പാകിസ്ഥാനിൽ ചെങ്കൊടി പാറിച്ച വാസിർ ആരാണ്?

Last Updated:
പാകിസ്ഥാൻ ദേശീയ അംസബ്ലിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഒരു മാർക്സിസ്റ്റുകാരൻ ജയിച്ചത് വലിയ വാർത്തയായിരുന്നു. ഗോത്രവർഗ മേഖലയായ എൻഎ-50 സീറ്റിൽനിന്ന് 16015 വോട്ടുകളുടെ തകർപ്പൻ ഭൂരിപക്ഷത്തിൽ ജയിച്ചത് അലി വാസിർ എന്ന മാർക്സിസ്റ്റുകരാനായിരുന്നു. മുസ്ലീം മത രാഷ്ട്രീയപാർട്ടികളുടെ കൂട്ടായ്മയായ എംഎംഎ സ്ഥാനാർഥിയെയാണ് അലി വാസിർ പരാജയപ്പെടുത്തിയത്. പാകിസ്ഥാനിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പായ ‘ദ സ്ട്രഗ്ള്‍’ പാർടിയുടെ കേന്ദ്രകമ്മിറ്റി അംഗമാണ് അലി വാസിർ. താലിബാൻ തീവ്രവാദത്തിനെതിരെ സന്ധിയില്ലാ പോരാട്ടം നടത്തിയ അലി വാസിറിന് നൽകേണ്ടിവന്ന വില പിതാവും രണ്ടു സഹോദരൻമാരും ഉൾപ്പടെ കുടുംബത്തിലെ 16 പേരുടെ ജീവനായിരുന്നു. തെരഞ്ഞെടുപ്പിൽ മൽസരിച്ചാൽ കൊല്ലുമെന്ന ഭീഷണി വകവെക്കാതെയാണ് അദ്ദേഹം പോരാടി ജയിച്ചത്.
ഇമ്രാന്‍ ഖാന്റെ തെഹ്രീഖ്-ഇ-ഇന്‍സാഫ് സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അത് നിരസിച്ചാണ് അലി വാസിര്‍ ഇടത് സഖ്യത്തിന്റെ ഭാഗമായി ദേശീയ അസംബ്ലിയിലേക്ക് മൽസരിച്ചത്. ജനങ്ങളുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന അലി വാസിർ ഓരോ വീടുകളിലും കയറിയിറങ്ങിയാണ് വോട്ട് തേടിയത്. ഭീകരതയ്ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച അലി വാസിർ പഷ്തൂണ്‍ തഹ്ഫാസ് മുന്നേറ്റ(പിടിഎം) പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവായിരുന്നു. ‘ഭീകരതയ്‌ക്കെതിരെ യുദ്ധം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഈ പ്രസ്ഥാനം പ്രവർത്തിച്ചത്. സ്വദേശമായ വസീറിസ്ഥാൻ, താലിബാൻ ഉൾപ്പടെയുള്ള ഭീകരഗ്രൂപ്പുകൾക്ക് ശക്തമായ വേരോട്ടമുള്ള പ്രദേശമായിരുന്നു. അതുകൊണ്ടുതന്നെ ഭീകരതയ്ക്കെതിരായ പോരാട്ടം കൂടിയായിരുന്നു അലി വസീറിന്‍റെ പൊതുപ്രവർത്തനം. എന്നാൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കാരണം വസീറിന് നഷ്ടമായത് പ്രിയപ്പെട്ടവരെയായിരുന്നു. പക്ഷേ ഇതുകൊണ്ടൊന്നും അദ്ദേഹത്തെ തളർത്താൻ സാധിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചത്.
advertisement
ഭീകരതയ്ക്കെതിരെ സന്ധിയില്ലാ പോരാട്ടം
ദക്ഷിണ വസീറിസ്ഥാനിലെ വാനാ എന്ന ചെറുപട്ടണത്തിൽ അഹ്മദ് സായ് വസീർ ഗോത്ര കുടുംബത്തിലായിരുന്നു അലി വാസിറിന്‍റെ ജനനം. ഗോത്രവർഗതലവനായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം നിയമത്തിൽ ബിരുദം നേടി. മാർക്സിസത്തിൽ ആകൃഷ്ടനായി, അതേക്കുറിച്ച് കൂടുതൽ പഠിച്ചു. വിദ്യാർഥി-യുവജന സംഘടനകളിലൂടെ പൊതുപ്രവർത്തനത്തിൽ സജീവമായി. താലിബാൻ ഗ്രൂപ്പുകൾ ശക്തിയാർജിച്ചതോടെ ആഗോള തീവ്രവാദത്തിന്‍റെ കേന്ദ്രമായി വസീറിസ്ഥാൻ മാറുന്ന സമയത്തായിരുന്നു അദ്ദേഹം പൊതുപ്രവർത്തനത്തിലേക്ക് കടന്നുവരുന്നത്. ഭീകരപ്രവർത്തനങ്ങൾക്ക് നാട്ടുകാരിൽ ചിലർ പിന്തുണ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഭീകരപ്രവർത്തനങ്ങൾക്കെതിരെ അലി വാസിറിന്‍റെ പിതാവും മറ്റുചില സമുദായ നേതാക്കളും കൂടി സർക്കാരിൽ പരാതി നൽകി. എന്നാൽ ഈ പരാതി മുഖവിലയ്ക്കെടുക്കാനോ അതേക്കുറിച്ച് അന്വേഷിക്കാനോ അധികൃതർ തയ്യാറായില്ല. അഫ്ഗാൻ, അറബ്, മധ്യേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള ഭീകരർക്ക് പാകിസ്ഥാൻ അഭയമൊരുക്കുന്നില്ലെന്ന് അവിടുത്തെ സർക്കാർ ഐക്യരാഷ്ട്രസഭ ഉൾപ്പടെ ലോകത്തോട് നിരന്തരം വിളിച്ചുപറയുന്ന ഘട്ടത്തിലായിരുന്നു വസീറിസ്ഥാൻ ഭീകരരുടെ താവളമായി മാറിക്കൊണ്ടിരുന്നത്.
advertisement
കുടുംബത്തെ ഛിന്നഭിന്നമാക്കി; എന്നിട്ടും പിൻമാറിയില്ല
2003ഓടെ ഉത്തര-ദക്ഷിണ വസീറിസ്ഥാൻ മേഖലയിൽ ശക്തമായി അടിത്തറയുണ്ടാക്കാനും സമാന്തരഭരണകൂടമായി മാറാനും ഭീകരഗ്രൂപ്പുകൾക്ക് സാധിച്ചു. ഇവർക്കെതിരെ ശബ്ദമുയർത്തിയതിന് അലി വാസിറിന്‍റെ മൂത്ത സഹോദരൻ ഫാറുഖ് വാസിറിനെ 2005ൽ കൊലപ്പെടുത്തി. പ്രദേശത്തെ അറിയപ്പെടുന്ന രാഷ്ട്രീയപ്രവർത്തകനും യുവജനനേതാവുമായിരുന്നു അദ്ദേഹം. അതൊരു തുടക്കമായിരുന്നു അവിടുന്നങ്ങോട്ട് വസീറിസ്ഥാനിലെ ഗോത്രവർഗത്തിൽപ്പെട്ട ആയിരകണക്കിന് ആളുകളെയാണ് ഭീകരർ കൊലപ്പെടുത്തിയത്. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരെ ഭീകരർ കൊലപ്പെടുത്തി. തങ്ങൾക്ക് തടസം നിൽക്കുന്നവരെയെല്ലാം അവർ വകവരുത്തി.
advertisement
2005ൽ അലി വാസിർ ജയിലിലായിരിക്കുമ്പോഴാണ് പിതാവും സഹോദരനും ഉൾപ്പടെ പതിനഞ്ചോളം ബന്ധുക്കളെ ഭീകരർ കൊലപ്പെടുത്തിയത്. അതിനുശേഷവും ആറോളം കുടുംബാഗങ്ങളെ കൂടി ഭീകരർ വധിക്കുകയും ചെയ്തു. ആക്രമണത്തിൽ വാസിറിന്‍റെ വീടും സ്വന്തമായി ഉണ്ടായിരുന്ന പെട്രോൾ പമ്പും നാമാവശേഷമായി. കുടുംബത്തിലെ പുരുഷൻമാരിൽ ഭൂരിഭാഗം പേരും കൊലചെയ്യപ്പെട്ടതോടെ കടുത്ത ദാരിദ്ര്യത്തെ അഭിമുഖീകരിച്ചാണ് വാസിറും മറ്റു കുടുംബാഗങ്ങളും താൽക്കാലിക താമസസ്ഥലത്ത് കഴിഞ്ഞുകൂടിയത്. ഇതിനിടയിൽ ഇവരുടെ കൃഷിയിടങ്ങളും ഭീകരർ നശിപ്പിച്ചിരുന്നു. പിന്നീട് ചെറിയ ജോലികളും ബിസിനസുമൊക്കെ നടത്തി അവർ തിരിച്ചുവന്നു. ആപ്പിൾ കൃഷിയും മറ്റും ചെയ്തു. എന്നാൽ 2016ൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അലി വാസിർ കുടുംബത്തിന്റെ കൃഷിയിടം തകർന്നു തരിപ്പണമായി. ബോംബ് സ്ഫോടനത്തിലായിരുന്നു കൃഷിയിടം നശിച്ചത്.
advertisement
അധഃസ്ഥിതരെ സംഘടിപ്പിച്ച് മുന്നേോട്ട്
ഇതിനിടയിൽ ദ സ്ട്രഗ്ള്‍ പാർടിയുടെയും പഷ്തൂണ്‍ തഹ്ഫാസ് പ്രസ്ഥാനത്തിന്‍റെയും നേതൃനിരയിലേക്ക് അലി വാസിർ വളർന്നു. തൊഴിലാളികളെയും സാധാരണക്കാരെയും സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് നേരിയതോതിലെങ്കിലും വേരോട്ടമുണ്ടാക്കുന്നതിൽ അദ്ദേഹം നിർണായകപങ്ക് വഹിച്ചു. ലാഹോർ, കറാച്ചി, പെഷവാർ തുടങ്ങിയ സ്ഥലങ്ങളിൽ കൂറ്റൻ റാലികൾ സംഘടിപ്പിച്ചു. ലാഹോറിലെ ഇടതുമുന്നണിയാണ് അവിടുത്തെ റാലിയിൽ ആതിഥേയത്വം വഹിച്ചത്. റാലികൾക്ക് വേണ്ടി പ്രചാരണവും പോസ്റ്റർ ഒട്ടിക്കുന്നതുമൊക്കെ അധികൃതർ നിരോധിച്ചിരുന്നു. റാലിയുടെ തലേദിവസം അലി വാസിർ ഉൾപ്പടെ എട്ടു നേതാക്കൾ അറസ്റ്റിലായി. എന്നാൽ പാർടി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഉടനടി ഇവരെ വിട്ടയച്ചു. ലാഹോറിലെ റാലിയിൽ പതിനായിരത്തിലേറെ പേർ പങ്കെടുത്തു. കഴിഞ്ഞ മാസം സർക്കാർ അനുകൂലികളുടെ ആക്രമണത്തിൽ പഷ്തൂണ്‍ തഹ്ഫാസ് പ്രസ്ഥാനത്തിന്‍റെ പത്തോളം പ്രവർത്തകർ കൊല്ലപ്പെടുകയും. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
advertisement
2008ലും 2013ലും അലി വാസിർ തെരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നു. 2005ൽ പരാജയപ്പെട്ടെങ്കിലും 2013ൽ അദ്ദേഹം വിജയിച്ചു. എന്നാൽ താലിബാൻ ഭീകരരുടെ തോക്കുചൂണ്ടിയുള്ള ഭീഷണിയെത്തുടർന്ന് അലി വാസിർ 300 വോട്ടുകൾക്ക് തോറ്റുവെന്ന പ്രഖ്യാപനമാണ് വോട്ടെണ്ണൽ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ നടത്തിയത്. കഴിഞ്ഞ കുറേ വർഷങ്ങളായി പഷ്തൂണ്‍ തഹ്ഫാസ് പ്രസ്ഥാനത്തിനുവേണ്ടി അണിനിരന്ന നിരവധി സാധാരണക്കാരാണ് ഭീകരരുടെയും സർക്കാർ അനുകൂലികളുടെയും വേട്ടയ്ക്ക് ഇരയായത്.
ഐതിഹാസികജയത്തോടെ പാർലമെന്‍റിലേക്ക്
അലി വാസിർ കേന്ദ്രകമ്മിറ്റി അംഗമായ ദ സ്ട്രഗ്ൾ പാർട്ടി പാകിസ്ഥാനിലെ പ്രമുഖ മാർക്സിസ്റ്റ് സംഘടനയായിരുന്നു. അടുത്തിടെ പാർട്ടി ഉൾപ്പടെ ആ രാജ്യത്തെ ഏഴോളം കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ലാഹോർ ഇടതു സഖ്യത്തിൽ ലയിച്ചു. ലാഹോർ ഇടതു സഖ്യത്തിന്‍റെ ബാനറിലാണ് ഇത്തവണ ദേശീയ തെരഞ്ഞെടുപ്പിനെ അലി വാസിറും കൂട്ടരും നേരിട്ടത്. വസീറിസ്ഥാനിൽ അലി വാസിറിനുള്ള സ്വാധീനം മനസിലാക്കിയാണ് ഇമ്രാൻഖാൻ അദ്ദേഹത്തിന് അവിടെ സീറ്റ് വാഗ്ദാനം ചെയ്തത്. എന്നാൽ അദ്ദേഹമത് നിരസിച്ചു. പക്ഷേ അലി വാസിറുമായുള്ള ചർച്ചയിൽ, അദ്ദേഹത്തിനെതിരെ അവരുടെ പാർടി സ്ഥാനാർഥിയെ നിർത്തില്ലെന്ന് ഇമ്രാൻ ഖാൻ അറിയിച്ചു. പക്ഷേ പ്രചരണരംഗത്ത് കടുത്ത മൽസരം തന്നെയാണ് വാസിർ നേരിട്ടത്. സമൂഹമാധ്യമങ്ങളിലൂടെയും ശക്തമായ പ്രചരണമാണ് അദ്ദേഹം നടത്തിയത്. ചെറുപ്പക്കാർക്കിടയിൽ സ്വാധീനം നേടിയെടുക്കാൻ ഇത് സഹായിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭീകരഗ്രൂപ്പുകളുടെയും എതിരാളികളുടെ ഭീഷണിയുമുണ്ടായിരുന്നു. ഇമ്രാന്‍റെ പാർടി മൽസരിച്ചില്ലെങ്കിലും അദ്ദേഹത്തിന്‍റെ അനുയായികളും വാസിറിനെതിരെ ഭീഷണിയുമായി രംഗത്തുണ്ടായിരുന്നു. പക്ഷേ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് തെരഞ്ഞെടുപ്പിൽ വാസിർ തിളക്കമാർന്ന വിജയം നേടി.
advertisement
തെരഞ്ഞെടുപ്പിൽ വലതുപക്ഷ പാർട്ടിയായ ഇമ്രാൻഖാന്‍റെ പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫിന് മികച്ച വിജയം നേടാനായെങ്കിലും അലി വാസിർ നേടിയ വിജയം അവിടുത്തെ മാർക്സിസ്റ്റ് മുന്നേറ്റങ്ങൾക്ക് വലിയ ഊർജം പകരുമെന്ന കാര്യത്തിൽ സംശയമില്ല. പാകിസ്ഥാൻ പാർലമെന്‍റിൽ ഇനി അധഃസ്ഥിതർക്കുവേണ്ടിയും ഭീകരാക്രമണത്തിൽ സർവതും നഷ്ടപ്പെട്ടവർക്കുവേണ്ടിയുമുള്ള ശബ്ദം ഉയർത്താൻ അലി വാസിർ എന്ന മാർക്സിസ്റ്റ് ഉണ്ടാകുമെന്നതാണ് ശ്രദ്ധേയമായ കാര്യം.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
പാകിസ്ഥാനിൽ ചെങ്കൊടി പാറിച്ച വാസിർ ആരാണ്?
Next Article
advertisement
മനംപോലെ മാംഗല്യം; യുക്രെയ്ൻ സ്വദേശികളായ 72കാരനും 27കാരിക്കും ഹൈന്ദവ ആചാരപ്രകാരം വിവാഹം
മനംപോലെ മാംഗല്യം; യുക്രെയ്ൻ സ്വദേശികളായ 72കാരനും 27കാരിക്കും ഹൈന്ദവ ആചാരപ്രകാരം വിവാഹം
  • 72കാരനായ സ്റ്റാനിസ്ലാവും 27കാരിയായ അൻഹെലിനയും ജോധ്പൂരിൽ ഹൈന്ദവ ആചാരപ്രകാരം വിവാഹിതരായി.

  • വിവാഹ ചടങ്ങുകൾ ഹോട്ടലിൽ സുഹൃത്തുക്കളും നാട്ടുകാരും പങ്കെടുത്ത് ആഘോഷിച്ചു.

  • വിവാഹം ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിതെളിയിച്ചു, പ്രായവ്യത്യാസം ശ്രദ്ധേയമായി.

View All
advertisement