ആരാണ് ഈ ക്രൊയേഷ്യൻ പ്രസിഡന്‍റ്?

Last Updated:
മോസ്ക്കോ: ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിൽ കടന്നപ്പോൾ ക്രൊയേഷ്യ എന്ന രാജ്യമാകെ കാത്തിരുന്നത് ചരിത്രമെഴുതുന്ന ആ മുഹൂർത്തത്തിനായിരുന്നു. എന്നാൽ ഫ്രഞ്ച് വീര്യത്തിന് മുന്നിൽ അവർ പൊരുതിവീണപ്പോൾ ആശ്വസിപ്പിക്കാൻ മുന്നിൽനിന്നത് കൊലിന്ദ ഗ്രബാർ കിറ്ററോവിച്ച് എന്ന ക്രൊയേഷ്യയുടെ പ്രസിഡന്‍റായിരുന്നു. ലോകകപ്പ് എന്ന അതുല്യനേട്ടം വഴുതിപ്പോയപ്പോൾ മോഡ്രിച്ചിനും കൂട്ടർക്കും സങ്കടം സഹിക്കാനായില്ല. എന്നാൽ കളി കഴിഞ്ഞെത്തിയ ടീം അംഗങ്ങളെ കിറ്ററോവിച്ച് ആശ്വസിപ്പിച്ചത് ഹൃദയംകവർന്ന ലോകകപ്പ് കാഴ്ചകളിലൊന്നായി മാറി. ഓരോ താരങ്ങളെയും ചേർത്തുപിടിച്ചാണ് 50കാരിയായ കൊലിന്ദ കിറ്ററോവിച്ച് സമാശ്വാസമേകിയത്. ഈ ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ മുതൽ ടീമിന്‍റെ ജഴ്സിയണിഞ്ഞ് അവർ ഗ്യാലറിയിലുണ്ടായിരുന്നു. റഷ്യയിലേക്കുള്ള വരവ് മുതൽ വാർത്തകളിൽ ക്രൊയേഷ്യൻ പ്രസിഡന്‍റ് നിറഞ്ഞുനിന്നു. വിമാനത്തിൽ ഇക്കണോമി ക്ലാസിൽ ആരാധകർക്കൊപ്പം റഷ്യയിലേക്ക് വന്ന അവർ, രാഷ്ട്രതലവൻമാർക്ക് അനുവദിച്ച പ്രത്യേക വിവിഐപി ഇരിപ്പിടങ്ങൾ ഒഴിവാക്കി സാധാരണക്കാർക്കൊപ്പമാണ് കളി കണ്ടത്. കളി ജയിക്കുമ്പോൾ താരങ്ങളെ അഭിനന്ദിക്കാൻ ഡ്രസിങ് റൂമിലേക്ക് പോകുമ്പോൾ സുരക്ഷാഅകമ്പടിയൊക്കെ കൊലിന്ദ ഒഴിവാക്കിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലും ക്രൊയേഷ്യൻ പ്രസിഡന്‍റ് ഗാലറിയിലെ ആവേശകാഴ്ചയായിരുന്നു. സെമിയിൽ ടീം ജയിച്ച് സ്വപ്നഫൈനലിലേക്ക് കടന്നപ്പോൾ താരങ്ങൾക്കും ആരാധകർക്കുമൊപ്പം ആനന്ദനൃത്തമാടിയാണ് കിറ്ററോവിച്ച് ആഘോഷത്തിൽ പങ്കുചേർന്നത്. ഔദ്യോഗികവേഷമൊക്കെ ഒഴിവാക്കി ടീം ജഴ്സിയണിഞ്ഞാണ് അവർ കളി കാണാനും തന്‍റെ രാജ്യത്തെ പിന്തുണയ്ക്കാനുമെത്തിയത്. ആനന്ദനൃത്തമാടി വിജയത്തിൽ പങ്കുചേർന്ന കിറ്ററോവിച്ച് തോൽവിയിൽ ടീം അംഗങ്ങളെ ചേർത്തുപിടിക്കുകയും ചെയ്തു. ഒരു ഭരണാധികാരി എങ്ങനെയാകണമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ക്രൊയേഷ്യൻ പ്രസിഡന്‍റെന്ന് സമൂഹമാധ്യമങ്ങളിലുടെ വാഴ്ത്തിപ്പാടുന്നു. ആരാണ് ക്രൊയേഷ്യൻ പ്രസിഡന്‍റ്.
advertisement
പഠിച്ച് പഠിച്ച് മിടുക്കിയായി...
സ്വതന്ത്ര്യസമരപോരാട്ടങ്ങളും വിഭജനവും യുദ്ധവുമൊക്കെ മുറിവുണ്ടാക്കിയ ക്രൊയേഷ്യൻ ജനതയ്ക്ക് എക്കാലവും ആശ്വാസമായി നിന്നത് ഫുട്ബോളായിരുന്നു. സ്ത്രീ-പുരുഷ ഭേദമന്യേ കാൽപ്പന്തുകളിയെ നെഞ്ചിലേറ്റിയ രാജ്യം. കുട്ടിക്കാലം മുതൽക്കേ ഫുട്ബോൾ ആവേശമാക്കിയ കൊലിന്ദ ഗ്രബാർ കിറ്ററോവിച്ച് ഒടുവിൽ രാജ്യത്തെ പ്രഥമ വനിതയായപ്പോഴും അത് കൈവിട്ടില്ല. 1968 ഏപ്രിൽ 29ന് യൂഗോസ്ലാവ്യയിലെ(ഇന്ന് ക്രൊയേഷ്യ) റിജേക പ്രവിശ്യയിലാണ് അവർ ജനിച്ചത്. ഹൈസ്കൂൾ-ബിരുദ വിദ്യാഭ്യാസം മെക്സിക്കോയിലെ ലോസ് അലാമോസിലായിരുന്നു. പിന്നീട് യുഗോസ്ലാവ്യയിലേക്ക് മടങ്ങിയെത്തി ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ സാഗ്രെബ് സർവകലാശാലയിൽനിന്ന് ബിരുദമെടുത്തു. പിന്നീട് ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലും ബിരുദം നേടി. വിയന്നയിലെ ഡിപ്ലോമാറ്റിക് അക്കാദമിയിൽനിന്ന് ഡിപ്ലോമ നേടിയ ശേഷം സാഗ്രെബ് സർവകലാശാലയിൽനിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. ഹവാർഡ് സർവകലാശാല, ഹോപ്കിൻസ് സർവകലാശാല, ജോർജ് വാഷിങ്ടൺ സർവകലാശാല, കെന്നഡി സ്കൂൾ ഓഫ് ഗവൺമെന്‍റ് എന്നിവിടങ്ങളിൽനിന്നും അവർ ഫെലോഷിപ്പുകൾ കരസ്ഥമാക്കി.
advertisement
മികച്ച നയതന്ത്രജ്ഞ
1991ൽ യുഗോസ്ലാവിയയിൽനിന്ന് വേർപെട്ട് ക്രൊയേഷ്യ സ്വതന്ത്രരാജ്യമായി. 1992 മുതൽ വിവിധ സർക്കാർ വകുപ്പുകളിൽ ഉന്നത പദവികൾ കൈകാര്യം ചെയ്ത കിറ്ററോവിച്ച് രാജ്യം കണ്ട ഏറ്റവും മികച്ച നയതന്ത്ര ഉദ്യോഗസ്ഥരിൽ ഒരാളായാണ് അറിയപ്പെട്ടത്. വിദേശകാര്യമന്ത്രാലയത്തിലും സുപ്രധാനപദവികൾ വഹിച്ചു.
കുടുംബജീവിതം
1996ൽ ജാക്കോവി കിറ്ററോവിച്ചിനെ വിവാഹം ചെയ്തു. അവർക്ക് രണ്ടു മക്കളുണ്ട്. കാതറിന, ലുക്ക. മൂത്തമകൾ കാതറിന സ്കേറ്റിങിൽ ദേശീയ ചാംപ്യനാണ്.
advertisement
സംഗീതപ്രേമി
ദേശീയ ഗായകൻ മാർക്കോ പെരിക്കോവിച്ചിന്‍റെ കടുത്ത ആരാധികയാണ് താനെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയിരുന്നു.
ഏഴോളം ഭാഷകളിൽ പ്രാവീണ്യം
ക്രൊയേഷ്യൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ് എന്നീ ഭാഷകളിൽ സംസാരിക്കാൻ കഴിയുന്ന ക്രൊയേഷ്യൻ പ്രസിഡന്‍റിന് ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകൾ കേട്ടാൽ മനസിലാകും.
പ്രസിഡന്‍റ് പദത്തിലേക്ക്...
കടുത്ത മൽസരത്തെ അതിജീവിച്ചാണി കൊലിന്ദ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. അഭിപ്രായസർവേകളിലും മറ്റും ബഹുദൂരം മുന്നിലായിരുന്ന ഇവോ ജോസിപോവിച്ചിനെ രണ്ടാം റൌണ്ടിലാണ് കൊലിന്ദ മറികടന്നത്. ക്രൊയേഷ്യയിലെ നാലാമത്തെ പ്രസിഡന്‍റും ആ പദവിയിലെത്തുന്ന ഏറ്റവും പ്രയാംകുറഞ്ഞ വ്യക്തിയുമാണ് അവർ.
advertisement
വിവാദങ്ങൾ
സ്വവർഗാനുരാഗികളെ പിന്തുണച്ച് കൊലിന്ദ രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു. സ്വവർഗാനുരാഗികൾക്ക് വിവാഹം കഴിക്കാനുള്ള ആക്ട് പാസാക്കാനും അവർ മുന്നിട്ടുനിന്നു. എതിർപ്പുകളെ മറികടന്ന് ഐകകണ്ഠേന അത് പാസാക്കിയതിന് പിന്നിൽ കൊലിന്ദയുടെ നയതന്ത്രപാടവമായിരുന്നു.
ഗർഭഛിദ്രത്തെ പിന്തുണച്ചതാണ് കൊലിന്ദയുടെ രാഷ്ട്രീയജീവിതത്തിലെ മറ്റൊരു വിവാദം. ഗർഭഛിദ്രം നിരോധിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ലെന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. ഇക്കാര്യത്തിൽ കൃത്യമായ ബോധവൽക്കരണമാണ് വേണ്ടതെന്ന വാദമാണ് അവർ ഉയർത്തിയത്. എന്നാൽ ഇതിന്‍റെ പേരിൽ ശക്തമായ എതിർപ്പാണ് അവർ നേരിട്ടത്.
കാലാവസ്ഥാവ്യതിയാനത്തിൽ പരിസ്ഥിതി മലിനീകരണത്തിന് പ്രധാന പങ്കുണ്ടെന്ന വാദമായിരുന്നു ക്രൊയേഷ്യൻ പ്രസിഡന്‍റിന്‍റേത്. പരിസ്ഥിതി സംരക്ഷണ പദ്ധതികളെ അവർ പിന്തുണച്ചു. 2016ൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയിൽ അവർ ഒപ്പുവെച്ചത് വലിയ വാർത്തയായിരുന്നു.
advertisement
ഫുട്ബോൾ ജീവൻ...
ഭരണസംബന്ധിയായ തിരക്കുകളുണ്ടെങ്കിലും ഫുട്ബോൾ അവർക്ക് ജീവനാണ് കൊലിന്ദയ്ക്ക്. ദേശീയ ടീമിന്‍റെ കളി എപ്പോൾ നടന്നാലും നേരിട്ടോ ടിവിയിലൂടെയോ അത് കണ്ടിരിക്കും. അതിനായി ഔദ്യോഗികജീവിതത്തിന് അവധി നൽകുകയും ചെയ്യും. ദേശീയ ടീമിന്‍റെ മാത്രമല്ല, ക്രൊയേഷ്യയിലേത് ഉൾപ്പടെ, യൂറോപ്യൻ രാജ്യങ്ങളിലെ ക്ലബ് ഫുട്ബോളിലും കൊലിന്ദ കിറ്ററോവിച്ചിന് കമ്പമുണ്ട്. സ്വന്തം ടീമിന്‍റെ ജഴ്സിയണിഞ്ഞ് ആരാധകർക്കും കളിക്കാർക്കും ആവേശമായി മാറിയ കൊലിന്ദ കിറ്ററോവിച്ച് റഷ്യൻ ലോകകപ്പിലെ അവിസ്മരണീയ കാഴ്ചകളിൽ ഒന്നായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ആരാണ് ഈ ക്രൊയേഷ്യൻ പ്രസിഡന്‍റ്?
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement