നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • opinion
  • »
  • അറ്റ്‌ലസ് എന്ന പേരിന് പിന്നിൽ ഒരു കഥയുണ്ട്

  അറ്റ്‌ലസ് എന്ന പേരിന് പിന്നിൽ ഒരു കഥയുണ്ട്

  • Last Updated :
  • Share this:
   മൂന്നുവർഷത്തോളം നീണ്ട ജയിൽവാസത്തിനൊടുവിൽ അറ്റ്‌ലസ് ഗ്രൂപ്പ് സ്ഥാപകൻ എം.എ രാമചന്ദ്രൻ എന്ന അറ്റ്‌ലസ് രാമചന്ദ്രൻ പുറത്തിറങ്ങി. പരസ്യത്തിലൂടെയും സിനിമയിലൂടെയും മലയാളികൾക്ക് ചിരപരിചിതനായ അറ്റ്‌ലസ് രാമചന്ദ്രൻ ദുബായ് ജയിലിലായത് വലിയ വാർത്തയായിരുന്നു. 22 ബാങ്കുകള്‍ നൽകിയിരുന്ന പരാതി പിൻവലിച്ചതിനെ തുടർന്നാണ് അദ്ദേഹം ജയിൽ മോചിതനായത്. ബാങ്ക് ഓഫ് ബറോഡ അടക്കം ഇരുപത്തിരണ്ട് ബാങ്കുകളുമായി പൊതുധാരണയിൽ എത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പ് ഉടമ എം.എ രാമചന്ദ്രൻ ജയിൽമോചിതനായത്.

   സ്വർണവ്യാപാരരംഗത്ത് അതുല്യമായ വിജയഗാഥ രചിച്ച് മുന്നേറുന്നതിനിടയിലാണ് 2015 നവംബർ 12ന് അറ്റ്ലസ് രാമചന്ദ്രൻ ജയിലിലാകുന്നത്. വായ്പകൾ മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്തതോടെയായിരുന്നു രാമചന്ദ്രനെതിരെ കേസ് വന്നത്. മകൾ മഞ്ജുവിനും മരുമകൻ അരുണിനും രാമചന്ദ്രനൊപ്പം ശിക്ഷ ലഭിച്ച് ജയിലിലായി. മഞ്ജു പുറത്തിറങ്ങിയെങ്കിലും അരുൺ, രാമചന്ദ്രനൊപ്പം ജയിലിലായിരുന്നു. രാമചന്ദ്രന്റെ ഭാര്യ ഇന്ദിര ദുബൈയിൽ ഒറ്റമുറി ഫ്ലാറ്റിൽ ഏകയായാണ് കഴിഞ്ഞിരുന്നത്. അറ്റ്ലസിന്റെ വിവിധ ജ്വല്ലറികൾ, വിദേശത്തെ ആശുപത്രികൾ, ഹെൽത്ത് കെയർ സ്ഥാപനങ്ങൾ തുടങ്ങിയവ വിറ്റാണ് ഒത്തുതീർപ്പിനുള്ള പണം കണ്ടെത്തിയത്. അറ്റ്ലസ് ജ്വല്ലറിക്ക് കേരളത്തിലും വിദേശത്തുമായി അൻപതോളം ശാഖകൾ ഉണ്ടായിരുന്നു.

   അറ്റ്‌ലസ് എന്ന പേര് വന്നത്...

   30 വർഷം മുമ്പ് ബാങ്ക് ജോലി രാജിവെച്ച് സ്വർണവ്യാപാരരംഗത്തേക്ക് കടക്കുന്നതിനാണ് രാമചന്ദ്രൻ ഗൾഫിലേക്ക് പോകുന്നത്. കുവൈത്തിൽ ഒരു ജൂവലറി തുടങ്ങുന്നതിന് പേര് രജിസ്റ്റർ ചെയ്യാൻ അവിടുത്തെ വാണിജ്യമന്ത്രാലയ ഓഫീസിലെത്തി. മലയാളിത്തം തുളുമ്പുന്ന നിരവധി പേരുകളും മനസിലിട്ടാണ് രാമചന്ദ്രൻ അവിടെയെത്തിയത്. എന്നാൽ ആ പേരുകളൊന്നും അംഗീകരിക്കാൻ അവിടുത്തെ ഉദ്യോഗസ്ഥൻ തയ്യാറായില്ല. പാലസ്തീൻകാരനായ ഉദ്യോഗസ്ഥൻ നിശ്ചയിച്ചു- അറ്റ്‌ലസ്, അതാണ് നിങ്ങളുടെ ജ്വല്ലറിയുടെ പേര്. അങ്ങനെ അറ്റ്‌ലസ് ജൂവലറി ഉടമ തൃശൂരുകാരനായ എം.എ രാമചന്ദ്രൻ അറ്റ്ലസ് രാമചന്ദ്രൻ എന്നറിയപ്പെടാൻ തുടങ്ങിയത്. വൈകാതെ അറ്റ്‌ലസ് രാമചന്ദ്രന്‍റെ വ്യാപാരശൃംഖല പടർന്ന് പന്തലിച്ചു. ഗൾഫിലെ ബിസിനസ് കേരളത്തിലേക്കും മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇന്ത്യയിലും കേരളത്തിലുമായി അമ്പതിലധികം സ്ഥാപനങ്ങൾ. സ്വർണവ്യാപാരത്തിന് പുറമെ ഹെൽത്ത് കെയർ, ആശുപത്രികൾ തുടങ്ങിയ മേഖലകളിലും അറ്റ്‌ലസ് ഗ്രൂപ്പ് കടന്നു.

   സിനിമയിലും തിളങ്ങി...

   വ്യാപാരരംഗത്ത് മാത്രമല്ല ചലച്ചിത്രമേഖലയിലും അറ്റ്‌ലസ് രാമചന്ദ്രൻ തിളങ്ങി. വൈശാലി എന്ന സൂപ്പർഹിറ്റ് സിനിമ നിർമ്മിച്ചുകൊണ്ടായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. പിന്നീട് വാസ്തുഹാര, സുകൃതം, ധനം തുടങ്ങിയ ചിത്രങ്ങളും നിർമ്മിച്ചു. നടൻ എന്ന നിലയിൽ അറബിക്കഥ, ആനന്ദഭൈരവ്, മലബാർ വെഡ്ഡിങ്, ടു ഹരിഹർ നഗർ എന്നീ സിനിമകളിലും ശ്രദ്ധേയനായി. ചില സിനിമകൾ അദ്ദേഹം വിതരണം ചെയ്യുകയും ചെയ്തു. കേരളത്തിലെ ചലച്ചിത്ര-സാംസ്ക്കാരികപ്രവർത്തകരുമായി അഭേദ്യമായ ബന്ധം രാമചന്ദ്രൻ കാത്തുസൂക്ഷിച്ചു.

   കോട്ടും പിന്നെ ജനകോടികളുടെ വിശ്വസ്ത സ്ഥാപവും...

   അറ്റ്‌ലസ് ജൂവലറിയുടെ പരസ്യത്തിലൂടെയും രാമചന്ദ്രൻ മലയാളിക്ക് പ്രിയപ്പെട്ടവനായി. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകമാണ് ഏറെ ശ്രദ്ധേയമായത്. ഈ വാചകം സിനിമയിലുമെത്തി. മിമിക്രി കലാകാരൻമാരും രാമചന്ദ്രന്‍റെ ഈ പരസ്യവാചകം അനുകരിക്കാൻ തുടങ്ങി. അതുപോലെ തന്നെ ശ്രദ്ധേയമാണ് അദ്ദേഹത്തിന്‍റെ കോട്ട്. പൊതുചടങ്ങുകളിലും മറ്റും കോട്ടിട്ട് മാത്രമാണ് രാമചന്ദ്രനെ കാണാനാകുക. വിഖ്യാതമായ ഈ കോട്ട് അദ്ദേഹത്തിലൂടെതന്നെ അറബിക്കഥ എന്ന സിനിമയിലും കഥാപാത്രമായി മാറി.

   ഇടിത്തീ പോലെ കേസും ജയിൽവാസവും...

   ഇതെല്ലാം വൻ വിജയമായി മുന്നോട്ടുപോകുന്നതിനിടയിലാണ് കേസും ജയിൽവാസവുമൊക്കെയായി അറ്റ്‌ലസ് രാമചന്ദ്രന്‍റെ ജീവിതം ആന്‍റി ക്ലൈമാക്സിലേക്ക് പോകുന്നത്. വ്യാപാര ആവശ്യങ്ങൾക്കായി യുഎഇയിലെ വിവിധ ബാങ്കുകളിൽനിന്ന് കടമെടുത്ത 1000 കോടിയോളം രൂപ(55 കോടി ദിർഹം) തിരിച്ചടക്കാനാകാതെ വന്നതാണ് വിനയായത്. അഞ്ചുകോടിയുടെ ചെക്ക് മടങ്ങിയതാണ് ആദ്യ കേസ്. വൈകാതെ രാമചന്ദ്രൻ വായ്പ എടുത്ത പതിനഞ്ചോളം ബാങ്കുകൾ കേസുകൊടുത്തു. 2015 ഓഗസ്റ്റ് 23ന് അറ്റ്‌ലസ് രാമചന്ദ്രൻ അറസ്റ്റിലായി. 22 ബാങ്കുകളും ആറു വ്യക്തികളും വായ്പ തിരിച്ചടക്കാത്തതിന് രാമചന്ദ്രനെതിരെ പരാതി കൊടുത്തത്. രാമചന്ദ്രന്‍റെ വ്യാപാരത്തിൽ പങ്കാളികളായിരുന്ന മകൾ മഞ്ജു, മരുമകൻ അരുൺ എന്നിവരും അറസ്റ്റിലായി. കർക്കശമായ ജാമ്യവ്യവസ്ഥയിൽ മഞ്ജു പിന്നീട് ജയിൽമോചിതയായി.

