടതെന്നും തറപ്പിച്ചു പറഞ്ഞു.

ഇത്തരത്തില്‍ മുഖ്യധാരാ ഇസ്ലാമിന്റെ ഓരോ തൂണുകളെയും അപനിര്‍മ്മിച്ചുകൊണ്ട് ചേകനൂര്‍ അദേഹത്തിന്റെ ജീവിതകാലം മുഴുവന്‍ തുടര്‍ന്നുപോന്ന ഖുര്‍ആന്‍ ഗവേഷണത്തിലൂടെ ഖുര്‍ആന്‍ സുന്നത്ത് എന്ന ബദല്‍ ഇസ്ലാമിന് രൂപം നല്‍കി.

ഭാഗം - രണ്ട് (ബി)

'പ്രമാണയോഗ്യമായ' ഹദീസേത് എന്ന കൃതിയില്‍ ഖുര്‍ആന്‍ സുന്നത്ത് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കൃത്യമായി പ്രതിപാദിക്കുന്നുണ്ട് അദ്ദേഹം. 'ദൈവവചനം, നബിവചനം, ദൈവകല്‍പന, ഖുര്‍ആന്‍കല്‍പന എന്നെല്ലാം പറയുന്നതുപോലെ തന്നെയാണ് ഖുര്‍ആന്‍ സുന്നത്ത് (ഖുര്‍ആന്‍ചര്യ) എന്ന് പറയുന്നതും. അതില്‍ യാതൊരു അവ്യക്തതയും ആശയക്കുഴപ്പവും ഉണ്ടാവേണ്ടതില്ല. കാരണം: ഖുര്‍ആന്‍ സുന്നത്ത് എന്നാല്‍ ഖുര്‍ആനും സുന്നത്തും എന്നല്ല, ഖുര്‍ആനിന്റെ സുന്നത്ത് എന്നുമാത്രമാണ്. അതായത് : ഖുര്‍ആന്‍ വിവരിക്കുന്ന സുന്നത്ത് എന്ന് താല്‍പര്യം (ചേകനനൂര്‍ 1993: 159).

ചുരുക്കത്തില്‍ ഖുര്‍ആന്‍ സുന്നത്ത് എന്നാല്‍ ഖുര്‍ആനില്‍ ഉള്ളതും ചെയ്യാന്‍ വേണ്ടി ഖുര്‍ആന്‍ നമ്മോട് ആഹ്വാനം ചെയ്തതുമായ കാര്യങ്ങള്‍ എന്നര്‍ത്ഥം.

ഖുര്‍ആന്‍ സുന്നത്ത് എന്ന ബദല്‍ ഇസ്ലാമിന്റെ പ്രധാന ഘടകങ്ങളെപ്പറ്റി വിവരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകമാണ് 'ഇസ്ലാം കാര്യം അഞ്ചല്ല: പത്തുണ്ട്'(1990). അതില്‍ പ്രതിപാദിച്ചതനുസരിച്ച് ഇസ്ലാമിന്റെ പത്തുതൂണുകള്‍ ക്രമപ്രകാരം ഇവയാണ്; വിദ്യാഭ്യാസം, ശഹാദത്ത്, സക്കാത്ത്, നമസ്‌കാരം, കരാര്‍ പാലനം, ജിഹാദ്, ഖിയാസ്, വസിയ്യത്ത്, നോമ്പ്, ഹജ്ജ്. സൂറത്തുല്‍ ബക്കറയുടെ 177 തൊട്ട് 203 വരെയുള്ള സൂക്തങ്ങളില്‍ നിന്നാണ് അദ്ദേഹം ഈ പത്ത് ഇസ്ലാം കാര്യങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത്. ഇതിലൂടെ മുഖ്യധാരാ ഇസ്ലാമിന്റെ ഇസ്ലാം കാര്യങ്ങള്‍ അഞ്ച് എന്ന വാദം തള്ളിക്കളയുന്നു. വിദ്യാഭ്യാസവും സക്കാത്തും പോലെ സാമൂഹ്യ പുരോഗതിക്കുതകുന്ന നയങ്ങളെ മാറ്റിനിര്‍ത്തിയാണ് കേവലം വ്യക്തിവികാസത്തിന് മാത്രം സഹായകമാകുന്ന നമസ്‌കാരത്തിനും നോമ്പിനും ഹജ്ജിനും ഉന്നത സ്ഥാനം നല്‍കുന്നതെന്ന് അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.

അദ്ദേഹം ഖുര്‍ആന്‍ സുന്നത്തില്‍ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുന്നത് എല്ലാത്തരത്തിലുമുള്ള വിദ്യാഭ്യാസത്തിനും അതിലൂടെ സ്വായത്തമാക്കാന്‍ കഴിയുന്ന അറിവിനുമാണ്. സൂറത്ത് 96ല്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള സൂക്തങ്ങളിലൂടെ ദൈവം പ്രവാചകന് നല്‍കിയ ആദ്യ സന്ദേശം വായിക്കുക എന്നാണെന്നും, അതുകൊണ്ട് തന്നെ വിദ്യ അഭ്യസിക്കല്‍ ഓരോ മുസ്ലിമിന്റെയും ആദ്യത്തെ കടമയാണെന്നും ചൂണ്ടിക്കാട്ടുന്നു. വിജ്ഞാനദാഹത്തെ ഇസ്‌ലാമിന്റെ അടിസ്ഥാനകാര്യത്തില്‍ നിന്നും മാറ്റിനിര്‍ത്തുക മുഖാന്തരം അതിന്റെ സാമൂഹിക പുരോഗതിക്ക് തടയിട്ടുകൊണ്ട് സുന്നത്ത് ജമാഅത്തിന്റെ സ്ഥാപകര്‍ അവരുടെ ലക്ഷ്യം പൂര്‍ത്തീകരിച്ചതായി മൗലവി നിരീക്ഷിക്കുന്നു.

സക്കാത്തിനെപറ്റിയുള്ള പുസ്തകം എഴുതിത്തീര്‍ക്കുന്നതിന് മുന്നേ അദ്ദേഹം കൊല്ലപ്പെട്ടെങ്കിലും, ചില പുസ്തകങ്ങളില്‍ ചെറിയ തോതില്‍ അതേക്കുറിച്ച് പരാമര്‍ശമുണ്ട്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ വേണ്ടി സാമ്പത്തികമായി കഴിവുള്ള ഓരോ മുസ്ലിമിനും നിര്‍ബന്ധമാക്കിയ സക്കാത്താണ് ചേകനൂരിന്റെ വിശ്വാസത്തില്‍ ഓരോ മുസ്ലിമിന്റെയും ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യം. സൂറത്ത് രണ്ടിലെ 61ാം സൂക്തം ഉദ്ധരിച്ചുകൊണ്ട്, സക്കാത്തിന് നമസ്‌കാരത്തെക്കാള്‍ 700 ഇരട്ടി പുണ്യമുണ്ടെന്ന് അദ്ദേഹം ഉണര്‍ത്തുന്നുണ്ട്. 'ഖുര്‍ആനില്‍ നമസ്‌കാരത്തിനുള്ള സ്ഥാനം' എന്ന പുസ്തകത്തിലെ ആദ്യ ഒമ്പത് അധ്യായത്തില്‍ സുന്നത്ത് ജമാഅത്തുകാര്‍ എങ്ങനെ സക്കാത്തിന്റെ നയങ്ങളെ വളച്ചൊടിച്ചെന്നും, ഖുര്‍ആനിന്റെ ഭാഷ്യത്തില്‍ സക്കാത്ത് എങ്ങനെയാണെന്നും അദ്ദേഹം വിവരിക്കുന്നുണ്ട്. എല്ലാത്തരത്തിലുമുള്ള സമ്പാദ്യത്തിനും സക്കാത്ത് നിര്‍ബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതുപോലെതന്നെ, സക്കാത്തിന്റെ പേരില്‍ തുച്ഛമായത് എന്തെങ്കിലും കൊടുത്താല്‍ പോരെന്നും നിലവിലെ ദാരിദ്യത്തിന്റെ തോത് കൃത്യമായി തിട്ടപ്പെടുത്തി അതിനനുസരിച്ചുള്ള സമ്പത്തിന്റെ പുനര്‍വിതരണം നടക്കണമെന്നും ആവശ്യപ്പെട്ടു. അതുമാത്രമല്ല, പാവപ്പെട്ടവര്‍ എന്നതുകൊണ്ട് മുസ്ലിം മതവിഭാഗത്തില്‍ പെടുന്നവര്‍ എന്ന് മാത്രം അര്‍ത്ഥം വരുന്നില്ലെന്നും അവശത അനുഭവിക്കുന്നവര്‍ക്കെല്ലാം അതിന്റെ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കൂട്ടിച്ചേര്‍ത്ത് സക്കാത്തിന്റെ നയങ്ങള്‍ വിപുലീകരിച്ചു.

അവസാനമായി അദ്ദേഹം എഴുതിയ 'സര്‍വമതസത്യവാദം ഖുര്‍ആനില്‍' (1993) എന്ന പുസ്തകത്തെക്കൂടി അവതരിപ്പിച്ചു കൊണ്ട് ഈ ഭാഗം അവസാനിപ്പിക്കാം. ഖുര്‍ആന്റെ തത്വങ്ങളില്‍ ഉറച്ചു നിന്നുകൊണ്ട് ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തില്‍ മത ഐക്യത്തിന്റെയും മതസാഹോദര്യത്തിന്റെയും പ്രാധാന്യത്തെ ഉയര്‍ത്തിപ്പിടിച്ച ഈ പുസ്തകവും അതിലെ കണ്ടെത്തെലുകളുമാണ് അദേഹത്തിന്റെ കൊലപാതകത്തിന് കാരണമായതെന്ന് ആദര്‍ശബന്ധുക്കള്‍ പറയാറുണ്ട്. ഈ പുസ്തകത്തില്‍, സ്വര്‍ഗം മുസ്ലീംങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും, മറ്റുള്ളവരുടെ വിശ്വാസ സംഹിതകള്‍ കലഹരണപെട്ടതാണെന്നുമുള്ള വാദം തെറ്റാണെന്നും എല്ലാമതങ്ങളും ദൈവീകസത്യമാണെന്നും ചേകന്നൂര്‍ അടിവരയിട്ട് പറയുന്നു. മതം മനുഷ്യന്റെ സുഗമമായ ജീവിതത്തിനുള്ളതാണെന്നും മതത്തിന്റെ പേരില്‍ മനുഷ്യനെ കൊല്ലാന്‍ എവിടെയും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നില്ലെന്നും വ്യക്തമാക്കി. ഒരു മതത്തെയും താഴ്ത്തിക്കെട്ടാതെ പരസ്പരം ബഹുമാനിച്ചും അംഗീകരിച്ചും കഴിയണമെന്നും അതിലൂടെ മാത്രമേ സമൂഹത്തില്‍ സാഹോദര്യവും സമാധാനവും ഉണ്ടാകുകയുള്ളൂവെന്നും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.

ബാബ്‌റി മസ്ജിദ് പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയതുകൊണ്ടു തന്നെ മറ്റു മതങ്ങളിലുള്ളവരെ ആക്രമിക്കരുതെന്നും അവരുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കരുതെന്നും ഖുര്‍ആനിന്റെ വെളിച്ചത്തില്‍ വ്യക്തമാക്കാനും അദ്ദേഹം മുതിര്‍ന്നു(സൂറത്ത് 22: സൂക്തം 40). ഏത് മതവിഭാഗത്തില്‍പ്പെട്ടവരോടും മുസ്ലീംങ്ങള്‍ക്ക് വൈവാഹിക ബന്ധത്തില്‍ ഏര്‍പ്പെടാം എന്ന മറ്റൊരു നിരീക്ഷണവും അദ്ദേഹം നടത്തുകയുണ്ടായി. ഇത്തരത്തില്‍ ഖുര്‍ആനിക തത്ത്വങ്ങള്‍ ഉയര്‍ത്തിക്കാട്ടികൊണ്ട് മതാന്ധതയില്‍ നിന്നും മാനവികതയിലേക്കും, മതവികാരത്തില്‍ നിന്നും മതവിചാരത്തിലേക്കും അനുയായികളെ നയിക്കാന്‍ മതപുരോഹിതന്‍മാരോട് ആഹ്വാനം ചെയുന്നുമുണ്ട്. മതത്തിന്റെ മഹനീയ ലക്ഷ്യങ്ങളായ സ്‌നേഹവും ക്ഷമയും കൈക്കൊള്ളാന്‍ വിശ്വസികളോട് ഉണര്‍ത്തിക്കൊണ്ടാണ് ചെറിയ എന്നാല്‍ മഹത്തായ ഈ പുസ്തകത്തിന് അദ്ദേഹം വിരാമമിടുന്നത്.

ഭാഗം - മൂന്ന്

അവസാനമായി കുറച്ച് പ്രധാനപ്പെട്ട കാര്യങ്ങൾ കൂടെ ഉണർത്തട്ടെ. ഒന്നാമതായി, ഇസ്‌ലാമിന്റെ വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും ഉൾകൊണ്ടുള്ള പഠനങ്ങൾ വളർന്നു വരുന്ന ഈ അക്കാദമിക് പരിസരത്ത് നിന്നുകൊണ്ട് ഇത്തരത്തിൽ മതത്തിന്റെ ഉള്ളിൽ നിന്ന് ജൈവീകമായി ഉള്ളതിരിഞ്ഞു വരുന്ന ചിന്തകൾക്ക് കൂടെ നമ്മൾ ഇത്തിരി ഇടം നൽകേണ്ടിയിരിക്കുന്നു. പ്രതേകിച്ചു, ഇസ്ലാമിനെ ആകമാനം അക്രമത്തിന്റെയും വർഗീയവാദത്തിന്റെയും തീവ്രവാദത്തിന്റെയും മൊത്തം വില്പനക്കാരനായി മുദ്രകുത്തികൊണ്ടുള്ള മലയാളി പൊതുബോധം ഉയർന്നുവരുന്ന ഈ കാല
ഘട്ടത്തിൽ. മഹാരാജാസിലെ സഹോദരൻ അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം ഇസ്ലാമിനെ മൊത്തത്തിൽ പ്രതിക്കൂട്ടിൽ നിർത്തികൊണ്ടുള്ള പ്രചാരണം നടക്കുമ്പോൾ, ചേകന്നൂരിന്റെ ചിന്തകൾക്ക് ഒരുപാട് പ്രസക്തിയുണ്ടെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

മറ്റൊന്ന്, ഇസ്‌ലാമിന്റെ ഉള്ളിൽ നിന്ന് അതിന്റെ പ്രവർത്തനങ്ങളിലുള്ള പ്രശ്നങ്ങളെയും അപാകതകളെയും ചൂണ്ടിക്കാട്ടികൊണ്ട് പൊന്തിവരുന്ന ചിന്താപ്രസ്ഥാനങ്ങളെ ഇസ്ലാമോഫോബിക് എന്നോ ലിബറൽ മുസ്‌ലിം വായന എന്നോ ഒറ്റയടിക്ക് മുദ്രകുത്തി മാറ്റിനിർത്താതെ ആരോഗ്യപരമായ രീതിയിൽ അവയുമായി സംവദിക്കാനുള്ള ജനാധിപത്യപരമായൊരു അന്തരീക്ഷം മുസ്‌ലിം സമുദായവും വളർത്തിയെടുക്കെണ്ടിയിരിക്കുന്നു.

