• HOME
  • »
  • NEWS
  • »
  • opinion
  • »
  • ചോരച്ചുവപ്പ് പുരണ്ട മഞ്ഞലോഹം ഒഴുകിവരുന്ന ഇരുണ്ട വഴികൾ നിയന്ത്രിക്കുന്ന ശക്തികളാര്

ചോരച്ചുവപ്പ് പുരണ്ട മഞ്ഞലോഹം ഒഴുകിവരുന്ന ഇരുണ്ട വഴികൾ നിയന്ത്രിക്കുന്ന ശക്തികളാര്

സ്വർണക്കടത്തിന്റെ പേരിൽ കാണാതാകുന്നവരുടേയും, കൊല ചെയ്യപ്പെടുന്നവരുടേയും എണ്ണം മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾക്കും ഏറെ മുകളിലാണ്

  • Last Updated :
  • Share this:
കഴിഞ്ഞ വർഷം രാമനാട്ടുകാരയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവം, ഇപ്പോൾ
പേരാമ്പ്ര സ്വദേശിയുടെ ഞെട്ടിപ്പിക്കുന്ന കൊലപാതകം, ചോരയുടെ മണമുള്ള സ്വർണ്ണം കേരളത്തിലേക്ക് ഒഴുകുന്ന വഴികൾ വർഷം കഴിയുന്തോറും കൂടുന്നതേയുളളു. സ്വർണക്കടത്തിന്റെ പേരിൽ കാണാതാകുന്നവരുടേയും, കൊല ചെയ്യപ്പെടുന്നവരുടേയും എണ്ണം മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾക്കും ഏറെ മുകളിലാണ്. വലവിരിച്ച് കസ്റ്റംസും മറ്റ് അന്വേഷണ ഏജൻസികളും കാത്തിരിക്കുമ്പോഴും, കിലോക്കണക്കിന് കള്ളക്കടത്ത് സ്വർണം വിമാനത്താവളത്തിനകത്തും പുറത്തും പിടിച്ചെടുക്കുമ്പോഴും കടത്ത് സംഘങ്ങൾ വലുതാകുന്നതേയുള്ളൂ. പുതിയ തലമുറക്ക് എളുപ്പത്തിൽ പണം നേടിക്കൊടുക്കുന്ന കാരിയർ പ്രൊഫഷണായി വളർന്ന് വരുന്ന സ്വർണക്കടത്തിന്റെ വ്യക്തമാകുന്ന മുഖമാണ് കാണാതാകുന്നവരും കൊലചെയ്യപ്പെടുന്നവരും. ഗാങുകളുടെ കുടിപ്പക പോലും നിയന്ത്രിക്കാനാകാതെ നിയമപാലകർ വട്ടം ചുറ്റുമ്പോൾ ഈ സ്വർണ്ണം ഇങ്ങനെ ഒഴുകുന്നത് എങ്ങനെയാണ്.

വിമാനത്താവളത്തിലിറങ്ങി കാണാതാകുന്നവർ, കൊല ചെയ്യപ്പെടുന്നവർ, ഇതിനെല്ലാം പിറകിൽ നീളുന്ന സ്വർണക്കടത്തിന്റേയും കുഴൽപ്പണത്തിന്റേയും വലവിരിക്കുന്ന സംഘങ്ങൾ, അധോലോക സിനിമകളിലെ രംഗങ്ങളെ വെല്ലുന്ന ക്രൈംസീനുകൾക്ക് സാക്ഷിയാണ് കുറച്ചധികം കാലമായി ദൈവത്തിന്റെ സ്വന്തം നാട്. കോഴിക്കോട് പേരാമ്പ്ര പന്തിരിക്കര സ്വദേശി ഇർഷാദിന്റേതും അത്തരത്തിൽ ഞെട്ടിപ്പിച്ച കൊലപാതകം തന്നെയായിരുന്നു. സ്വർണക്കടത്ത് സംഘങ്ങളുടെ ബന്ധം ചുരുളഴിഞ്ഞതോടെ തെളിയാത്ത തിരോധാനങ്ങളുടെ കൂടി ഉത്തരങ്ങൾ അടിവരയിട്ടാണ് ചിത്രം വ്യക്തമാകുന്നത്.

ജോലി അന്വേഷിച്ച് ദുബായിൽ പോയ ഇർഷാദ് ജോലിയൊന്നും ശരിയാകാത്തതിനാൽ ഇക്കഴിഞ്ഞ മെയ് 13ന് ആണ് നാട്ടിൽ തിരിച്ചെത്തുന്നത്. വിമാനമിറങ്ങിയ ഇർഷാദ് വീട്ടിലേക്കെത്തിയില്ല. സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടരവേ തിക്കോടി കോടിക്കൽ കടപ്പുറത്ത് ഒരു മൃതദേഹം കണ്ടെത്തുകയും അത് ദിപക് എന്ന മറ്റൊരാളുടേതായി ധരിച്ച് ദഹിപ്പിക്കുകയും ചെയ്തു. പിന്നീടാണ് സംശയങ്ങളെതുടർന്ന് ഡിഎൻഎ പരിശോധന നടത്തുകയും കൊല്ലപ്പെട്ടത് ഇർഷാദാണെന്ന് വ്യക്തമാകുകയും ചെയ്യുന്നത്. ദീപകിനെ കാണാതായതിന് പിന്നിലും ഇതേ സ്വർണ്ണക്കടത്താണെന്ന സംശയവും ശക്തമായി. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളേയല്ല. മൂര്യാട് സ്വദേശി ജസീലിനെ ദുബായിൽ സ്വർണ്ണക്കടത്ത് സംഘം തടവിലാക്കിയതായി ആരോപിച്ച് പിതാവ് പൊലീസിൽ പരാതി നല്കിയതും ഈയിടെയാണ്.

Also Read- DNA തെളിഞ്ഞു; മരിച്ചത് സ്വർണക്കടത്തുകാർ കൊണ്ടുപോയ ഇർഷാദ്; മൃതദേഹം ആളു മാറി സംസ്കരിച്ചു

കുഴൽപ്പണക്കടത്തിന് വിവിധ നിയന്ത്രണങ്ങൾ പ്രതിസന്ധി തീർത്തപ്പോഴാണ് സ്വർണക്കടത്ത് കേരളത്തിൽ കൂടുതൽ തഴച്ചുവളർന്നത്. രണ്ടും തമ്മിൽ വേറിട്ട് നിർത്താൻ കഴിയാത്ത ബന്ധവുമായി. നികുതി വെട്ടിച്ച് ഡോളറും, ദിര്‍ഹവും ഗള്‍ഫിലേക്ക് കടത്തുന്ന സംഘങ്ങൾ സജീവമാണ്. മഞ്ചേശ്വരം, ഉപ്പള മേഖലയില്‍ നിരവധി യുവാക്കള്‍ ഈ സംഘത്തില്‍ കണ്ണികളാണ്. ഇവരെ നിയന്ത്രിക്കുന്നതിന് ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്നവരും നാട്ടുകാര്‍ തന്നെ. ട്രിപ്പടിക്കല്‍ എന്ന പേരാണ് കടത്തിന് നൽകിയിരിക്കുന്നത്. ട്രിപ്പടിക്കലിൽ സന്ദര്‍ശന വിസയിലെത്തി നികുതി വെട്ടിച്ച് പണം വിദേശത്ത് എത്തിക്കും. ഒരു തവണ കടത്ത് പൂര്‍ത്തിയായാല്‍ ടിക്കറ്റുള്‍പ്പടെയുള്ള ചെലവ് കഴിച്ച് ആറായിരം രൂപ വരെ പ്രതിഫലം കിട്ടുമെന്നതാണ് കരാർ. മഞ്ചേശ്വരം മേഖലയില്‍ നിന്ന് 150 ലധികം പേര്‍ കടത്തിലെ കണ്ണികള്‍ ആണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. ഇതിലും ആഴത്തിലാണ് ഗോൾഡ് മാഫിയയുടെ വേരുകൾ കേരളത്തിലെ കൊച്ചുഗ്രാമങ്ങളിലും പടർന്നിറങ്ങിയിരിക്കുന്നത്.

ഇർഷാദിന്റ കൊലപാതകത്തിന് ഒന്നരമാസം മുമ്പാണ് കാസർകോഡ് മുഗു സ്വദേശി അബൂബക്കർ സിദ്ദിഖ് കൊല്ലപ്പെട്ടത്. ആ കൊലപാതകത്തിലും ക്വട്ടേഷൻ നൽകിയ പ്രതികളെയാണ് പോലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടുള്ളത്. അതായത് വമ്പൻ സ്രാവുകൾ എക്കാലവും നിയമത്തിന്റെ വലയ്ക്ക് പുറത്ത് തന്നെ നിൽക്കുമെന്ന് ചുരുക്കം. കുഴല്‍പ്പണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ അവസാനിക്കുന്നില്ല. കാസര്‍കോട് കേന്ദ്രീകരിച്ച് യുവാക്കളടങ്ങിയ പ്രൊഫഷണല്‍ സംഘങ്ങള്‍ ഇതിൽ പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയത്. അബൂബക്കര്‍ സിദ്ദീഖിന്റ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ്. ദുബായിലേക്കു കടത്തുന്നതിനായി ഉപ്പളയിലെ സംഘം സിദ്ദീഖിനെ ഏൽപിച്ച അരക്കോടിയോളം രൂപയുടെ ‌ഡോളർ കാണാതായതാണ് കൊലപാതകത്തിനു കാരണം. രഹസ്യമായി ഡോളർ തുന്നിപ്പിടിപ്പിച്ച ബാഗ് ദുബായിലെ ഏജന്റിനെ ഏൽപിച്ചുവെന്ന് സിദ്ദീഖ് പറഞ്ഞെങ്കിലും പണം അവിടെ ലഭിച്ചില്ലെന്ന് ഏൽപിച്ചവർ പറഞ്ഞതിനെ തുടർന്ന് സിദ്ദീഖിനെ ചർച്ചക്കായി ദുബായിൽനിന്ന് നാട്ടിലേക്കു വിളിച്ചുവരുത്തിയശേഷം മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഉപ്പളയിലെ ക്വട്ടേഷൻ സംഘമാണ് സിദ്ദിഖിനെ തട്ടികൊണ്ട് പോയത്. മരിച്ച സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും സംഘം തട്ടിക്കൊണ്ടു പോയി. കൊലപ്പെട്ട അബൂബക്കർ സിദ്ദീഖ് നേരിട്ടതു ക്രൂരമർദനമെന്ന്വ് വ്യക്തമാകുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാൽപാദത്തിലും ശരീരത്തിന്റെ പിൻഭാഗത്തുമേറ്റ മർദനത്തിൽ മാംസം നുറുങ്ങിയ നിലയിലായിരുന്നു. സംഘം ആദ്യം തടവിലാക്കിയ സിദ്ദിഖിന്റെ സുഹൃത്ത് അൻസാരിയും കടുത്ത മർദ്ദനമാണ് നേരിട്ടത്. കയറിൽ തലകീഴായി കെട്ടിത്തൂക്കി ശരീരം മുഴുവൻ മർദ്ദിക്കുകയായിരുന്നു .

Also Read- 'വീടിനു മുന്നിൽ മൃതദേഹം കൊണ്ടിടും'; സ്വർണക്കടത്തിൽ കൊല്ലപ്പെട്ട ഇർഷാദിന്റെ കുടുംബത്തെ മുഖ്യപ്രതി ഭീഷണിപ്പെടുത്തുന്ന ഓഡിയോ

ഈസി മണി, സ്വർണത്തിന്റെ നിറമുള്ള, ചോരയുടെ മണമുള്ള ആ പണത്തിന് ഗോൾഡ് മാഫിയ വിളിക്കുന്ന പേര് അതാണ്. ഏത് സാഗർ ഏലിയാസ് ജാക്കിയേയും പിറകിലാക്കുന്ന സ്വർണക്കടത്ത് സംഘങ്ങൾ കേരളത്തിൽ തഴച്ചുവളരുമ്പോൾ ഈ ഈസി മണിക്കായി കാരിയർമാരാകാൻ തയ്യാറുള്ള യുവതലമുറയുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കണ്ണിൽ എണ്ണയൊഴിച്ച് പരിശോധനകൾ നടത്തി പിടിച്ചെടുക്കുന്നത് യഥാർത്ഥത്തിൽ കടത്തുന്നതിൻരെ പത്തിലൊന്ന് സ്വർണ്ണം പോലുമില്ല. കേസുകളിൽ പെട്ട് പിടിക്കപ്പെടുന്നവരിലൂടെ യഥാർഥ സ്രോതസ്സുകളിലേക്ക് കടന്ന് ചെല്ലുക എളുപ്പമല്ല, ഒരു കാരിയറിനെ പിടിച്ചാൽ പത്തുപേർ പുതിയതായി ഈ രംഗത്തേത്തെക്ക് എത്തും . അപ്പോൾ പിന്നെ, എങ്ങനെയാണ് കള്ളക്കടത്ത് സ്വർണ്ണത്തിന്റെ അളവ് കൂടാതിരിക്കുക ?

കേരളത്തിലേക്കുള്ള കള്ളക്കടത്ത് സ്വർണ്ണത്തിന്റെ അളവ് കൂടുന്നു എന്ന വാചകം അതിശയോക്തി ജനിപ്പിക്കുന്നതാണോ? അങ്ങനെ കരുതുന്നവർക്ക് മുന്നിൽ സർക്കാരുകളുടെ കണക്കുകളുണ്ട്. 2016 മുതൽ 2020 വരെയുള്ള വർഷങ്ങളുടെ കണക്ക് പരിശോധിക്കണം, പിടിച്ചെടുത്തത് 1820.23 കിലോ ഗ്രാം സ്വർണ്ണമാണെന്ന് കേന്ദ്രസർക്കാരിന്റെ കണക്കുകൾ പറയുന്നു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത് 3166 കേസുകള്‍. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് 906 പേരുടേത്. റിപ്പോർട്ട് ചെയ്യപ്പെടാതെ സ്വർണ്ണക്കടത്ത് സംഘങ്ങൾക്കുള്ളില് തീർപ്പാക്കുന്ന കശപിശകളുടെ കണക്കുകളില്ല. ആ രീതിയിൽ കാണാതാകുന്നവരുടേയോ കൊല ചെയ്യപ്പെടുന്നവരുടേയോ കണക്കുകളുമില്ല. അതായത് യഥാർത്ഥ കണക്കുകൾ സർക്കാരുകളുടെ കൈയ്യിലുള്ളതിനേക്കാൾ കൂടുതലാകാൻ തന്നെയാണ് സാധ്യത.

നരസിംഹറാവു സർക്കാരിന്റെ കാലത്ത് ആണ് അഞ്ച് കിലോ സ്വർണ്ണം നികുതിയടച്ച് കൊണ്ടുവരാമെന്ന നയത്തിലേക്ക് ഇന്ത്യ കടന്നത്, അതും കള്ളക്കടത്ത് തടയാൻ വേണ്ടി സർക്കാർ സ്വീകരിച്ച നയം. പക്ഷെ ഈ നയവും പരമാവധി പ്രയോജനപ്പെടുത്തിയത് സ്വർണ്ണക്കടത്തുകാർ തന്നെ.

കസ്റ്റംസിന്‍റെ കണ്ണ് വെട്ടിച്ച് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഒരു കിലോ സ്വർണം കടത്തുമ്പോൾ പോലും കിട്ടുന്ന സാമ്പത്തിക ലാഭം ലക്ഷങ്ങളാണ്. അപ്പോൾ പയറ്റിത്തെളിഞ്ഞ കാരിയർമാർ വഴി വലിയ അളവിൽ കടത്തിയാൽ കൈയ്യിൽ കോടികളെത്തും. പിടിക്കപ്പെടുന്നത് പത്തിലൊന്ന് ശതമാനത്തിൽ താഴെ. ഒറ്റുകാരില്ലെങ്കിൽ ചതിയിൽ മറ്റ് വഞ്ചനകളില്ലെങ്കിൽ തഴച്ചുവളരുന്ന വ്യവസായം. സഹായിക്കാൻ എയർപുോർട്ടുകളിൽ ആൾക്കാരും കൂടിയാകുമ്പോൾ പിടിക്കപ്പെടുന്ന സ്വർണ്ണം എഴുതിത്തള്ളി വീണ്ടും വീണ്ടും സ്വർണകടത്തിന്റെ വലകൾ വലുതാകുന്നു,

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് വലിയ അളവിൽ സ്വർണം കടത്തുമ്പോൾ കിട്ടുന്ന സാമ്പത്തിക ലാഭം എന്താണ് ?
ദുബായിൽ ഒരു കിലോ സ്വർണ്ണത്തിന് വരുന്ന തുകയും കസ്റ്റംസിന്റെ പരിശോധനകളിൽ പെടാതെ കേരളത്തിലെത്തിയാൽ ആ സ്വർണ്ണത്തിന് ലഭിക്കുന്ന തുകയും തമ്മിൽ മിനിമം 5 ലക്ഷമെങ്കിലും ഉണ്ട് വ്യത്യാസം, ആ ലക്ഷങ്ങൾ തന്നെയാണ് കോടികളായി മാറുന്ന ലാഭവും. 1000 ടൺ സ്വർണത്തിലധികമാണ് ഓരോ കൊല്ലവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. അതേസമയം ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കടത്ത് നടക്കുന്ന രാജ്യങ്ങളിലൊന്നും ഇന്ത്യ തന്നെയാണ്.