   2015 സെപ്റ്റംബർ ഒന്നിന് ജാമ്യാപേക്ഷ നൽകിയെങ്കിലും അത് തള്ളി. ഗൾഫ് രാജ്യങ്ങളിലെ സ്വത്തുക്കൾ വിറ്റഴിച്ച് 877 കോടി തിരിച്ചടച്ച് കടബാധ്യത തീർക്കാമെന്ന് അറിയിച്ചെങ്കിലും കോടതി അത് മുഖവിലക്കെടുത്തില്ല. വിചാരണയ്ക്കൊടുവിൽ ഒക്ടോബർ 28ന് ദുബായ് കോടതി അറ്റ്‌ലസ് രാമചന്ദ്രനെ മൂന്നുവർഷത്തേക്ക് ശിക്ഷിച്ചു. വായ്പാതിരിച്ചടവും പലിശയും വാടകക്കുടിശികയുമെല്ലാം ചേർന്ന് 600 ദശലക്ഷം ദിർഹത്തിലേറെ കടക്കാരനായി അറ്റ്‌ലസ് രാമചന്ദ്രൻ മാറി.

   തകർന്നടിഞ്ഞ ബിസിനസ് സാമ്രാജ്യം...

   കേസ് നടത്താനും മറ്റുമായി വൻതുക ആവശ്യമായി വന്നപ്പോൾ യുഎഇയിലെ 19 ജൂവലറികളും മറ്റ് രാജ്യങ്ങളിലെ ജൂവലറികളും ആശുപത്രികളും ഹെൽത്ത് കെയർ സ്ഥാപനങ്ങളും തകരാൻ തുടങ്ങി. ശമ്പളവും ആനുകൂല്യവും ലഭിക്കാതെ വന്നതോടെ ജീവനക്കാർ അറ്റ്‌ലസ് രാമചന്ദ്രന്‍റെ ഭാര്യ ഇന്ദു രാമചന്ദ്രൻ താമസിച്ചിരുന്ന ഒറ്റമുറി ഫ്ലാറ്റിന് മുന്നിൽ സമരം തുടങ്ങി. രാമചന്ദ്രനൊപ്പം നിഴലായി ഉണ്ടായിരുന്ന ഭാര്യയ്ക്ക് ബിസിനസ് പരിചയം തീരെ ഇല്ലായിരുന്നു. എന്നാൽ ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നുചേർന്ന പ്രതിസന്ധിയെ അവർ നേരിട്ടു. ഭർത്താവും മകളും മരുമകനും ജയിലിലായപ്പോൾ അവർ ഒറ്റയ്ക്ക് രംഗത്തിറങ്ങി. ഗൾഫിലുണ്ടായിരുന്ന സ്വത്തുക്കളും സ്വർണാഭരങ്ങളും വിറ്റഴിച്ച് സമരം ചെയ്ത ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകി. കേസ് നടത്താനും മറ്റും അവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇടയ്ക്ക് മകൾ പുറത്തിറങ്ങിയത് ഇന്ദുവിന് ആശ്വാസമായി.

   മോചനശ്രമവുമായി കേരളവും കേന്ദ്രസർക്കാരും...

   മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസർക്കാരുമൊക്കെ അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചനത്തിനായി ഇടപെട്ടു. ഇതിനിടയിൽ ചില ബാങ്കുകളുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചകൾ വിജയംകണ്ടു. കേരള-കേന്ദ്രസർക്കാരുകൾ നടത്തിയ ഇടപെടലുകൾ തുടർന്നെങ്കിലും രാമചന്ദ്രന്‍റെ മോചനം നീണ്ടുപോയി. വിദേശകാര്യമന്ത്രി സുഷമ സ്വരാജും, ഒ രാജഗോപാൽ എംഎൽഎയും രാമചന്ദ്രനെ മോചിപ്പിക്കാൻ ബാങ്കുകളുമായും സ്വകാര്യവ്യക്തികളുമായി ചർച്ചകൾ നടത്തി. ചിലർ ഒത്തുതീർപ്പിലെത്തുകയും ചെയ്തു. ഏറ്റവും ഒടുവിൽ ജൂവലറികളിലേക്ക് സ്വർണം വാങ്ങാൻ വായ്പയെടുത്ത വ്യക്തി മാത്രമാണ് ഒത്തുതീർപ്പിന് തയ്യാറാകാതെ നിന്നത്. ഇതുകാരണമാണ് ജയിൽമോചനം അനന്തമായി നീണ്ടത്. ഇപ്പോൾ അക്കാര്യത്തിൽക്കൂടി തീരുമാനമായതോടെയാണ് അറ്റ്‌ലസ് രാചമന്ദ്രന്‍റെ മോചനം സാധ്യമായത്.
   First published: