അത് മറഡോണയുടെ അന്ത്യയാത്ര വീഡിയോ അല്ല; പക്ഷേ സംഭവം അർജന്‍റീനയിൽ തന്നെ
- Published by:Anuraj GR
- news18-malayalam
Last Updated:
ഏതായാലും ഈ വീഡിയോ സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മറഡോണയുടെ പ്രഭാവമാണ് ഇത്രയും വലിയ ആൾക്കൂട്ടത്തിന് കാരണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.
അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ അന്ത്യയാത്രയുടെ വീഡിയോ എന്ന പേരിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് വ്യാജമാണെന്ന് കണ്ടെത്തൽ. ആയിരകണക്കിന് ആളുകൾ റോഡ് നിറഞ്ഞ് കടന്നു പോകുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മറഡോണയുടെ അന്ത്യയാത്രയുടെ അനുപമമമായ നിമിഷങ്ങൾ എന്ന പേരിലാണ് ഈ വീഡിയോ പ്രചരിച്ചത്. എന്നാൽ ഇത് തെറ്റാണെന്ന കണ്ടെത്തലാണ് പുറത്തുവരുന്നത്.
ഈ കോവിഡ് കാലത്ത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയുള്ള ജനക്കൂട്ടം ദൃശ്യമാകുന്ന വീഡിയോ വ്യാജമാണെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. സംഭവം അർജന്‍റീനയിൽ തന്നെയാണ് എന്നാൽ അത് ഏകദേശം ഒരു വർഷം മുമ്പുള്ളതാണ്. അതായത് കോവിഡ് വ്യാപിക്കുന്നതിനു മുമ്പുള്ള വീഡിയോയാണ് ഇപ്പോൾ ആരോ പ്രചരിപ്പിച്ചത്. അർജന്‍റീന പ്രസിഡന്‍റിന് പിന്തുണയർപ്പിച്ചുകൊണ്ട് ബ്യൂണസ് അയേഴ്സിൽ നടന്ന ബഹുജന റാലിയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
advertisement
ഏതായാലും ഈ വീഡിയോ സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മറഡോണയുടെ പ്രഭാവമാണ് ഇത്രയും വലിയ ആൾക്കൂട്ടത്തിന് കാരണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. എന്നാൽ ഈ കോവിഡ് കാലത്ത്, മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ജനക്കൂട്ടം വലിയ ആപത്ത് ക്ഷണിച്ചുവരുത്തുമെന്നാണ് ഇതിനെ എതിർക്കുന്നവർ പറയുന്നത്. ഒരു വ്യാജ വീഡിയോയുടെ പേരിലാണ് തങ്ങൾ സോഷ്യൽമീഡിയയിൽ പോരടിക്കുന്നതെന്ന കാര്യം ഇരുകൂട്ടരും അറിയുന്നില്ല.
ഈ വീഡിയോ തെറ്റാണെന്ന് സമർത്ഥിക്കുകയാണ് ഇന്ത്യ ടുഡേയുടെ ഫാക്ട് ചെക്ക് വിഭാഗം. റിവേഴ്സ് ഇമേജ് ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2015 മുതൽ 2019 വരെ അർജന്‍റീനയുടെ പ്രസിഡന്‍റ് പദവി വഹിച്ച മൌറിഷ്യോ മക്രിയ്ക്കു പിന്തുണയർപ്പിച്ചുള്ള പരിപാടിയായിരുന്നു ഇത്. എന്നാൽ ഈ റാലിക്കു പിന്നാലെ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം പ്രസിഡന്‍റിനെ അധികാരത്തിൽനിന്ന് പുറത്താക്കിയിരുന്നു.
advertisement
അതേസമയം ഡീഗോ മറഡോണയുടെ സംസ്ക്കാര ചടങ്ങുകൾ തികച്ചും സ്വകാര്യമായാണ് നടന്നത്. അദ്ദേഹത്തിന്‍റെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും സർക്കാർ പ്രതിനിധികളും ഉൾപ്പടെ ഇരുപത്തിയഞ്ചോളം പേർ മാത്രമാണ് ഫുട്ബോൾ ഇതിഹാസത്തിന്‍റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 28, 2020 5:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അത് മറഡോണയുടെ അന്ത്യയാത്ര വീഡിയോ അല്ല; പക്ഷേ സംഭവം അർജന്‍റീനയിൽ തന്നെ