മാർക്കറ്റിലെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ പക്ഷെ കടത്ത് സ്വർണ്ണത്തെ ബാധിക്കുന്നില്ല എന്നതാണ് കണക്ക്. കസ്റ്റംസിന്റെ കണ്ണ് വെട്ടിക്കാൻ എയർപോർട്ടിൽ വേണ്ടപ്പെട്ടവരുണ്ടായാൽ കടത്തുന്ന സ്വർണ്ണത്തിന്റെ അളവും കൂടും. ഒറ്റുകാരുണ്ടായാൽ മാത്രമാണ് സ്വർണ്ണ കടത്ത് സംഘത്തിന്റെ പദ്ധതികൾ പാളുക. അതുകൊണ്ട് തന്നെ പരിശീലനം അധികം ലഭിക്കാത്ത പുതിയ കാരിയറുകൾക്ക് ഒന്നോ രണ്ടോ കിലോ സ്വർണ്ണം കടത്താനുള്ള അസൈൻമെന്റാണ് കൊടുക്കുക. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറഞ്ഞതോടെ വീണ്ടും സ്വർണ്ണത്തിന്റെ ഒഴുക്ക് കൂടിയതേയുള്ളൂ.

ആരൊക്കെയാണ് ഈ സ്വർണ്ണത്തിന്റെ ഉപഭോക്താക്കൾ ? ഇത്രയധികം സ്വർണ്ണം എയർപോർട്ടുകളിൽ പിടിച്ചിട്ടും ഈ കച്ചവടം തുടരുന്നതിന്റെ കണക്ക് എന്താണ് ? പുറത്തുവരുന്ന കണക്കുകളിൽ എക്കാലത്തേയും സ്വർണക്കടത്തുസംഘങ്ങൾ തമ്മിലുള്ള കുടിപ്പക വളർന്നുവരുന്ന ചിത്രം മാത്രമേയുള്ളൂ. ആ പകയും ഒറ്റും മാത്രമാണ് സ്വർണക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസിന് ലഭ്യമാക്കുന്നതും. എയർപോർട്ടിൽ വച്ച് പിടിക്കുക തന്നെയാണ് കടത്ത് കുറക്കാനുള്ള വഴിയും. എന്നാൽ സ്വർണം കടത്താൻ പുതിയ സങ്കേതങ്ങൾ ദിനം പ്രതി തേടുന്ന റാക്കറ്റുകളെ തൊടാൻ ഇപ്പോഴുള്ള സാങ്കേതിക സൗകര്യങ്ങളോ സംവിധാനങ്ങളോ മതിയാകാത്ത സ്ഥിതിയാണ്. കരിപ്പൂർ എയർപ്പോർട്ടിലടക്കം മതിയായ രീതിയിൽ കസ്റ്റംസ് ജീവനക്കാരുമില്ല. ഒറ്റുകാർ കനിയുന്നില്ലെങ്കിൽ സുഗമമായി നടപ്പാകുന്ന സ്വർണക്കടത്ത് എത്ര അളവിലാണെന്നതിനെക്കുറിച്ച് ഏകദേശ ധാരണപോലും ഇല്ലാത്ത സ്ഥിതിയുമാണ്. കരിപ്പൂരിൽ മാത്രം അ‍ഞ്ച് മാസത്തിനിടെ 19 കോടിക്കടുത്ത് വരുന്ന സ്വർണ്ണമാണ് വിമാനത്താവളത്തിന് പുറത്ത് വച്ച് പിടിച്ചെടുത്തത്. ഇവിടെ മാത്രം ഫെബ്രുവരി മുതൽ ജൂൺ വരെ രജിസ്റ്റർ ചെയ്തത് 43 കേസുകൾ, പൊലീസ് അറസ്റ്റ് ചെയ്തത് 42 പേരെ. പിടിച്ചെടുത്തത് 25 ഓളം വാഹനങ്ങൾ. കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. കാരിയറായി പ്രവർത്തിച്ചിരുന്ന പാലക്കാട് അഗളി സ്വദേശി കൂടിയായ പ്രവാസി അബ്ദുൾ ജലീൽ മർദ്ദനമേറ്റാണ് മരിച്ചത്. അതും കടത്തികൊണ്ടുവന്ന സ്വർണ്ണം സംബന്ധിച്ച സംഘർഷമാണ് അതിലേക്ക് കൊണ്ടെത്തിച്ചതും.

Also Read- Missing | ഖത്തറില്‍ നിന്നെത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി; അജ്ഞാതര്‍ ഭീഷണിപ്പെടുത്തിയെന്ന് സഹോദരന്‍

വലവിരിച്ച് കസ്റ്റംസ്, എൻഐഎ അടക്കമുള്ള ദേശീയ ഏജൻസികളും സ്വരണകടത്ത് കേസുകൾ പരിശോധിക്കുന്നു, എന്നിട്ടും ഒഴുകിയെത്തുന്ന സ്വർണ്ണത്തിന്റെ അളവ് കുറയുന്നില്ല. എന്തിനാണ് ഇത്രയധികം സ്വർണ്ണം കേരളത്തിലേക്ക് എത്തുന്നത്, ആ ചോദ്യത്തിനുത്തരം നൽകുന്നത് കേരളത്തിലെ റിയൽ എസ്റ്റേറ്റ് വ്യവസായമേഖല കൂടിയാണ്. മെറ്റൽ കറൻസിയായി തന്നെ സ്വർണ്ണം വിനിമയത്തിന് ഉപയോഗിക്കപ്പെടുമ്പോൾ നികുതി ഘടനയിൽ നടത്തുന്ന വൻ അട്ടിമറികൾ കൂടിയാണ് പുറത്താകാതിരിക്കുന്നത്. ഈ മെറ്റൽ കറൻസിയായി ഉപയോഗിക്കപ്പെട്ട സ്വർണ്ണം പിന്നീട് ആഭരണശാലകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. ആഭരണമാക്കി മാറ്റുമ്പോൾ ജിഎസ്ടി ബിൽ പകുതിയോളം ഒഴിവാക്കി ഉടമക്കും ആഭരണശാലയുടമക്കും ലാഭമുണ്ടാക്കാം, സർക്കാരിന് കൃത്യമായി നഷ്ടപ്പെടുന്നത് നികുതിത്തുക. നികുതിതട്ടിപ്പ് നടത്തുന്നവർ തന്നെയാണ് കടത്തുസ്വർണത്തിന്റെ പ്രധാന ഉപഭോക്താക്കൾ

പ്രധാനപ്പെട്ട ഏതൊക്കെ ജൂവലറികൾ, റിയൽ എസ്റ്റേറ്റ് ലോബികൾ ആരിലേക്കൊക്കെയാണ് ഈ കള്ളക്കടത്ത് സ്വർണ്ണം ഒഴുകിയെത്തുന്നത് എന്നുള്ളത് പരസ്യമായ രഹസ്യമാണ്. പക്ഷേ ആ പേരുകൾ പുറത്തുപറയാൻ ചെറിയ ധൈര്യം പോര. അധികൃതലോബിയുടെ എല്ലാ കരങ്ങളുടേയും താങ്ങും തലോടലും ഇവരുക്കുണ്ടെന്നതിനാൽ ഒരു പരിശോധനയും ഒരു കാലത്തും ഒരു ജൂവലറി വ്യവസായികളിലേക്കും എത്തുന്നില്ല. മുപ്പതിനായിരം രൂപയും റിട്ടേൺ ടിക്കറ്റും എടുത്ത് ദുബായിലേക്ക് പോയിവരുന്ന കാരിയറുകളെ ബലിയാടുകളാക്കി അന്വേഷണങ്ങൾ അവസാനിക്കുന്നു. അതുകൊണ്ട് തന്നെ ഓരോ വർഷവും ഒഴുകിയെത്തുന്ന കള്ളപ്പണത്തിന്റെ കള്ളക്കടത്ത് സ്വർണ്ണത്തിന്റെ അളവ് കൂടുന്നതേയുള്ളൂ. ചെറിയ ഇച്ഛാശക്തി പോര അതില്ലാതാക്കാൻ. അതുവരെ പൊന്നൊഴുകും പല വഴികളിലൂടെ, പിടിക്കുന്നവരും പിടിക്കപ്പെടുന്നവരും കടത്തുകാരും ഒറ്റുകാരും കാണാതാകുന്നവരുടേയും എല്ലാം എണ്ണം കൂടുകയും ചെയ്യും.

(ലേഖിക ന്യൂസ് 18 കേരളം ഡെപ്യൂട്ടി ന്യൂസ് എഡിറ്ററാണ്)
Published by:Anuraj GR
First published: