'ടി20'യിൽ തരംഗമാകാൻ 'ദ ഹണ്ട്രഡ്'; 2020ൽ ക്രിക്കറ്റ് ലോകം കാത്തുവച്ചിരിക്കുന്നത് എന്തൊക്കെ?
- Published by:Anuraj GR
- news18-malayalam
Last Updated:
ഏകദിന ലോകകപ്പും ഇന്ത്യയിലെ ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റുമൊക്കൊയായി സംഭവബഹുലമായിരുന്നു 2019. അടുത്ത വർഷവുമുണ്ട് ലോകകപ്പ്. ഒപ്പം തന്നെ ക്രിക്കറ്റ് ലോകത്ത് പല മാറ്റങ്ങളും 2020ലുണ്ടാകും.
* ടി20 ലോകകപ്പ് - 2020ൽ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ടി20 ലോകകപ്പിനായിത്തന്നെ. ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ഓസ്ട്രേലിയയിലാണ് ലോകകപ്പ്. 2007ലെ ആദ്യ പതിപ്പിൽ ചാംപ്യൻമാരായ ഇന്ത്യക്ക് പിന്നീടിങ്ങോട്ട് ട്വന്റി 20 ലോകകപ്പ് നേടാനായിട്ടില്ല. ഓസീസ് മണ്ണിൽ കോലിപ്പടയുടെ ലക്ഷ്യവും കിരീടം തന്നെ.
* ദ് ഹണ്ട്രഡ് - ട്വന്റി 20യും ടി 10ലീഗുമൊക്കെ പതിവായ ക്രിക്കറ്റിന്റെ പുതിയ രൂപം 'ദ് ഹണ്ട്രഡ്'. 20 ഓവറില്ല, 100 പന്ത് മാത്രമാണ് ഈ ഫോർമാറ്റിൽ. ഇംഗ്ലണ്ട് തന്നെ ഉപജ്ഞാതാക്കൾ. 2020 ജൂലൈയിലാണ് ദ് ഹണ്ട്രഡിന്റെ ആദ്യ ടൂർണമെന്റ്. പരീക്ഷണം വിജയിച്ചാൽ അത്ര വിദൂരമല്ലാത്ത ഭാവിയിൽ ടി20 ക്രിക്കറ്റിന്റെ നിലനിൽപ് തന്നെ അപകടത്തിലായേക്കും.
* കൂടുതൽ പിങ്ക് ബോൾ മത്സരങ്ങൾ - ഇന്ത്യ കൂടി പിങ്ക് പന്തിൽ കളിച്ചതോടെ ഡേ ആൻഡ് നൈറ്റ് ടെസ്റ്റുകൾ വരും വർഷം വ്യാപകമാകും. വിദേശമണ്ണിൽ ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റും 2020ലുണ്ടാകും
advertisement
* ഐ പി എൽ മെഗാലേലം - 2018ലും 2019ലും ചെറിയ ലേലമായിരുന്നെങ്കിൽ അടുത്തവർഷം ഐപിഎല്ലിൽ മെഗാലേലമാണ്. ഏതാനും ചിലരൊഴിച്ച് മറ്റെല്ലാവരെയും ടീമുകൾക്ക് റിലീസ് ചെയ്യേണ്ടി വരും. അതുകൊണ്ടുതന്നെ ടീം ഘടനയിലും മാറ്റമുണ്ടാകും
* ധോണിയുടെ വിടവാങ്ങൽ - രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് എം എസ് ധോണിയുടെ വിടവാങ്ങൽ 2020ൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയെപ്പറ്റി ജനുവരി വരെ ഒന്നും ചോദിക്കരുതെന്നാണ് ധോണി പറഞ്ഞിട്ടുള്ളത്. ഒരു പക്ഷെ ഐപിഎല്ലിന് ശേഷം കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.
advertisement
* 'ഡ്യൂ' തടയാൻ - ഇന്ത്യയിൽ നടക്കുന്ന ഡേ ആൻഡ് നൈറ്റ് മത്സരങ്ങളിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മുൻതൂക്കമുണ്ട്. മഞ്ഞുവീഴ്ച മൂലം ടോസ് നിർണായകമാകുന്ന അവസ്ഥ. ഇതിന് മാറ്റം വരുത്താൻ ഡേ നൈറ്റ് മത്സരങ്ങൾ അൽപം നേരത്തെ തുടങ്ങാൻ സാധ്യതയുണ്ട്.
* സച്ചിനെ മറികടക്കുമോ കോലി - ഏകദിനങ്ങളിലെ സെഞ്ച്വറികളുടെ എണ്ണത്തിൽ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡ് വിരാട് കോലി മറികടക്കുന്നതിന് 2020 സാക്ഷ്യം വഹിച്ചേക്കും. കോലിക്ക് ഇപ്പോഴുള്ളത് 43 സെഞ്ച്വറി. സച്ചിന്റെ പേരിൽ 49 എണ്ണവും.
advertisement
* 'ബിഗ് ത്രീ' Vs ഐസിസി - ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡുകൾ വീണ്ടും കരുത്താർജിക്കുകയാണ്. ബിസിസിഐക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി വന്നതോടെ ഐസിസിയിൽ പിടിമുറുക്കാനുള്ള ശ്രമം ഇന്ത്യൻ ബോർഡ് തുടങ്ങിക്കഴിഞ്ഞു. ഐസിസിയുമായുള്ള പോരാട്ടം 2020ൽ ശക്തമാകുമെന്നുറപ്പ്
* സ്ഥിരം ടെസ്റ്റ് വേദികൾ - ടെസ്റ്റ് ക്രിക്കറ്റിന് സ്ഥിരം വേദികളെന്ന വിരാട് കോലിയുടെ ആശയം വരും വർഷം കൂടുതൽ ചർച്ചയാകും. നടപ്പാക്കാൻ ബിസിസിഐ തീരുമാനിച്ചാൽ തിരുവനന്തപുരമടക്കമുള്ള നഗരങ്ങളുടെ ടെസ്റ്റ് സ്വപ്നങ്ങൾ മങ്ങും.
advertisement
* കളത്തിലിറങ്ങാൻ സഞ്ജു - കഴിഞ്ഞ രണ്ട് ട്വന‍്റി 20 പരമ്പരകളിലും ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും ഒരു കളിയിൽപ്പോലും അന്തിമ ഇലവനിൽ ഉൾപ്പെട്ടിരുന്നില്ല സഞ്ജു സാംസൺ. ജനുവരി അഞ്ചിന് തുടങ്ങുന്ന ശ്രീലങ്കക്കെതിരായ പരമ്പരയിലും സഞ്ജു പതിനഞ്ചംഗ ടീമിലുണ്ട്. മലയാളി താരത്തിന് 2020 ഭാഗ്യവർഷമാകുമെന്ന് പ്രതീക്ഷിക്കാം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 28, 2019 3:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ടി20'യിൽ തരംഗമാകാൻ 'ദ ഹണ്ട്രഡ്'; 2020ൽ ക്രിക്കറ്റ് ലോകം കാത്തുവച്ചിരിക്കുന്നത് എന്തൊക്കെ?