കൊലക്കേസുകളിൽ പൊലീസ് പ്രതിസ്ഥാനത്താകുമ്പോൾ
Last Updated:
രാജ്യത്തെ ഓരോ പൗരന്റെയും സംരക്ഷണ ചുമതലയുള്ള 'നിയമ'പാലകർ അരും കൊലകളിൽ പ്രതി സ്ഥാനത്താകുന്ന പ്രത്യേക സാഹചര്യമാണ് നിർഭാഗ്യവശാൽ ഇന്ന് കേരളത്തിലുള്ളത്. വരാപ്പുഴയിലെ ശ്രീജിത്തിന്റെ പൊലീസ് കസ്റ്റഡിയിലെ ദുരൂഹ മരണവും കോട്ടയത്തെ നവവരൻ കെവിന്റെ മരണവും പൊലീസിനെ പ്രതിസ്ഥാനത്താക്കുന്നു. ശ്രീജിത്തിന്റെ മരണത്തില്‍ പൊലീസ് നേരിട്ട് പ്രതിയായപ്പോള്‍ കെവിന്റെ മരണത്തിലെ ഗൂഢാലോചനയിലായിരുന്നു പൊലീസിന്റെ പങ്ക്.
കെവിനും ശ്രീജിത്തും ഏകദേശം സമാന സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടവരാണ്. അപായപ്പെടുത്താന്‍ ഉദ്ദേശിച്ചു തന്നെയുള്ള അതിക്രൂര മര്‍ദ്ദനത്തിലാണ് രണ്ട് യുവാക്കളുടെ മരണവും. പ്രതിസ്ഥാനത്ത് ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ വന്നു. തുടർന്ന് ഇവർ സസ്പെൻഷനിലായി. പിന്നീട് പല അന്വേഷണങ്ങളും വന്നു. എന്നിട്ടും ഇരുവരുടെയും മരണത്തിൽ ആദ്യാവസാനം ദൂരൂഹതകൾ നീങ്ങാതെ തുടരുന്നു.
ഏപ്രിൽ ആറിനാണു ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വരാപ്പുഴയില്‍ വീടുകയറി ആക്രമിച്ചതിനെ തുടർന്ന് വാസുദേവന്‍ എന്നയാൾ ആത്മഹത്യ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. പൊലീസ് കസ്റ്റഡിയിൽ കൊടിയ മർദനമാണ് ഈ യുവാവിന് നേരിടേണ്ടി വന്നത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് മജിസ്‌ട്രേറ്റിനെ നേരിട്ട് ബോധ്യമായി. തുടര്‍ന്ന് ശ്രീജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി തീർത്തും വഷളായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചായിരുന്നു ശ്രീജിത്തിന്റെ മരണം. ശ്രീജിത്ത് പൊലീസ് ലോക്കപ്പില്‍ വച്ച് ക്രൂരമായ മര്‍ദ്ദിക്കപ്പെട്ടിട്ടുണ്ട് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെയും കണ്ടെത്തല്‍. ശ്രീജിത്ത് പ്രതിയാണോ എന്നകാര്യത്തിൽ പോലും വ്യക്തതയില്ലാത്ത സാഹചര്യത്തിലായിരുന്നു പോലീസിന്റെ അറസ്റ്റും തുടർന്നുണ്ടായ കൊടും ക്രൂരതകളും.
advertisement
പ്രധാനസാക്ഷി ഗണേഷാണ് ശ്രീജിത്ത് കേസിൽ പൊലീസിനെ വെട്ടിലാക്കിയത്. വീട്ടില്‍ നിന്ന് പൊലീസ് ജീപ്പിലേക്ക് കയറ്റുന്നത് വരെ ശ്രീജീത്തിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നായിരുന്നു ഇയാളുടെ മൊഴി. ശ്രീജിത്തിനെ നേരിട്ട് കണ്ടശേഷം ക്രൂരമായ ലോക്കപ്പ് മർദനം മൂലമുണ്ടായ കൊലതന്നെയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി മോഹനദാസ് വ്യക്തമാക്കിയിരുന്നു. പൊലീസിനെതിരെ കടുത്ത വിമർശനമാണ് അദ്ദേഹവും ഉയർത്തിയത്.
കെവിന്റെ കേസിലും സംഭവിച്ചത് ഏറെക്കുറെ സമാനമായ സംഭവങ്ങളാണ്. പ്രണയവിവാഹത്തിന്‍റെ പേരിലാണ് നട്ടാശ്ശേരി സ്വദേശി കെവിൻ പി ജോസഫിന് ജീവൻ നഷ്ടമായത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കെവിനെ ദുരഭിമാനത്തിന്റെ പേരിൽ ഭാര്യ നീനുവുന്റെ ബന്ധുക്കൾ കൊല ചെയ്തു. കെവിനെ കൊണ്ടുപോയപ്പോള്‍ ഭാര്യ നീനു സ്‌റ്റേഷനിലെത്തി പരാതി നൽകിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് അവഗണന മാത്രമാണ് ലഭിച്ചത്. എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഫോൺ സംഭാഷണങ്ങൾ കെവിനെ പിടിച്ചുകൊണ്ടുപോകുന്നതു മുതലുള്ള സംഭവങ്ങളെല്ലാം ഗാന്ധിനഗര്‍ പൊലീസിന്റെ അറിവോടെയായിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു. എവിടേയ്ക്കാണ് കൊണ്ടുപോകുന്നത് എന്നതിനു പോലും പൊലീസിന് വ്യക്തമായ ധാരണയുണ്ടായിരുന്നു എന്ന് ശബ്ദരേഖകളിൽ വ്യക്തമാണ്. തട്ടിക്കൊണ്ടുപോകലും മർദ്ദനവും എല്ലാം പൊലീസ് അറിഞ്ഞുകൊണ്ടാണെന്ന് കൊലയാളി സംഘത്തിൽനിന്നും രക്ഷപെട്ട കെവിന്റെ ബന്ധു അനീഷ് വെളിപ്പെടുത്തി.
advertisement
രണ്ടുകേസുകളിലും പൊലീസിന് നേരെ അഴിമതി ആരോപണങ്ങളും ഉയർന്നു. കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്തിനെ വിട്ടുകിട്ടാന്‍ പൊലീസ് 25,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയത്. അതേസമയം കെവിനെ തട്ടിക്കൊണ്ടുപോയവര്‍ പൊലീസിന് 10,000 നല്‍കിയ വിവരമാണ് മറുവശത്തു നിന്നും പുറത്തുവരുന്നത്.
ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ചിലരുടെ രാഷ്ട്രീയതാല്‍പര്യം സംരക്ഷിക്കാനാണ്. കെവിനെ ഗുണ്ടകളുടെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തതും അതേ ക്രിമിനല്‍ മനസ്സുള്ള പൊലീസുകാരുടെ നീക്കം തന്നെയാണ്. രണ്ടുകേസിലും പൂർണ ഉത്തരവാദിത്വം കേരളാ പൊലീസിന് തന്നെയാണ്. ക്രമസമാധാന പരിപാലനത്തിൽ മുഴുവൻ ഉത്തരവാദത്വവും വഹിക്കേണ്ട കേരള പൊലീസിന്റെ ഭാഗത്തു നിന്നും തുടരെയുണ്ടാകുന്ന ഇത്തരം വീഴ്ചകൾ കേരളത്തിന്റെ സമൂഹിക അരക്ഷിതാവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
Location :
First Published :
May 30, 2018 8:16 PM IST