'പങ്കജാക്ഷിയമ്മ, പ്രിയ, ഹര്‍ഷ'; വായിച്ചറിയണം 2018 ലെ മഹാപ്രളയം അതിജീവിച്ച ഈ പെണ്‍കരുത്തുകളെ
Last Updated:
പ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടിടത്തുനിന്ന് ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന വനിതകള്‍
തിരുവനന്തപുരം: 2018 ല്‍ ഉണ്ടായ പ്രളയത്തില്‍ നിന്നും കേരളം കരകയറവെയാണ് ഈ വര്‍ഷം കനത്തമഴയുടെയും ഉരുള്‍പൊട്ടലിന്റെയും രൂപത്തില്‍ മറ്റൊരു ദുരന്തംകൂടി നാടിന് നേരിടേണ്ടി വന്നത്. പ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടിടത്തുനിന്ന് ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന വനിതകളെ പരിചയപ്പെടുത്തുകയാണ് പിആര്‍ഡി മുന്‍ അഡീഷണല്‍ ഡയറക്ടര്‍ മനോജ് കുമാര്‍.
കഴിഞ്ഞ പ്രളയാനന്തരം ആത്മവിശ്വാസത്തിന്റെ മുഖമായി വിലയിരുത്തപ്പെട്ട പുല്ലൂറ്റി കോഴിക്കരയിലെ പങ്കജാക്ഷിയമ്മ, പാലക്കാട് എടത്തറയിലെ പ്രിയ, ക്ഷീരവികസന ഓഫീസര്‍ വിഎസ് ഹര്‍ഷ, തുടങ്ങിയവരുടെ ജീവിതത്തെക്കുറിച്ചാണ് മനോജ് കുമാറിന്റെ ഫേസ്ബുക് പോസ്റ്റ്.
മനോജ് കുമാറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കഴിഞ്ഞ മഹാപ്രളയം കടലിറങ്ങിയപ്പോള്‍ കേരളം കരളുറപ്പോടെ തിരിച്ചുവരും എന്ന് നമുക്ക് ആത്മവിശ്വാസം തന്നത് പുല്ലൂറ്റി കോഴിക്കരയിലെ പങ്കജാക്ഷിയമ്മ എന്ന വൃദ്ധയാണ്. പ്രളയം എന്തുകൊണ്ടുപോയാലും നമുക്ക് ജീവീക്കേണ്ടേ? അതൊക്കെ ഉണ്ടാക്കിയേ പറ്റൂ. ഞാനതൊക്കെ ഉണ്ടാക്കും. ഇപ്പറഞ്ഞത് വെള്ളമിറങ്ങി ശ്വാസം നേരെ വീഴുന്ന സമയത്ത് മലയാളിക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു.
advertisement
Also Read: ലക്ഷത്തിലേറെ പേർ ഒരുമിച്ചിറങ്ങി; വയനാടിനെ കഴുകി വൃത്തിയാക്കി
ഇത് ടിവി ചാനലുകളിലൂടെ കണ്ട് നമുക്കും പറഞ്ഞറിയിക്കാനാകാത്ത ഊര്‍ജ്ജം ലഭിച്ചു. ഒരു വര്‍ഷം തികയുമ്പോള്‍ ആകാശം കാറുകയറി ഭയപ്പെടുത്തിയപ്പോള്‍ വീണ്ടും ആ അമ്മയെ വിളിച്ചു. രാവിലെ പത്തുമണിക്ക് വിളിക്കുമ്പോള്‍ വെറുതേ ചോദിച്ചു, 'എല്ലാം തിരിച്ചുപിടിച്ചോ?'
'അതിനല്ലേ, രാവിലെ തന്നെ 500 രൂപയുടെ പണി കഴിഞ്ഞ് വന്നിരിക്കുന്നത്' എന്ന് പറഞ്ഞു.
'എന്ത് പണിയാ അമ്മ ചെയ്യുന്നത്?'
'തെങ്ങ് കയറ്റം ഒഴിച്ചെന്തും ചെയ്യും.'
advertisement
ഒറ്റയ്ക്ക് വേണം കുടുംബം പോറ്റാന്‍. വെള്ളം കയറിയ വീടിനുള്ള നഷ്ടപരിഹാരമായി 10,000 രൂപ ലഭിച്ചു. 16ാം കോളനിയിലെ ഞങ്ങള്‍ മൂന്ന് പേര്‍ ഒഴിച്ച് മറ്റെല്ലാവര്‍ക്കും കൂടുതല്‍ കിട്ടി. അവര്‍ക്ക് വീട് നഷ്ടപ്പെട്ടതുകൊണ്ടാണ്. 23 വര്‍ഷം മുന്‍പ് വീട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ തുകയില്‍ ലോണെടുത്ത് ഉറപ്പുള്ള വീടുണ്ടാക്കിയതുകൊണ്ട് അധികസഹായം കിട്ടിയില്ല. ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ കടമുണ്ട്. അതു തീര്‍ക്കണം. പിന്നെ ഭൂമിയുടെ രേഖകള്‍ സംബന്ധമായ ചില പ്രശ്നങ്ങള്‍ ഉണ്ട്.'
ഇതൊന്നും ആ അമ്മയെ തളര്‍ത്തുന്നില്ല. ശാരീരിക വെല്ലുവിളിനേരിടുന്ന മകന് വേണ്ടിയാണ് ഈ പോരാട്ടങ്ങള്‍.
advertisement
ഇതിനു സമാനമാണ് കേരളമെമ്പാടുമുള്ള യാത്രകളില്‍ ബോധ്യപ്പെട്ടത്. രക്ഷാപ്രവര്‍ത്തനം നടന്നത് കൂടുതലും ആണുങ്ങളുടെ നേതൃത്വത്തിലാണ്. പിന്നെ വീടിന്റെ നഷ്ടവും ഉപജീവനം കണ്ടെത്തലും എന്ന തുടര്‍പ്രവര്‍ത്തനത്തില്‍ പെണ്ണിന്റെ ഊഴമായിരുന്നു. കുടുംബശ്രീയിലൂടെ ഒന്നരലക്ഷത്തോളം പേര്‍ക്ക് ഒരുലക്ഷം രൂപയുടെ പലിശരഹിത വായ്പ എന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഒരു നിമിഷം കൊണ്ടാണ് പാസാക്കിയത്. അതിന് പിന്തുണ നല്‍കിയ വാദം കമലാക്ഷിയമ്മ പറഞ്ഞത് തന്നെയായിരുന്നു. സ്ത്രീകള്‍ കടമെടുത്താല്‍ അത് വീട്ടുമെന്ന വിശ്വാസമാണ്.
ആ തിരിച്ചുപിടിക്കലിന്റെ ഏറ്റവും ഉജ്വലമായ കഥയാണ് പാലക്കാട് എടത്തറയിലെ പ്രിയയുടേത്. ചെങ്ങന്നൂരില്‍ നടന്ന സരസ് മേളയില്‍ പങ്കെടുക്കാനെത്തിയതാണ് പ്രിയ. കൈത്തൊഴിലായി ആഭരണങ്ങള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തി ഉപജീവനം കണ്ടെത്തിയതാണ് പ്രിയ. മൂന്നരലക്ഷം രൂപയുടെ ഉത്പന്നങ്ങളാണ് കടമെടുത്തും വായ്പകണ്ടെത്തിയും പ്രിയ ഉണ്ടാക്കി ചെങ്ങന്നൂരില്‍ കൊണ്ടുവന്നത്. 2018 ഓഗസ്റ്റില്‍. മഹാപ്രളയം ചെങ്ങന്നൂരിലെ പ്രദര്‍ശനമേള വിഴുങ്ങിയപ്പോള്‍ പ്രിയയ്ക്ക് ജീവനും ഉടുതുണിയും മാത്രമേ മിച്ചമുണ്ടായിരുന്നുള്ളൂ. തിരികെ വീട്ടിലെത്തിയ പ്രിയയെ മറ്റൊരു സങ്കടം കാത്തിരിക്കുന്നുണ്ടായിരുന്നു. എടത്തറ ചെക്ക്ഡാം കവിഞ്ഞ് ആറ് ഗതിമാറിയൊഴുകി വീടിന്റെ അടിത്തറ വരെ മാന്തിക്കൊണ്ടുപോയി. ബാക്കിയായ വീട് തോട്ടില്‍ നിന്ന് നാല്പതടി മുകളിലായി നിന്നു.
advertisement
തോറ്റുകൊടുക്കാന്‍ അവര്‍ തയ്യാറായില്ല. കുടുംബശ്രീ അവര്‍ക്കൊപ്പം നിന്നു. വായ്പകള്‍ നല്‍കി. സാങ്കേതിക സഹായം നല്‍കി. വിപണനത്തിന് സൗകര്യങ്ങള്‍ ഉണ്ടാക്കി. മാനസികമായി കരുത്തുനല്‍കാന്‍ കൗണ്‍സിലിംഗുകള്‍ നല്‍കി.
ഇന്നലെ അവരെ വിളിച്ചു. സങ്കടങ്ങള്‍ ആയിരിക്കും മറുപുറത്ത് എന്നാണ് വിചാരിച്ചത്. ഏത് വീഴ്ചയിലും അവസരങ്ങള്‍ ഉണ്ടാകുന്നുണ്ട്, അത് വിനിയോഗിക്കുകയാണ് വേണ്ടതെന്നാണ് പ്രിയ എന്നെ പഠിപ്പിച്ചത്. വീടിനെക്കുറിച്ച് ആവലാതിയില്ല. പുതിയ വീടിന് ചിങ്ങം ഒന്നിന് തറക്കല്ലിടും. ഇപ്പോഴത്തെ സ്ഥലത്ത് വീടുനിര്‍മ്മിക്കാന്‍ കഴിയില്ലാത്തത് കൊണ്ട് അനുവദിച്ച ആറുലക്ഷം രൂപ കൊണ്ട് ഭൂമി വാങ്ങി. വീടുനിര്‍മ്മിക്കാന്‍ നാലുലക്ഷം വേറെയും കിട്ടി. ഇപ്പോഴുള്ള കുടുംബശ്രീ കൂട്ടായ്മ കുറച്ചുകൂടി വിപുലപ്പെടുത്തി. കൂടെ പഠിച്ചവരും വിദേശത്തുള്ളവരും കൂടുതല്‍ ആശയങ്ങള്‍ പ്രിയയ്ക്ക് മുന്നില്‍ തുറന്നുവച്ചു. അതിലൊന്ന് ഈ ആഴ്ച ചെയ്യാന്‍ പോകുകയാണെന്ന് പ്രിയ പറഞ്ഞു. എക്സ്പോര്‍ട്ട് ലൈസന്‍സ് എടുക്കാന്‍ പോകുന്നു. അതൊന്നും അത്ര വിഷമമുള്ള കാര്യമല്ല. ഇതൊക്കെ നമുക്കിത്ര നാളായും അറിയാത്തതാണ്. ഓണ്‍ലൈന്‍ വിപണനത്തില്‍ അതൊക്കെ ഉണ്ടാകണം. കാനഡയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും ഇപ്പോള്‍ തന്നെ പഴയ കൂട്ടുകാരികള്‍ ഒപ്പം ചേരുന്നു. ഈ പ്രളയം വന്നു ഈ നാട്ടുമ്പുറത്തുകാരി വീട്ടമ്മയ്ക്ക് ലോകത്തോളം വളരാന്‍.
advertisement
ഏറ്റവും താഴെ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മനുഷ്യന്മാരെ ഏതുയരത്തിലേക്ക് വേണമെങ്കിലും ഉയര്‍ത്താനുള്ള കരുത്തുണ്ടെന്ന് ഈ പ്രളയം കാണിച്ചുതന്നു. വി എസ് ഹര്‍ഷ എന്ന ക്ഷീരവികസന ഓഫീസറാണത്. സംസ്ഥാനത്ത് പാലുത്പാദനത്തില്‍ രണ്ടാം സ്ഥാനത്തുള്ള കല്പറ്റ ബ്ലോക്കിലെ ഓഫീസറായി ഹര്‍ഷ എത്തിയിട്ട് അധികമാകുന്നതിന് മുന്‍പാണ് കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നത്. വാര്‍ത്താവിതരണം മുതല്‍ യാത്രാസൗകര്യം വരെ ഇല്ലാതിരുന്ന, പ്രളയം കൊടുമ്പിരി കൊണ്ടിരുന്ന ദിനം. കുറിച്യര്‍ മലയിലാണ് അന്‍പതുവര്‍ഷമായി പശു വളര്‍ത്തുന്ന മൊയ്തുക്കയുടെ വീട്. മണ്ണിനടിയില്‍പ്പെട്ട് മരിച്ചുപോയ ആറ് പശുക്കളുടെ അടുത്ത് നിലവിളിക്കുന്ന നബീസുവിനെയും മകന്‍ അഷറഫിനേയുമാണ് ഹര്‍ഷ അവിടെ കണ്ടത്. മൊയ്തു ജീവിതം തകര്‍ന്ന മട്ടില്‍ ഒരേയിരിപ്പാണ്. മലയിറങ്ങുമ്പോള്‍ എങ്ങനേയും ഒരു പശുവിനെ വാങ്ങിക്കൊടുക്കണമെന്ന് അവര്‍ ഉറപ്പിച്ചിരുന്നു. കയ്യിലുണ്ടായിരുന്ന 35,000 രൂപയും ഓഫീസിലെ ജീവനക്കാര്‍ ചേര്‍ന്ന് സ്വരൂപിച്ച തുകയും കൊണ്ട് ഒരു പശുവിനെ വാങ്ങി ആദ്യം മൊയ്തുവിന് നല്‍കി. പിന്നെ ഒന്നിനെക്കൂടി. കുറിച്യര്‍ മലയിലെ മറ്റെല്ലാവരേയും പോലെ മൊയ്തുവും കുടുംബവും മറ്റൊരിടത്തേക്ക് മാറി. മൊയ്തുവിന്റെ കുടുംബത്തിന്റെ ആശ്വാസത്തിന്റെ തിരയിളക്കം ഹര്‍ഷയ്ക്ക് മറക്കാനായിട്ടില്ല.
advertisement
പിന്നെ അഞ്ച് പശുക്കളെ നഷ്ടപ്പെട്ട പനമരത്തെ മേരിയെ കണ്ടു. പൊഴുതനയിലെ ലക്ഷ്മി, കണിയാരത്തെ മേഴ്സി ജോയ്, പെരുവകയിലെ ഷീജ, പഞ്ചാരക്കൊല്ലിയിലെ വിനോദിനി, ഇവരെയൊന്നും ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല. മൊയ്തുവിന് നല്‍കിയ പോലെ ഇവര്‍ക്കും പശുക്കളെ നല്‍കണം. ഒരു ഫെയ്സ് ബുക്ക് പോസ്റ്റിന് ചിലതൊക്കെ ചെയ്യാനാകും. ഒത്തിരിപ്പേര്‍ ഹര്‍ഷയ്ക്ക് കൂട്ടായി വന്നു. ബാംഗ്ലൂരില്‍ നിന്നും 'റീച്ച് ദി ഹാന്‍ഡ്' സഹായത്തിനെത്തി. ഓസ്ട്രേലിയയില്‍ നിന്നും അല്ലേക്കാട്ടില്‍ ഗിരീഷ് ഒരു ലക്ഷം രൂപ നല്‍കുന്നു.
ഡയറിഫാം നടത്തുന്ന അബ്ദുള്‍ റഷീദ് രണ്ട് പശുക്കളെ നല്‍കി. പശുക്കളെ വിതരണം ചെയ്യാന്‍ വന്ന സബ്കളക്ടര്‍ എസ്.കെ. ഉമേഷും സുഹൃത്തുക്കളും ഒന്‍പത് പശുക്കളെ വാങ്ങി നല്‍കി. അതൊരു വലിയ മൂവ്മെന്റ് ആകുകയായിരുന്നു. ഡൊണേറ്റ് എ കൗ എന്ന ക്യാമ്പയിന്‍. നൂറിലധികം പശുക്കള്‍, നാനൂറിലധികം കന്നുകുട്ടികള്‍ ഒക്കെ എവിടെ നിന്നോ വയനാട്ടിലേക്ക് കടന്നുവന്നു.
ഈ പദ്ധതി ഐ.എ.എസുകള്‍ പരസ്പരം പറഞ്ഞ് ആലപ്പുഴയിലുമെത്തി. അയാം ഫോര്‍ ആലപ്പിയുടെ ഭാഗമായി കൃഷ്ണതേജ എന്ന സബ്കളക്ടറുടെ പദ്ധതിയിലേക്ക് ഡൊണേറ്റ് കാറ്റിലും വന്നു. അവിടെ തെലുങ്കാനക്കാരനായ കൃഷ്ണതേജയുടെ ബന്ധങ്ങളിലൂടെ അല്ലു അര്‍ജുന്‍, ടീം ബാഹുബലി, രാമോജി ഫിലിം സിറ്റി തുടങ്ങിയവരുടെയൊക്കെ ഇടപെടലുണ്ടായി. 63 കോടി രൂപയുടെ ഇടപെടല്‍ എന്നാണ് ധനമന്ത്രി തോമസ് ഐസക്ക് ഫെയ്സ്ബുക്കില്ഡ പറഞ്ഞത്. പക്ഷേ ഞാന്‍ അതിനേക്കാളും വിലമതിക്കുന്നതും ആദരിക്കുന്നതും വെറും നാട്ടിന്‍പുറത്തുകാരിയയായ ഒരു ചെറുപ്പക്കാരി വയനാട്ടിലെ ക്ഷീര കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകരാന്‍ നടത്തിയ ശ്രമങ്ങളെയാണ് . വി.എസ്. ഹര്‍ഷ എന്ന ഡയറി ഡെവലപ്മെന്റ് ഓഫീസര്‍ ഹൃദയം കൊണ്ട് നടത്തിയ പോരാട്ടത്തെയാണ്.'
(അഭിപ്രായം വ്യക്തിപരം)
Location :
First Published :
August 18, 2019 8:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
'പങ്കജാക്ഷിയമ്മ, പ്രിയ, ഹര്‍ഷ'; വായിച്ചറിയണം 2018 ലെ മഹാപ്രളയം അതിജീവിച്ച ഈ പെണ്‍കരുത്തുകളെ