ഇനി എന്താകും കളി? ജോര്‍ജിയയിൽ പുതിയ പ്രസിഡന്റായി മുന്‍ ഫുട്‌ബോള്‍ താരം

Last Updated:

കവലാഷ്വിലിയുടെ നിയമനം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് മുന്‍ പ്രസിഡന്റായ സലോമി സുറാബിഷ്‌വിലിയും അനുയായികളും രംഗത്തെത്തി

News18
News18
ജോര്‍ജിയയുടെ പ്രസിഡന്റായി മുന്‍ ഫുട്‌ബോള്‍ താരം മിഖായേല്‍ കവലാഷ്‌വിലിയെ തെരഞ്ഞെടുത്തു. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നത് വൈകിപ്പിക്കുന്നുവെന്നാരോപിച്ച് ജോര്‍ജിയയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണം. കവലാഷ്വിലിയുടെ നിയമനം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് മുന്‍ പ്രസിഡന്റായ സലോമി സുറാബിഷ്‌വിലിയും അനുയായികളും രംഗത്തെത്തി. ഒക്‌ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ ജോര്‍ജിയന്‍ ഡ്രീം പാര്‍ട്ടി അട്ടിമറി നടത്തിയെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പാര്‍ലമെന്റില്‍ അടച്ചിട്ട മുറിയില്‍ നടന്ന ചടങ്ങിലാണ് കവലാഷ്‌വിലി സത്യപ്രതിജ്ഞ ചെയ്തത്. സമാധാനത്തിനാണ് ജോര്‍ജിയയിലെ ജനങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. പാശ്ചാത്യരാജ്യങ്ങള്‍ ഉക്രൈന്‍ സംഘര്‍ഷത്തിലേക്ക് ജോര്‍ജിയയെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീവ്രവലതുപക്ഷ നിലപാടിലുറച്ചുനില്‍ക്കുന്ന നേതാവാണ് കവലാഷ്വിലി. എല്‍ജിബിടിക്യൂ വിഭാഗത്തിനെതിരെയും അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ജോര്‍ജിയന്‍ ഡ്രീം പാര്‍ട്ടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് മുന്‍ പ്രസിഡന്റ് സലോമി സുറാബിഷ്‌വിലി പറഞ്ഞു. ജോര്‍ജിയയുടെ നിയമാനുസൃത പ്രസിഡന്റ് താനാണെന്നും സലോമി പറഞ്ഞു.
വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിഷേധം
യൂറോപ്യന്‍ യൂണിയനില്‍ ചേരണമെന്ന് ആവശ്യമുന്നയിക്കുന്ന പ്രതിഷേധക്കാരുടെ അവസാന പ്രതീക്ഷയാണ് സലോമി സുറാബിഷ്‌വിലി. പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് ജോര്‍ജിയയെ അകറ്റി റഷ്യയോട് അടുപ്പിക്കാനാണ് ജോര്‍ജിയന്‍ ഡ്രീം പാര്‍ട്ടി ശ്രമിക്കുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രസിഡന്റ് പദത്തില്‍ നിന്ന് പടിയിറങ്ങുന്ന സലോമി സുറാബിഷ്‌വിലിയ്ക്ക് പിന്തുണയുമായി ആയിരക്കണക്കിന് പേരാണ് ഞായറാഴ്ച രാവിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയ്ക്ക് മുന്നിലെത്തിയത്.
advertisement
ഒക്ടോബറിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും യൂറോപ്യന്‍ യൂണിയന്‍ അംഗത്വ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനവും ജോര്‍ജിയയിലെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാക്കി. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നത് വൈകിപ്പിക്കുന്നതിനെതിരെ ആയിരക്കണക്കിന് പേരാണ് തെരുവുകളില്‍ പ്രക്ഷോഭവുമായി എത്തിയത്.
പ്രതിഷേധം ശക്തമായതോടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പുതുതായി അധികാരമേല്‍ക്കുന്ന പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പാര്‍ലമെന്റിലെ അടച്ചിട്ട മുറിയില്‍ നടത്തേണ്ടി വന്നു. ഡിസംബര്‍ 14നാണ് ഇലക്ടറല്‍ കോളേജില്‍ മുന്‍തൂക്കമുള്ള നിലവിലെ ഭരണകക്ഷിയായ ജോര്‍ജിയന്‍ ഡ്രീം പാര്‍ട്ടി പ്രസിഡന്റായി കവലാഷ്‌വിലിയെ തെരഞ്ഞെടുത്തത്. മാഞ്ചസ്റ്റര്‍ സിറ്റി താരമായിരുന്നയാളാണ് മിഖായേല്‍ കവലാഷ്‌വിലി. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.
advertisement
ഉപരോധവുമായി അമേരിക്ക
രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ പ്രസിഡന്റ് സലോമി സുറാബിഷ്‌വിലി രംഗത്തെത്തി. ജോര്‍ജിയയിലെ പ്രതിഷേധങ്ങള്‍ തണുപ്പിക്കുന്നതിനുള്ള ഏക മാര്‍ഗമാണിതെന്നും അവര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് രാജ്യത്ത് പ്രതിഷേധം കനത്തത്. ലിബറല്‍ ഫാസിസ്റ്റുകളും പ്രതിപക്ഷവുമാണ് പ്രക്ഷോഭത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി ഇറാക്ലി കൊബാഖിഡ്‌സെ പറഞ്ഞു. നിലവില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതിഷേധം നടത്തിയ 400ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചെന്നും പരാതിയുയരുന്നുണ്ട്. പ്രക്ഷോഭം ശക്തമായതോടെ ജോര്‍ജിയന്‍ ഡ്രീം ഉദ്യോഗസ്ഥര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തി അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തെത്തി. റഷ്യയുടെ നേട്ടത്തിനായി രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെ തഴഞ്ഞുവെന്നാരോപിച്ച് ജോര്‍ജിയന്‍ ഡ്രീം പാര്‍ട്ടി സ്ഥാപകന്‍ ബിഡ്‌സിന ഇവാനിഷ്‌വിലിയ്ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/World/
ഇനി എന്താകും കളി? ജോര്‍ജിയയിൽ പുതിയ പ്രസിഡന്റായി മുന്‍ ഫുട്‌ബോള്‍ താരം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement