മെൽബൺ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. ഓസ്ട്രേലിയൻ മുൻനിരയെ തകർത്തെറിഞ്ഞാണ് ജസ്പ്രിത് ബുംറയും സംഘവും ഇന്ത്യയ്ക്ക് മേൽക്കൈ നേടിക്കൊടുത്തത്. വിക്കറ്റ് നഷ്ടപ്പെടാതെ എട്ടു റൺസ് എന്നനിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറിന് 104 എന്ന നിലയിലാണ്. മൂന്നു വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയാണ് ഇന്ത്യൻ ആക്രമണം നയിച്ചത്. ഇന്ത്യൻ ബാറ്റ്സ്മാൻമാർ തിളങ്ങിയ പിച്ചിലാണ് ഓസീസ് വെള്ളംകുടിക്കുന്നത്. ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഏഴിന് 443 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.
36 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ആതിഥേയർക്ക് ഓപ്പണർമാരെ നഷ്ടമായി. എട്ടു റൺസ് എടുത്ത ആരോൺ ഫിഞ്ച്, 22 റൺസെടുത്ത മാർക്കസ് ഹാരിസ് എന്നിവരുടെ വിക്കറ്റുകളാണ് ആദ്യം ഓസീസിന് നഷ്ടമായത്. ഉസ്മാൻ ഖ്വാജയുടെയും ഷോൺ മാർഷിന്‍റെയും ചെറുത്തുനിൽപ്പ് ഏറെ നീണ്ടില്ല. 21 റൺസെടുത്ത ഖ്വാജയെ ജഡേജയും 19 റൺസെടുത്ത മാർഷിനെ ബൂംറയും മടക്കി. ഇതോടെ നാലിന് 89 എന്ന നിലയിലേക്ക് ഓസ്ട്രേലിയ കൂപ്പുകുത്തി. 20 റൺസെടുത്ത ട്രവിസ് ഹെഡിന്‍റെ കുറ്റി ബുംറ തെറിപ്പിച്ചതോടെ ഓസ്ട്രേലിയ അഞ്ചിന് 92 റൺസെന്ന നിലയിലായി. വൈകാതെ ഒമ്പത് റൺസെടുത്ത മിച്ചൽ മാർഷിനെ ജഡേജ പവലിയനിലേക്ക് മടക്കി. അഞ്ച് റൺസുമായി ടിം പെയ്നെയും റൺസൊന്നുമെടുക്കാതെ പാറ്റ് കുമ്മിൻസുമാണ് ക്രീസിൽ.
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രമെഴുതിയ 2018
ഇന്ത്യയ്ക്കുവേണ്ടി ജസ്പ്രിത് ബുംറ 32 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തപ്പോൾ, രവീന്ദ്ര ജഡേജ രണ്ടും ഇഷാന്ത് ശർമ ഒരു വിക്കറ്റുമെടുത്തു.
ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച ഓസ്ട്രേലിയയും ഇന്ത്യയും നാലു മത്സരങ്ങളുള്ള പരമ്പരയിൽ 1-1ന് ഒപ്പത്തിനൊപ്പമാണ്. മെൽബണിൽ ജയിക്കാനായാൽ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്ക്കർ ട്രോഫി നിലനിർത്താനാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.