ദ്രാവിഡരാഷ്ട്രീയത്തില്‍ ഇനി സ്റ്റാലിന്‍ യുഗമോ?
Last Updated:
#അപര്‍ണാകുറുപ്പ്, അസി.ന്യൂസ് എഡിറ്റര്‍
അവസാനിക്കുന്നത് ഒരു യുഗമാണ്, അതു കലൈഞ്ജര്‍ യുഗം മാത്രമല്ല. ജയലളിതയും കരുണാനിധിയും തമ്മിലുണ്ടായ ബദ്ധവൈരത്തിന്റെ ഇഴപിരിഞ്ഞുകിടക്കുന്ന തമിഴ്‌രാഷ്ട്രീയത്തിലെ പ്രധാനയുഗം കൂടിയാണ്.
ആള്‍ക്കൂട്ടത്തെ വലിച്ചടുപ്പിക്കാനും ഉള്ളംകയ്യിലാക്കാനും കഴിഞ്ഞിരുന്ന മാസ്മരിക നേതൃപാടവമുള്ള രണ്ട് നേതാക്കള്‍ ഇല്ലാതാകുമ്പോഴും ദ്രാവിഡ രാഷ്ട്രീയത്തില്‍ അണിയത്തും അമരത്തും സ്ഥാനമുള്ളത് ഇപ്പോഴും ദ്രാവിഡമുന്നേറ്റ കഴകത്തിനും ആള്‍ഇന്ത്യാ അണ്ണാദ്രാവിഡമുന്നേറ്റ കഴകത്തിനും തന്നെയാണ്. പുതിയ പാര്‍ട്ടികള്‍ക്ക് സ്ഥലംകണ്ടെത്താന്‍ പരിശ്രമിക്കാമെന്ന സ്ഥിതിയിലെക്ക് തമിഴ്‌നാട് എത്തുമ്പോഴും ദ്രാവിഡരാഷ്ട്രീയത്തിന്റെ സമവാക്യം ഈ രണ്ട് പാര്‍ട്ടികള്‍ക്കും മാത്രം സ്വന്തവുമാണ്. വിയോഗങ്ങള്‍ അധികാരരാഷട്രീയത്തില്‍ അടുത്ത ചുവടായിമാറുന്ന തമിഴ് രാഷട്രീയത്തില്‍ പക്ഷെ മുന്‍തൂക്കം ഇനി ആര്‍ക്കായിരിക്കും? ഡിഎംകെക്കോ അണ്ണാഡിഎംകെക്കോ?
advertisement
ആരാണ് ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമിയെന്ന അവകാശതര്‍ക്കത്തില്‍ ഉഴറിപ്പോയ അണ്ണാഡി.എം.കെയെക്കാളും കൂടുതല്‍ അടിയുറപ്പ് ഡി.എം.കെയ്ക്ക് തന്നെയാണെന്നതില്‍ തര്‍ക്കമില്ല. എം.കെ അഴഗിരിക്കും കനിമൊഴിക്കും മുകളില്‍ എം.കെ സ്റ്റാലിനെത്തന്നെ ഡി.എം.കെയുടെ വര്‍ക്കിങ് പ്രസിഡന്റായി ഒന്നരവര്‍ഷം മുമ്പേ അവരോധിച്ച കലൈഞ്ജര്‍തന്നെ അന്നേ അടിവേരറുത്തത് പിന്‍ഗാമിയാരെന്ന ചോദ്യത്തിനു കൂടിയാണ്.
സ്റ്റാലിനെ സംബന്ധിച്ചിടത്തോളം ആകെയുള്ള പ്രതിയോഗികള്‍ കുടുംബത്തിനകത്ത് നിന്ന് തന്നെയാണ്. കരുണാനിധി ജീവിച്ചിരിക്കുമ്പോള്‍തന്നെ പടയൊരുക്കം പ്രഖ്യാപിച്ച എം.കെ അഴഗിരി സ്റ്റാലിന് എത്രവലിയ വെല്ലുവിളി ഉയര്‍ത്തുമെന്നതും ചോദ്യമാണ്. സജീവരാഷട്രീയത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ച അഴഗിരിയോ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ കനിമൊഴിയോ ഉയര്‍ത്തുമോ ഡി.എം.കെയുടെ അമരസ്ഥാനത്തിനായുള്ള അവകാശമെന്ന് മാത്രമാണ് കണ്ടറിയേണ്ടത്.
advertisement
പക്ഷെ 14ാം വയസില്‍തന്നെ സ്റ്റാലിനെ രാഷ്ട്രീയത്തിലിറക്കിയ കരുണാനിധി അണികളുടെ ദളപതിയായി വളര്‍ത്തിയെടുത്തത് ആ സന്താനത്തെ മാത്രമാണ്. സ്റ്റാലിനെതിരെ പാളയത്തില്‍ പടയൊരുക്കം തുടങ്ങിയ അഴഗിരിയെ മധുരത്തിലേക്ക് മാറ്റിയ കരുണാനിധി, സ്റ്റാലിന് നല്‍കിയ പ്രാധാന്യം തന്നെയാണ് പാര്‍ട്ടിയുടെ അടുത്ത അച്ചുതണ്ടാകുമെന്ന് പ്രതീക്ഷിച്ച വൈകോ ഡി.എം.കെ വിടുന്നതിനും ഇടവച്ചത്.
രാഷട്രീയത്തില്‍ സ്റ്റാലിന്റേയും അഴഗിരിയുടേയും രീതിയും ശൈലിയും ചുവടുകളും രണ്ട് തരമാണ്. പെട്ടെന്ന് പ്രകോപിക്കുന്ന അഴഗിരിക്ക് തെക്കന്‍ തമിഴ്‌നാടിന്റെ ഡി.എം.കെ മുഖമാകാന്‍ കഴിഞ്ഞിട്ടും പക്ഷെ കലൈഞ്ജര്‍ മാര്‍ക്കിട്ടത് സ്റ്റാലിന് ശേഷം മാത്രം. 2014ല്‍ അഴഗിരി പാര്‍ട്ടിക്ക് പുറത്താകുകയും സ്റ്റാലിന്‍ പിടിമുറുക്കുകയും ചെയ്തപ്പോള്‍ പ്രത്യേത മമത ആരോടുമില്ലാത്ത നിലപാടാണ് കനിമൊഴി സ്വീകരിച്ചതും.
advertisement
കനിമൊഴിക്ക് ഇന്ന ചേരിയെന്ന നിലപാടില്ലെങ്കിലും കരുണാനിധിയുടെ മൂത്തമകന്‍ എം.കെ മുത്തു കുടുംബത്തില്‍ നിന്ന് ഇടഞ്ഞുതന്നെ നില്‍ക്കുകയും അഴഗിരി തിരികെവരികയും ചെയ്തസ്ഥിതിക്ക് പാളയത്തിലെപട തള്ളിക്കളയാവുന്നതല്ല. പ്രത്യേകിച്ച് മകന്‍ ഉദയനിധിയെ രാഷട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള സ്റ്റാലിന്റെ നീക്കത്തിനെതിരെ പ്രതിഷേധവും ഒരുവശത്ത് ഉയരുമ്പോള്‍.
എന്നിരുന്നാല്‍പോലും രാഷട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ സ്റ്റാലിന് മാത്രം അനുകൂലമാണ്, അണ്ണാഡി.എം.കെ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള കടുത്ത അതൃപ്തി, ശക്തനായ ഒരു നേതാവില്ലാത്ത ശൂന്യത ഇതെല്ലാം നികത്താന്‍ കഴിയുന്നത് ഡി.എം.കെയ്ക്കും സ്റ്റാലിനും മാത്രമാണ്.
അണ്ണാ ഡി.എം.കെയിലും ജയലളിതയുടെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരമായിട്ടില്ല. എടപ്പാടി പളനിസ്വാമിയും പനീര്‍ശെല്‍വവും തമ്മിലുള്ള ഉരസലിനും പുറമെ, ഇനി പാര്‍ട്ടിയിലെ വിമതപക്ഷമായ ദിനകരനും ശശികളയും കൂടി ചേര്‍ന്ന് കഴിയുമ്പോള്‍ .
advertisement
എം.ജി.ആര്‍. അമ്മ പേരവൈയൊക്കെയായി ജയലളിതയുടെ മരുമകള്‍ ദീപ വരെ അവകാശതര്‍ക്കം ശക്തമാക്കാന്‍ രംഗത്തുണ്ട്.
രാഷട്രീയത്തിലേക്ക് കളംമാറ്റിചവിട്ടുകയാണെന്ന് സൂപ്പര്‍താരങ്ങള്‍ രണ്ട് പേര്‍ പ്രഖ്യാപിച്ചിട്ടും തമിഴ്മക്കളില്‍ വേണ്ടത്ര ഏശിയിട്ടില്ലെന്ന് വേണം അനുമാനിക്കാന്‍. എംജിആറും ജയലളിതയും കരുണാനിധിയും സിനിമയുടെ വെള്ളിവെളിച്ചം കൂടി പ്രയോജനപ്പെടുത്തി ആള്‍ക്കൂട്ടത്തെ ആകര്‍ഷിച്ചിരുന്ന രാഷ്ട്രീയ കാലാവസ്ഥയല്ല ഇപ്പോള്‍ തമിഴ്‌നാട്ടില്‍. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് കയ്യടികിട്ടുന്ന പ്രഖ്യാപനങ്ങളോ നീക്കങ്ങളോ നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പാര്‍ട്ടിക്ക് ഇതുവരെ പേരുപോലുമിടാത്ത രജനീകാന്ത് രാഷട്രീയത്തില്‍ ഉറച്ച് നില്‍ക്കുമെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ പോലും കരുതുന്നുമില്ല.
advertisement
ബിജെപിയാണ് ജയലളിതയുടെ മരണശേഷം തമിഴനാട്ടില്‍ പിടിമുറുക്കിത്തുടങ്ങിയ രാഷട്രീയ ശക്തി. ദുര്‍ബലമായിപോയ കോണ്‍ഗ്രസുമായി താരതമ്യപ്പെടു്തതിയാല്‍ ദ്രാവിഡ സമവാക്യങ്ങളുമായിപോലും അകലത്തുനില്‍ക്കുന്ന ബിജെപിക്ക് അണ്ണാഡിഎംകെയിലെ പിളര്‍പ്പും ഗുണകരമായി ഭവിച്ചിട്ടുണ്ട്.
എന്നിരുന്നാലും തമിഴ് രാഷ്ട്രീയത്തിന്റെ അച്ചുതണ്ട് വരും ദിവസങ്ങളിലും ഡിഎംകെയുടെയോ അണ്ണാഡിഎംകെയുടെയോ കയ്യില്‍ നിന്ന് മാറാനുള്ള സാധ്യത കണ്ണടച്ച് തള്ളണം. അതില്‍തന്നെ കൃത്യമായ ചുവടുകളോടെ പക്വതയുള്ള നേതാവാണെനന് പ്രഖ്യാപിച്ച് സ്റ്റാലിന്‍ നടത്തുന്ന നീക്കങ്ങല്‍ അണികളിലേക്കെത്തുമ്പോള്‍ അടുത്ത വിജയം ഡിഎംകെയ്ക്ക് ഒപ്പമാണെന്നു കൂടി പ്രവചിക്കേണ്ടതായി വരും. അങ്ങനെയാണെങ്കില്‍ ഇനി ദ്രാവിഡ രാഷട്രീയം സാക്ഷിയാകുക ദളപതിയുഗത്തിന്റെ തുടക്കത്തിനാകും.
Location :
First Published :
August 08, 2018 9:59 PM IST