നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • opinion
  • »
  • കറുത്ത കുതിരകൾ കുതിക്കുന്നു; യുറോ കപ്പായി റഷ്യൻ ലോകകപ്പ്

  കറുത്ത കുതിരകൾ കുതിക്കുന്നു; യുറോ കപ്പായി റഷ്യൻ ലോകകപ്പ്

  • Last Updated :
  • Share this:

   • യുറോ കപ്പായി ലോകകപ്പ് 2018

   • ഫാൾസ് 9 എന്ന തന്ത്രമിറക്കി മാർട്ടിനെ

   • നടനമികവുമായി നെയ്മർ


   കറുത്ത കുതിരകൾ കപ്പടിക്കുമോ! ബ്രസീലിന്റെ സുവർണതാരങ്ങളെ കെട്ടുകെട്ടിച്ച ബെൽജിയം കപ്പിൻമേൽ ശക്തമായ അവകാശവാദം ഉന്നയിച്ചു കഴി‍ഞ്ഞു. പല വട്ടം മോഹിപ്പിച്ച ബെൽജിയം ഇതാദ്യമായാണ് പ്രതിഭയ്ക്കൊത്ത പ്രകടനം ലോകകപ്പ് വേദിയിൽ പുറത്തെടുക്കുന്നത്.

   ലോകകപ്പ് ചരിത്രത്തിൽ ഒരിക്കൽ മാത്രമാണ് ബെൽജിയം സെമി കളിച്ചത് – 1986ൽ. അന്നു ചാംപ്യൻമാരായ അർജന്റീനയോടു 0-2നു തോറ്റു. ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനോടും 2-4നു കീഴടങ്ങി നാലാം സ്ഥാനക്കാരായി. 32 വർഷത്തിനു ശേഷം വീണ്ടും സുവർണാവസരം!

   ഇക്കുറിയും എളുപ്പമാവില്ല. ഫ്രാൻസാണ് മുഖാമുഖം. രണ്ടാമതൊരിക്കൽ കൂടി കിരീടമണിയാനുള്ള മോഹത്തിന് ചിറക് നൽകി എംബെപ്പെയും പോഗ്ബയും ഗ്രീസ്മനും ഇരമ്പിക്കയറുമെന്നുറപ്പ്. 1998ൽ ഫ്രാൻസിനെ ആദ്യലോകകപ്പ് കിരീടത്തിലേക്കു നയിച്ച ദിദിയെ ദെഷാം പരിശീലകന്റെ കുപ്പായത്തിൽ കൂടി ആ കപ്പിൽ മുത്തമിടുക എന്ന നേട്ടത്തിനൊരുങ്ങി നിൽക്കുന്നു - ജർമനിയുടെ കൈസർ ഫ്രാൻസ് ബെക്കൻബോവറിനു മാത്രം അവകാശപ്പെട്ട നേട്ടം. ബ്രസീലിന്റെ മരിയോ സഗായോ രണ്ടു വട്ടം കളിക്കാരനായും ഒരിക്കൽ മാനേജരായും പിന്നെ ഒരു വട്ടം അസിസ്റ്റന്റ് മാനേജരായും കപ്പെടുത്തിട്ടുണ്ട്.

   അട്ടിമറികളുടെ ലോകകപ്പെന്ന വിശേഷണം ദിനംപ്രതി അന്വർഥമാക്കിക്കൊണ്ടാണ് കളിയുടെ പോക്ക്. പ്രതിരോധത്തിലെ ദൗർബല്യം മിന്നൽപ്പിണർ പോലുള്ള പ്രത്യാക്രമണങ്ങളിലൂടെ മറികടന്ന ബെൽജിയത്തിനു മുന്നിൽ കാനറിപ്പട പകച്ചു പോയി. ഒടുവിൽ ഒരു വിധം കളി പിടിച്ചു വന്നപ്പോഴേക്കും വൈകിപ്പോയിരുന്നു. അങ്ങനെ ലക്ഷക്കണക്കിന് ആരാധകരെ കണ്ണീരിലാഴ്ത്തി ലാറ്റിനമേരിക്കയുടെ അവസാന വെല്ലുവിളിയും അവസാനിച്ചു.

   ഫ്രാൻസ് ഉറുഗ്വായെയും ബെൽജിയം ബ്രസീലിനെയും കെട്ടുകെട്ടിച്ചതോടെ ലാറ്റിനമേരിക്കൻ നൃത്തം അടങ്ങി. ഫിഫ ലോകകപ്പ് 2018 ഇനി വെറും യൂറോ കപ്പ്. ഇതിനിടെ ആഹ്ളാദിച്ച ഒരു കൂട്ടം തെക്കൻ അമേരിക്കക്കാരുണ്ട് – സ്റ്റേഡിയത്തിൽ തടിച്ചു കൂടിയ ആയിരങ്ങളും ടെലിവിഷനു മുന്നിൽ കാത്തിരുന്ന ലക്ഷക്കണക്കിനും അർജന്റീന ആരാധകർ! ചിരവൈരികളായ ബ്രസീലിന്റെ കണ്ണീരു കാണാൻ മോഹിച്ച അവരെ ബെൽജിയം നിരാശപ്പെടുത്തിയില്ല! കളി തുടങ്ങി 13ാം മിനിറ്റിൽ വിൻസന്റ് കൊംപാനിയുടെ ഹെഡർ പാവം ഫെർണാഡിഞ്ഞോയുടെ തോളിൽ തട്ടി സ്വന്തം വലയിൽ. ഇതിനിടയിൽ ബെൽജിയം കോച്ച് റോബെർട്ടോ മാർട്ടിനെ തുറുപ്പ് ചീട്ടും പുറത്തെടുത്തു.

   കെവിൻ ദെബ്ര്യാനെയെ മുൻനിരയിൽ നിന്ന് മധ്യനിരയിലേക്ക് വലിച്ച് ഫാൾസ് 9 എന്ന തന്ത്രം പ്രയോഗിച്ചു. പിന്നിലേക്ക് ഇറങ്ങി വന്ന് പന്തുമായി കുതിച്ച് ബ്രസിലീയൻ പ്രതിരോധനിരയെ വലയ്ക്കുന്നതിലും വേണ്ടപ്പോൾ മുന്നിലേക്കു കുതിക്കുന്നതിലും ദെബ്ര്യാനെ വിജയിച്ചു. അങ്ങനെയൊരു കൂട്ടായ മുന്നേറ്റത്തിനൊടുവിൽ 22 വാര അകലെ നിന്നു തൊടുത്ത ഷോട്ട് ബ്രസീലിന്റെ വല വിറപ്പിച്ചു – ആരാധകരുടെ ഹൃദയം തകർത്തു.

   പകരക്കാരനായി ഇറങ്ങിയ റെനാറ്റോ അഗസ്റ്റോ ക്യാപ്റ്റൻ കുടീഞ്ഞോ നൽകിയ ക്രോസിനു തല കൃത്യമായി വച്ചതു കൊണ്ട് ബ്രസീലിന് അൽപം ആശ്വാസത്തിനു വക കിട്ടി 2-1. ജയം കൈവിട്ടതിന് ബ്രസീലിന് മറ്റാരെയും കുറ്റം പറയാനാവില്ല. ഇഷ്ടം പോലെ അവസരം കിട്ടി. 27 തവണയാണ് ബെൽജിയം ഗോൾമുഖത്തേക്ക് അവർ നിറയൊഴിച്ചത്. കളി ജയിച്ച ബെൽജിയം 24 വട്ടവും. ഇവിടെയാണ് ഫെല്ലെനി, ചാ‍ഡ്ലി, വിറ്റ്സെൽ ത്രയത്തിന്റെ വിജയം. മധ്യനിരയിൽ നിറഞ്ഞു നിന്ന അവർ ആക്രമണങ്ങളുടെ മുനയൊടിക്കുന്നതിലും വിജയിച്ചു. ഗോൾമുഖത്ത് തിബു കോട്വാ എന്ന അതികായൻ കൂടി ആയപ്പോൾ ബ്രസീൽ വശം കെട്ടു. ഒന്നും രണ്ടുമല്ല എട്ടു വട്ടമാണ് ഈ സൂപ്പർ ഗോളി ഒറ്റയ്ക്കു ഗോൾ തടുത്തത്.

   തോൽവിയുടെ വിഷമത്തിനു പുറമെയാണ് ആക്ഷൻ ഹീറോ നെയ്മറുടെ ഭാവാഭിനയം ബ്രസീലിനു നൽകിയ ചമ്മൽ. എതിരാളികൾ തരം കിട്ടുമ്പോഴൊക്കെ ഇദ്ദേഹത്തെ ഫൗൾ ചെയ്യുമെങ്കിലും ദേഹത്തു തൊടും മുമ്പേ തെറിച്ചുവീണ് നിലത്തു കിടന്ന് ഉരുളുന്ന നെയ്മറെ ട്രോളുകളും ജിഫുകളും വിടാതെ പിന്തുടർന്നു. നെയ്മറുടെ പ്രകടനം കളിക്കും രാജ്യത്തിനു പോലും അപമാനമാണെന്നു വരെ ചില വിമർശകർ ആഞ്ഞടിച്ചു!

    
   First published: