'വീടിനു മുന്നിൽ മൃതദേഹം കൊണ്ടിടും'; സ്വർണക്കടത്തിൽ കൊല്ലപ്പെട്ട ഇർഷാദിന്റെ കുടുംബത്തെ മുഖ്യപ്രതി ഭീഷണിപ്പെടുത്തുന്ന ഓഡിയോ
'വീടിനു മുന്നിൽ മൃതദേഹം കൊണ്ടിടും'; സ്വർണക്കടത്തിൽ കൊല്ലപ്പെട്ട ഇർഷാദിന്റെ കുടുംബത്തെ മുഖ്യപ്രതി ഭീഷണിപ്പെടുത്തുന്ന ഓഡിയോ
മുഖ്യപ്രതിയെന്നു കരുതുന്ന കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സ്വാലിഹ് ദുബായിലേക്ക് മടങ്ങിയത് ഇർഷാദിന്റെ മരണത്തിനു ശേഷമാണെന്നാണ് പൊലീസ് കരുതുന്നത്
ഇർഷാദ്
Last Updated :
Share this:
കോഴിക്കോട് പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദിന്റെ (Irshad) കുടുംബത്തെ മുഖ്യപ്രതി സ്വാലിഹ് ഭീഷണപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്ത്. വീടിന് മുന്നിൽ ഇർഷാദിന്റെ മൃതദേഹം കൊണ്ടിടുമെന്നായിരുന്നു ഭീഷണി. ഇർഷാദിനെ തട്ടിക്കൊണ്ടു പോയ ശേഷമാണ് സ്വാലിഹ് ഭീഷണി സന്ദേശമയച്ചത്. സ്വാലിഹ് വിദേശത്തേക്ക് പോയത് ഇർഷാദിന്റെ മരണം ഉറപ്പാക്കിയതിന് ശേഷമാണെന്നാണ് പൊലീസ് നിഗമനം.
ഇർഷാദിന്റെത് ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. തട്ടിക്കൊണ്ടുപോയവർ വീട്ടുകാർക്ക് അയച്ചുകൊടുത്ത ഫോട്ടോയിൽ ഇർഷാദിന്റെ കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു. ഇർഷാദ് ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ നെറ്റിയിൽ മുറിവുണ്ടായിരുന്നതായി പറയുന്നുണ്ട്.
ഇർഷാദിന്‍റെ കൈവശം കൊടുത്തയച്ച സ്വർണം കൈമാറാതിരുന്നതാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത്. ഇർഷാദിനെ കൊലപ്പെടുത്തിയ ശേഷം പുഴയിലെറിഞ്ഞതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം, ഇര്‍ഷാദിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിച്ചേക്കും. സ്വാലിഹിനെ ദുബായില്‍നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കിയത് സ്വാലിഹാണ്. കഴിഞ്ഞ മാസം കേരളത്തിലെത്തിയ സ്വാലിഹ് ജൂലൈ 19നാണ് ദുബായിലേക്കു മടങ്ങിയത്.
ഇർഷാദിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയെന്നു കരുതുന്ന കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സ്വാലിഹ് ദുബായിലേക്ക് മടങ്ങിയത് ഇർഷാദിന്റെ മരണത്തിനു ശേഷമാണെന്നാണ് പൊലീസ് കരുതുന്നത്. നഷ്ടമായ കള്ളക്കടത്ത് സ്വർണം കണ്ടെത്താനായി ഒരു മാസം മുൻപാണ് ഇയാൾ ദുബായിൽ നിന്നു നാട്ടിലെത്തിയത്. ഇതിനു ശേഷമായിരുന്നു ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. ദുബായിൽ നിന്നു സ്വാലിഹ് നൽകിയ സ്വർണവുമായാണ് ഇർഷാദ് മേയിൽ നാട്ടിലെത്തിയത്. എന്നാൽ ഈ സ്വർണം ഇർഷാദ് മറ്റു ചിലർക്കു വിറ്റെന്നു പൊലീസ് പറയുന്നു.
ഇർഷാദിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി മുഹമ്മദ് സ്വാലിഹിനെതിരെ കഴിഞ്ഞ ദിവസം സ്ത്രീ പീഡനത്തിന് കേസെടുത്തിരുന്നു. ഇർഷാദിന്റെ മരണത്തിനു കാരണമായ അതേ കള്ളക്കടത്തു സ്വർണവുമായി ബന്ധപ്പെട്ടായിരുന്നു പീഡനമെന്നു പരാതിയിൽ പറയുന്നു. പത്തനംതിട്ട സ്വദേശിയായ ഇരുപത്തിനാലുകാരിയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി പൊലീസ് കേസെടുത്ത്. ഈ യുവതിയുടെ ഭർത്താവാണ് ദുബായിൽ ഇർഷാദിനെ മുഹമ്മദ് സ്വാലിഹിനു പരിചയപ്പെടുത്തിക്കൊടുത്തത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.