• HOME
  • »
  • NEWS
  • »
  • opinion
  • »
  • സിനിമകളെ ഡീഗ്രേഡ് ചെയ്യുന്ന രീതിയിൽ ഒന്നും ഒന്നരയും സ്റ്റാർ റേറ്റിംഗ് കൊടുക്കുന്ന നിരൂപകരെ തെരഞ്ഞുപിടിച്ചു കൊല്ലണോ?

സിനിമകളെ ഡീഗ്രേഡ് ചെയ്യുന്ന രീതിയിൽ ഒന്നും ഒന്നരയും സ്റ്റാർ റേറ്റിംഗ് കൊടുക്കുന്ന നിരൂപകരെ തെരഞ്ഞുപിടിച്ചു കൊല്ലണോ?

പൊതുവെ പറയുന്നത് പോലെ സംവിധായകൻ മാത്രമാണ് മോശം സിനിമയുടെ ഒരേയൊരു ഉത്തരവാദി എന്നുള്ള നമ്മളുടെ മുൻവിധി പലപ്പോളും ശരിയാവണമെന്നില്ല

  • Share this:
സനൂജ് സുശീലൻ

"എന്നാൽ പിന്നെ നീ എല്ലാം തികഞ്ഞ ഒരു സിനിമാ എടുത്തു കാണിക്കൂ" എന്നതായിരിക്കും സിനിമ റിവ്യൂവേഴ്സ് ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഒരു ആക്ഷേപം. അതിനുള്ള മറുപടിയായി അവരിൽ പലരും "ബിരിയാണിയെ കുറ്റം പറയാൻ ബിരിയാണി വച്ച് കാണിക്കേണ്ട കാര്യമുണ്ടോ ? " എന്ന മറുപടിയും ചോദിച്ചിട്ടുണ്ടാവും. സിനിമാ നിരൂപണം എന്നത് കുട്ടിക്കളിയല്ല. വളരെയധികം ഗൗരവമുള്ള, സൂക്ഷ്മതയോടെ ചെയ്യേണ്ട ഒരു ജോലിയാണ് നിരൂപകന്റേത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു നിരൂപകൻ നല്ലൊരു കലാസ്വാദകൻ മാത്രമല്ല സിനിമ എന്ന കലാരൂപത്തെക്കുറിച്ച് നല്ല അറിവുള്ളയാൾ കൂടിയാവണം. പൊതുവെ പറയുന്നത് പോലെ സംവിധായകൻ മാത്രമാണ് മോശം സിനിമയുടെ ഒരേയൊരു ഉത്തരവാദി എന്നുള്ള നമ്മളുടെ മുൻവിധി പലപ്പോളും ശരിയാവണമെന്നില്ല.

സിനിമകളെ ഡീഗ്രേഡ് ചെയ്യുന്ന രീതിയിൽ ലാഘവത്തോടെ അവയ്ക്ക് ഒന്നും ഒന്നരയും സ്റ്റാർ റേറ്റിംഗ് കൊടുക്കുന്ന നിരൂപകരെ തെരഞ്ഞുപിടിച്ചു കൊല്ലുന്ന ഒരു സൈക്കോപ്പാത് കില്ലറുടെ കഥയാണ് "Chup: Revenge of the Artist" എന്ന സിനിമയുടെ പ്രമേയം. എന്നാൽ പരസ്യങ്ങളിലും ട്രെയ്‌ലറിലുമൊക്കെ കാണുമ്പോൾ തോന്നുന്നത് പോലെ ഇതൊരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറൊന്നുമല്ല. ഒരുവിധം എല്ലാവർക്കും ഊഹിക്കാനാവുന്ന മോട്ടീവും ഭൂതകാലവും തന്നെയാണ് ഇതിലെ കൊലയാളിയുടേത്. വലിയ സസ്പെൻസ് ഒന്നുമില്ലാതെ ഇടവേള ആവുമ്പോളേക്കും അയാളെ വെളിപ്പെടുത്തുന്നുമുണ്ട്.

വിജയിച്ചവരുടെ പേര് മാത്രം വെള്ളിവെളിച്ചത്തിലാകുന്ന ചലച്ചിത്രം പോലൊരു കലാമേഖലയിൽ, ഇരുട്ടത്ത് നിൽക്കുന്ന, അല്ലെങ്കിൽ നിൽക്കേണ്ടിവന്ന നിർഭാഗ്യവാന്മാരായ കലാകാരന്മാരുടെ ജീവിതത്തിലേക്കാണ് പ്രധാനമായും ഈ സിനിമ ക്യാമറ തിരിക്കുന്നത്. പ്രശസ്ത സംവിധായകനും അഭിനേതാവുമായിരുന്ന ഗുരു ദത്തിന്റെ ജീവിതവും കാഗസ് കെ ഫൂൽ എന്ന അവസാന ചിത്രത്തിന് സംഭവിച്ച ദുരന്തം അദ്ദേഹത്തെ വിഷാദത്തിലേക്കും പിന്നീട് മരണത്തിലേക്ക് തള്ളിവിട്ടതിന്റെയും വിഷമിപ്പിക്കുന്ന കഥകളുടെ സ്വാധീനം ചിത്രത്തിലുടനീളമുണ്ട്.

Also Read:- ജയമോഹൻ: 'കൃതികളുടെ ബലം കൊണ്ടുമാത്രം മലയാളി വായനക്കാരെ നിശ്ശബ്ദനാക്കിയ എഴുത്തുകാരൻ'

പ്രണയം, വിഷാദം, നിരാശ തുടങ്ങി പല പല വികാരങ്ങളും അതിമനോഹരമായി ഇഴ ചേർന്ന് കിടക്കുന്ന മട്ടിലാണ് ബാൽകി ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. തീർച്ചയായും അത് തന്നെയാണ് സിനിമയുടെ ആകർഷണവും. പ്രവചനാത്മകമായ, ഒരു പരിധി വരെ ക്ലിഷേ ആയ കഥയെ ഉയർത്തിനിർത്തുന്നത് അദ്ദേഹത്തിന്റെ ട്രേഡ്മാർക്ക് ടൂളുകളിലൂടെയുള്ള കഥപറച്ചിലും രസകരമായ സംഭാഷണങ്ങളും മനോഹരമായ പ്രണയരംഗങ്ങളുമാണ്.

ദേശീയ അവാർഡ് ജേതാവായ രാജ സെൻ, ഋഷി വിർമാനി എന്നിവർ ചേർന്നാണ് ബാൽക്കിയോടൊപ്പം ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ, ശ്രേയ ധന്വന്തരി എന്നിവരുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ മറ്റൊരാകർഷണം. രാജ്‌കുമാർ റാവു, ആയുഷ്മാൻ ഖുറാന എന്നിവർ ചെയ്യുന്ന റോളുകൾ ദുൽഖറിനും ഇണങ്ങും എന്ന് ഈ സിനിമ കാണുമ്പോൾ തോന്നാതിരിക്കില്ല. ഇതിലെ പ്രണയരംഗങ്ങൾ മനോഹരമായതിൽ ദുൽഖറിന്റെ സംഭാവന നല്ലതുപോലെയുണ്ട്. പ്രധാന വേഷങ്ങളിലെത്തിയ ശരണ്യ പൊൻവണ്ണൻ, സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരെക്കൂടാതെ സാക്ഷാൽ അമിതാഭ് ബച്ചനും ഒരു സീനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

അലസമായി സിനിമാ റിവ്യൂസ് പടച്ചുവിടുന്നവരെ സരസമായും എന്നാൽ മൂർച്ചയോടെയും അഡ്രസ് ചെയ്യുന്നുമുണ്ട് ഈ സിനിമ. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഡയലോഗുകളിലൂടെ അവർക്കൊക്കെ നല്ല ഒരു കൊട്ട് കൊടുക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഉത്തരവാദിത്വമില്ലാതെ എഴുതി വിടുന്ന സിനിമാ നിരൂപണങ്ങൾ സിനിമ മാത്രം ശ്വസിക്കുകയും ആഹാരമാക്കുകയും ചെയ്യുന്ന ഒരു കലാകാരനെ അടിമുടി തകർത്തുകളയുമെന്ന വാദം ഉയർത്തി പരാജയമാവുന്ന എല്ലാ സിനിമയ്ക്കും പുറകിൽ ഇത്തരമൊരു ക്രിട്ടിക്ക് ഉണ്ടെന്ന പൊതുവൽക്കരണവും ഒരു സൈഡിൽ കൂടി താങ്ങാൻ ബാൽകി ശ്രമിക്കുന്നുണ്ട്. സത്യത്തിൽ ഇതൊരു വിവാദ വിഷയമാണ്. ഒരു സിനിമയെ വിമർശിക്കുമ്പോൾ ആ സിനിമയെക്കുറിച്ച് മാത്രമായി അത് ചുരുക്കുന്നതാണ് നല്ലത് എന്നാണ് തോന്നിയിട്ടുള്ളത്. ഇതിനെപ്പറ്റി അല്പം വിശദീകരിക്കാനുണ്ട്.

മലയാളത്തിലെ ഒരു വമ്പൻ താരത്തെ നായകനാക്കി ആദ്യ സിനിമ സംവിധാനം ചെയ്ത ഒരാളെ കുറച്ചു വർഷം മുമ്പ് പരിചയപ്പെട്ടിരുന്നു. ബോക്സ് ഓഫിസിൽ വൻ പരാജയമായിരുന്നു ആ ചിത്രം. 'നെഗറ്റീവ് റിവ്യൂസ് എങ്ങനെയാണ് ഒരു സിനിമയെ കൊല്ലുന്നത് എന്നറിയാമോ' എന്നും 'സിനിമകളെക്കുറിച്ച് എഴുതുമ്പോൾ ദയവു ചെയ്ത നല്ലത് മാത്രം എഴുതണം പ്ലീസ് 'എന്നുമൊക്കെ വളരെ ഇമോഷണൽ ആയി പുള്ളി പറഞ്ഞു. എന്തായാലും അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ച് ഞാൻ ഒന്നും എഴുതിയിരുന്നില്ല. പക്ഷെ വിഷമം തോന്നിയത് ആ സിനിമയുടെ പുറകിൽ സംഭവിച്ച കാര്യങ്ങൾ കേട്ടപ്പോളാണ്.

സ്‌ക്രീനിൽ നമ്മൾ കണ്ട കഥ പോലുമായിരുന്നില്ല ആ സിനിമയുടേത്. ഷൂട്ടിങ് തുടങ്ങിയതിനു ശേഷം ചില സമ്മർദ്ദങ്ങൾക്ക് വഴങ്ങി പൊടുന്നനെ രചയിതാവിനെ മാറ്റേണ്ടി വന്നപ്പോൾ പുതുതായി വന്നയാൾ മനോഹരമായ കഥയെ പൊളിച്ചു പണിതു കുട്ടിച്ചോറാക്കുകയായിരുന്നു. താൻ ഉണ്ടാക്കാൻ ശ്രമിച്ചതല്ല നിങ്ങൾ തീയറ്ററിൽ കണ്ട സിനിമയെന്നും ഈ ദുരന്തങ്ങൾക്കിടയിൽ നിന്ന് താൻ രക്ഷിച്ചെടുത്ത വേർഷൻ ആണതെന്നും പറഞ്ഞപ്പോൾ പുള്ളിയുടെ കണ്ണുകളിൽ കണ്ട നിരാശ വാക്കുകളിൽ വിവരിക്കാവുന്നതല്ല.

വിജയകരമായി വേറൊരു ബിസിനസ് നടത്തുന്നതുകൊണ്ട് സാമ്പത്തികമായ പ്രശ്നങ്ങളൊന്നും അദ്ദേഹത്തിനുണ്ടായില്ല. തിരിച്ചു വീട്ടിലേക്ക് പോവുമ്പോൾ ഞാൻ പുള്ളി പറഞ്ഞതിനെപ്പറ്റി ആലോചിക്കുകയായിരുന്നു. ആ സിനിമ കണ്ട മിക്കവരും സംവിധായകന് പണിയറിയില്ല എന്നാവുമല്ലോ കരുതുക. നിരൂപകരും സ്വാഭാവികമായും അതു തന്നെ പറയും. എന്നാൽ സംവിധായകന് പണി അറിയാത്തതല്ല, മറിച്ച് ഇങ്ങനെയുള്ള ഒരു ഒത്തുതീർപ്പിനു അയാൾക്ക് വഴങ്ങേണ്ടി വന്നതാണെന്നും അതാണ് സിനിമ പരാജയമാവാൻ കാരണമെന്നും ആരും ഒരിക്കലും അറിയില്ല.

സിനിമ എന്ന സ്വപ്നത്തിനു പുറകെ എല്ലാ റിസ്കുകളുമെടുത്ത് വർഷങ്ങൾ അലഞ്ഞു തിരിയുന്ന ഒരു കലാകാരനെ മരണത്തിലേക്ക് തള്ളിവിടാൻ പോലും അത് ധാരാളം മതി. പരാജയപ്പെട്ട സിനിമകളെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ അതിന്റെ കാരണം ആരുടെയെങ്കിലും മേൽ ചാർത്തിക്കൊടുക്കുന്നതിനുമുമ്പ് വസ്തുതകൾ നല്ലതുപോലെ മനസ്സിലാക്കേണ്ടതുണ്ട്. എന്ന് വച്ച് സിനിമയുടെ സൗന്ദര്യാത്മകമായ തലത്തിൽ സംവിധായകന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റുമില്ല.

ഒരു സസ്പെൻസ് ത്രില്ലർ എന്ന മട്ടിൽ കാണാൻ പോയാൽ നിരാശപ്പെടുത്തുകയും എന്നാൽ മുൻവിധികളില്ലാതെ പോയാൽ ഇഷ്ടമാവുകയും ചെയ്യുന്ന ഒരു ചിത്രമാണ്. തീയറ്ററിൽ കാണുന്നതാവും നല്ലത്. നല്ല സിനിമാട്ടോഗ്രഫിയും സൗണ്ട് ഇഫക്ടുകളും ഒക്കെ തീയറ്ററിൽ കൂടുതൽ നന്നായി ആസ്വദിക്കാൻ സാധിക്കും.

അതോടൊപ്പം തന്നെ മനസ്സ് മടുപ്പിക്കുന്ന ചില രംഗങ്ങളും ഈ ചിത്രത്തിലുണ്ട്. A സെർട്ടിഫിക്കറ്റ് ആണ് എന്നാലും മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. പ്രത്യേകിച്ച് കോവിഡാനന്തര വിഹ്വലതകൾ ഇപ്പോളും വിട്ടൊഴിയാതെ നിൽക്കുമ്പോൾ.
Published by:Arun krishna
First published: