ഇന്റർഫേസ് /വാർത്ത /Sports / ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രമെഴുതിയ 2018

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രമെഴുതിയ 2018

  • Share this:

    #ലിജിന്‍ കടുക്കാരം

    2017 നിർത്തിയിടത്ത് നിന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം 2018  ആരംഭിച്ചത്. വര്‍ഷം ആരംഭിക്കുമ്പോള്‍ ടെസ്റ്റില്‍ ഒന്നാം റാങ്കിലും ഏകദിനത്തിലും ടി20യിലും രണ്ടാം റാങ്കിലുമായിരുന്നു ഇന്ത്യ. 12 മാസങ്ങള്‍ക്ക് ശേഷം വര്‍ഷം അവസാനിക്കുമ്പോഴും ഈ സ്ഥാനം നിലനിര്‍ത്താന്‍ കോഹ്‌ലിക്കും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്. പോയ വര്‍ഷത്തെ നേട്ടങ്ങളില്‍ എടുത്തു പറയേണ്ടത് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യ ഏകദിന പരമ്പര നേടി എന്നതാണ്. ആറു മത്സരങ്ങളുടെ പരമ്പര 5- 1 നായിരുന്നു ഇന്ത്യന്‍ സംഘം സ്വന്തമാക്കിയത്.

    എന്നാല്‍ കോഹ്ലിയും സംഘവും ഈ വര്‍ഷം തുടങ്ങിയത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റുകൊണ്ടായിരുന്നു. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 2- 1 നായിരുന്നു പോര്‍ട്ടീസിന്റെ ജയം. ഇതിനു പിന്നാലെയാണ് ഏകദിന പരമ്പരയും ടി20 പരമ്പരയും സ്വന്തമാക്കി നീലപ്പട ചരിത്രമെഴുതിയത്. ദക്ഷിണാഫ്രിക്കയിലേതുള്‍പ്പെടെ 20 ഏകദിനങ്ങളാണ് ഇന്ത്യ ഈ വര്‍ഷം വിദേശ പിച്ചുകളില്‍ കളിച്ചത്. ഇംഗ്ലണ്ട് പര്യടനവും ഏഷ്യാകപ്പും ഉള്‍പ്പെടെയാണിത്. ഇതിനു പുറമെ വിന്‍ഡീസിനോട് സ്വന്തം മണ്ണില്‍ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയും ഇന്ത്യ കളിച്ചു.

    Also Read:  മായങ്ക് വീണു; ഇനി കോഹ്‌ലിയുടെ ഊഴം, പിറക്കാനുള്ളത് 6 റെക്കോര്‍ഡ്

    18 ജയവും രണ്ട് സമനിലയും അഞ്ച് തോല്‍വിയുമാണ് 2018 ലെ ഏകദിന കണക്കു പുസ്‌കത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്നത്.  ഏഷ്യാ കപ്പിലെ കിരീടവും ഈ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. കുട്ടി ക്രിക്കറ്റില്‍ 14 മത്സരങ്ങളിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളത്തിലിറങ്ങിയത്. ഇതില്‍ പത്തിലും ജയം നീലപ്പടയ്ക്കായിരുന്നു.  മൂന്ന് തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ ഓസീസിനെതിരായ ഒരു മത്സരം ഉപേക്ഷിക്കപ്പെട്ടു.  ഇതിനു പുറമെ നിദാഹസ് ട്രോഫിയും ഇന്ത്യ ടി20യിൽ സ്വന്തമാക്കി

    ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യക്ക് പോയ വര്‍ഷം സ്ഥാനത്തിനൊത്ത മികവ് പുറത്തെടുക്കാനായോ എന്ന കാര്യം സംശയമാണ്. 13 ടെസ്റ്റ് മത്സരങ്ങളാണ് ഈ വര്‍ഷം ഇന്ത്യ ഇതുവരെ കളിച്ചത്. ഇന്ന് ആരംഭിച്ച ബോക്‌സിങ് ഡേ ടെസ്റ്റിനു പുറമെയാണിത്. ജനുവരിയില്‍ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്. മറ്റു രണ്ടിലും ആതിഥേയരായ പോര്‍ട്ടീസ് സംഘം വിജയിച്ചു. പിന്നീട് അഫ്ഗാനെതിരായ ഏക ടെസ്റ്റ് മത്സരം ജയിച്ചെങ്കിലും ഇംഗ്ലണ്ടില്‍ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 4- 1 ന്റെ ദയനീയ പരാജയവും ഏറ്റുവാങ്ങി. ഇതിനുശേഷം വിന്‍ഡീസിനെതിരെ ഇന്ത്യയില്‍ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ആധികാരിക ജയവും ഇന്ത്യ സ്വന്തമാക്കി.

    Dont Miss:  കുരുന്നുകള്‍ക്ക് മുന്നില്‍ 'ദൈവം' സാന്റയായി അവതരിച്ചു

    ഓസീസ് മണ്ണില്‍ ഒരിടവേളയ്ക്ക് ശേഷം ടെസ്റ്റ് പരമ്പരയ്ക്കിറങ്ങിയ ഇന്ത്യ ആദ്യമായി പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് ചരിത്രമെഴുതുകയും ചെയ്തു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ തിരിച്ചുവന്ന ഓസീസ് ഇന്ത്യയെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തുകയും ചെയ്തു.

    വിരാട് കോഹ്‌ലി

    ഏകദിന ക്രിക്കറ്റില്‍ വിരാട് കോഹ്‌ലി പതിനായിരം റണ്‍സ് തികയ്ക്കുന്നതിനും 2018 സാക്ഷിയായി. ലോക ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും മികച്ച ഫോം തുടരുന്ന ഇന്ത്യന്‍ നായകന്‍ റാങ്കിങ്ങില്‍ ടെസ്റ്റിലും ഏകദിനത്തിലും ഒന്നാം സ്ഥാനത്തും ടി20യില്‍ പതിനഞ്ചാം റാങ്കിലുമാണ്. ടി20യില്‍ കൂടുതല്‍ മത്സരങ്ങള്‍ക്കിറങ്ങാത്തത് തന്നെയാണ് ഇന്ത്യന്‍ നായകന് ഈ ഫോര്‍മാറ്റില്‍ പിന്നാക്കം പോകാന്‍ കാരണം.

    സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നാണ് കോഹ്ലി ഏകദിനത്തില്‍ വേഗത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന താരമായത്. 205 ഇന്നിങ്‌സില്‍ നിന്നാണ് വിരാട് കോഹ്ലിയുടെ നേട്ടം. 259 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു സച്ചിന്‍ പതിനായിരം റണ്‍സ് തികച്ചത്. പതിനായിരം റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് കോഹ്‌ലി. വിന്‍ഡീസിനെതിരായ വിശാഖപട്ടണം ഏകദിനത്തിലായിരുന്നു കോഹ്‌ലിയുടെ നേട്ടം.

    വനിതാ ക്രിക്കറ്റ് ടീം

    ഇന്ത്യന്‍ വനിതാ ടീമിനെ സബന്ധിച്ചിടത്തോളം അത്ര നല്ല വര്‍ഷമല്ല കഴിഞ്ഞുപോകുന്നത്. ഏഷ്യാ കപ്പ് ടി20യിലെ ഫൈനലിലെ തോല്‍വിയും ടി20 ലോകകപ്പ് സെമി തോല്‍വിയും ഇന്ത്യന്‍ ടീം മറക്കാന്‍ ആഗ്രഹിക്കുന്നതാകും. 12 ഏകദിന മത്സരങ്ങളാണ് ഈ വര്‍ഷം ഇന്ത്യ കളിച്ചത്. ഇതില്‍ ആറെണ്ണത്തില്‍ ജയിച്ച ടീം ആറെണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തു. ഓസീസിനെതിരായ പരമ്പരയില്‍ മൂന്നു മത്സരങ്ങളും തോറ്റത് ഉള്‍പ്പെടെയാണിത്.

    ഏഷ്യാകപ്പ് ടി20യുടെ ഫൈനലില്‍ ബംഗ്ലാദേശിനോട് മൂന്നുവിക്കറ്റിനായിരുന്നു ഇന്ത്യ തോറ്റത്. ഗ്രൂപ്പ് ഘട്ടത്തിലും ബംഗ്ലാദേശ് ഇന്ത്യയെ വീഴ്ത്തിയിരുന്നു. ലോകകപ്പ് ടി20യില്‍ ഒരു മത്സരവും തോല്‍ക്കാതെയായിരുന്നു ഇന്ത്യയുടെ സെമി പ്രവേശനം. എന്നാല്‍ സീനിയര്‍ താരം മിതാലി രാജിനെ പുറത്തു നിര്‍ത്തി കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനോട് 8 വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. തോല്‍വിയെക്കാള്‍ ഇന്ത്യയെ വലച്ചത് മിതാലിയെ പുറത്തിരുത്തിയതിനെക്കുറിച്ച് ഉയര്‍ന്ന വിവാദങ്ങളായിരുന്നു. പരിശീലകനായ രമേഷ് പവാറിനൊപ്പം മറ്റു താരങ്ങളും ചേര്‍ന്നതോടെ വിഭാഗിയതയും ടീമില്‍ ഉടലെടുത്തു. വര്‍ഷം അവസാനിക്കുമ്പോള്‍ പരിശീലകനായി ചുമതലയേറ്റ ഡബ്ല്യൂ വി രാമനിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

    Also Read: ഇന്ത്യയുടെ റാഷിദ് ഖാന്‍ ഇതാ; അത്ഭുത സ്പിന്നറെ അവതരിപ്പിച്ച് ദീപക് ചഹാര്‍

    മിതാലി രാജ്

    ടി20 ക്രിക്കറ്റില്‍ മിതാലി രാജ് ചരിത്ര നേട്ടം സ്വന്തമാക്കിയ വര്‍ഷമാണ് 2018. ലോകകപ്പിനു ശേഷമുയര്‍ന്ന വിവാദങ്ങളൊന്നും താരത്തിന്റെ സുവര്‍ണ്ണ നേട്ടത്തിന്റെ മാറ്റ് കുറക്കുന്നില്ല. ട്വന്റി20യില്‍ 2000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് 2018ല്‍ താരം നേടിയത്. വര്‍ഷം അവസാനിക്കുമ്പോള്‍ 85 മത്സരങ്ങളില്‍ നിന്ന് 2,283 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്. 15 അര്‍ധ സെഞ്ച്വറികളുള്‍പ്പെടെയാണ് മിതാലിയുടെ ഈ നേട്ടം. ഏഷ്യാകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിലായിരുന്നു 2000 റണ്‍സ് തികച്ചത്. വനിതാ ടി20 ക്രിക്കറ്റില്‍ 2000 റണ്‍സ് തികയ്ക്കുന്ന ഏഴാമത്തെ താരമാണ് മിതാലി. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് നേടാന്‍ കഴിയാത്ത നേട്ടമാണ് മിതാലി അടിച്ചെടുത്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

    അണ്ടര്‍ 19 

    യൂത്ത് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആധിപത്യം തെളിയിക്കുന്ന വര്‍ഷമാണ് കടന്നുപോകുന്നത്. ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലും ബംഗ്ലാദേശില്‍ നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പിലും കിരീടം ചൂടിയാണ് യുവതാരങ്ങള്‍ ഇന്ത്യന്‍ ആധിപത്യം അരക്കിട്ടുറപ്പിച്ചത്. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഓസീസിനെ എട്ടുവിക്കറ്റിനായിരുന്നു ഇന്ത്യന്‍ യുവനിര തകര്‍ത്ത്. അതും 67 പന്ത് ബാക്കിനില്‍ക്കെ. മന്‍ജോത് കല്‍റ, പൃഥ്വി ഷാ തുടങ്ങിയ താരങ്ങളുടെ ഉദയമായിരുന്നു ന്യൂസിലന്‍ഡ് ലോകകപ്പ്.

    ലോകകപ്പില്‍ പരാജയമറിയാതെയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. ഓസീസിനെ 100 റണ്‍സിന് പരാജയപ്പെടുത്തി ടൂര്‍ണമെന്റ് തുടങ്ങിയ ഇന്ത്യ പാപുവ ന്യൂഗിനിക്കെതിരെ പത്ത് വിക്കറ്റ് വിജയം നേടി. സിംബാവെയെയും പത്ത് വിക്കറ്റിന് തോല്‍പ്പിച്ച പൃഥ്വി ഷായും സംഘവും ബംഗ്ലാദേശിനെ ക്വാര്‍ട്ടറില്‍ 131 റണ്‍സിന് തോല്‍പ്പിച്ചു. പാക്കിസ്ഥാനെതിരെ 203 റണ്‍സിനായിരുന്നു സെമിവിജയം.

    അണ്ടര്‍-19 ലോകകപ്പില്‍ നാലു കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കുകയുണ്ടായി. ഇതിനു പിന്നാലെയായിരുന്നു അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം. ഫൈനലില്‍ ശ്രീലങ്കയെ 144 റണ്‍സിനാണ് ഇന്ത്യന്‍ യുവനിര തോല്‍പ്പിച്ചത്.

    ബ്ലൈന്‍ഡ് ക്രിക്കറ്റ് 

    കാഴ്ചശേഷിയില്ലാത്തവരുടെ ക്രിക്കറ്റ് ലോകകപ്പിലും ഇന്ത്യ കിരീടം ചൂടിയ വര്‍ഷമാണ് 2018. ഫൈനലില്‍ പാകിസ്ഥാനെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഉയര്‍ത്തിയ 308 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. ഇതുവരെ നടന്ന ഏഴ് ലോകകപ്പുകളില്‍ അഞ്ചു തവണയും കിരീടം ഇന്ത്യക്കായിരുന്നു. ടിട്വന്റി ലോകകപ്പിലും നിലവിലെ ചാമ്പ്യന്‍മാര്‍ ഇന്ത്യ തന്നെയാണ്.

    First published:

    Tags: Cricket, Indian cricket, Indian cricket team, Sports, Virat kohli, Women cricket team, Year Ender 2018