ന്യൂഡല്‍ഹി: ദേശീയ ടീമിനെ വിജയങ്ങളിലേക്ക് നയിക്കുമ്പോഴും ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ തിളങ്ങാന്‍ കഴിയാത്ത നിരവധി നായകരുണ്ട് ഇന്ത്യന്‍ ചരിത്രത്തില്‍. നിലവിലെ സീസണില്‍ കളിച്ച ആറു മത്സരങ്ങളും തോറ്റ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നായകന് വിരാട് കോഹ്ലിയാണ് ഈ പട്ടികയില്‍ അവസാനം എത്തിനില്‍ക്കുന്നത്. 2008 ല്‍ സൗരവ് ഗാംഗുലിയില്‍ തുടങ്ങുന്നതാണ് ഐപിഎല്ലിലെ ദേശീയ നായകന്മാരുടെ പരാജയം.
1) സൗരവ് ഗാംഗുലി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് സൗരവ് ഗാംഗുലി. ദേശീയ ടീമിനെ നിരവധി ജയങ്ങളിലേക്ക നയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ ദാദയ്ക്ക് സാധിച്ചിരുന്നില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പൂനെ വാരിയേഴ്സ് എന്നീ ടീമുകളിലായിരുന്നു ഗാംഗുലിയുടെ ഐപിഎല്‍ മത്സരങ്ങള്‍. ഇന്ത്യയെ ഏകദിനത്തിലും ടെസ്റ്റിലും 200 ഓളം മത്സരങ്ങളില്‍ നയിച്ച ഗാംഗുലിയ്ക്ക് കൊല്‍ക്കത്തയെ നയിച്ച രണ്ട് സീസണിലും ടീമിനെ പ്ലേ ഓഫിലെത്തിക്കാന്‍ കഴിഞ്ഞില്ല.
Also Read: എന്നെ കിട്ടില്ല മോനേ; 'അശ്വിന്റെ മങ്കാദിങ്ങില്‍' നിന്ന് രക്ഷ നേടാന്‍ വാര്‍ണര്‍; ചിരിയടക്കാനാകാതെ സോഷ്യല്‍മീഡിയ
2) രാഹുല്‍ ദ്രാവിഡ്
ഇന്ത്യന്‍ നായകനെന്ന നിലയിലും പിന്നീട് എ ടീം പരിശീലകനെന്ന നിലയിലും തിളങ്ങിയ രാഹുല്‍ ദ്രാവിഡിനും ഐപിഎല്‍ അത്ര മികച്ച ഓര്‍മകളല്ല സമ്മാനിച്ചത്. ഇന്ത്യന്‍ മതില് എന്നറിയപ്പെടുന്ന ദ്രാവിഡ് ഇന്ത്യയെ 104 മത്സരങ്ങളിലാണ് നയിച്ചത്. എന്നാല്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകനായി തുടങ്ങിയ ദ്രാവിഡിന് പട്ടികയില്‍ അവസാന സ്ഥാനത്ത് നിന്ന് ടീമിനെ മുന്നോട്ട് നയിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് രാജസ്ഥാന് റോയല്‍സിന്റെ നായകനായെത്തിയ ദ്രാവിഡിന് ടീമിനെ ഒരു സീസണില്‍ പ്ലേ ഓഫിലെത്തിക്കാന്‍ കഴിഞ്ഞെങ്കിലും അടുത്ത സീസണില്‍ ഏഴാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
3) വിരേന്ദര്‍ സെവാഗ്
ഇന്ത്യന്‍ നായകനായും ഉപനായകനായും തിളങ്ങിയ വിരേന്ദര്‍ സെവാഗ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നായകനെന്ന നിലയില്‍ ഐപിഎല്ലില്‍ പരാജയമായിരുന്നു. ആദ്യ സീസണില്‍ ടീമിനെ പ്ലേ ഓഫിലെത്തിക്കാനായെങ്കിലും പിന്നീട് നേട്ടം ആവര്‍ത്തിക്കാന്‍ താരത്തിനായില്ല. സെമിയില്‍ ഡെക്കാന്‍ ചാര്ജ്ജേഴ്സിനെതികരായ സെവാഗിന്റെ ടീം സെലക്ഷനും വിമര്‍ശനങ്ങള്‍ക്കിടയാക്കി.
Dont Miss: IPL 2019: രാഹുലും അഗർവാളും മിന്നി; പഞ്ചാബിന് ജയം
4) വിരാട് കോഹ്ലി
നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് വിരാട് കോഹ്ലി. ഇന്ത്യയെ അണ്ടര്‍ 19 ലും സീനിയര്‍ തലത്തിലും വിജയങ്ങളിലേക്ക് നയിക്കുന്ന നായകന് ഐപിഎല്ലില്‍ ശോഭിക്കാന്‍ കഴിയാതെ പോവുകയാണ്. 2008 മുതല്‍ ബാംഗ്ലൂര്‍ നിരയിലാണ് വിരാട് കളത്തിലിറങ്ങുന്നത്. ഏഴ് സിസണുകളില്‍ ആര്‍സിബിയെ കോഹ്ലി നയിച്ചപ്പോള്‍ വെറും രണ്ട് സീസണില്‍ മാത്രമെ ടീമിന് പ്ലേ ഓഫിലെത്താന്‍ കഴിഞ്ഞുള്ളു.
5) അജിങ്ക്യ രഹാനെ
ഇന്ത്യന്‍ ടെസ്റ്റ് ടീം ഉപനായകനെന്ന നിലയിലും നായകനെന്ന നിലയിലും മികച്ച റെക്കോര്‍ഡാണ് രഹാനെയ്ക്കുള്ളത്. കോഹ്ലിയുടെ അഭാവത്തില്‍ ടീമിനെ ഏഴ് തവണ നയിച്ച രഹാനെ അറിലും ജയം കണ്ടിരുന്നു. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്റെ നായകനായ താരം ടീമിനെ സെമിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ ഏഴാം സ്ഥാനത്താണ് രാജസ്ഥാന് ഉള്ളത്. വിജയ ശതമാനം നാല്‍പ്പതിനും താഴെയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.