ശ്രീജിത് പണിക്കർഇന്ത്യയുടെ ചരിത്രത്തിൽ ഇടംപിടിച്ച രണ്ട് പ്രധാന സംഭവങ്ങൾക്ക് ഇക്കഴിഞ്ഞ സെപ്തംബർ 8-ന് ഇന്ത്യാ ഗേറ്റിൽ വെച്ച് ഞാൻ സാക്ഷിയായി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയുടെ അനാച്ഛാദനം ആയിരുന്നു ഒന്ന്. മറ്റൊന്ന് രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റിനും ഇടയിലുള്ള രാജ്പഥിന്റെ പേര് കർത്തവ്യ പഥ് എന്നു മാറ്റിയതും.
ഈ റോഡിൽ 1968 വരെ ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ പ്രതിമ നിലനിന്നിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഒരു കൂട്ടം അനുയായികൾ അത് നശിപ്പിക്കുകയും ബോസിന്റെ ഛായാചിത്രം അവിടെ സ്ഥാപിക്കുകയും ചെയ്തു. ആ പ്രതിമ നിന്നിരുന്ന സ്ഥലം ഒഴിഞ്ഞുകിടന്നത് അഞ്ചു പതിറ്റാണ്ടിലേറെയാണ്. നേതാജിയുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നത് എത്രത്തോളം സങ്കീർണ്ണമായ കാര്യമാണെന്ന് ഇതിൽ നിന്നു തന്നെ മനസിലാകും.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ സമീപനം പ്രധാനമായും രണ്ടു രീതികളിലായിരുന്നു. ഒന്ന് അഹിംസയുടേതും മറ്റൊന്ന് സായുധ പോരാട്ടത്തിന്റേതും. നമുക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിൽ അഹിംസ നിർണായക പങ്കുവഹിച്ചുവെന്ന കാര്യവും സ്വാഭാവികമായും അതിന് തുടക്കമിട്ട മഹാത്മാഗാന്ധി നമ്മുടെ രാഷ്ട്ര പിതാവായി മാറിയെന്ന കാര്യവും ഇന്ത്യ എപ്പോഴും ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ അധികാര സ്ഥാനങ്ങളെ വെല്ലുവിളിച്ച വിപ്ലവകാരികൾക്ക് രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തിൽ എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്.
ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നതു മാത്രമായിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ മുൻഗണന. അതിനായി ഏതറ്റം വരെ പോകാനും അദ്ദേഹം തയ്യാറായിരുന്നു. പലർക്കും സങ്കൽപ്പിക്കാൻ പോലുമാകാത്ത കാര്യങ്ങൾ അദ്ദേഹം ചെയ്തു. ഗാന്ധിജിയുടെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി കോൺഗ്രസ് അധ്യക്ഷനായി. മതിയായ പിന്തുണയില്ലെന്ന് കണ്ടപ്പോൾ രാജിവച്ചു. വീട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെട്ട അദ്ദേഹം തനിക്ക് പിന്തുണ വാഗ്ദാനം ചെയ്ത മറ്റ് രാജ്യങ്ങളിൽ എത്തി. ഇന്ത്യൻ നാഷണൽ ആർമിയെ അദ്ദേഹം പുനരുജ്ജീവിപ്പിച്ചു. പ്രവാസ സർക്കാർ സ്ഥാപിച്ചു. യുദ്ധത്തിൽ പങ്കെടുത്തു. ഐഎൻഎ-ജപ്പാൻ കൂട്ടുകെട്ട് വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടു പോലും വടക്കുകിഴക്കൻ പ്രദേശങ്ങളിലും ആൻഡമാനിലും ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയുടെ ചില ഭൂമി തിരിച്ചുപിടിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഡൽഹിയിലേക്കുള്ള വഴി സ്വാതന്ത്ര്യത്തിലേക്കുള്ള വഴി കൂടിയായിരുന്നു.
Also Read-
'കർത്തവ്യ പഥ് ഉദ്ഘാടനത്തോടെ ഒരു പുതിയ യുഗം ആരംഭിച്ചു': പ്രധാനമന്ത്രി നരേന്ദ്ര മോദിബി ആർ അംബേദ്കർ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്‌ലി, ചരിത്രകാരൻ മൈക്കൽ എഡ്വേർഡ്സ് തുടങ്ങി നിരവധി പേർ ഗാന്ധിജി മുന്നോട്ടു വെച്ച അഹിംസയേക്കാൾ വലിയ പ്രാധാന്യം ബോസിനും അദ്ദേഹത്തിൽ നിന്നു പ്രചോദനമുള്‍ക്കൊണ്ട നാവിക കലാപത്തിനും ചെങ്കോട്ട വിചാരണയ്ക്കുമുണ്ട്. ബോസിന്റെ വഴികൾ ഗാന്ധിയുടേതിന് വിരുദ്ധമായതിനാലും, ഗാന്ധിയും ബോസും പരസ്പര വിരുദ്ധ സിദ്ധാന്തങ്ങൾ മുന്നോട്ടു വെച്ച രണ്ടു വ്യക്തികളായി തോന്നും എന്നതിനാലും, സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം നൽകിയവർക്കൊപ്പം ബോസിന്റെ പേര് വേണ്ടത്ര പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയില്ല. അതിനാൽ ബോസ് വിസ്മൃതിയിലായി. അദ്ദേഹത്തിന്റെ സൈന്യത്തെക്കുറിച്ചുള്ള ചരിത്രവും അതിന്റെ പരിശ്രമങ്ങളുമൊക്കെ ഇന്നും പലർക്കുമറിയില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി റേസ്‌കോഴ്‌സ് റോഡിലെ (ഇപ്പോഴത്തെ ലോക് കല്യാൺ മാർഗ്) നമ്പർ 7 വസതിയിൽ വെച്ച് ബോസിന്റെ രഹസ്യ ഫയലുകൾ പുറത്തു വിടുമെന്ന് 2015 ഒക്‌ടോബറിൽ നടത്തിയ പ്രഖ്യാപനത്തിനും ഞാൻ സാക്ഷിയായിരുന്നു. തുടർന്നുള്ള മാസങ്ങളിൽ അത്തരം ആയിരത്തോളം രഹസ്യ രേഖകൾ ആർക്കും പരിശോധിക്കാവുന്ന തരത്തിലാക്കി. ബോസിനെ നമ്മുടെ സ്മൃതിപഥത്തിലേക്കു തിരികെ കൊണ്ടുവരാൻ നിരവധി നടപടികൾ അദ്ദേഹം സ്വീകരിച്ചു. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ഐഎൻഎ പോരാളികളെ ക്ഷണിച്ചു. ആസാദ് ഹിന്ദ് ദിനത്തിൽ ചെങ്കോട്ടയിലും പിന്നീട് ആൻഡമാനിലും ത്രിവർണ പതാക ഉയർത്തി. ചെങ്കോട്ടയിൽ നേതാജി, ഐഎൻഎ മ്യൂസിയങ്ങൾ ഉദ്ഘാടനം ചെയ്തു. ജപ്പാനിലുള്ള ബോസിന്റെ അനുയായികളെ സന്ദർശിച്ചു. ബോസിന്റെ ജന്മദിനം പരാക്രം ദിവസ് ആയി പ്രഖ്യാപിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി നിരവധി ആൻഡമാൻ ദ്വീപുകളുടെ പേരുമാറ്റി. ഈ വർഷം, ബോസിന്റെ ജന്മദിനത്തിൽ (ജനുവരി 23) ഇന്ത്യാ ഗേറ്റിനടുത്ത് അദ്ദേഹത്തിന്റെ ഒരു ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തു.
സ്വാഭിമാനത്തിൽ വിശ്വസിക്കുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ പാരമ്പര്യം പുനഃസ്ഥാപിക്കുന്നതിൽ ഇത്തരം നടപടികളെല്ലാം വലിയ പ്രാധാന്യം അർഹിക്കുന്നു.
Also Read-
രാജ്‍പഥ് ഇനി കർത്തവ്യപഥ്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തുഎന്നാൽ ഇന്ത്യ ഇന്നും ബോസിന്റെ സംഭാവനകളെ വേണ്ടവിധം അംഗീകരിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ അദ്ദേഹത്തിന്റെ സംഭാവനകളുടെ വ്യാപ്തി പലരും മനസിലാക്കിയിട്ടുമില്ല. ശക്തമായ സാമ്പത്തിക ആസൂത്രണം, ശാസ്ത്ര സാങ്കേതിക വിദ്യ, വ്യാവസായിക വിപ്ലവം, സഹകരണ ഫെഡറലിസം, മതേതരത്വം എന്നിവയിലൂടെ അദ്ദേഹം സ്വാശ്രയ സങ്കൽപം വിഭാവനം ചെയ്തതായി പലർക്കുമറിയില്ല. അദ്ദേഹം കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ സാമ്പത്തിക വികസനത്തിന് വേണ്ടി പോരാടി. 1938 ഡിസംബറിൽ ജവഹർലാൽ നെഹ്‌റുവിന്റെ കീഴിൽ ദേശീയ ആസൂത്രണ സമിതി രൂപീകരിച്ചു. ഇത് സ്വാതന്ത്ര്യാനന്തരം ആസൂത്രണ കമ്മീഷൻ രൂപീകരിക്കുന്നതിലേക്ക് നയിച്ചു. 1997-ൽ സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മശതാബ്ദി വർഷത്തിൽ ഇന്ത്യൻ ആസൂത്രണ കമ്മീഷൻ രാജ്യത്തിൻ്റെ ആസൂത്രണത്തിന്റെ തുടക്കക്കാരനായി അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു.
ഒരു ഗവേഷണ കൗൺസിൽ എന്ന ആശയത്തെ ബോസ് പിന്തുണച്ചിരുന്നു. ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടെയും സഹായത്തോടെ മാത്രമേ രാജ്യത്തിന്റെ പുനർനിർമാണം സാധ്യമാകൂ എന്നു വിശ്വസിച്ച അദ്ദേഹം വൈദ്യുതി, ഗതാഗതം, രാസവസ്തുക്കൾ, ലോഹ ഉൽപാദനം എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു വ്യാവസായിക വിപ്ലവത്തിന് വേണ്ടി ശബ്ദമുയർത്തിയ ആൾ കൂടിയാണ്.
പ്രാദേശിക സ്വയംഭരണത്തിലൂടെ സഹകരണ ഫെഡറലിസം എന്ന ആശയത്തിനായി അദ്ദേഹം വാദിച്ചു. അത് പിന്നീട് പഞ്ചായത്തീ രാജ് എന്ന തരത്തിൽ യാഥാർത്ഥ്യമായി. ഹിന്ദു മഹാസഭയിലും മുസ്ലീം ലീഗിലുമുള്ള കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ട അംഗത്വം റദ്ദാക്കിയത് മതേതരത്വത്തിൽ ഉറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹമാണ്. സ്വതന്ത്ര ഇന്ത്യ എല്ലാ മതങ്ങളോടും നിഷ്പക്ഷ മനോഭാവം പുലർത്തണമെന്നും വിശ്വാസം വ്യക്തിപരമായ തിരഞ്ഞെടുപ്പ് ആയിരിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
തന്റെ സമകാലികരുടെ ചിന്താഗതിയ്ക്ക് വിരുദ്ധമായി, ഇന്ത്യയ്ക്ക് കരുത്തുറ്റ ഒരു സൈന്യം ഉണ്ടായിരിക്കണമെന്ന് ബോസ് ആഗ്രഹിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളിൽ രണ്ടാമതാണ് നാം. ലോക ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന വനിതാ റെജിമെന്റുകളിൽ ഒന്നായിരുന്നു അദ്ദേഹത്തിന്റെ ഝാൻസി റാണി റെജിമെന്റ്. താൻ ജീവിച്ചിരുന്ന കാലത്തേക്കാൾ എത്രയോ മുന്നിലായിരുന്നു അദ്ദേഹത്തിന്റെ ചിന്തകളെന്ന് മനസിലാക്കാൻ ഈ ഒരൊറ്റ ഉദാഹരണം മതി. എന്നാൽ സ്ത്രീകളെ യുദ്ധമുഖത്ത് എങ്ങനെ വിന്യസിപ്പിക്കാമെന്ന ആലോചനയിലാണ് സ്വതന്ത്ര ഇന്ത്യ ഇപ്പോഴും!
ആധുനിക ഇന്ത്യയുടെ ശില്പിയാണ് ബോസ് എന്ന് പല കാര്യങ്ങളും മുൻനിർത്തി പറയാം. തന്റെ കാലഘട്ടത്തെയും സമകാലികരെയും അപേക്ഷിച്ച് വളരെയധികം മുൻപേ സഞ്ചരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ബോസ് മുന്നോട്ടു വെച്ച രാഷ്ട്രീയവും ദേശീയതയും പലരും അംഗീകരിക്കാത്തതിനാൽ, 1945 ലെ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള തിരോധാനം പോലെ അദ്ദേഹത്തെക്കുറിച്ചുള്ള പല കാര്യങ്ങളും ഇന്നും അവ്യക്തമായി തുടരുന്നു.
ഇന്ത്യയുടെ ചക്രവർത്തി എന്നും അറിയപ്പെട്ടിരുന്ന രാജാവായിരുന്നു ജോർജ്ജ് അഞ്ചാമൻ. ഇന്ത്യാ ഗേറ്റിന് സമീപമുള്ള അദ്ദേഹത്തിന്റെ പ്രതിമ വൈസ്രോയിയുടെ ഭവന(ഇപ്പോഴത്തെ രാഷ്ട്രപതി ഭവൻ)ത്തിൽ നിന്ന് രാജ് പഥിലൂടെ നേർരേഖയിൽ കാണാമായിരുന്നു. എന്നാൽ രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് കൊളോണിയൽ ചക്രവർത്തിക്കു പകരം ഇപ്പോൾ ജനങ്ങളുടെ ചക്രവർത്തിയാണ് തലയുയർത്തി നിൽക്കുന്നത് എന്ന കാര്യം കാവ്യനീതിയായിത്തന്നെ കാണാം. അധികാരം മാത്രമല്ല, കർത്തവ്യവും പ്രധാനമാണ് എന്ന കാര്യവും ഇത് ഓർമിപ്പിക്കുന്നു. കാരണം ഡൽഹിയിലേക്ക് എത്താൻ ബോസ് ആഹ്വാനം ചെയ്ത വഴി കർത്തവ്യങ്ങളുടേതു കൂടി ആയിരുന്നല്ലോ.
('മിഷൻ നേതാജി' ഗവേഷകസംഘത്തിന്റെ സ്ഥാപകാംഗമാണ് ലേഖകൻ. മണികൺട്രോളിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ. അഭിപ്രായം വ്യക്തിപരം. സ്ഥാപനത്തിന്റെ നിലപാടല്ല) ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.