ചുരുക്കത്തിൽ, മലബാർ മുസ്‌ലിം പഠനങ്ങളുടെ ഭാഗമാകാൻ പറ്റാതെ മറഞ്ഞുനിന്ന ചേകനൂരിന്റെ ചിന്താമണ്ഡലത്തെയും പ്രസ്ഥനത്തേയും എന്റേതായ അറിവിന്റെ പരിമിതിയിൽ നിന്നുകൊണ്ട് അടയാളപ്പെടുത്താനുള്ള ഒരു എളിയ ശ്രമമായിരുന്നു ഈ ലേഖനം. ഇടതു-സ്ത്രീ-മുസ്‌ലിം-ദളിത്‌-ക്വീർ വിശാലഐക്യം എന്ന രാഷ്ട്രീയ സങ്കല്പത്തിലേക്ക് ചേകനൂർ ചിന്തകളെ പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കാൻ പറ്റുന്ന സാധ്യതയെ നിങ്ങൾക്ക് മുന്നിൽ തുറന്നിട്ടുകൊണ്ട് ഞാൻ നിർത്തട്ടെ.

(അഭിപ്രായങ്ങൾ വ്യക്തിപരം. ലേഖകൻ ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിലെ ഗവേഷക വിദ്യാർത്ഥിയാണ്)  

റഫറൻസ്
*Aisha Y Musa (2008), Hadith as Scripture: Discussions on the Authority of Prophetic Traditions in Islam, palgrave-macmillan.
*എം എൻ കാരശ്ശേരി (2001), ചേകന്നൂരിന്റെ രക്തം, പാപ്പിയോൺ ബുക്സ്, കാലിക്കറ്റ്.
*ചേകനൂർ മൗലവി (1985), ഇസ്ലാമിക ശരീഅത്തും ഇന്ത്യൻ ശരീഅത്തും സുപ്രീം കോടതി വിധിയും, പി കെ എം പ്രെസ്സ്, എടപ്പാൾ.
*ചേകനൂർ മൗലവി (1986), അബൂഹുറൈയുടെ തനിനിറം, പി കെ എം പ്രസ്സ്, എടപ്പാൾ.
*ചേകനൂർ മൗലവി (1989), നമസ്കാരം: എങ്ങനെ? എപ്പോൾ? എത്ര?, പി കെ എം പ്രസ്സ്.
*ചേകനൂർ മൗലവി (1990), ബുഖാരിയും മുസ്ലിമും ലോകപൊള്ളന്മാരാണെന്നതിന്റെ തെളിവ്, പി കെ എം പ്രസ്സ്, എടപ്പാൾ.
*ചേകനൂർ മൗലവി (1991), നമസ്കാരം മൂന്ന് മാത്രം, പി കെ എം പ്രസ്സ്, എടപ്പാൾ.
*ചേകനൂർ മൗലവി (1991), ഇസ്‌ലാം കാര്യം അഞ്ചെല്ല; പത്തുണ്ട്, പി കെ എം പ്രസ്സ്, എടപ്പാൾ.
*ചേകന്നൂർ മൗലവി (1991), ഖുർആനിലുള്ള ഹജ്ജിന്റെ സ്ഥാനവും രൂപവും, പി കെ എം പ്രസ്സ്, എടപ്പാൾ.
*ചേകനൂർ മൗലവി (1991), ഖുർആനിലെ പിന്തുടർച്ച നിയമം, പി കെ എം പ്രസ്സ്, എടപ്പാൾ.
*ചേകനൂർ മൗലവി (1992),ഖുർആനിൽ നമസ്കാരത്തിനുള്ള സ്ഥാനം, പി കെ എം പ്രസ്സ്, എടപ്പാൾ.
*ചേകനൂർ മൗലവി (1992), ഖുർആനിലെ നമസ്കാരരൂപം, പി കെ എം പ്രസ്സ്, എടപ്പാൾ.
*ചേകനൂർ മൗലവി (1993), പ്രമാണയോഗ്യമായ ഹദീസേത്, പി കെ എം പ്രസ്സ്, എടപ്പാൾ.
*ചേകനൂർ മൗലവി (1993), സർവമതസത്യവാദം ഖുർആനിൽ, പി കെ എം പ്രസ്സ്, എടപ്പാൾ.
First published: July 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...