• HOME
  • »
  • NEWS
  • »
  • opinion
  • »
  • ശിഖർ ധവാൻ മൂന്നാഴ്ച മാറിനിന്നാൽ ഇന്ത്യൻ ടീമിന് എന്ത് സംഭവിക്കും?

ശിഖർ ധവാൻ മൂന്നാഴ്ച മാറിനിന്നാൽ ഇന്ത്യൻ ടീമിന് എന്ത് സംഭവിക്കും?

വിരലിന് പൊട്ടലുള്ളതിനാൽ മൂന്നാഴ്ചയോളം ധവാന് കളിക്കാനാകില്ല എന്നാണ് റിപ്പോർട്ട്. മൂന്നാഴ്ചയോളം ധവാൻ മാറിനിൽക്കുന്നത് ഇന്ത്യൻ ടീമിനെ സാരമായി ബാധിക്കും...

dhawan1

dhawan1

  • News18
  • Last Updated :
  • Share this:
    ന്യുസീലൻഡിനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് ആശങ്കയായി മാറിയിരിക്കുകയാണ് ഓപ്പണർ ശിഖർ ധവാന്റെ പരിക്ക്. ഓസീസിനെതിരായ മത്സരത്തിനിടെ ധവാന്‍റെ കൈവിരലിനേറ്റ പരിക്കാണ് വിനയായത്. വിരലിന് പൊട്ടലുള്ളതിനാൽ മൂന്നാഴ്ചയോളം ധവാന് കളിക്കാനാകില്ല എന്നാണ് റിപ്പോർട്ട്. മൂന്നാഴ്ചയോളം ധവാൻ മാറിനിൽക്കുന്നത് ഇന്ത്യൻ ടീമിനെ സാരമായി ബാധിക്കും...

    ധവാന് പകരം ഓപ്പണറായി രാഹുൽ വന്നാൽ?

    ധവാൻ മാറിനിൽക്കുമ്പോൾ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനായി രോഹിത് ശർമ്മയ്ക്കൊപ്പം കെ.എൽ രാഹുലിനെ നിയോഗിച്ചേക്കും. നേരത്തെ ഇന്ത്യൻ ടീമിന്‍റെ ഓപ്പണറായിട്ടുള്ള കെ.എൽ രാഹുലിനാണ് ഇക്കാര്യത്തിൽ പ്രഥമ പരിഗണന ലഭിക്കുക. എന്നാൽ ലോകകപ്പിന് എത്തുന്നതിന് മുമ്പ് ഇന്ത്യൻ ടീമിനെ ഏറെ വലച്ചിരുന്ന നാലാം നമ്പറിൽ, സന്നാഹമത്സരത്തിനിടെ ലഭിച്ച ഉത്തരമായിരുന്നു കെ.എൽ. രാഹുൽ. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ നാലാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങിയ രാഹുൽ, 99 പന്തിൽനിന്ന് 108 റൺസാണ് നേടിയത്. ഇതോടെ നാലാം നമ്പറിന്‍റെ കാര്യത്തിൽ തീരുമാനമായത് മാധ്യമങ്ങൾ ഏറെ കൊട്ടിഘോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ രാഹുൽ ഓപ്പണറായി മടങ്ങുമ്പോൾ നാലാം നമ്പരിൽ ഇനി ആര് എന്നതാണ് ഇന്ത്യയെ വീണ്ടും വലയ്ക്കുന്നത്?

    തകരുന്നത് ബാറ്റിങ്നിരയുടെ സന്തുലിതാവസ്ഥ?

    kl rahul

    മികച്ച ഫോമിൽ കളിക്കുന്ന ധവാൻ ടീമിൽനിന്ന് മാറുമ്പോൾ വിന്നിങ് കോമ്പിനേഷൻ മാറ്റേണ്ട അവസ്ഥയിലാണ് ടീം ഇന്ത്യ. രാഹുൽ ഓപ്പണറായി എത്തുമ്പോൾ നാലാം നമ്പരിൽ പുതിയ ആളെ കണ്ടുപിടിക്കേണ്ടിവരും. നിലവിൽ ടീമിൽ ഉള്ള ആരെയെങ്കിലും നാലാം നമ്പരിൽ ഇറക്കുമോ? അതോ റിസർവ്വ് അംഗമായിട്ടുള്ള റിഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താൻ മാനേജ്മെന്‍റ് തയ്യാറാകുമോ? വിജയ് ശങ്കർ അല്ലെങ്കിൽ ദിനേഷ് കാർത്തിക്ക് എന്നിവരിൽ ഒരാളെയും നാലാം നമ്പരിലേക്ക് പരിഗണിച്ചേക്കാം. എന്നാൽ ടീം ഘടനയ്ക്കൊപ്പം ഇവർക്ക് എത്രയുംവേഗം ഇഴുകിചേരാനാകുമോയെന്നാണ് ഉറ്റുനോക്കുന്ന പ്രധാന സംഗതി.  ദക്ഷിണാഫ്രിക്ക, ഓസീസ് തുടങ്ങിയ വമ്പൻമാരെ വീഴ്ത്തിയാണ് ഇന്ത്യ തുടങ്ങിയത്. രണ്ടു മത്സരങ്ങളിലും മുൻനിര ബാറ്റ്സ്മാൻമാരുടെ പ്രകടനം ഇന്ത്യൻ ജയത്തിൽ ഏറെ നിർണായകമായിരുന്നു. അതുകൊണ്ടുതന്നെ മുൻനിര ബാറ്റിങ്നിരയിൽ അഴിച്ചുപണി നടത്തേണ്ട സാഹചര്യത്തിലേക്ക് ധവാന്‍റെ പരിക്ക് ടീം മാനേജ്മെന്‍റിനെ എത്തിച്ചിരിക്കുന്നു.

    ധവാന്‍റെ പകരക്കാരൻ ആരാകും?

    ധവാന് പകരം രാഹുൽ ഓപ്പണറായേക്കുമെന്നാണ് ലഭ്യമാകുന്ന സൂചന. ഇംഗ്ലണ്ടിലെ പിച്ചുകളിൽ മികച്ച തുടക്കം ഏറെ നിർണായകമായതിനാൽ ഇക്കാര്യത്തിൽ വലിയ പരീക്ഷണങ്ങൾക്ക് ടീം മാനേജ്മെന്‍റ് മുതിരില്ലെന്ന് കരുതാം. എന്നാൽ രാഹുൽ മാറുമ്പോൾ മധ്യനിരയിൽ ആരെ ഉൾപ്പെടുത്തുമെന്നതാണ് പ്രധാന പ്രശ്നം. റിസർവ് ടീമിൽനിന്ന് റിഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരിൽ ഒരാൾ ലോകകപ്പ് ടീമിൽ ഇടംനേടും. ഇങ്ങനെ വരുന്നവരെ അന്തിമ ഇലവനിൽ ഉൾപ്പെടുത്താനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് കാത്തിരുന്ന് കാണാം. ലോകകപ്പ് ടീമിലുള്ള പരിചയസമ്പന്നനായ ദിനേഷ് കാർത്തിക്കിനെയോ ഓൾറൌണ്ടർ വിജയ് ശങ്കറിനെയോ അന്തിമ ഇലവനിലേക്ക് പരിഗണിച്ചേക്കാം. എന്തൊക്കെ മാറ്റങ്ങൾ വരുത്തിയാലും ഇന്ത്യയെ ഏറെ വലച്ച നാലാം നമ്പർ വീണ്ടും ഒരു പ്രതിസന്ധിയായി മാറിയേക്കുമെന്നതാണ് ധവാന്‍റെ പരിക്ക് മൂലം ഇന്ത്യ നേരിടാൻ പോകുന്ന പ്രധാന പ്രശ്നം.
    First published: