• HOME
  • »
  • NEWS
  • »
  • sports
  • »
  • വീണ്ടും ഒന്നാം റാങ്കിൽ നദാൽ; റാഫക്ക് മുന്നിൽ ഫെഡററുടെ റെക്കോർഡും വഴിമാറുമോ?

വീണ്ടും ഒന്നാം റാങ്കിൽ നദാൽ; റാഫക്ക് മുന്നിൽ ഫെഡററുടെ റെക്കോർഡും വഴിമാറുമോ?

ഇടവേളക്ക് ശേഷം ലോക ഒന്നാം നമ്പർ സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് റാഫേൽ നദാൽ.. പരിക്കുകൾ നിരന്തരം വേട്ടയാടിയ ഒരു കരിയർ അതിന്റെ അവസാനത്തോട് അടുക്കുമ്പോഴാണ് സ്പാനിഷ് താരം വീണ്ടും​ ഒന്നാം റാങ്കുകാരനാകുന്നത്.

റഫേൽ നദാൽ

റഫേൽ നദാൽ

  • Last Updated :
  • Share this:
ലോക ഒന്നാം നമ്പർ ടെന്നിസ് താരം റാഫേൽ നദാൽ... എത്ര കാലം മുൻപാണ് ഇങ്ങനെയൊന്ന് നമ്മൾ ആദ്യമായി കേൾക്കുന്നത്? ഒരു പതിറ്റാണ്ട് മുമ്പ് 2008 ഓഗസ്റ്റിൽ... ടെന്നിസിലെ കിരീടം വക്കാത്ത രാജാവായി റോജർ ഫെഡറർ വാഴുന്ന കാലത്താണ് റാഫേൽ നദാൽ എന്ന പോരാളിയുടെ വരവ്. കളിമൺ കോർട്ടിൽ മാത്രം തിളങ്ങുന്നവൻ എന്നായിരുന്നു ആദ്യം പലരും കരുതിയതെങ്കിലും പുൽക്കോർട്ടും ഹാർഡ് കോർട്ടും വഴങ്ങുമെന്ന് പിന്നീട് തെളിയിച്ചു. ചരിത്രത്തിലെ ഏറ്റവും മികച്ച വിംബിൾഡൺ ഫൈനലിൽ 2008ൽ ഫെഡററെത്തന്നെ തോൽപിച്ച് കിരീടം. ലോക ഒന്നാം നമ്പർ സ്ഥാനത്ത് നാലര വർഷം നീണ്ട ഫെഡററുടെ ആധിപത്യവും വൈകാതെ നദാൽ അവസാനിപ്പിച്ചു. ഫെഡററെപ്പോലെ ദീർഘകാലം അവിടെ തുടരാനായിട്ടില്ലെങ്കിലും പിന്നെയും ആറ് തവണ കൂടി ഒന്നാം റാങ്കിലെത്തി നദാൽ. കഴിഞ്ഞ വർഷം ജൂൺ മുതൽ നവംബർ വരെയായിരുന്നു ഏറ്റവുമൊടുവിൽ ഒന്നാം റാങ്ക് കൈവശം വച്ചത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടുമിതാ ആ സ്ഥാനം തിരിച്ചുപിടിച്ചിരിക്കുന്നു ഈ 33 കാരൻ. റോജർ ഫെഡറർക്ക് ശേഷം ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരവുമാണ് നദാൽ

ജോക്കോവിച്ച് രണ്ടാമതായി

കഴിഞ്ഞ എടിപി ടൂർ ഫൈനൽസിലെ പ്രകടനം റാങ്കിംഗ് പോയിന്റിൽ നിന്ന് ഒഴിവായതാണ് പരിക്ക് മൂലം പാരീസ് മാസ്റ്റേഴ്സിൽ കളിക്കാതിരുന്നിട്ടും ഒന്നാമതെത്താൻ നദാലിന് തുണയായത്. കഴിഞ്ഞ എടിപി ടൂർ ഫൈനൽസിൽ റണ്ണർ അപ്പായിരുന്നു നൊവാക് ജോക്കോവിച്ച്. അതിന്റെ പോയിന്റുകൾ ഒഴിവായതോടെ ജോക്കോവിച്ച് ഒരു പടി താഴേക്കിറങ്ങി രണ്ടാം സ്ഥാനത്താവുകയായിരുന്നു. നദാലിനിപ്പോൾ 9585 പോയിന്റും ജോക്കോവിച്ചിന് 8945 പോയിന്റുമാണുള്ളത്. ലണ്ടനിൽ നടക്കുന്ന ഈ വർഷത്തെ എടിപി ടൂർ ഫൈനൽസിൽ നദാലിനെക്കാൾ നല്ല പ്രകടനം ജോക്കോവിച്ച് പുറത്തെടുത്താൽ സെർബിയൻ താരമാകും വീണ്ടും ഒന്നാമത്. പരിക്കിന്റെ പിടിയിലുള്ള നദാലിന് ടൂർ ഫൈനൽസിൽ എത്രത്തോളം തിളങ്ങാനാകുമെന്ന് കണ്ടറിയണം

കഴിഞ്ഞുപോകുന്നത് നദാലിന്റെ വർഷം

ഫ്രഞ്ച് ഓപ്പണും യു എസ് ഓപ്പണുമടക്കം നേടിയ നദാൽ 2019ൽ മികച്ച ഫോമിലായിരുന്നു. കളിച്ച 57 മത്സരങ്ങളിൽ 51 ലും ജയിച്ചു.. കഴിഞ്ഞ മാസമായിരുന്നു നദാലിന്റെ വിവാഹം. 14 വർഷത്തെ പ്രണയത്തിനൊടുവിൽ മരിയ പെരെല്ലോയെ ജീവിതസഖിയാക്കി നദാൽ.. ആദ്യമായി ഗ്രാൻഡ് സ്ലാം നേടുമ്പോൾ മുതൽ നദാലിനൊപ്പമുണ്ടായിരുന്നു മരിയ പെരെല്ലോ..

ഫെഡററേയും മറികടക്കുമോ നദാൽ ?

19 ഗ്രാൻഡ് സ്ലാം കിരീടങ്ങളുണ്ട് നദാലിന്റെ പേരിൽ.. പുരുഷ വിഭാഗത്തിൽ മുന്നിലുള്ളത് റോജർ ഫെഡറർ മാത്രം... 20 ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് സ്വിസ് താരം സ്വന്തമാക്കിയിട്ടുള്ളത്. അടുത്ത വിംബിൾഡണിന് ശേഷം മറ്റൊരു മേജർ ടൂർണമെന്റിൽ 38കാരനായ ഫെഡറർ കളിക്കാൻ സാധ്യത കുറവ്. അങ്ങനെയെങ്കിൽ മിക്കവാറും മൂന്ന് ഗ്രാൻഡ് സ്ലാമുകളിൽ കൂടിയേ ഫെഡററുടെ സാന്നിധ്യമുണ്ടാകൂ.. ഗുരുതര പരിക്കുകളൊന്നുമുണ്ടായില്ലെങ്കിൽ കുറഞ്ഞത് രണ്ട് വർഷം കൂടിയെങ്കിലും നദാൽ കളത്തിലുണ്ടാകും.. സർവപ്രതാപത്തോടെ കളിക്കുന്ന ഫെഡററെ പോലും തോൽപിക്കാൻ കഴിയുമെന്ന് നമുക്ക് കാട്ടിത്തന്നത് നദാലാണ്.. ഗ്രാൻഡ് സ്ലാം കിരീടങ്ങളുടെ എണ്ണത്തിലും സ്വിസ് ഇതിഹാസത്തെ സ്പാനിഷ് താരം മറികടന്നാൽ അത്ഭുതപ്പെടേണ്ടതില്ല...
First published: